കൊറോണക്കാലത്തെ ദേശത്തെക്കുറിച്ച പുനരാലോചനകൾ

സ്റ്റേറ്റ് ദേശീയതയെക്കുറിച്ച് നിരന്തരം ഉൽപ്പാദിപ്പിക്കുന്ന വ്യാജ്യോക്തികൾ മറനീക്കുമ്പോഴാണ് സ്വാതന്ത്ര്യത്തെക്കുറിച്ച നമ്മുടെ തിരിച്ചറിവുകൾക്ക് തിടം വെക്കുന്നത്. കൊളോണിയൽ അധികാര രൂപങ്ങളുടെ അദൃശ്യ സാന്നിധ്യം സ്വാതന്ത്ര്യത്തെക്കുറിച്ച നമ്മുടെ സങ്കൽപ്പങ്ങളെ നിരന്തരം പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നവലിബറൽ നയങ്ങളിലൂടെ സാധ്യമായ സാമ്പത്തിക രംഗത്തെ ഉദാരവത്കരണം പഴയ പ്രത്യക്ഷ കൊളോണിയൽ സാന്നിധ്യത്തെക്കാൾ അപകടകരമായിരുന്നുവെന്ന് ഇന്ന് ഏറെക്കുറെ ബോധ്യം വന്നിട്ടുണ്ട്.

പ്രൊഫ.എം.എൻ വിജയൻ അതേക്കുറിച്ച് പറയാറുള്ള ഉപമ കഴുത വണ്ടിയുടെ മുന്നിൽ തൂക്കിയിടാറുള്ള കാരറ്റു പോലെ എന്നാണ്. കഴുത വണ്ടി വലിക്കുമ്പോഴൊക്കെ കരുതുന്നത് മുന്നിൽ നിശ്ചിത അകലത്തിൽ തൂക്കിയിട്ട കാരറ്റ് ഇപ്പോൾ തിന്നാൻ പാകത്തിൽ കിട്ടുമെന്നാണ്. പക്ഷെ കാതങ്ങൾ താണ്ടിയാലും കഴുതക്ക് അത് ലഭിക്കില്ല. ഇതു പോലെയാണ് സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചുമെല്ലാമുള്ള നമ്മുടെ സങ്കൽപങ്ങൾ.

ബി.ജെ.പി അധികാരത്തിലേറുന്നതിന് മുമ്പ് പ്രമുഖ സാമൂഹിക നിരീക്ഷകൻ സ്റ്റാൻലി ജോണി എഴുതിയ ഒരു ലേഖനത്തിൽ മോദി ഗവൺമെന്റിന്റെ രണ്ട് പ്രധാന ഊന്നലുകളെക്കുറിച്ച് പറയുന്നുണ്ട്. അതിലൊന്ന് സാമ്പത്തിക രംഗത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ കൊണ്ടു പിടിച്ച് നടപ്പിലാക്കിയ നവ ഉദാര സാമ്പത്തിക നയങ്ങൾക്ക് കൂടുതൽ ഗതിവേഗം കൈവരും എന്നതാണ്. കോർപറേറ്റുകളാണ് മോദിയെ അധികാരത്തിലെത്തിച്ചത്. അവരോട് പുറം തിരിഞ്ഞ് നിന്ന് ഒരടി ഈ ഗവൺമെന്റിന് മുന്നോട്ട് പോകാനാവില്ല.

രണ്ടാമത്തേത് ഭ്രാന്തവും ഹിംസാത്മകവുമായ ബ്രാഹ്മണിക്കൽ ഉന്മാദ ദേശീയത ശക്തി പ്രാപിക്കും എന്നതാണ്. ഏക ശിലാത്മകമായ തീവ്ര ഹിന്ദുത്വയെ എപ്പോഴും ലൈവാക്കി നിർത്തുകയും ബ്രാഹ്മണിക്കൽ ദേശീയതക്ക് പുറത്തുള്ള അപര സ്വത്വങ്ങളെ അരികുവത്കരിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് സ്വീകരിക്കുക.

