അധികാര വ്യവസ്ഥിതിയും ജനാധിപത്യ മൂല്യങ്ങളും വെറുപ്പിൻ്റെ രാഷ്ട്രീയവും

വെയിൽസുകാരനായ J.A.G ഗ്രിഫിത്തിന്റെ രാഷ്ട്രീയമായി വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന കൃതിയാണ് “ദി പൊളിറ്റിക്സ് ഓഫ് ദ ജുഡീഷറി”(THE POLITICS OF JUDICIARY). നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കുന്ന ഗ്രാഫിത്തിൻ്റെ പുസ്തകം വിമർശിക്കപ്പെട്ടു എന്നതിൽ അത്ഭുതമില്ല. പുസ്തകം മൗലികമായി പറഞ്ഞുവെക്കുന്നത് രാഷ്ട്രീയവും നീതിന്യായ വ്യവസ്ഥയും അതിൻ്റെ നിർവഹണ സ്ഥാപനങ്ങളും ഒരു (രാഷ്ട്രീയ) കേന്ദ്രത്തിൽ നിന്ന് നിയന്ത്രിച്ചാൽ രാഷ്ട്രം വെറും രാഷ്ട്രീയമായി ചുരുങ്ങുമെന്നാണ്.
അതുമൂലം നിർമിക്കപ്പെടുന്ന നിയമവും നീതിയും രാഷ്ട്രീയ പകപോക്കലിൻ്റെ വെന്തു നീറുന്ന അവശിഷ്ടങ്ങളായി തീരും എന്നതും നാം കണക്കിലെടുക്കേണ്ടതാണ്.

രാജ്യത്തിൻ്റെ ഭരണഘടനയെയും അത് മുന്നോട്ടുവെക്കുന്ന ജനാധിപത്യ വിസ്താര വ്യവസ്ഥിതിയെയും( Democratic expansion system ) പരിക്കേൽപ്പിക്കുന്ന ഭൂരിപക്ഷ താൽപര്യ നടപടികളിലൂടെ സ്വതന്ത്ര്യമായി പ്രവർത്തിക്കേണ്ട നീതിന്യായ സംവിധാനവും നിഷ്പക്ഷമായിരിക്കേണ്ട വിധി പ്രസ്താവനയും മൗലികമായി പരാജയപ്പെടുകയാണ്. പൊളിറ്റിക്കൽ റിഫോർമറും ഇംഗ്ലീഷ് ഫിലോസഫറും നിയമജ്ഞനും കൂടിയായ ജർമ്മി ബന്താം (Jeremy Bentham) രാഷ്ട്രീയ ലക്ഷ്യത്തെകുറിച്ച് സൂചിപ്പിച്ചത് “ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യുക” എന്ന മാതൃകാപരമായ രീതിയായാണ്.

കോടതികളുടെയും ന്യായാധിപരുടെയും പരിപൂർണ നിഷ്പക്ഷതയെ ആളുകൾ സംശയിക്കുന്ന അവസ്ഥയെക്കാൾ വിനാശകരമായ മറ്റൊരു ഘടകമില്ലന്ന് എച്ച്.ജെ ലാസ്സിയെ (H.A Lassi) ഉദ്ധരിച്ചു കൊണ്ട് നിയമജ്ഞനായ ജെ.എ.ജി ഗ്രിഫിത്ത്(J.I.G Grifith ) വ്യക്തമാക്കുന്നുണ്ട്. അത്രയും സുതാര്യവും സൂക്ഷ്മവുമായി കൈകാര്യം ചെയ്യേണ്ട ഒരു ഭരണഘടനാ സ്ഥാപനത്തെ രാഷ്ട്രീയമായ താൽപര്യങ്ങൾക്കൊത്ത് ഉപയോഗിക്കുന്നത് തീർത്തും വിമർശിക്കപെടേണ്ടതാണ്.

