ക്രിസ്റ്റഫ് ജഫ്രലോട്ട് – ലണ്ടനിലെ കിങ്‌സ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്ത്യൻ പൊളിറ്റിക്സ്-സോഷ്യോളജി വിഭാഗത്തിൽ പ്രൊഫസർ. ദക്ഷിണേഷ്യൻ രാഷ്ട്രീയ ചലനങ്ങളെ, വിശിഷ്യാ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷത്തിന്റെ ശൈലികളെയും പ്രചോദനങ്ങളെയും കുറിച്ച് സവിശേഷമായ പഠനങ്ങൾ നടത്തുന്നു.
(നിയർ ഈസ്റ്റ് സൗത്ത് ഏഷ്യ (നിസ)യുടെ സൗത്ത് ഏഷ്യ ഇന്റർവ്യൂ സീരിസിന്റെ ഭാഗമായി പ്രൊഫ. ക്രിസ്റ്റഫ് ജഫ്രലോട്ടുമായി ഹസ്സൻ അബ്ബാസ് നടത്തിയ അഭിമുഖം)
ഹസ്സൻ അബ്ബാസ്:
സ്വാഗതം, പ്രൊഫ. ജഫ്രലോട്ട്. ഇന്ത്യയെ കുറിച്ചുള്ള താങ്കളുടെ സമീപകാല രചനയിലെ ഉപശീർഷകം കടമെടുത്തു കൊണ്ടു ചോദിക്കട്ടെ; ‘ഹിന്ദുത്വ ദേശീയത എങ്ങനെയാണ് ഇന്ത്യയെ പരിവർത്തിച്ചു കൊണ്ടിരിക്കുന്നത്?’
പ്രൊഫ. ജഫ്രലോട്ട്:
വളരെ കുറഞ്ഞ വാക്യങ്ങളിൽ ഒരു പുസ്തകം സംഗ്രഹിച്ചു പറയുക എന്നത് അത്ര ലളിതമായ കാര്യമല്ല. എന്നിരുന്നാലും, ആ പുസ്തകത്തിലെ എഴുത്തുകാർ സൂക്ഷ്മമായി പരിശോധനാ വിധേയമാക്കിയ വിഷയങ്ങൾ രണ്ടു സുപ്രധാന പദാവലികളിൽ ചുരുക്കിപ്പറയാം. അതിലൊന്ന്, പോപ്പുലിസ്റ്റ് ദേശീയ രാഷ്ട്രീയവും മറ്റൊന്ന് വംശീയ ജനാധിപത്യവുമാണ്. നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് ബിജെപി സർക്കാരിന് ഒരിക്കലും ലോക്സഭയിൽ ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ, മോദി രംഗപ്രവേശം ചെയ്‌തതോടെ സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും പൊതുജനങ്ങളുമായി സംവദിക്കുന്നതിനുള്ള ഫലപ്രദമായ രീതിയും (അദ്ദേഹം നല്ലൊരു പ്രഭാഷകൻ കൂടിയാണ്) സംയോജിപ്പിച്ചു കൊണ്ടുള്ള പുതിയ ഒരു പോപ്പുലിസ്റ്റ് തന്ത്രം രൂപപ്പെടുകയുണ്ടായി.
തികച്ചും സാധാരണ ജീവിതം നയിച്ച തന്റെ പൂർവകാലം ഉയർത്തിക്കാട്ടിയാണ് അതിലേക്കുള്ള പാത അദ്ദേഹം ഒരുക്കിയത്. മറ്റുള്ളവരുടെ ഭയം ഉൾപ്പെടെയുള്ള വികാരങ്ങളിൽ നിന്നും മുതലെടുപ്പ് നടത്തുകയും കോണ്ഗ്രസുമായും അതിന്റെ നേതാക്കളുമായും ബന്ധപ്പെട്ട ആധിപത്യ രാഷ്ട്രീയത്തെ വ്യവസ്ഥാപിതമായി നിരസിക്കുകയും ചെയ്യുകയാണ് അദ്ദേഹം. പക്ഷേ, സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറിപോകുന്ന പോപ്പുലിസ്റ്റ് രാഷ്ട്രീയമാണത്. ജനങ്ങളുടെ യഥാർഥ പ്രതിനിധിയാണെന്ന് അവകാശപ്പെടുകയും മന്ത്രിമാരുടെയും പാർട്ടിയുടെയും പാർലമെന്റിന്റെയും ഫെഡറലിസത്തിന്റെയും ചെലവിൽ അധികാര കേന്ദ്രീകരണം നടത്തുകയും ചെയ്യുന്ന ഒന്നാണത്. പ്രതിപക്ഷത്തിന് വളരെ കുറഞ്ഞ സ്ഥാനമേ നല്കുന്നുള്ളൂ എന്ന് മാത്രമല്ല, ഇതര രാഷ്ട്രീയ കക്ഷികൾ നിയമവിരുദ്ധരും ദേശവിരുദ്ധരുമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുകയാണ്. തദ്വാരാ, ‘കോണ്ഗ്രസ് മുക്ത ഇന്ത്യ’യാണ് അവർ ലക്ഷ്യം വെക്കുന്നത്. തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് ജയിച്ച ചില സംസ്ഥാനങ്ങളിൽ പോലും അവ്യക്തമായ പല കാരണങ്ങളാൽ ജനപ്രതിനിധികളിൽ പലരും ബിജെപിയിലേക്ക് ചേക്കേറിയതിനാൽ അവർക്ക് അധികാരം നഷ്ടപ്പെടുകയുണ്ടായി.
