ഒന്നാം ലോകരാജ്യം,മൂന്നാംലോക രാജ്യം എന്ന വിഭജനാത്മക പല്ലവികൾ കഴിഞ്ഞ ഒരുപാട് കാലങ്ങളായി നമ്മൾ കേൾക്കാറുള്ള ഒരു സംഗതിയാണ്. ഒന്നാം ലോകരാജ്യങ്ങൾ സമ്പത്തിലും വികസനത്തിലും സൗകര്യങ്ങളുടെ മറ്റെല്ലാ മാനദണ്ഡങ്ങളിലും ഔന്നത്യം പുലർത്തുന്നവരും മൂന്നാം ലോകരാജ്യങ്ങൾ അതീവ ദരിദ്രരും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തവരുമാണ്. നമ്മുടെ കേരളത്തിൽ തന്നെ പണക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടനെ അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ ഒന്നാം ലോകരാജ്യങ്ങളിലേക്ക് പറക്കുന്നത് സർവ സാധാരണമാണ്. എന്നാൽ കോവിഡ് 19ന്റെ ആഗോള സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം പുതിയൊരു തിരിച്ചറിവാണ് പങ്കുവെക്കുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് അമേരിക്കയിലാണ് എന്ന് വരുമ്പോൾ ഒരു ദുരന്തത്തെ പോലും കൃത്യമായി തരണം ചെയ്യാൻ പറ്റാത്ത ലോകത്തിന്റെ പ്രധാന രാഷ്ട്രത്തെയാണ് നമ്മൾ കാണുന്നത്. അഥവാ കോവിഡ് 19ന്റെ മുന്നിൽ ഒന്നാംലോകവും മൂന്നാംലോകവും ഫലത്തിൽ വ്യത്യാസമില്ലാത്തതായി. ഇതു തെളിയിക്കുന്നത്, ഇത്തരത്തിലുള്ള പല വാർപ്പുമാതൃകകളെയും പൊളിച്ചെഴുതികൊണ്ടു കൂടിയാണ് കോവിഡ്19 നിലനിൽക്കുന്നത് . സമാനമായ മറ്റൊരു സംഗതിയാണ് ഇസ്‌ലാമോഫോബിയ. ആഗോള-പ്രാദേശിക തലത്തിൽ ആഴത്തിൽ വേരുകൾ ഉള്ള ഇസ്‌ലാമോഫോബിയ, കോറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും മറ്റും പുതിയ രീതിയിൽ പ്രചരിക്കാൻ തുടങ്ങി. ഇതിന് ഒരുപക്ഷേ വ്യാപകമായ തുടക്കം കുറിക്കപ്പെടുന്നത് തബ്‌ലീഗ് ജമാഅത്ത് സംഭവത്തോട് കൂടിയാവാം. മുസ്‌ലിം ചിഹ്നങ്ങൾ പ്രതിസ്ഥാനത്തു വരുന്ന ഏതൊരു ഘട്ടത്തെയും ആർ.എസ്.എസ് വംശീയപരമായും ഇസ്‌ലാമോഫോബിക്കായും ചിത്രീകരിക്കുന്നത് രാജ്യത്തു പതിവാണ്. അതിന്റെ പേരിൽ ഒട്ടനേകം പേർക്ക് ജീവൻ തന്നെ നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ നിലവിൽ ഇത് രാജ്യാതിർത്തി കടക്കുകയും ഗൾഫ് രാജ്യങ്ങളിലും സമാന രീതിയിലുള്ള ഇസ്‌ലാമോഫോബിക്ക് പ്രചാരണങ്ങൾ സംഘ്പരിവാർ-ആർഎസ്എസ് മനോഭാവമുള്ളവർ ഏറ്റെടുക്കുകയും ചെയ്തതോടെ ഇത് അവിടെയുള്ള അധികാരികളെ കൂടി ക്ഷോഭിപ്പിക്കുന്ന സമീപനമായി മാറി. ഇതിൽ ഏറ്റവും ശ്രദ്ധേയമായ വശം ഇത്രയും കാലം ഗൾഫ് മാധ്യമങ്ങളിൽ ഇന്ത്യൻ വാർത്ത എന്നത് സൽമാൻ ഖാനും ഷാരൂഖ് ഖാനുമൊക്കെ ആയിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗൾഫ് മാധ്യമങ്ങളിൽ ഡൽഹിയിൽ നടന്ന ആസൂത്രിത മുസ്‌ലിം വംശഹത്യാ ശ്രമങ്ങളും, മുസ്‌ലിംകൾക്കു നേരെയുള്ള വംശീയ അക്രമങ്ങളുമൊക്കെ വാർത്തയാകാൻ തുടങ്ങി. ഇത് രണ്ടു തരത്തിലുള്ള നടപടികളിലേക്ക് കൊണ്ടെത്തിച്ചത്. ഒന്ന്, നയതന്ത്രപരമായി തന്നെ ഇന്ത്യയുമായുള്ള പല തരം ബന്ധങ്ങളെ കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്നുള്ള അവിടെയുള്ള അധികാരികളുടെ സൂചന ഇതിനോടകം വന്നു കഴിഞ്ഞു. രണ്ട്, അവരുടെ നാടുകളിൽ നിന്നുകൊണ്ട് ഇത്തരത്തിൽ ഇസ്‌ലാമോഫോബിക്ക് പ്രചരണം നടത്തുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് അധികാരികൾ നീങ്ങിത്തുടങ്ങി എന്നതാണ്. ഇതോടെ മോഡി അടക്കമുള്ള ആളുകൾ ഇതിനെ ചെറുക്കുന്നതിന് വേണ്ടി മറുതലക്കൽ നിന്ന് രംഗപ്രവേശം ചെയ്തിട്ടുണ്ട്.
ഏതൊരു ദുരന്ത സാഹചര്യത്തിലും വംശീയവാദികൾക്ക് തങ്ങളുടെ അജണ്ടകളുടെ പ്രചാരണം മാത്രമായിരിക്കും ലക്ഷ്യമായി ഉണ്ടാകുക. എന്നാൽ എല്ലാ കാലത്തും അത് വിലപോകില്ല എന്ന സന്ദേശമാണ് ഈ സംഭവങ്ങൾ നൽകുന്ന സൂചന. കോവിഡ് 19ന്റെ മുന്നിൽ ലോക രാജ്യങ്ങൾ ഒന്നാകെ വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യത്തിൽ, വരും കാലത്ത് മുതലാളിത്തത്തിന്റെ തകർച്ചയും കുറെകൂടി നൈതികമായ ലോകക്രമത്തിന്റെ ഉദയവും സ്വപ്നം കാണുന്ന ആളുകളുണ്ട്. സിസെക് അടക്കമുള്ളവർ പങ്കുവെക്കുന്നത് പ്രതീക്ഷയുടെ ഇത്തരം നിരീക്ഷണങ്ങളാണ്. ഇത്തരം നടപടികളും ഇസ്‌ലാമോഫോബിയയോടുള്ള പ്രതികരണങ്ങളും തീർച്ചയായും പുതിയ ലോകത്തെ കുറിച്ചുളള പ്രതീക്ഷകളെ തന്നെയാണ് മുന്നോട്ട് വെക്കുന്നത്.
ആത്തിഫ് ഹനീഫ്