വർത്തമാനകാല ഇന്ത്യൻ ഭൂമികയും ഹത്രാസിലെ മൃഗീയതയെ തോൽപ്പിക്കുന്ന യോഗി മുഖവും ആകസ്മികതയുടെ പുറത്തു സംഭവിച്ചതല്ല. ജാതീയധിഷ്ഠിത ബ്രാഹ്മണിക്കൽ ഹെജിമണി(Caste-based Brahmanical Hegemony) ഒളിച്ചു കടത്താൻ ഹൈന്ദവതയോടൊപ്പം ന്യൂനപക്ഷ മതങ്ങളെ പ്രതിലോമപരമായി ഉപയോഗിക്കലാണ് സംഘ്പരിവാറിന്റെ വ്യവസ്ഥാപിത ലക്ഷ്യവും പ്രത്യായശാസ്ത്രവും. ഇത്തരം കൊടിയ പീഡനങ്ങൾക്കു അവസരം സൃഷ്ടിക്കുക വഴി ബാലവിവാഹം (Child Marrige ) മുഖ്യധാരയിൽ ഉറതുള്ളുന്ന ഗതി നാം കാണേണ്ടിവരും.

സിദ്ധീഖ് കാപ്പൻ

വ്യവസ്ഥകളും നിയമ സമുച്ചയങ്ങളും ഗീബൽസിയങ്ങൾ കയ്യേറിയാൽ പ്രതിമാ മിശ്രയെ പോലെ സിദ്ധീഖ് കാപ്പനെ പോലെ യഥാർത്ഥ മാധ്യമ ധർമ്മം സത്യാനന്തര രാഷ്ട്രീയ ( Post truth politics)ഇടങ്ങളിൽ ഏറെ ചർച്ചയാവാൻ വലിയൊരു പ്രതീക്ഷയും നാം നൽകേണ്ടതില്ല, എന്നതിൻ്റെ സമീപകാല ഉദാഹരണങ്ങളാണ് മുഖ്യധാരാ രാഷ്ട്രീയ ഇടങ്ങളിൽ നാം കണ്ടുവരുന്നത്.

ചരിത്രത്തിലാദ്യമായി മനുഷ്യാവകാശങ്ങളുടെ നാടകീയാവിഷ്കാരം ചിത്രീകരിച്ച സോഫോക്ളിസിന്റെ (Sofoklis) ആന്റിഗൺ (Antigun) എന്ന കഥാപാത്രവും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയവും പങ്കുവെക്കുന്നത് ഒരേ ചിത്രങ്ങളാണ്, ക്രൈമിന്റെ രാഷ്ട്രീയവൽക്കരണവും രാഷ്ട്രീയ ക്രിമിനൽവൽക്കരണവും.

ഇത്തരം ജനാധിപത്യ ഘടനയിൽ കോടതികൾ ഏറ്റവും അപകടം കുറഞ്ഞ ശാഖ എന്ന നിലയിലാണ് അലക്സാണ്ടർ ഹാമിൽടൺ (Alaxander Hamilton) വീക്ഷിച്ചത്. ശരിയാണ്, ഭരണീയരുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ തടയിടാനും അതിനു വേണ്ട മാർഗനിർദേശങ്ങൾ നൽകുവാനും ജനാധിപത്യത്തിൻ്റെ പരമോന്നത ഘടകമാണ് നീതിന്യായ വ്യവസ്ഥ. എന്നാൽ അത് അപകടം നിറഞ്ഞതാകുന്നത് ഭരണീയരുടെ നിയന്ത്രണവും ഭരണീയ ഭാഷ്യവും അതിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ബാബരിയുടെ വിഷയത്തിലും കോടതിക്ക് സംഭവിച്ചത് മറ്റൊന്നല്ല. രാഷ്ട്രീയം രാഷ്ട്രത്തിലിടപെടുന്നതിലൂടെ വിശുദ്ധമെന്ന് കരുതുന്ന പലതും അവിശുദ്ധവും ആഭാസവുമാകുമെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് ലക്നോ സ്പെഷ്യൽ കോടതിയുടെ വിധി. ബാബരി ധ്വംസനത്തെ രാഷ്ട്രീയമായി ചെറുക്കാൻ കഴിയില്ലന്ന് തിരിച്ചറിഞ്ഞ്, രാജ്യത്തെ നിയമ വ്യവഹാരങ്ങളിൽ അർപ്പിച്ച സർവ്വ പ്രതീക്ഷകളെയും അപ്രസക്തമാക്കുന്ന വിധി അധികമൊന്നും നമ്മെ അദ്ഭുതപ്പെടുത്തുന്നില്ല. മാധ്യമ വേട്ടയും അർബൺ നക്സലൈറ്റ് പട്ടവും യു.എ.പി.എയും വാഴുന്നിടത്തു നിന്നു തന്നെയാണ് ഉയർത്തെഴുന്നേൽപ്പിന്റെ ജോ ബൈഡനും കമലാ ഹാരിസും പിറവിയെടുക്കേണ്ടത്.