ഇന്ത്യൻ നാണയത്തിന്റെ മറുപുറം ഇസ്രായേലി നിരീക്ഷകൻ സാമി സ്മൂഹ പരിചയപ്പെടുത്തിയ ‘വംശീയ ജനാധിപത്യം’ എന്ന ആശയമാണ്. രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ, വിശേഷിച്ച് മുസ്ലിംകളുടെയും ക്രൈസ്തവരുടെയും, ചെലവിൽ ഹൈന്ദവ സംസ്കാരവും സമുദായവും പ്രൊമോട്ട് ചെയ്യെപ്പെടുകയാണതിൽ. ഉദ്യോഗസ്ഥപദം, പോലീസ് സേന, സൈന്യം എന്നിവയിലെല്ലാം പണ്ടുമുതലേ തഴയപ്പെട്ടിരുന്ന ഈ ന്യൂനപക്ഷ വിഭാഗങ്ങൾ ഇപ്പോൾ അസംബ്ലികളിലും പാർശ്വവൽക്കരിക്കപ്പെടുകയാണ്. ഉദാഹരണത്തിന്, ലോക്സഭയിൽ ഇന്നൊരു മുസ്ലിം ബിജെപി എം.പി പോലുമില്ല. സർവോപരി, പശു സംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരകളാകുന്നതിന് മുമ്പ് ഘർവാപസി കാമ്പയ്നുകളും നേരിടേണ്ടി വന്നവരാണ് മുസ്ലിംകളും കുറഞ്ഞ തോതിൽ ക്രൈസ്തവരുമെല്ലാം. മതേതര ഇന്ത്യക്കാരായ പലരെയും ഈ പോപ്പുലിസ്റ്റ് രാഷ്ട്രീയവും വംശീയവൽക്കരണവും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകരും വിദ്യാർത്ഥി പ്രസ്ഥാന നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും ലിബറൽ ചിന്താഗതിക്കാരുമെല്ലാം തങ്ങളുടെ വിയോജിപ്പുകൾ രേഖപ്പെടുത്തിയതിന്റെ പേരിൽ ട്രോളുകളടക്കമുള്ള മാധ്യമങ്ങളിലൂടെ അവർ നിരീക്ഷണ വിധേയരായിട്ടുണ്ട്. ഒന്നാം മോദി സർക്കാറിന്റെ കാലത്ത് നടന്ന ഈ മാറ്റങ്ങൾ ഇന്ത്യയെ വാസ്‌തവത്തിൽ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുകയുണ്ടായി. നെഹ്റു അടക്കമുള്ളവരുടെ ചെലവിൽ ഹിന്ദുത്വ തത്വാചാര്യന്മാർക്ക് പാഠ പുസ്തകങ്ങളിൽ പ്രമുഖ്യം നൽകി ചരിത്രം തിരുത്തി എഴുതപ്പെടുകയും ചെയ്തു. അധികാരത്തിലേറി ഒരു വർഷത്തിനകം തന്നെ ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു മാറ്റി കേന്ദ്ര ഭരണ പ്രദേശം ആക്കി മാറ്റുകയും അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന കുടിയേറ്റക്കാർ പൗരത്വത്തിന് അർഹരല്ലെന്നു പ്രസ്താവിക്കുന്ന പൗരത്വ ഭേദഗതി ബില്ല് പോലുള്ള പുതിയ നിയമങ്ങൾ പാസ്സാക്കുകയും ചെയ്തു കൊണ്ട് തികച്ചും തലതിരിഞ്ഞ ഭരണമാണ് രണ്ടാം മോദി സർക്കാർ നടത്തുന്നത്. അതുകൊണ്ടുതന്നെ ഇക്കാലത്തു ഹിന്ദുത്വ ദേശീയത വർധിത തോതിൽ പരിണാമ വിധേയമാകാൻ സാധ്യതയുമുണ്ട്.
