അബു അബ്ദില്ലാഹ് മുഹമ്മദുബ്നു അലി അൽ ഹകീം അത്തിർമിദി അൽഹനഫീ (820-869) ഇസ്‌ലാമിക ലോകത്ത് അതുല്യമായ സ്വാധീനം സൃഷ്ടിച്ച പണ്ഡിതനും സൂഫീവര്യനുമാണ്. ഉസ്ബെകിസ്ഥാനിലെ തിർമിദിൽ ജനിച്ച ശൈഖ് അത്തിർമിദിയുടെ ചിന്തകൾക്ക് തസവ്വുഫിൻ്റെ ചരിത്രത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ട്. മധ്യേഷ്യൻ പ്രദേശങ്ങളിൽ പ്രചാരമുള്ള ഹനഫീ മദ്ഹബിനെ അനുധാവനം ചെയ്ത ശൈഖ് അത്തിർമിദി, ഫിഖ്ഹ്, ഹദീഥ് വിജ്ഞാനീയങ്ങളിൽ അവഗാഹം നേടിയിരുന്നു. ഗ്രീക്ക് തത്വചിന്തയിലെ മെറ്റാഫിസികൽ-കോസ്മോളജിക്കൽ വിഷയങ്ങളെ ഇസ്‌ലാമിക ഭാഷയിൽ അപഗ്രഥിക്കാൻ മുന്നിൽ നിന്ന പണ്ഡിതനായാണ് സയ്യിദ് ഹുസൈൻ നസ്ർ ശൈഖ് അത്തിർമിദിയെ പരിച്ചയപ്പെടുത്തുന്നത്.
2003 -ൽ പ്രസിദ്ധീകൃതമായ സാറ സ്വീരിയുടെ ‘Perspectives on Early Islamic Mysticism; The World of al-Ḥakīm al-Tirmidhī and his Contemporaries എന്ന പുസ്തകം, ശൈഖ് അത്തിർമിദിയുടെ ജീവിതം, ചിന്തകൾ, അദ്ദേഹത്തിൻ്റെ സമകാലിക വൈജ്ഞാനിക ലോകം എന്നിവയെക്കുറിച്ച വിശദമായ പഠനമാണ്. ഒമ്പത്-പത്ത് നൂറ്റാണ്ടുകളിലെ സൂഫികളുടെ രചനകൾ കേന്ദ്രീകരിച്ചാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്. തസവ്വുഫ് എന്ന പേരിൽ ആത്മീയധാര അറിയപ്പെടുന്നതിനു മുമ്പുള്ള ചരിത്രഘട്ടത്തെ കുറിച്ചുള്ള പഠനമാണിതെന്ന് സാറ സ്വീരി എഴുതുന്നു. സൂഫീ സ്റ്റഡീസിൽ വിദഗ്ധരായ ഓറിയന്റലിസ്റ്റുകളുടെ രചനകൾക്കൊപ്പം ശൈഖ് ജുനൈദ് അൽ ബാഗ്ദാദി, ഇബ്നു മസറാ, ശൈഖ് അൽ കലബാദി, ശഖീഖ് അൽ ബൽഖി, അൽ മുഹാസിബി, സഹ്ൽ അൽ തുസ്തരി, സഈദ് അൽ ഖറാസ്, മൻസൂർ അൽ ഹല്ലാജ് തുടങ്ങി നിരവധി പണ്ഡിതരുടെ രചനകൾ ഈ കൃതിക്കായി അവലംബിച്ചിട്ടുണ്ട്.
സുഹ്ദ്-തസവ്വുഫ് തമ്മിലുള്ള ചരിത്രപരമായ ബന്ധം, തസവ്വുഫിലെ സുപ്രധാന പദാവലികൾ, അവയുടെ നിർവചനങ്ങൾ എന്നിവയെക്കുറിച്ച വിശദമായ ചർച്ച, സൂഫീ ലോകത്തു രൂപപ്പെട്ട ലൗകിക പരിത്യാഗത്തെയും പൗരോഹിത്യത്തെയും സംബന്ധിച്ച വിശകലനം എന്നിവ ഈ കൃതിയിലെ സുപ്രധാന ഭാഗങ്ങളാണ്. ആദ്യകാല സൂഫീ ധാരകളെക്കുറിച്ച വിശദീകരണം ഈ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. നഫ്സിൻ്റെ വിവിധ പരിവർത്തനങ്ങൾ, ഹഖിൻ്റെ വിവിധ ഘട്ടങ്ങൾ, ആത്മീയശ്രേണി, വിലായത്ത്, മുൻകാലങ്ങളിൽ നിലനിന്നിരുന്ന പുണ്യപുരുഷന്മാരെക്കുറിച്ച ശ്രുതികൾ, ശൈഖ് അൽ ഹകീം അത്തിർമിദിയുടെ രചനകളുടെ മഹിമകളും അവയുടെ ആഖ്യാനങ്ങളും ഈ കൃതിയിൽ സവിശേഷ സ്ഥാനമലങ്കരിച്ചിട്ടുണ്ട്.