ജർമൻ തത്വചിന്തകനും വിശ്വ പ്രസിദ്ധ എഴുത്തുകാരനുമായ വാൾട്ടർ ബെഞ്ചമിൻ ചരിത്രത്തെ മനോഹരമായി ചിത്രീകരിച്ചത് “ചരിതം ഭൂതകാലത്തിന്റെ കണക്കെടുപ്പല്ല, മറിച്ച് ആപത് നിമിഷങ്ങളിൽ മനസ്സിലൂടെ മിന്നിമായുന്ന ഒരു ഓർമയെ കൈ എത്തി പിടിക്കലാണ് ” എന്നതാണ്. വാസ്തവത്തിൽ ഭാരതാംബയുടെ വരുംകാല മതേതര മൂല്യങ്ങൾക്ക് ചേർത്ത് പിടിക്കാവുന്ന ഒരു ഓർമയുടെ തിരിനാളമാണ് നെഹ്റുവും മുഹമ്മദലിയും ഗാന്ധിയും. തീർത്തും വൈരുദ്ധ്യങ്ങളാൽ

സമ്പുഷ്ടമായ ജീവിതത്തിനപ്പുറം അപഗ്രഥിക്കാനും പകർത്താനും സാമൂഹിക സാഹചര്യത്തിൽ ഏറെ പര്യാപ്തമായി ഉൾകൊള്ളാനും കഴിയുന്ന അദ്ധ്യായങ്ങളാണ് പൂർവ്വ കാല ഇന്ത്യൻ മഹാരഥൻമാരുടെ ജീവിത രീതികളും ജ്ഞാനീയ മണ്ഡലങ്ങളും.

അംബേദ്കറിന്റെ ജനാധിപത്യ വീക്ഷണവും (Political view)നിയമ പോരാട്ടങ്ങളും മാതൃകാപരമായി വളച്ചൊടിക്കാൻ ശ്രമിക്കുന്ന ബനാന റിപ്പബ്ലിക്കിന്റെ മറ്റൊരു സാങ്കേതിക തലമാണ് ആർ.എസ്.എസ് ഇന്ന് സൈബറിടങ്ങളിലും മുഖ്യധാരയിലും പ്രയോഗിക്കുന്നത്. സത്തയെ മാറ്റി വിഷലിപ്ത മനോവൈകൃതങ്ങളെയാണ് തീവ്രഹിന്ദുത്വ സമ്രാജത്വവാദികളിലൂടെ നമുക്ക് കാണാനിടയാവുന്നത്. ഇതിനെ ഖണ്ഡിക്കാൻ ഇന്ന് കോൺഗ്രസ് സ്വീകരിക്കുന്ന മൃതുഹിന്ദുത്വം (Dead hinduism) തീവ്രഹിന്ദുത്വത്തിന്റെ സമാന വശങ്ങളാണന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