കൊറോണക്കാലത്ത് ഇവ രണ്ടും  കൃത്യമായി പുലർന്നതായിക്കാണാം. ഒരു ദേശത്തെ മുഴുവൻ കൊള്ളയടിക്കുന്ന കോർപറേറ്റുകൾക്കിടയിൽ സാധാരണ ജനജീവിതം ദിനംപ്രതി കൂടുതൽ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. ദൽഹിയിൽ നിന്ന് ആയിരങ്ങൾ പലായനം ചെയ്യുമ്പോൾ കോർപറേറ്റുകളും അധികാര വർഗ്ഗവും ദൂരദർശനിൽ മഹാഭാരതവും രാമായണവും കാണുകയായിരുന്നുവല്ലൊ? ലോക്ക് ഡൗൺ ഇന്ത്യയുടെ ഭീതിതമായ രണ്ട് മുഖങ്ങളെയാണ് എടുത്ത് പുറത്തിട്ടത്. ഒന്ന് കോർപറേറ്റുകളാലും ഭരണാധികാരികളാലും  അരികുവത്കരിക്കപ്പെട്ട ജനകോടികളുടെ ഇന്ത്യ. രണ്ട് വിഭജനത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം നിരന്തരം ഉൽപാദിപ്പിക്കുന്ന ഗോഡി മീഡിയയുടെയും സംഘ്പരിവാറിന്റെയും ഇന്ത്യ. തബ്ലീഗ് സമ്മേളനത്തിൻ്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയെടുത്ത ‘കൊറോണ ജിഹാദ്’ അങ്ങനെയാണ് ലോകം മുഴുവൻ ഒന്നിച്ച് പൊരുതുന്ന കൊറോണയെന്ന മഹാമാരിയുടെ കാലത്തും സംഘ്പരിവാറിന് വലിയൊരു രാഷ്ട്രീയ ആയുധമാകുന്നത്.

ഇസക്കിമുത്തുവും വിജയ് മല്യയും കോർപറേറ്റുകളും.

ലോക്ക് ഡൗണിൽ കൂടുതൽ അനാവൃതമായ ഇന്ത്യയുടെ വികൃതമുഖം പല അടരുകളാൽ സമ്പന്നമാണ്. ലോക്ക് ഡൗണിനും എത്രയോ മുമ്പുള്ള ഒരു സംഭവം മാത്രം നോക്കാം.

2017 ഒക്ടോബർ മാസം തമിഴ്നാട്ടിലെ തിരുനെൽവേലി കലക്ട്രേറ്റിനു മുന്നിൽ ജനം നോക്കി നിൽക്കെ കൂലിത്തൊഴിലാളിയായ ഇസക്കി മുത്തുവും ഭാര്യയും രണ്ട് മക്കളും മണ്ണെണ്ണ ദേഹത്തൊഴിച്ച് കൂട്ട ആത്മഹത്യ ചെയ്തു. ജീവൻ തുടിക്കുന്ന നാല് ശരീരങ്ങളെ അഗ്നി വിഴുങ്ങുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്ന് ആരോ ഒരാൾ പകർത്തിയ ഒരു ചിത്രം രാജ്യത്തിന്റെ മനസാക്ഷിക്കകത്തു നിന്ന് ഇപ്പോഴും കത്തുകയാണ്. ഇസക്കിമുത്തുവിന്റെ 18 മാസം മാത്രം പ്രായമുള്ള മകൾ അക്ഷയ തീനാളങ്ങളേറ്റു വാങ്ങിയ ശരീരവുമായി നേർത്ത ഞരക്കത്തോടെ നിന്ന നിൽപ്പിൽ കത്തിയമരുകയായിരുന്നുവത്രെ. സാധാരണ ജീവിതം നയിച്ച ഇസക്കിമുത്തുവിനെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്തായിരിന്നു. വളർന്നു വരുന്ന പെൺമക്കൾക്ക് സ്വസ്ഥമായി കിടന്നുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട് എന്നത് രാജ്യത്തെ ഏതൊരു പൗരനെയും പോലെ ഇസക്കിമുത്തുവിന്റെയും സ്വപ്നമായിരുന്നു. ആ സ്വപ്ന സാഫല്യത്തിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല. സർക്കാർ ആപ്പീസു തിണ്ണ പലവട്ടം നിരങ്ങി. നിരാശയായിരുന്നു ഫലം. ഒടുക്കം ഗത്യന്തരമില്ലാതെ വട്ടിപ്പലിശക്ക് ഒന്നര ലക്ഷത്തോളം രൂപ കടമെടുത്തു. വീട് പണി ഇഴഞ്ഞു നീങ്ങി. പലിശ കുന്നുകൂടി. ഗുണ്ടകൾ ദേഹോപദ്രവം ചെയ്യാൻ തുടങ്ങി. എല്ലാ വഴികളും അവസാനിച്ചു എന്ന് ഉറപ്പായതിനു ശേഷം ഇസക്കിമുത്തു കലക്ട്രേറ്റിൽ ചെന്ന് പ്രശ്ന പരിഹാര സമിതിക്കു മുമ്പാകെ പരാതി നൽകി. അയാൾ നിഷ്കരുണം പുറത്താക്കപ്പെട്ടു. പൗരനെ സംരക്ഷിക്കേണ്ട സ്റ്റേറ്റിന്റെ അധികാര രൂപത്തിനു മുന്നിൽ നിന്ന് കൊണ്ടു തന്നെ അവർ സ്വന്തത്തിന് ചിതയൊരുക്കി. പിന്നീട് വന്ന റിപ്പോർട്ടുകൾ പ്രകാരം ഗുണ്ടകൾ മാത്രമല്ല വട്ടിപ്പലിശക്കാരുടെ അച്ചാരം പറ്റുന്ന ചില പോലീസുകാരും ഇസക്കിമുത്തുവിനെയും കുടുംബത്തെയും നിരന്തരം ദ്രോഹിച്ചിരുന്നു എന്ന് തെളിയുകയുണ്ടായി.

