മണിപ്പൂർ: ന്യൂനപക്ഷ കുടിയൊഴിപ്പിക്കലിന്റെ രാഷ്ട്രീയം

സംരക്ഷിത വനഭൂമി കയ്യേറി എന്നാരോപിച്ചുകൊണ്ട് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരിൽ നിലവിലെ മണിപ്പൂർ ഗവണ്മെന്റ് എടുത്തിരിക്കുന്ന നടപടികൾ, ഭരണകൂട തന്ത്രങ്ങളുടെ മറ്റൊരു മുഖം വെളിവാക്കുന്നതാണ്.

‘ക്ഷത്രി ബൻഗൂൺ അവാൻചിങ് മാമാങ്’ (മണിപ്പൂരിലെ കിഴക്കൻ ഇംഫാലിനടുത്തെ ഒരു പ്രദേശം), കയ്യേറ്റം ചെയ്യപ്പെട്ട അധിവാസ കേന്ദ്രമാണെന്ന ഗവണ്മെന്റ് ഭാഷ്യം ദീർഘമായി വിശകലനം ചെയ്യപ്പെടേണ്ടതു തന്നെയാണ്. ഈ വാദം ചർച്ചക്കെടുക്കുമ്പോൾ, പ്രമാദമായ ചില ചോദ്യങ്ങൾ കൂടി ഉന്നയിക്കപ്പെടേണ്ടതുണ്ട്.

എന്തുകൊണ്ടാണ് ‘ക്ഷത്രി ബൻഗൂൺ അവാൻചിങ് മാമാങ്’ പ്രദേശം ഗവണ്മെന്റ് കുടിയൊഴിപ്പിച്ചു കൊണ്ടിരിക്കുന്നത്? അനേകം വീടുകൾ തകർത്തുകൊണ്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കൽ നടപടിയിൽ ഗവണ്മെന്റിന്റെ പങ്കും ഉത്തരവാദിത്വവുമെന്താണ്? കുടിയൊഴിപ്പിക്കൽ നടപടിയിൽ പൗരസമൂഹത്തിനും സംഘടനകൾക്കുമുള്ള പങ്കെന്താണ്? സംരക്ഷിത വനഭൂമിയുടെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങളുടെ വീടുകൾ തകർക്കുന്നതിൽ ഗവബമെന്റിന് രാഷ്ട്രീയവും പ്രത്യശാസ്ത്രപരവുമായ ഒളിയജണ്ടകളില്ലേ? നെൽവയലുകളും ചതുപ്പുനിലങ്ങളും സംരക്ഷിത വനഭൂമിയും ഉൾപ്പെടുന്ന ഭൂമിയിൽ അധിവസിക്കുന്ന മറ്റു സമുദായങ്ങളെ എന്തുകൊണ്ടാണ് കുടിയൊഴിപ്പിക്കൽ നടപടിയിൽ നിന്ന് ഒഴിച്ചുനിർത്തുന്നത്? കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി എന്ത് പുനരധിവാസ പദ്ധതിയാണ് ഗവണ്മെന്റ് ഒരുക്കിയിട്ടുള്ളത്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ ഇത്തരത്തിൽ കണ്ടെത്തേണ്ടിയിരിക്കുന്നു.