ഹസ്സൻ അബ്ബാസ്:
പണ്ഡിതോചിതമായിട്ടുള്ള താങ്കളുടെ സംഭാവനകൾ സൗത്ത് ഏഷ്യൻ നിരീക്ഷകർക്ക് വളരെ വിലപ്പെട്ടവയാണ്. ഒരിക്കൽക്കൂടി ഞാൻ ചോദിക്കുന്നത് 2019 ലെ ഇന്ത്യൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താങ്കൾ എഴുതിയ ഗവേഷണ പ്രബന്ധത്തിന്റെ ശീർഷകത്തിൽ നിന്ന് തന്നെയാണ്. ‘എന്തുകൊണ്ടാണ് ഒരുപാട് ദരിദ്രര്‍ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്തത്?’
പ്രൊഫ. ജഫ്രലോട്ട്:
2019 ലെ ദേശീയ തെരഞ്ഞെടുപ്പ് സർവേക്ക് വേണ്ടി സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡവലപ്പിംഗ് സോസൈറ്റീസ് എന്ന ഗവേഷക സംഘം ശേഖരിച്ച വിവരങ്ങളെയാണ് ഞാൻ ഈ പ്രബന്ധം എഴുതാൻ അവലംബിച്ചത്. മറ്റുള്ളവരെ പോലെ ദരിദ്രരും ബിജെപിക്ക് വോട്ട് ചെയ്തത് ഒരു മാറ്റത്തിന് വേണ്ടിയായിരുന്നുവെന്ന് പ്രസ്തുത റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ പാകിസ്താൻ വിരുദ്ധ തരംഗങ്ങൾ അലയടിച്ച തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ മോദിയുടെ ജനകീയതയുടേയും ഹിന്ദുത്വ ദേശീയവാദത്തിന്റെ ഉയർച്ചയുമാണ് ഈ പരിണാമം പ്രതിഫലിപ്പിക്കുന്നത്.
അതോടൊപ്പം, പാവപ്പെട്ടവർ ബിജെപിയെ പിന്തുണച്ചത് എന്റെ അഭിപ്രായത്തിൽ പോസിറ്റീവ് വിവേചനത്തിന്റെ വിരോധാഭാസം എന്ന മറ്റൊരു കാരണം കൊണ്ടു കൂടിയാണ്. ദളിതർ എന്ന് വിളിക്കപ്പെടുന്ന, പഴയ കാലത്തു അയിത്തജാതിക്കാരയി ഗണിക്കപ്പെട്ടിരുന്ന, പട്ടിക ജാതിക്കാർക്ക് അനുകൂലമായ ഈ സംവരണ സംവിധാനം ഉപജാതികൾക്കിടയിൽ സാമ്പത്തിക-സാമൂഹിക അന്തരങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. കാരണം, അവരിൽ ചിലർ മാത്രമാണ് പൊതുമേഖലയിലും സർവകലാശാലകളിലും അധിക ക്വാട്ടകളും സ്വന്തമാക്കിയിരിക്കുന്നത്. ഉത്തർപ്രദേശിലെ യാദവരെയും മഹാരാഷ്ട്രയിലെ മഹർ സമുദായക്കാരെയും പോലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഒരു ജാതിക്കാർ സാമൂഹിക-സാമ്പത്തിക മേഖലയിൽ അധിപത്യം പുലർത്തുകയും ‘തങ്ങളുടെ പാർട്ടി’കളെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്.