ശൈഖ് അൽ ഹകീം അത്തിർമിദിയുടെ ജീവിതവും അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ സജീവമായിരുന്ന സൂഫീ ധാരകളെയും പണ്ഡിതരെയും പുസ്തകം വിശകലനം ചെയ്യുന്നുണ്ട്. നിശാപൂരിലെ മലാമതികൾ, ഇസ്‌ലാമിക ലോകത്തിൻ്റെ സുപ്രധാന വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്ന ബാഗ്ദാദ്, നിശാപൂർ മേഖലകളിലെ പണ്ഡിതവര്യർ, ശിഷ്യഗണം എന്നിവരെയും ഈ ഭാഗത്ത് അവലോകനം ചെയ്യുന്നുണ്ട്. പ്രമുഖ പണ്ഡിതൻ മുഹമ്മദുബ്നു അൽ ഫദ്ലുമായുള്ള ശൈഖ് അൽ ഹകീം അത്തിർമിദിയുടെ സംവാദവും പ്രശ്നങ്ങളും പ്രത്യേക പരിഗണന നൽകി പരാമർശിച്ചിട്ടുണ്ട്.
ഇൽമുൽ വിലായത്ത്, ഉലൂമുദ്ദീൻ, ഹദീഥ് വിജ്ഞാനം, ഖുർആൻ വ്യാഖ്യാനം തുടങ്ങിയവ ശൈഖ് അൽ-തിർമിദിയുടെ വൈജ്ഞാനിക വ്യവഹാരങ്ങളിൽ പ്രസക്തഭാഗങ്ങളാണ്. വിശ്വാസപരമായി ഹൃദയം അനുഭവിക്കുന്ന മാധുര്യവും (ഹലാവ) ആത്മാവിൻ്റെ/വ്യക്തിത്വത്തിൻ്റെ (നഫ്സ്) പരിവർത്തനങ്ങളും ശൈഖ് അൽ ഹകീം അത്തിർമിദിയുടെ ചിന്തകളിൽ പ്രധാന സ്ഥാനമർഹിക്കുന്നു. മാനുഷിക പ്രകൃതത്തെക്കുറിച്ചും മാനസിക വ്യവഹാരത്തെക്കുറിച്ചുമുള്ള ശൈഖ് അത്തിർമിദിയുടെ ചിന്തകളെ മിസ്റ്റിക്കൽ സൈക്കോളജി എന്നാണ് രചയിത്രി വിശേഷിപ്പിക്കുന്നത്. മഅരിഫത്ത് (ദിവ്യജ്ഞാനം) പഠന-മനനങ്ങളിലൂടെ ലഭിക്കുന്നതല്ല എന്നും, അല്ലാഹു തൻ്റെ പ്രിയപ്പെട്ടവർക്ക് (വലിയ്യ്) പ്രത്യേകം നൽകി അനുഗ്രഹിക്കുന്നതാണെന്നും ശൈഖ് അത്തിർമിദി അഭിപ്രായപ്പെടുന്നു. വെളിപാട്, സ്വപ്നദർശനം, അന്തർജ്ഞാനം എന്നീ മാർഗങ്ങളിലൂടെയാണ് മഅരിഫത്ത് ലഭിക്കുന്നത്. മസാഇലുൽ തഅബീർ (സ്വപ്നദർശനങ്ങളെക്കുറിച്ച ചർച്ചകൾ) എന്ന കൃതിയിലും ശൈഖ് അത്തിർമിദി ഇൽമുൽ വിലായത്തിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. വിലായത്തിനെ കുറിച്ചു മുൻഗാമികളായ നിരവധി പണ്ഡിതർ എഴുതിയിട്ടുണ്ടെങ്കിലും ശൈഖ് അത്തിർമിദിയുടെ ചിന്തകളാണ് പിൽക്കാല സൂഫിചിന്തകളിൽ കൂടുതൽ സ്വാധീനം ചെലുത്തിയത്. ശൈഖ് സയ്യിദ് അലി ഹുജ്വേരിയുടെ ‘കശ്ഫുൽ മഹ്ജൂബിലും’ ശൈഖ് അത്തിർമിദിയുടെ സ്വാധീനം ദൃശ്യമാണ്. അദ്ദേഹം സഹധർമിണിയെയും ഔലിയാക്കളിൽ ഒരാളായാണ് എണ്ണുന്നത്. അവരുടെ സ്വപ്നങ്ങളെയും ശൈഖ് ചർച്ചാ വിധേയമാക്കുന്നുണ്ട്. ഇണക്കൊപ്പം (പത്നിയുടെ പേര് അദ്ദേഹം പരാമർശിക്കുന്നില്ല) തനിക്കും മഅരിഫത്ത് ലഭിച്ചുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ‘സിറാത്തുൽ ഔലിയാ’ (‘ഖത്മുൽ ഔലിയാ’ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്) എന്ന കൃതിയിൽ ശൈഖ് അത്തിർമിദി ‘ഔലിയയെ’ ‘വലിയ്യുല്ലാഹ്’, ‘വലിയ്യു ഹഖില്ലാഹ്’ എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നുണ്ട്. ‘വലിയ്യു ഹഖില്ലാഹ്’ എന്നത് ഹഖിനെക്കുറിച്ച അദ്ദേഹത്തിൻ്റെ അഭിപ്രായവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ‘ഹഖ്’ (പരമമായ സത്യം) എന്ന സൂഫീ വ്യവഹാരത്തിലെ പ്രധാന പദത്തെക്കുറിച്ച ശൈഖ് അൽ-തിർമിദിയുടെ വീക്ഷണത്തെ സാറ സ്വീരി വിശകലനം ചെയ്യുന്നുണ്ട ്.
പരമമായ സത്യം എന്ന ‘ഹഖിനെ’ സംബന്ധിച്ച സാമ്പ്രദായിക സൂഫി ധാരണക്കപ്പുറം, അല്ലാഹുവിനെക്കുറിച്ച് ഖുർആൻ പരിചയപ്പെടുത്തുന്ന എല്ലാ ഉപമകളും ഉൾക്കൊള്ളുന്ന ആശയമാണ് ശൈഖ് അത്തിർമിദി നൽകിയിരിക്കുന്നത്. ഈ ആശയം പിൽക്കാല സൂഫീചിന്തകളിൽ കാണാൻ സാധിക്കില്ല എന്നാണ് രചയിത്രി നിരീക്ഷിക്കുന്നത്. സമ്പൂർണമായി അല്ലാഹുവിനെ അടുത്തഅറിഞ്ഞ, സർവശക്തൻ്റെ പ്രിയപ്പെട്ടവനായി മാറുക എന്നതാണ് ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. വലിയ്യുല്ലാഹ് എന്നതിനേക്കാൾ വിശ്വാസത്തിൻ്റെ ആഴം വർദ്ധിച്ച അവസ്ഥയാണത്.
ആദ്യകാല സൂഫീവര്യന്മാർ, ലൗകിക ജീവിതം ആസ്വദിക്കുന്നതോടൊപ്പം ,അല്ലാഹുവിൻ്റെ സ്നേഹം (ഹുബ്ബ്), സാമീപ്യം (ഖുർബ്, ഉൻസ്), ലഭിക്കാനായുള്ള ആഗ്രഹത്തിൽ സത്യാന്വേഷികളായും (മുരീദ്) സത്പന്ഥാവിലെ യാത്രികരായും (സ്വാലിഹ്, സാലിക്) സ്വയം വിശേഷിപ്പിച്ചു. ഇസ്‌ലാമിക വിശ്വാസത്തെ ഗൗരവമായി സമീപിച്ച അവർ അഹ്ലുൽ സിദ്ഖ് (സത്യസാക്ഷ്യത്തിൻ്റെ/ആത്മാർഥതയുടെ ആളുകൾ), അഹ്ലുൽ യഖീൻ (ദൃഢജ്ഞാനികൾ), വലിയ്യുകൾ തുടങ്ങിയ പദാവലികൾ ഉപയോഗിച്ചു പോന്നു. മുജാഹദത്തുന്നഫ്സ് (സ്വന്തത്തോടുള്ള സമരം) മാനസിക-ശാരീരിക സംസ്കരണത്തിൻ്റെ മാർഗമായി അവർ പരിഗണിച്ചു.
