ഉമ്മാന്റെ പേടിപ്പെടുത്തുന്ന വിളി കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. 7 മണിക്കു വിളിക്കാൻ പറഞ്ഞാൽ, 6 മണിക്കേ വിളിച്ചിട്ട് 8 മണി ആയെന്നു പറയുന്ന ഉമ്മമാരുടെ സ്ഥിരം ടെക്നിക്കാണെന്നാണ് ഞാനാദ്യം കരുതിയത്. പക്ഷേ മൊബൈലിൽ സമയം നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. സമയം 4:50 AM..!
നാലു മണിക്ക് എഴുന്നേൽക്കണം എന്നായിരുന്നു എന്റെ പ്ലാൻ. യാത്രക്കാവശ്യമായ മുഴുവൻ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കട്ടിലിന്റെ മേലെ കുന്നു പോലെ കൂട്ടിയിട്ടിരിക്കുകയാണ്. അൽപം നേരത്തേ എഴുന്നേറ്റ ശേഷം എല്ലാം പാക്ക് ചെയ്യാം എന്ന് കരുതിയിരുന്നു. പക്ഷേ താമസിച്ചുപോയി. ഈ യാത്രയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത് തന്നെ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു. അതുകൊണ്ട് പ്രിപ്പറേഷൻ ലിസ്റ്റിലെ പല കാര്യങ്ങളും സെറ്റ് ആക്കാൻ സമയം അനുവദിച്ചില്ല. രാത്രി ഒരു 11:15 നു വീട്ടിൽ എത്തിയെങ്കിലും റൂമിൽ കുത്തിയിരുന്ന് യാത്രയുടെ പ്ലാൻ തയ്യാറാക്കലായിരുന്നു പണി. തൊട്ടു താഴത്തെ മുറിയിൽ ഉമ്മ തയ്യൽമെഷീൻ ഓടിക്കുവാനും തുടങ്ങി. രാത്രിയിലെ ഉറക്കം ഉച്ചക്കത്തേക്കു ഷിഫ്റ്റ് ചെയ്യാൻ ഉമ്മയോട് പറഞ്ഞു മുൻകൂർ ജാമ്യം എടുത്തു വെച്ചതുകൊണ്ട് ചീത്ത വിളിയിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു. ഉറക്കം ബലി നൽകണം എന്ന് അറിയാവുന്നത് കൊണ്ടായിരിക്കും 9 മണിക്കേ ഉമ്മ ഉറക്കത്തിലേക്ക് തുഴഞ്ഞിറങ്ങിയത്. പൂർണമായും ഉമ്മയുടെ ആ തീരുമാനം എനിക്കൊരു തുറുപ്പുചീട്ടായിരുന്നു. കാരണം 10.30 pm നു വീട്ടിലെത്തണം എന്ന ‘ഡെഡ് ലൈൻ’ ക്രോസ് ചെയ്യാൻ എനിക്കത് വളരെയധികം സഹായകമായി. വീട്ടിലെത്തി ഉമ്മാനെ തട്ടിയുണർത്തി എന്റെ ഡാമേജ് ആയ സകലമാന കുപ്പായങ്ങളും തയ്ക്കാൻ ഏൽപ്പിച്ചു. ശേഷം ഞാനെന്റെ പണിയും തുടങ്ങി.
എവിടേക്കൊക്കെയാണ് പോകേണ്ടത് എന്നുള്ള ഒരു രൂപം ഉള്ളിലുണ്ടെങ്കിലും, ട്രിപ്പിന്റെ മാപ്പ് മുഴുവൻ ഒറ്റ ഫിഗറിൽ കിട്ടുന്നതിന്, പതിവുപോലെ എന്റെ വികാരങ്ങളുടെ കുത്തി വരകൾക്ക് സാക്ഷിയാകുന്ന എന്റെ മുറിയിലെ ചുമരിൽ ആ ഫുൾ-മാപ്പ് ഞാൻ വെട്ടിക്കൂട്ടിയൊട്ടിച്ചു റെഡി ആക്കി. ശേഷം സ്കെച്ച് പെൻ എടുത്ത് പോകേണ്ട റൂട്ടുകളും ആസൂത്രണങ്ങളും അതിൽ കോറിയിട്ടു .