ക്ഷത്രി ബൻഗൂൺ അവാൻചിങ് മാമാങിന്റെ’ ചരിത്രപരമായ പശ്ചാത്തലങ്ങളെ പരിശോധിക്കുമ്പോൾ, മസ്ജിദുകളും മദ്രസ്സകളും ഗവണ്മെന്റ് സ്‌കൂളുകളുമുൾപ്പെടെ 74ഓളം വീടുകളുള്ള അധിവാസ കേന്ദ്രമാണ് അതെന്നു മനസ്സിലാകും. പ്രദേശത്ത് അധിവാസമാരംഭിച്ച കാലം മുതൽക്കേ, കുടിവെള്ളം, ആധാർ കാർഡ്, വോട്ടർ ഐഡി, അങ്കൻവാടി തുടങ്ങിയ ഗവണ്മെന്റ് സേവനങ്ങൾ അവർക്ക് ലഭിച്ചുപോന്നിരുന്നു. നാന്നൂറ്റി പത്തോളമാണ് അവിടുത്തെ ജനസംഖ്യ. മണിപ്പൂരിലെ അയ്‌റോങ്, മായങ്, ഇംഫാൽ, ഖൈറാങ്, ഹട്ട, ഗോലാലാപതി, ക്ഷത്രി ബൻഗൂണിന്റെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങൾ വിട്ട് ഇവിടേക്ക് ചേക്കേറി വന്നവരാണിവർ. 1970ന്റെ ആദ്യപാദം മുതൽക്കേ അവരവിടെ അധിവസിക്കുന്നു. മുൻപ് താമസിച്ചയിടങ്ങളിലുണ്ടായിരുന്ന സ്ഥലപരിമിതികളും പുതിയ വാസകേന്ദ്രം ലക്ഷ്യമാക്കിയുള്ള അന്വേഷണങ്ങളുമാണ് ഇവിടേക്ക് കുടിയേറാൻ അവരെ പ്രേരിപ്പിച്ചത്. അവർ സംസ്ഥാനത്തിന്റെ തന്നെ ഭാഗമായ യൽഹൗമികളാണ് (ഒരു തദ്ദേശീയ സമുദായം). ഗവണ്മെന്റ് സംശയാസ്പദമായി വാദിക്കുന്നത് പോലെ അനധകൃത കുടിയേറ്റക്കാരല്ല. അതേസമയം, മണിപ്പൂരിലെ തദ്ദേശീയ വിഭാഗങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിൽ അനധികൃതമായി കുടിയേറിപ്പാർക്കുന്ന ബംഗ്ലാദേശിൽ നിന്നും, അതിനോടടുത്ത പ്രദേശങ്ങളിൽ നിന്നും വന്ന ആളുകളെക്കുറിച്ച് (യഥാർഥ കുടിയേറ്റക്കാർ) ചരിത്രകാരന്മാർക്കോ നരവംശശാസ്ത്രജ്ഞർക്കോ സാമൂഹ്യശാസ്ത്രജ്ഞർക്കോ യാതൊരു അറിവുമില്ല. അവരതിനെ കുറിച്ച് ചോദ്യമുന്നയിക്കുന്നുമില്ല. അവർ ജിരിബാം നിയോജക മണ്ഡലത്തിലെ ദുർഗപ്പൂരിൽ താമസമാക്കിയിരിക്കുന്നു. 1920 മുതൽ അവിടെ താമസിച്ചിരുന്ന തദ്ദേശീയരെ പുറത്താക്കിക്കൊണ്ടാണ് 2004ൽ അവരവിടെ താമസമുറപ്പിക്കുന്നത്. ഗവണ്മെന്റിന്റെ എല്ലാ പിന്തുണയും അവർക്കു ലഭിക്കുകയും ചെയ്തു. അവരവിടെ എങ്ങനെ/എന്തിന് അധിവാസമുറപ്പിച്ചു എന്നത് ഗൗരവകരമായ ഒരു ചോദ്യമാണ്. തീർച്ചയായും ഇത് ‘പുറന്തള്ളൽ രാഷ്ട്രീയത്തിന്റെ’ ഭാഗമാണ്.

കുടിയൊഴിപ്പിക്കൽ പ്രക്രിയയിൽ ഗവണ്മെന്റിന്റെ പങ്ക് എന്താണ് എന്ന ചോദ്യം ആവർത്തിക്കപ്പെടുമ്പോഴാണ് ‘സംരക്ഷിത വനഭൂമി’ എന്ന ‘വായ്‌താരി’ ഉയരുന്നത്. പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാർപ്പിടങ്ങൾ മാറ്റിസ്ഥാപിക്കാൻ നിരവധി തവണ അറിയിപ്പുകൾ അയച്ചു എന്നാണ് ഗവൺമെന്റ് വാദം. 2015 മുതൽ, ലങ്കോൺ പ്രദേശത്ത് 15 വീടുകൾ, ഹെയ്‌ഗാങ് പ്രദേശത്ത് 78 വീടുകൾ എന്നിങ്ങനെ തകർത്തുകൊണ്ട് കുടിയൊഴിപ്പിക്കൽ പ്രക്രിയകൾ ഗവണ്മെന്റ് ആരംഭിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കൽ നടപടികൾ ഏതെങ്കിലും വ്യക്തിയെയോ സമുദായത്തെയോ ലക്ഷ്യംവെച്ചല്ല, മറിച്ച് പൊതുജന താല്പര്യാർത്തവും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായിട്ടുമാണെന്ന് ഗവണ്മെന്റ് വാദിക്കുന്നു. ഗവൺമെന്റിന് വേണ്ടത് മുഴുവൻ ആളുകളുടെയും സഹകരണമാണ്. കുറച്ചു കാലം ഈ നടപടികൾക്ക് മണിപ്പൂർ ഹൈകോർട്ട് സ്റ്റേ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അവർക്ക് അറിയിപ്പു കൊടുക്കാതെ, ആയിരത്തോളം വരുന്ന പാരാമിലിറ്ററി സേനയുടെ സഹായത്തോടെ, ബലം പ്രയോഗിച്ചുകൊണ്ട് തദ്ദേശവാസികളുടെയും ഗോത്രവിഭാഗങ്ങളുടെയും എഴുപത്തി നാലോളം വീടുകൾ സ്റ്റേറ്റ് തകർത്തുകളഞ്ഞു! പ്രശ്നമെന്തെന്നാൽ, 1990ന് ശേഷമാണ് ഈ പ്രദേശം സംരക്ഷിത വനഭൂമിയായി വകയിരുത്തപ്പെടുന്നത് (അവരാകട്ടെ 1970 മുതൽ അവിടെ താമസിക്കുന്നവരും!). തുടർന്ന് ചോദ്യം വരുന്നത്, ഇനിയും ഒഴിപ്പിക്കാതെ കിടക്കുന്ന വനഭൂമികൾ എത്രയുണ്ട് എന്നും, മറ്റു സമുദായങ്ങളിൽ പെട്ട എത്ര ആളുകൾ ഇതിനുസമാനമായി കുടിയൊഴിപ്പിക്കപ്പെട്ടു എന്നുമാണ്. 2002ലെ മണിപ്പൂർ സ്ഥിതിവിവര കൈപുസ്തകത്തിൽ രേഖപ്പെടുത്തിയത് പ്രകാരം, 2799ഓളം, അനധികൃതമായി കുടിയേറി സ്ഥാപിച്ച വീടുകൾ മണിപ്പൂരിന്റെ പലഭാഗങ്ങളിലായി ഉണ്ടെന്നാണ് കണക്ക്. അവിടെയൊന്നും കുടിയൊഴിപ്പിക്കലിന്റെ യാതൊരു നടപടികളും ഇതുവരെ കൈക്കൊണ്ടിട്ടില്ല. അതെന്തുകൊണ്ടാണ്? കാരണം, അവർ ലക്ഷ്യംവെക്കുന്നത് ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളെയാണ്. ഒരുവശത്ത്, ന്യൂനപക്ഷ പ്രദേശങ്ങളിൽ ഇത്തരം നടപടികൾ എടുക്കുമ്പോഴും, മറുവശത്ത്, പേരുകേട്ട ലംബാര്യ റോബിൻഹുഡ് സെമിത്തേരിയെ ഒഴിവാക്കുന്നത് ആശ്ചര്യകരമാണ്. ഉത്തരം കിട്ടാതെ ഒരുപാടു സംശയങ്ങൾ ബാക്കിയവുകയാണ്. 

2018 ഏപ്രിൽ പത്തിനു മണിപ്പൂരിൽ പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ലോക്ക്ഡൗണിന്റെ മറവിൽ 410ഓളം വരുന്ന പംഗലുകളുടെ (യൽഹൗമികൾ) എഴുപത്തി നാലോളം വീടുകൾ നീക്കം ചെയ്യാനുള്ള ഗവണ്മെന്റിന്റെ നിഗൂഢമായ നീക്കം ആദ്യമേ തന്നെ 