യുപിയിലെ യാദവുകൾ ബിഎസ്പി (ബഹുജന്‍ സമജ്‌വാദ് പാർട്ടി)ക്ക് വോട്ടു ചെയ്യുന്നത് പോലെ മഹാരാഷ്ട്രയിലെ മഹറുകൾ ആർ.പി.ഐ (റിപ്പബ്ലിക്ക് പാർട്ടി ഓഫ് ഇന്ത്യ)ക്ക് വോട്ടു ചെയ്യുന്നു. സാമൂഹികവും സാമ്പത്തികവുമായ മേധാവിത്വം പുലർത്തുന്ന ജാതികളുടെ എതിർപക്ഷത്ത് നിൽക്കുന്ന ദുർബലരായ പട്ടികജാതികളിൽ നിന്നുളള സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യുന്ന ചാണക്യ തന്ത്രമാണ് ഇവിടെ ബി.ജെ.പി പയറ്റുന്നത്. അതുകൊണ്ടുതന്നെയാണ്, അവർ മോദിയുടെ പാർട്ടിയെ പിന്തുണക്കുകയും 2019 ൽ അതിന് വോട്ടു കുത്തുകയും ചെയ്തത്. സംവരണം മുതലെടുക്കുകയും പാർട്ടികൾ രൂപീകരിക്കുകയും ചെയ്ത മേലാളന്മാർക്കെതിരെ ഒ.ബി.സിയിലെ താഴ്ന്ന വിഭാഗക്കാർക്കിടയിലും ഇതു തന്നെയാണ് സംഭവിച്ചത്. ഉദാഹരണത്തിന്, യാദവുകളുടെ കാര്യമെടുക്കാം, യു.പിയിലും ബീഹാറിലും സമജ്‌വാദ പാർട്ടിക്കും ആർ.എസ്.പിക്കും പിന്തുണ നൽകുന്നവരാണവർ. യാദവ മേധാവിത്വത്തെ എതിർക്കുന്ന ഒ.ബി.സിയിലെ യാദവ-ഇതര വിഭാഗങ്ങളെ പണം നൽകി കൈക്കലാക്കിയതു കൊണ്ടാണ് അവര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തത്. കേവലം പാവങ്ങൾ ആയതുകൊണ്ടല്ല, മറിച്ച് അരികുവൽക്കരിക്കപ്പെട്ടവരും രണ്ടാംകിട ജാതിക്കാരുമായ അവരിൽ നിന്ന് ഒരുപാട് പേർക്ക് സീറ്റ് നൽകിയത് കൊണ്ടാണ് ബി.ജെ.പിക്ക് അവർ വോട്ടു ചെയ്തത്. ഈ തന്ത്രത്തിന്റെയെല്ലാം അർത്ഥം, ഹിന്ദുത്വം ജാത്യാതീതമാണെന്ന് വാദിക്കുമ്പോൾ തന്നെ ബി.ജെ.പി ജാതി രാഷ്ട്രീയം കളിക്കുന്നു എന്നതാണ്.
ഹസ്സൻ അബ്ബാസ്:
മറ്റു പല രാജ്യങ്ങളേയും പോലെ കോവിഡ് 19 ന്റെ ആഘാതം മൂലം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും കൂടുതൽ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. മേഖലയിലെ സുരക്ഷാ പരിഗണനകളെ ഏതെങ്കിലും തരത്തിൽ പ്രസ്തുത സാമ്പത്തിക പ്രതിസന്ധികൾ ബാധിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
പ്രൊഫ. ജഫ്രലോട്ട്:
കോവിഡ് മഹാമാരിക്ക് മുമ്പ് തന്നെ ഇന്ത്യ ഗുരുതരമായ സമ്പത്തിക മാന്ദ്യം നേരിട്ടിരുന്നു. 2016-17, 2019-20 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 8 ശതമാനത്തിൽ നിന്ന് നേർപകുതിയായ 4.2 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇക്കാരണം കൊണ്ടു തന്നെ ഭാവിയിൽ ധാരാളം വെല്ലുവിളികളാണ് രാജ്യത്തെ കാത്തിരിക്കുന്നത്. ജി.ഡി.പിയുടെ പത്തു ശതമാനത്തോളം ധനക്കമ്മി മുമ്പേയുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടക്ക് നിക്ഷേപ നിരക്കിൽ പത്തു ശതമാനം പോയിന്റുകളാണ് ഇടിവ് സംഭവിച്ചത്. മാത്രമല്ല, പൊതു മേഖലാ ബാങ്കുകളിലെ കിട്ടാകടങ്ങൾ 10 ശതമാനത്തിന് മുകളിലുമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടു തന്നെ ജിഡിപിയുടെ രണ്ടു ശതമാനതിന് താഴെ മാത്രമുള്ള ദുരിതാശ്വാസ പാക്കേജ് രാജ്യത്തെ സാമ്പത്തിക തകർച്ച ലഘൂകരിക്കാൻ സഹായിക്കില്ല. അവസാനമായി, ദീർഘകാലത്തേക്ക് സമ്പദ് വ്യവസ്ഥയെ തകിടം മറിക്കാവുന്ന തരത്തിൽ മഹമാരിയുടെ ഉച്ഛസ്ഥായിയിലേക്ക് ഇന്ത്യ ഇതു വരെ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എങ്ങനെയാണ് ഇതെല്ലാം ഇന്ത്യയുടെ സുരക്ഷാ പരിഗണകളെ ബാധിക്കുന്നത്?. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ആദ്യം മുതൽക്കേ പ്രതിലോമപരമായ സ്വാധീനം ആണ് ഉളവാക്കിയിട്ടുള്ളത്. അതോടൊപ്പം, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സാമ്പത്തികമായി ചൈനയോട് ചെറുത്തു നിൽക്കാൻ കഴിയുന്ന സ്ഥിതിയിലുമല്ല ഇന്ത്യ. ഇക്കാലയളവിൽ ചൈനീസ് നിക്ഷേപങ്ങളെ ആകർഷിക്കാൻ ഇന്ത്യ ശ്രമിച്ചുവെന്ന് മാത്രമല്ല, ചില അയൽ രാജ്യങ്ങളെ ചൈനയുടെ പിറകെ കൂടുന്നതിൽ നിന്ന് തടയാൻ പോലും ഇന്ത്യക്ക് സാധിച്ചില്ല. ബീജിങ് തങ്ങളുടെ ദ്വീപിൽ ധാരാളമായി നിക്ഷേപമിറക്കിയതിന് (കാര്യമായും ആഴക്കടൽ തുറമുഖം നിർമിക്കാൻ) ശേഷം ശ്രീലങ്ക ചൈനക്കെതിരെയുള്ള ചില പരമാധികാരങ്ങൾ ഇല്ലാതാക്കി. നേപ്പാളും ഇതേ പാത പിന്തുടരുന്നു. വ്യക്തമായി പറഞ്ഞാൽ, ഇന്ത്യക്ക് സ്വന്തം പ്രദേശത്തു പോലും ചൈനയുമായി മത്സരിക്കാൻ സാധിക്കുന്നില്ല എന്നു മാത്രമല്ല, ദേശീയ സുരക്ഷയെയും സാമ്പത്തിക ദർശനങ്ങളെയും ദുർബലപ്പെടുത്താൻ മാത്രമായിരിക്കും അത് ഉപകരിക്കുക.
ഹസ്സൻ അബ്ബാസ്:
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ലഡാക്കിൽ ഇന്ത്യയും ചൈനയും യുദ്ധ പാതയിലായിരുന്നല്ലോ. ഇരുപതോളം സൈനികരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. 1967 നു ശേഷം ഇരു രാഷ്ട്രങ്ങൾക്കിടയിലും ഉണ്ടായ ഏറ്റവും തീവ്രമായ സംഘർഷമാണിത്. ഈ സംഭവവികാസങ്ങളെ താങ്കൾ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്?
പ്രൊഫ. ജഫ്രലോട്ട്:
ഞാൻ മനസ്സിലാക്കുന്നത് ഈ സംഭവം ചൈനക്കെതിരെയുള്ള ഇന്ത്യയുടെ ദൗർബല്യം പ്രതിഫലിപ്പിച്ചേക്കാം എന്നാണ്. ഇന്ത്യയിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലേക്കാണ് ചൈനീസ് അതിക്രമത്തെ ചില വിദഗ്ദർ ആരോപിക്കുന്നത്. ഈയൊരു പ്രതിസന്ധി ചരിത്ര ഗതിയെ ത്വരിതപ്പെടുത്തിയിട്ടുണ്ടാകാം. പക്ഷേ, ചൈന പണ്ട് മുതലേ മറ്റു പല കാരണങ്ങളാൽ പ്രകോപിതരായിരുന്നു. ഒന്നാമതായി, 2013 ഇൽ ആരംഭിച്ച ദി ബെൽറ്റ് ആൻഡ് റോഡ് എന്ന പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യ വിമുഖത കാണിച്ചിരുന്നു. മാത്രമല്ല, തങ്ങളുടെ അധികാര പരിധിയായ ജമ്മു കാശ്മീരിലൂടെ കടന്നുപോകുന്നതിനാൽ അതിലെ പദ്ധതിയായ ചൈന-പാകിസ്ഥാൻ ഇക്കണോമിക്ക് കോറിഡോറിനെ ഇന്ത്യ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. രണ്ടാമതായി, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി ചൈനീസ് വിരുദ്ധ നയങ്ങൾ (ചുരുങ്ങിയത് വ്യവസായ മേഖലയിലെങ്കിലും) തുടരുന്നതിനിടയിലും ഇന്ത്യ അമേരിക്കയുമായി ബന്ധം ഊട്ടിയുറപ്പിച്ചിരുന്നു. മൂന്നാമതായി, 2019 ഓഗസ്റ്റിൽ ഇന്ത്യൻ സർക്കാർ ജമ്മു കശ്മീർ വിഭജനം സാധൂകരിക്കുകയും ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്തപ്പോൾ ഇന്ത്യയെ റിവിഷണിസ്റ്റുകൾ ആയിട്ടാണ് ചൈനക്കാർ നോക്കിക്കണ്ടത്. കാരണം, 1962 ൽ ചൈന പിടിച്ചെടുത്ത ആക്സയ് പ്രദേശം ഉൾപ്പെടുന്ന പൂർണ ജമ്മു കശ്മീർ തിരിച്ചു പിടിക്കണമെന്ന അഖണ്ഡ ഭാരത് പദ്ധതിയുടെ ഭാഗമായിരുന്നു അത്.
