ആധുനിക യുഗത്തിൽ തൂലികയേക്കാൾ ശക്തിയാണ് ഫോട്ടോഗ്രാഫുകൾക്ക്. ഐലന്‍ കുര്‍ദിയിലൂടെ കരളലിയിക്കുന്ന സിറിയൻ അഭയാർഥികളുടെ നേർചിത്രം പകർത്തിയ നിലുഫർ ഡെമിറും ഗുജറാത്ത് കലാപത്തിന്റെ ഭീകരത പകർത്തിയ ആർക്കോ ദത്തയും, യമനിലെ അഭയാർഥി ക്യാമ്പിൽ നിറവയർ വിശപ്പോടെ മരണത്തോട് മല്ലിടുന്ന അമാല്‍ ഹുസൈന്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തി ന്യൂയോര്‍ക്ക് ടൈംസിലൂടെ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയ ഫോട്ടോഗ്രാഫറായ ടൈലര്‍ ഹിക്സും ആലപ്പോയില്‍ നടന്ന ബോംബിങ്ങില്‍ പരിക്കേറ്റ് മേലാകെ പൊടിമൂടി ചോരയൊലിച്ച്, ഒരു കസേരയിലിരിക്കുന്ന ഒമ്രാന്‍ ദഖ്‌നീഷ് എന്ന കുട്ടിയുടെ ചിത്രം പകർത്തിയ മുഹമ്മദ് റസ്‌ലാനും ഗാസയിലെ പോരാട്ടങ്ങളെ ഇസ്രാഈലിന്റെ വേലികൾ തകർത്ത് നമ്മളിലേക്ക് എത്തിക്കുന്ന മുഹമ്മദ് ഹംസ്, മുസ്തഫ ഹുസൈനെ പോലുള്ളവരും ചിത്രങ്ങൾ കൊണ്ട് മുഴുവൻ വരച്ചു കാണിക്കുന്നവരാണ്. ഇവരുടെ പേരിനൊപ്പം മസ്രത് സഹ്റ എന്ന ഇരുപത്തിയാറു കാരിയായ കാശ്മീരിയെയും ചേർത്തുകൊള്ളട്ടെ.
മസ്രത് സഹ്റ
സംഘര്‍ഷഭരിതമായ കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും തന്റെ ചിത്രങ്ങളിലൂടെ അവരുടെ അവസ്ഥകള്‍ പങ്കുവെക്കുകയും ചെയ്യുന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയാണ് മസ്‌റത്. വാഷിങ്ടൺ പോസ്റ്റ്, അൽജസീറ, കാരാവൻ തുടങ്ങിയ മാഗസിനുകൾ മസ്രത് സഹ്റ പകർത്തിയ ചിത്രങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, നമ്മളിൽ പലരും കഴിഞ്ഞ ദിവസം ഇവരുടെ മേൽ യുഎപിഎ ചുമത്തിയപ്പോഴാണ് അവരെ കുറിച്ച് കൂടുതലായി അറിയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ‘ദേശവിരുദ്ധ പോസ്റ്റുകള്‍’ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. 2000ത്തിൽ ഇന്ത്യൻ സൈന്യം വ്യാജസംഘർഷത്തിലൂടെ 18 വെടിയുണ്ടകൾ പായിച്ച് ശരീരം മുഴുവൻ ദ്വാരങ്ങളായി മരണമടഞ്ഞു കിടക്കുന്ന തന്റെ ഭർത്താവിന്റെ ചിത്രമോർത്ത് പാനിക് അറ്റാക്കുണ്ടായി അത്യാസന്ന നിലയിൽ കിടക്കുന്ന ആരിഫ ജാന്റെ ചിത്രമാണ് അവർ പകർത്തിയ ദേശ വിരുദ്ധ പോസ്റ്റുകളിൽ ഏറ്റവും തീവ്രതയേറിയത്! പട്ടാളക്കാരന്റെ തോക്കിനു മുന്നിൽ വിറച്ചു നിൽക്കുന്ന ബാലികയുടെയും വൃദ്ധന്റെയുമൊക്കെ ചിത്രങ്ങൾ ഈ ദേശവിരുദ്ധതയിൽപ്പെടാനുള്ള കാരണം ഒന്നേയുള്ളൂ, കാശ്മീരികൾ വിഘടനവാദികളും തീവ്രവാദ ബന്ധമുള്ളവരാണെന്നും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഫാസിസ്റ്റു സർക്കാരിന്റെ ഇസ്‌ലാമോഫോബിക് നിലപാടിനെതിരെ പ്രവർത്തിച്ചു എന്നുള്ളതാണ്. കാശ്മീരിൽ ഞങ്ങൾ കാണിക്കുന്ന കൊളളരുതായ്മകൾ പകർത്തരുത് എന്ന ഭരണകൂട ഹുങ്കാണ് ഇവിടെ വെളിപ്പെടുന്നത്. ക്യാമറകളിൽ പതിയുന്ന സത്യങ്ങളെ കരിനിയമങ്ങൾ കൊണ്ട് മൂടി വെക്കാനാവില്ല എന്ന് ഭരണകൂടം മനസ്സിലാക്കേണ്ടിയിരിക്കുന്നു. യുഎപിഎ സംഭവത്തിനു ശേഷം അവരുടെ ചിത്രങ്ങൾക്ക് കൂടുതൽ ദൃശ്യത ലഭിച്ചു എന്നത് ശ്ലാഘനീയമാണ്.
മുനീർ ഇബ്നു നസീർ