വാൾട്ടർ ബെഞ്ചമിൻ

സ്വത്വബോധവും മതേതര കാഴ്ച്ചപ്പാടും ബഹുസ്വര ചിന്തയും പകർത്തുക വഴി മാത്രമേ ഇന്ന് നാം സൃഷ്ടിച്ച സർവ്വ മുറിവുകളെയും നമുക്ക് ഉണക്കാൻ കഴിയുകയുള്ളൂ. അതിന് നിദാനമെന്നോണം വ്യത്യസ്തരായിരിക്കാനും ആ വ്യത്യസ്തതകളുടെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള അവകാശത്തെ നേടിയെടുക്കുക എന്നതാണ്, ഇതു തന്നെയാണ് അംബേദ്കർ മുന്നോട്ട് വച്ച ജനാധിപത്യ വീക്ഷണവും അദ്ദേഹത്തിന്റെ ജീവിത രീതിയും. ഇതുൾക്കൊണ്ട രാഷ്ട്രപിതാവിനെയായിരുന്നു1948 ഒക്ടോബർ 2ന് ഗോദ്സെ വെടിവെച്ചത്. എന്നാൽ സത്യാനന്തര ഇന്ത്യയിൽ ഘാതകരെ പ്രതീകാത്മക ശിലയിൽ കൊത്തിയവരും ഗ്വാളിയോറിയിലെ ഗോദ്സയുടെ അമ്പലവും ഗാന്ധി ജയന്തിയിൽ വീണ്ടും ഗാന്ധിക്കു നേരെ വെടിയുതിർക്കുന്ന ശ്രീമതി പൂജയും തകൃതിയായി ഭരണ സിരാകേന്ദ്രങ്ങളിലും നിയമ നിർമാണ സഭകളിലും വാഴുന്നത് മതേതര മുദ്രാവാക്യങ്ങളാൽ തെരുവോരങ്ങൾ സമ്പുഷ്ടമായ കാലത്താണ് എന്നതാണ് മതേതര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അതിശയോക്തി.
ഇത്തരത്തിൽ വാദിക്ക് പ്രതിയായും പ്രതിക്ക് സാമൂഹ്യ സേവകനായും സർട്ടിഫിക്കറ്റ് നൽകുക എന്ന പ്രായോഗിക തന്ത്രമാണ്(Practical strategy) വർത്തമാനകാല ഇന്ത്യൻ പൊളിറ്റിക്സിലെ പതിവു കാഴ്ചകൾ. ഫ്രഞ്ച് എഴുത്തുകാരൻ മോപ്പാസാങ്ങിനോട് (Mopasang ) തന്റെ കഥയിലെ കഥാപാത്രങ്ങൾ എല്ലാം ദുർനടത്തിപ്പുകാരായതിനെ കുറിച്ച് തിരക്കിയപ്പോൾ മോപ്പാസാങ്ങ് പറഞ്ഞത് “സൽസ്വഭാവികളായ സ്ത്രീകളുടെ കാര്യത്തിൽ ആർക്കും തന്നെ താൽപര്യമില്ല എന്നാണ്” വർത്തമാനകാല ഇന്ത്യയിലെ മാധ്യമങ്ങളും ഇതു തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നതും.

കോപ്രാ പോസ്റ്റ് ഓപ്പറേഷനിലൂടെ (Copra Post Operation ) വർത്തമാന ഇന്ത്യൻ മാധ്യമ രംഗത്തെ സത്യസന്ധയെ നാം ചോദ്യം ചെയ്തവരാണ്. അടുത്തിടെ സംഘപരിവാർ ചാനൽ എന്നറിയപ്പെടുന്ന സുദർശൻ ടി.വിയെ സുപ്രീംകോടതി ഈ സത്യം ഓർമെപ്പെടുത്തി എന്നു മാത്രമല്ല, ഈ ഹിന്ദി ചാനൽ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന ബിന്ദാസ് ബോൽ(Bindas Bol ) എന്ന പരിപാടിയുടെ തുടർ സംപ്രേക്ഷണം വിലക്കുകയും ചെയതിരുന്നു. ഇത്തരുണത്തിൽ വാർത്താ സെൻസറിങ്ങു പോലുമില്ലാതെ വലതു വൽക്കരണത്തിനു കുഴലൂതുന്ന മാധ്യമങ്ങളെയാണ് നാം ആദ്യം കൂച്ചുവിലങ്ങിടേണ്ടത്.