ജൂൺ പകുതിയിൽ അരങ്ങേറിയ സംഭവങ്ങളോട് ഇന്ത്യ സൈനികമായി പ്രതികരിക്കില്ലായിരിക്കാം. ചൈനീസ് ആക്രമണം മൂലം ഇന്ത്യക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായി എന്ന വാദം മോദി നിഷേധിക്കുന്നുവെന്നും ഇന്ത്യൻ പ്രവിശ്യയിൽ ചൈനീസുകാർ ഇല്ലാത്തതിനാൽ തിരിച്ചടിക്കേണ്ട കാര്യമില്ല എന്നതിൽ നിന്നും എത്തിച്ചേരാവുന്ന തീർപ്പായിരിക്കാം ഇത്. (ഇങ്ങനെയൊരു സംവാദം ഉയരുന്നത് ഇന്ത്യക്ക് സൈനികമായി തങ്ങൾക്കെതിരെ തിരിച്ചടിക്കാൻ കഴിയില്ല എന്ന് ചൈന കരുതാനിടയുള്ളതിനാൽ വിപരീത ഫലം ഉണ്ടാക്കിയേക്കാം.)
ഇന്ത്യ ഒരുപക്ഷേ രണ്ടു കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമായിരിക്കും. ഒന്നാമതായി, ചൈനയുമായുള്ള സാമ്പത്തിക അശ്രയത്വത്തിൽ നിന്നും ഇന്ത്യ പിന്മാറിയേക്കാം (ഉദാഹരണത്തിന് ഫാർമസ്യൂട്ടിക്കൽ വ്യവസായം പോലെയുള്ള പ്രധാന മേഖലകളിൽ നിന്ന്). എന്നാൽ അതൊരു ദീർഘവും ചെലവേറിയതുമായ പ്രക്രിയ ആയിരിക്കും. ചൈനീസ് വിരുദ്ധതയിൽ ഒരുമിക്കുന്ന പങ്കാളിയെ കണ്ടെത്താനും ഇന്ത്യ ശ്രമിക്കുമായിരിക്കും. ചൈനീസ് വിരുദ്ധതയിൽ യോജിക്കുന്ന ഒരു ഭൗമ-രാഷ്‌ട്രീയ ആശയമായി ഇൻഡോ-പസിഫിക്കിനെ പ്രതിയുള്ള ഇന്ത്യയുടെ നിർവചനത്തോട് ഈ തന്ത്രം ഒത്തുവരുന്നുണ്ട്. ഈയർഥത്തിൽ അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ അഭിപ്രായങ്ങൾ ഇന്ത്യയും പങ്കുവെച്ചേക്കാം. പക്ഷേ, വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ രൂപം നൽകിയ ക്വാഡ് ഒരു യഥാർഥ ചൈനാ വിരുദ്ധ സഖ്യം ആക്കി മാറ്റപ്പെടുമോ എന്ന ചോദ്യമാണ് പ്രധാനമായും ഇവിടെ ഉയരുന്നത്. ഒരുപക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭൗമ-രാഷ്ട്രീയ തന്ത്രപരമായ ഭാവിയെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ചോദ്യമായിരിക്കാം ഇത്. പക്ഷെ, അതിന് കൃത്യമായ മറുപടി നൽകാൻ മാത്രം ഞാൻ യോഗ്യനല്ല.
വിവ: സുഹൈൽ പി അരിമ്പ്ര