അതിനിടയിൽ ഒരു 12 മുക്കാൽ ആയപ്പോൾ ഉമ്മ തന്റെ മുഴുവൻ ജോലികളും കളർ ആക്കി വെച്ചശേഷം എന്നെ വിളിച്ചു. പിന്നെ ഞാൻ രാവിലെ പറഞ്ഞു കൊടുത്ത സാധനങ്ങളുടെ ലിസ്റ്റ് ഒന്നൊഴിയാതെ എടുത്തുകൊണ്ടുവന്നു,
അതിൽ പകുതിയും ഞാനപ്പോൾ മറന്നിരുന്ന സാധനങ്ങളായിരുന്നു. പിന്നെയാ സാമഗ്രികളൊക്കെയും ഞാനെന്റെ സാമ്രാജ്യത്തിലേക്ക് കൊണ്ടു പോയി (എന്റെ റൂമിലേക്ക്). രണ്ടാം നിലയുടെ മൂലയിലുള്ള ആ റൂമിൽ ഞാനല്ലാതെ മറ്റാരും കേറുകയില്ല. ശേഷം ഞാൻ ഓരോരോ തുണികളായി മടക്കി വെക്കുവാൻ തുടങ്ങി. അവയിൽ പകുതിയും എന്റേതു പോലുമല്ല. കണ്ണൂർ മആരിഫിൽ നിന്നും പൊക്കിയ ഷിനാദിന്റെ ജാക്കറ്റ്, നിയാസ് ഇക്കാന്റെ വിന്റർ കോട്ട്, നമ്മുടെ നബീലിന്റെ (National college) ഹുഡ്സ്, ശബരീടെ പാപ്പൻമുണ്ട്, പിന്നെ ഈ ട്രിപ്പിനായി അങ്ങ് ‘മുക്കം’ വരെ പോയി പൊക്കിയ ഷാദിലിന്റെ 75L ടൂറിസ്റ്റ് ബാഗ് എന്നിങ്ങനെ ഒരുപാട് ഒരുപാട് മറ്റു ചില്ലറ ഐറ്റംസുകൾ. ഇതൊക്കെ ഒതുക്കി മടക്കി വെക്കവേ ഞാനെപ്പഴോ ഉറങ്ങിപ്പോയി. പിന്നെ ഉണർന്നപ്പോൾ നിലത്തെവിടേയോ കിടക്കുന്നു. മുന്നിൽ ഉമ്മയും. പെട്ടെന്നു തന്നെ ചാടി എഴുന്നേറ്റ് ബാക്കിയുള്ള ഡ്രെസ്സുകൾ കൂടി മടക്കിയ ശേഷം ഉമ്മച്ചീമാടെ നിസ്കാര മുണ്ട് എടുത്തുവന്ന് അതു മടക്കി നിലത്തു വിരിച്ചു. നേരത്തെ മടക്കി തയ്യാറാക്കി വെച്ച മുഴുവൻ വസ്ത്രങ്ങളും അതിനു മീതെ അടുക്കി വെച്ചു. പിന്നെ ന്യൂജെൻ യാത്രികരുടെ പ്രിപ്പറേഷൻ സ്റ്റാറ്റസുകളിൽ തിളങ്ങി നിൽക്കുന്ന, ‘മർമ്മ പ്രധാനമായ’ ആ കർത്തവ്യം ഞാൻ അങ്ങ് നിർവഹിച്ചു. വെള്ളമുണ്ട് വിരിച്ചുണ്ടാക്കിയ ആ കൃതൃമ ബാക്ക്ഗ്രൗണ്ടിൽ മുഴുവൻ യാത്രസാമഗ്രികളും അടുക്കിവെച് ഒരു ഫോട്ടോ എടുത്തു. എന്നിട്ട് അവയൊക്കെ ബാഗിനുള്ളിൽ കുത്തിനിറച്ചു. അപ്പോഴാണു വെള്ളം നിറക്കാനായി ഉമ്മ കന്നാസും ചോദിച്ച് വിളിച്ചത്. ഇന്നലെ രാത്രി മുറിയിലേക്ക് എടുത്തുകൊണ്ടു വന്ന സാധനങ്ങളിൽ അതുമുണ്ടായിരുന്നു. ആ കന്നാസ് തിരികെ കൊടുക്കുവാൻ താഴെ ചെന്നപ്പോൾ ഉമ്മ തലയിൽ കൈവെച്ചു ഒറ്റ പറച്ചിലാണ്: “6 മണിക്കല്ലേ നീ ട്രെയിൻ എന്നു പറഞ്ഞത്. എന്നിട്ട് നീ ഇതുവരെ കുളിച്ചു പോലുമില്ലേ. ഇനി കുളിക്കാൻ സമയമില്ല എന്നു മറുപടി പറഞ്ഞപ്പോഴാണ് പല്ല് തേച്ചിട്ടില്ലെന്ന് ഓർക്കുന്നത്. പിന്നെ റൂമിലേക്ക് ഒറ്റ ഓട്ടം. ശേഷം പല്ലുതേച്ചിട്ട് ആ ബ്രഷ് കൂടി