ശൈഖ് അത്തിർമിദിയെപ്പോലെ അൽ മുഹാസിബി, നിശാപൂരിലെ ആദ്യകാല മലാമതികൾ എന്നിവർ ലൗകിക വിരക്തിയുടെ അടയാളമായി കണക്കാക്കിയിരുന്ന കമ്പിളിക്കുപ്പായം ധരിക്കൽ നിരുത്സാഹപ്പെടുത്തിയിരുന്നതായി സാറ സ്വീരി എഴുതുന്നു. കീർത്തി ലക്ഷ്യം വെച്ചുള്ള ശൈലിയാണ് അതെന്നായിരുന്നു അവർ കമ്പിളി വസ്ത്രധാരണത്തെ കണക്കാക്കിയിരുന്നത്. കൂടാതെ കീർത്തി ലക്ഷ്യം വെക്കുന്ന എല്ലാ പ്രവർത്തിയും ആന്തരിക വിശുദ്ധിയെ നശിപ്പിച്ചു കളയും എന്നവർ ഉത്ഘോഷിച്ചു. യഹൂദ, ക്രിസ്ത്യൻ, നിയോപ്ലാറ്റോനിക്, ജ്ഞാനവാദ ആശയങ്ങൾ പിൽക്കാല സൂഫി ചിന്തകളിൽ ചെലുത്തിയ സ്വാധീനം സാറ സ്വീരി പരാമർശിക്കുന്നുണ്ട്. ലൗകിക പരിത്യാഗവും പൗരോഹിത്യവും സൂഫികൾക്കിടയിൽ പടരാൻ ഈ ആശയങ്ങൾ കാരണമായിട്ടുണ്ട്. ഇങ്ങനെ ചരിത്രപരമായി ക്രമേണ സൂഫീസരണികളിൽ ദൃശ്യമായ പരിവർത്തനങ്ങളെ ഈ കൃതി അവലോകനം ചെയ്യുന്നു. മലാമതികളെക്കുറിച്ച ശൈഖ് അൽത്തിർമിദിയുടെ കാഴ്ചപ്പാടുകൾ, മൻസൂർ അൽ ഹല്ലാജിൻ്റെ ചിന്തകളെയും അദ്ദേഹത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം എന്നിവയും ഈ കൃതിയിലെ പ്രധാന ഭാഗങ്ങളാണ്.
പ്രമുഖ ചരിത്രകാരനായ അബു അബ്ദിൽ റഹ്മാൻ അൽ-സുല്ലമിയുടെ ‘കിതാബു മിഹനുൽ മശാഇഖ്’ ഉദ്ധരിച്ചു കൊണ്ട് അഭിപ്രായ ഭിന്നതകളുടെ പേരിൽ ശൈഖ് അത്തിർമിദിയും സമകാലികനായ ശൈഖ് മുഹമ്മദുബ്നു അൽ ഫദ്ൽ അൽ ബൽഖിയും സമൂഹത്തിൽ നിന്നും നേരിട്ട ആരോപണങ്ങളുടെ വസ്തുത വിവരിക്കുന്നു. ദുആ (പ്രാർഥന), മുനാജാത്ത് (അല്ലാഹുമായുള്ള രഹസ്യ സംഭാഷണം) വിലായത്ത്, മറ്റു ഖുർആനിക പദാവലികൾ തുടങ്ങി ശൈഖ് അത്തിർമിദിയുടെ രചനകളിലെ പദാവലികളെയും ഇസ്തിൻബാത് (നിർദ്ധാരണം) ഇസ്തിമാ (ശ്രവിക്കുക) എന്നുതുടങ്ങി സൂഫീ ഹെർമെനോറ്റിക്സിലെ സംജ്ഞകളെയും ഈ കൃതി വിശകലനം നടത്തുന്നുണ്ട്. ശൈഖ് അൽ ഹകീം അത്തിർമിദിയുടെ ചിന്തകളിലൂടെ അക്കാലത്തെ മുസ്‌ലിം വൈജ്ഞാനിക വ്യവഹാരങ്ങളെ അടയാളപ്പെടുത്താൻ സാറ സ്വീരി ഈ കൃതിയിലൂടെ ശ്രമിക്കുന്നു.
പുസ്തക അവലോകനം നന്നായിട്ടുണ്ട്. മലയാളത്തിൽ ലഭ്യമാണോ ?
Good, and informative… Do you have the book of Sara?
Seems good!! . Keep up the good work.