ജനാധിപത്യ സെക്യൂലർ ചേരികളിൽ(Democratic secular slums) ചെറുഗ്രൂപ്പുകൾ രൂപപ്പെടുത്തി മതന്യൂനപക്ഷങ്ങളെ വൈകാരിക തടവറയിൽ നിറുത്തി ബ്രാഹ്മണിക്കൽ ഹിന്ദുത്വ വോട്ടുകൾ ഏകീകരിച്ചും കുതിരകച്ചവടവും റിസോർട്ട് രാഷ്ട്രീയത്തിലൂടെയുമാണ് ഇന്ന് സംഘപരിവാർ തങ്ങളുടെ അധികാരങ്ങൾ സ്ഥാപിച്ചെടുക്കുന്നത്. അജണ്ടരാഹിത്യം, ആസൂത്രണമില്ലായ്മ, ദീർഘവീക്ഷണ പരാജയം, താൽകാലിക അധികാര നേട്ടം തുടങ്ങിയ ദരിദ്ര വീക്ഷണങ്ങൾ ജനാധിപത്യ മതേതര ചേരികളിൽ ഐക്യം അസാധ്യമാക്കുക വഴി സംഘപരിവാറിന്റെ വ്യവസ്ഥാപിത ലക്ഷ്യ പൂർത്തീകരണത്തിനു നാം കളമൊരുക്കുകയാണ്. രാഷ്ട്രീയ സംഘടനകൾ ഇതിൽ നിന്നും മാറി കാലത്തിനു മുന്നേ നടക്കാൻ കരുത്തും കരുതലും ആർജിക്കണം. ഫാസിസം ഇന്ത്യയിൽ വളർന്നതും വികസിച്ചതും അധികാരം പിടിച്ചതും ജനാധിപത്യ മതേതര ചേരികളുടെ കുറ്റകരമായ വീക്ഷണ ദാരിദ്രത്തിന്റെ പിൻബലത്തിലാണ്.

“എന്നാലും പൊടിയുന്നുണ്ട് തെളിനീരന്ന്” എന്ന് കുറിച്ച എഴുത്തുകാരൻ പി. സുരേന്ദ്രനിലൂടെ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ നാം ഇടപെടേണ്ടത് ഘട്ടം ഘട്ടമായൊരു ചെറുത്ത് നിൽപ്പിലൂടെയാണ്. ലിബറിൽ പൊളിറ്റിക്‌സ് പോലെ ശത്രു നമ്മിൽ എന്ത് ഭയക്കുന്നുവോ അതാകണം നമ്മിലെ മുഖ്യ ബലമായി നാം സംഭരിക്കേണ്ടതും. തകർന്നടിയുന്ന വിശ്വാസങ്ങളെയും മൂല്യ ബന്ധങ്ങളെയും ജനാധിപത്യ വ്യവസ്ഥകളെയും കൂട്ടി ചേർക്കാൻ പ്രത്യക്ഷത്തിൽ ഇത്തരം ക്രിയാത്മക ഇടപെടലുകൾക്കേ സാധിക്കൂ.

“വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുതെന്നും സംശയനിവൃത്തിക്കും തത്ത്വ പ്രകാശത്തിനും വേണ്ടിയാവണമെന്നു” പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെത് പോലെയാവണം നമ്മുടെ നിലപാടുകളും ആശയ രൂപീകരണങ്ങളും. അതില്ലാത്തതിനാലാണ് മുഖ്യാധാര രാഷ്ട്രീയത്തിൽ അപരവൽക്കരിക്കപ്പെടുന്നതും പ്രത്യേക സംഘാടക ഉൽപാദകനായി ചാപ്പ കുത്തപ്പെടുത്തുന്നതും.

Leave a Reply

Your email address will not be published. Required fields are marked *