പാക്ക് ചെയ്തു. പിന്നെ സുബഹി നമസ്കാരം. അതുകഴിഞ്ഞ് പത്തുമിനിറ്റിനുള്ളിൽ മുഴുവൻ സാധനങ്ങളും (ഒരു 75 Lന്റെ ടൂറിസ്റ്റ് ബാഗ്, ഒരു കോളേജ് ബാഗ്, ഒരു വലിയ കവർ, ഒരു 5 L-ന്റെ കന്നാസ്) തിരക്കിട്ട് പാക്ക് ചെയ്തിറങ്ങി. അപ്പോൾ സമയം 5:40 AM. പിന്നെ വണ്ടിയെടുത്ത് ഉമ്മാനെ പിറകിലിരുത്തി ആറുപതിലൊരു കത്തിക്കൽ ആയിരുന്നു. കൃത്യം 5:55 AMനു റെയിൽവേ സ്റ്റേഷനിൽ എത്തി. വണ്ടി ഉമ്മാനെ ഏൽപ്പിച്ചു ഒരു സലാമും ചൊല്ലി ഞാൻ ‘റപ്തിസാഗറിലേക്ക്’ കുതിച്ചോടി. ഒടുവിൽ ആറു മണിക്കു തൊട്ടുമുമ്പായി ട്രെയിനിലും എത്തി. അൽഹംദുലില്ലാ…
ബോഗിയോ സീറ്റോ ഒന്നും നോക്കാതെ ഞാനേതോ ഒരു കമ്പാർട്ട്മെന്റിൽ കയറി. കിതപ്പുകാരണം ഡോറിന്റെ അടുത്തുള്ള ഒരു സീറ്റിൽ ബാഗ് അഴിച്ചുവെച്ച് അവിടെ തന്നെ ഇരുന്നു. അല്ലെങ്കിലും സീറ്റും ബോഗിയും നോക്കേണ്ട ഒരാവശ്യവുമില്ല. കാരണം ടിക്കറ്റ് വെയ്റ്റിങ്ങ് ലിസ്റ്റിലാണ്. അങ്ങനെയിരിക്കെയാണ് അടുത്ത സീറ്റിലെ വൃദ്ധൻ സമയം ചോദിച്ചത്. 6 മണിയെന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ: “ഓ, അപ്പോ ഇനിയും സമയമുണ്ടല്ലേ ……..”
മറുപടി കേട്ട് ഞാനൊന്നു ഞെട്ടി. ഇനി ട്രെയിൻ എങ്ങാനും മാറിയോ എന്ന സംശയത്തോടെ ഞാനയാളോട് ചോദിച്ചു: “അല്ല ഇത് ‘റപ്തി സാഗർ’ തന്നെയല്ലെ “
“അതേ “
“എപ്പഴാ Train എടുക്കാ”
“6:15നു എടുക്കുമെന്നാ പറഞ്ഞേ, പിന്നെ ഞമ്മടെ റെയിൽവേ അല്ലെ, എടുത്താ എടുത്തെന്നു പറയാം…”
ചിരിക്കണോ കരയണോ എന്നറിയാതെ ഞാനിരുന്നു. അൽപം പതുക്കെ വന്നാ മതിയായിരുന്നു എന്നു തോന്നിപ്പോയി. പതിയെ എന്റെ സീറ്റിൽ ബാഗ് ഒക്കെ സെറ്റ് ആക്കിയ ശേഷം ടോയ്ലറ്റിൽ പോയി ഞാനിട്ടിരുന്ന നബീലിന്റെ ഹുഡ്സ് അഴിച്ച് പകരം ഇന്നലെ ഇട്ടു പഴകിയ ഡ്രെസ്സ് തന്നെ ഇട്ടു. ട്രെയിൻ യാത്രകളിൽ പഴകിയ കുപ്പായം മാത്രമേ ഞാൻ ധരിക്കാറുള്ളു. പോരാഞ്ഞിട്ട് ഉള്ളതിൽ വെച്ച് എല്ലാ നല്ല തുണികളും പാക്ക് ചെയ്തു വെച്ചിരിക്കുകയുമാണ്. പിന്നെ ഞാനാ സീറ്റിൽ പതുക്കെ കിടന്നു. കിടന്നതറിയാതെ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ഞാൻ വഴുതി വീണു…….
(തുടരും..)
അല്ലാമ
മുത്തേ
നിന്റെ കൂടെ നീ എപ്പഴും പറയുന്ന പോലെ പടച്ചോൻ ഉണ്ട് ടാ..
നീയും നിന്റെ padachonum ….
ithinte bakki ariyan kathirikunnu. .. oru yathra pokkan najn thanne orugunnath pole thoni…