അതേസമയം 2016 മാർച്ച് മാസത്തിലാണ് മദ്യരാജാവ് വിജയ് മല്യ ഇന്ത്യയിലെ 13 വൻകിട ബാങ്കുകളിൽ നിന്നായി എടുത്ത 9000 കോടി രൂപയുടെ കടം തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയത്. ഒരു കോടി രൂപ ഉണ്ടാവണമെങ്കിൽ നൂറ് ലക്ഷം രൂപ വേണം. അങ്ങിനെ നോക്കുമ്പോൾ 9000 കോടി രൂപയുടെ വ്യാപ്തിയെക്കുറിച്ച് ഗഹനമായിത്തന്നെ നാം ആലോചിക്കണം. ഇസക്കി മുത്തുവും വിജയ് മല്യയും പൗരത്വ രേഖകളിൽ ഇന്ത്യക്കാരാണ്. ഭവന വായ്പക്ക് വേണ്ടി സമീപിച്ച ഒരു ബാങ്ക് പോലും ഇസക്കിമുത്തുവിനെ അടുപ്പിച്ചില്ല. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ പ്രതിനിധിയാണയാൾ. ലോക്ക് ഡൗൺ കാലത്ത് പലായനം ചെയ്ത ആയിരക്കണക്കിന് മനുഷ്യരുടെ പ്രതിനിധി. ജി.ഡി.പി യുടെ മാപിനികളിലൊന്നും അവരില്ല. ഒരു ദേശം രണ്ട് തരം പൗരൻമാരെ എവ്വിധമാണ് നിർമ്മിക്കുന്നതെന്നതിന്റെ അനേകം തെളിവുകളിലൊന്നു മാത്രമാണിത്. കോർപറേറ്റുകൾ രാജ്യത്തെ കൊള്ളയടിക്കുമ്പോൾ സ്റ്റേറ്റ് ജനങ്ങളെ പകൽ കൊള്ള ചെയ്യുന്നു. 2017ൽ മാത്രം മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കാത്ത സാധാരണക്കാരായ പൗരൻമാരിൽ നിന്ന് 21 പൊതുമേഖലാ ബാങ്കുകളും 3 വൻകിട സ്വകാര്യ ബാങ്കുകളും കൂടി കൊള്ളയടിച്ചത് 5000 കോടി രൂപയാണ്. ഇതേ വാർത്ത വരുന്നതിന് കുറച്ചു ദിവസം മുമ്പാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13500 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട ഇന്ത്യൻ വ്യവസായി മെഹുൽ ചോക്സി കരീബിയൻ ദ്വീപ് രാഷട്രമായ ആന്റിഗയിൽ പൗരത്വം നേടി സുരക്ഷിതനായതിനെക്കുറിച്ച് നാം വായിക്കുന്നത്. തറക്കല്ല് പോലുമിട്ടിട്ടില്ലാത്ത അംബാനിയുടെ ഡീംഡ് യൂണിവേഴ്സിറ്റിക്ക് അംഗീകാരം ലഭിച്ച വാർത്തയും അനുബന്ധമായുണ്ട്. ഇതിനെല്ലാമിടയിൽ രാജ്യത്തെ 90 ശതമാനം വരുന്ന പൗരൻമാർ പെട്രോൾ പമ്പുകളിൽ ഒരു ദേശത്തെ മറ്റൊരു തരത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഓരോ ഉൽപന്നത്തിനും മുമ്പുള്ളതിനേക്കാൾ നികുതിയായി ജി.എസ്.ടി കൊടുക്കുന്നുണ്ട്.

 

 

 

 

 

ഒരു ദേശം പൗരനെ റദ്ദ് ചെയ്യുന്ന വിധം

ദേശത്തിനകത്തുള്ളവർ പുറത്തുള്ളവർ എന്ന വർഗീകരണത്തിൽ പോലും വലിയ അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ പൗരത്വം റദ്ദ് ചെയ്യാനുറച്ച് സ്റ്റേറ്റ് സ്വന്തം ജനതയെ എത്ര വിദഗ്ധമായാണ് കബളിപ്പിക്കുന്നത്. ദേശീയതക്കകത്ത് ഭരണകൂടം ഒരു ഔദാര്യം പോലെ പതിച്ചു നൽകുന്ന മേൽവിലാസം ഒരു തരത്തിൽ വ്യാജ സുരക്ഷിതത്വബോധം ഉൽപാദിപ്പിക്കുന്നുണ്ട്. മറ്റൊരു തലത്തിൽ പൗരനാവുകയെന്നത് സ്റ്റേറ്റിനകത്ത് ഒരാൾക്ക് ഏൽപിക്കുന്ന ആഘാതങ്ങൾ പല തരത്തിലാണ്. തീർത്തും അന്യായമായി കരിനിയമങ്ങൾ വഴി തുറുങ്കിലടക്കപ്പെട്ടവന്റെ ദേശീയതക്കകത്തെ മേൽവിലാസമെന്താണ്? ഒരു ലോക്ക് ഡൗണിൽ പെടുമ്പോഴേക്കും ജീവിതത്തിന്റെ നിലനിൽപ് അപകടത്തിലാകുന്ന ഒരുവന്റെ ഒറിജിനൽ പൗരത്വ രേഖയുടെ മൂല്യമെത്രയാണ്? പൗരത്വം തെളിയിക്കുന്ന രേഖകളെല്ലാം കൃത്യമായിരിക്കുമ്പോഴും അയാൾ ദേശത്തിനകത്തു നിന്ന് മറ്റൊരർത്ഥത്തിൽ പുറം തള്ളപ്പെടുന്നുണ്ട്. നമുക്ക് പതിച്ച് തരുന്ന അല്ലെങ്കിൽ നാം സ്വയം എടുത്തണിയുന്ന വ്യാജദേശീയ ബോധം കൊണ്ട് ഒരിക്കലും വിമോചനം സാധ്യമാകുന്നില്ല. നിർലോഭം മനുഷ്യാവകാശങ്ങൾ ഹനിക്കുന്ന പൗരനു മേൽ കടുത്ത സാമ്പത്തിക ഭാരം അടിച്ചേൽപിക്കുന്ന ജനതയുടെ ദാരിദ്രത്തെയൊ തൊഴിലില്ലായ്മയെയൊ അഭിസംബോധന ചെയ്യാത്ത കേവലം മർദനോപകരണം മാത്രമായ സ്റ്റേറ്റിനു മേൽ വർഗീയ തിമിരം കൊണ്ട് മാത്രം വിശ്വാസ്യത പതിച്ചു നൽകുന്ന പൗരൻമാരാണ് ഏറ്റവും വലിയ ദുരന്തം. സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചുമുള്ള ആത്മരതികൾ ഇൻവാലിഡ് ആയിക്കൊണ്ടിരിക്കുമ്പോൾ കപട ദേശീയതയെ പുണരുന്ന എല്ലാ ആഘോഷങ്ങളിലും സ്റ്റേറ്റിനു മാത്രമാണ് ആനന്ദങ്ങളുള്ളത്. ദേശം ഒരിക്കലും തന്നെ സംരക്ഷിക്കാനോ തന്റെ ക്ഷേമത്തിന് നിലകൊള്ളാനോ പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞിട്ടും ദേശീയതയുടെ വ്യാജ ഉൻമാദങ്ങളിൽ പെട്ടു പോകുന്ന പൗരന്റെ മനം പിരട്ടലിന്റെയും ആത്മനിന്ദയുടെയും പേരാണ് അടിമത്വം. അവർക്ക് വിമോചനം അകലെയാണ്. കാരണം വൈറസുകൾക്ക് ശേഷവും വർഗീയതയുടെ സൂപ്പർ വൈറസുകളായിരിക്കും അവരുടെ രാഷ്ട്രീയത്തെ നിർമ്മിക്കുക, വിമോചന സങ്കൽപങ്ങളല്ല.

 

ശംസീർ എ.പി

One thought on “കൊറോണക്കാലത്തെ ദേശത്തെക്കുറിച്ച പുനരാലോചനകൾ

  1. ലോകത്ത് ഇത്തരം കാർഡുകളിറക്കി അധികാരത്തിൽ വന്ന ഒരു പാർട്ടി പോലും ഉള്ള വളർച്ചയെയും വികസനത്തെയും മുരടിപ്പിക്കുകയല്ലാതെ പുരോഗതിയിലേക്ക് നയിച്ചിട്ടില്ല എന്ന വസ്തുത കൂടി ലേഖനത്തിൽ ഉൾപെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു.
    ഭരണപ്രതിസന്ധി നേരിടുമ്പോൾ പോലും ഇത്തരം പലതരത്തിലുള്ള അപകടകരമായ ഉന്മാദദേശീയതയെ കൂട്ടുപിടിച്ച് ജനങ്ങളെ മണ്ടന്മാരാക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ചകൊണ്ടുതന്നെ അധികാരം നിലനിർത്താൻ അവർക്ക് കഴിയുന്നു എന്ന വസ്തുതയും വിസ്മരിക്കാവതല്ല

Leave a Reply

Your email address will not be published. Required fields are marked *