ഓൾ മണിപ്പൂർ മുസ്‌ലിം ഓർഗനൈസേഷൻ കോർഡിറ്റിങ് കമ്മറ്റിയും (AMMOCOC) പംഗലുകളുടെ മറ്റു പൗരാവകാശ സംഘടനകളും ചോദ്യം ചെയ്യുകയുണ്ടായി. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇതിനെതിരെ പ്രതിഷേധങ്ങളുയർന്നു. പ്രതിഷേധവുമായി സമ്മേളിച്ച ജനങ്ങളെ പിരിച്ചുവിടാൻ പോലീസ്, ലാത്തിച്ചാർജും ടിയർ ഗ്യാസും പ്രയോഗിക്കുകയുണ്ടായി. ലാത്തിച്ചാർജിലും പോലീസ് കിരാത നടപടികളിലും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവരുടെ ചികിത്സക്കു വേണ്ട നഷ്ടപരിഹാരം ഇതുവരെ കൊടുത്തുതീർത്തിട്ടില്ല. AMMOCOCയുടെ നേതൃത്വത്തിൽ പാംഗലുകളുടെ പൗരാവകാശ സംഘടകനകളും ഗവണ്മെന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം പ്രകാരം, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ വികാരം പരിഗണിച്ചുകൊണ്ട് മൂന്നാഴ്ചക്കുള്ളിൽ ഉചിതമായ പരിഹാരനടപടികൾ സ്വീകരിക്കും എന്ന ഉടമ്പടിയിൻമേലാണ് ലോക്ക്ഡൗൺ പിൻവലിക്കപ്പെട്ടത്. 

MD CHINGIZ KHAN

ഉപരിസൂചിത കരാർ ലംഘിച്ചുകൊണ്ടും, മണിപ്പൂർ ഹൈക്കോടതിയിൽ നടക്കുകയായിരുന്ന കേസിന്റെ അന്തിമവിധി മറച്ചുവെച്ചുകൊണ്ട് പൗരാവകാശ സംഘടനകളെ വഞ്ചിച്ചുകൊണ്ടും, :ക്ഷത്രി ബൻഗൂണിലെ’ പള്ളികളൊഴികെയുള്ള വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നതിനു വേണ്ടി പാരാമിലിറ്ററിയുടെ വൻ സന്നാഹം പ്രദേശത്തു തമ്പടിച്ചു. പൗരാവകാശ സംഘടനകളുടെയും സമീപ പ്രദേശത്തെ മുസ്‌ലിം പ്രതിനിധികളുടെയും ഭാഗത്തുനിന്ന് പ്രതിരോധ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഗവണ്മെന്റ് സേനയെ നേരിടാനുള്ള കരുത്തില്ലാത്തതിനാൽ ഒഴിപ്പിക്കൽ നടപടികൾ തടയാൻ അവർക്കു കഴിഞ്ഞില്ല. സമാധാനപരമായ പ്രശ്നപരിഹാരം കണ്ടെത്തുക എന്നതിലുപരി ഗവണ്മെന്റ് ചെയ്തത് വലിയ സംഘം സുരക്ഷാസേനയെ വിന്യസിക്കുകയും, യാതൊരു കരുണയുമില്ലാതെ വീടുകൾ പൊളിച്ചുനീക്കുകയുമാണ്. പൊളിക്കലിന് എതിരു നിന്നവർക്കെതിരെ പോലീസ് വെടിയുതിർക്കുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. നിയമവിരുദ്ധമായ ഈ നടപടികൾക്കെതിരെ AMMOCOC അധ്യക്ഷൻ ജലാൽ അസദിന്റെ നേതൃത്വത്തിൽ പൗരാവകാശ സംഘടനകളും പ്രതിനിധികളും രണ്ടാം തണവയും സമ്പൂർണ ലോക്ക്ഡൗൻ നടപടികളുമായി മുന്നോട്ടുവന്നു. നിലവിലുണ്ടായിരുന്ന 24 മണിക്കൂർ ലോക്ക്ഡൗൺ ജൂലൈ മൂന്നു വരെ 48 മണിക്കൂർ നേരത്തേക്ക് വീണ്ടും നീട്ടിവെക്കുന്നതായിരുന്നു ഈ നടപടി. ഇത്തവണ, സമാധാനപരമായി സംഘടിച്ച പ്രതിഷേധക്കാരോട് പോലീസ് പൈശാചികമായി പെരുമാറുകയും മൃഗീയമായി തല്ലിച്ചതക്കുകയും ചെയ്‌തു. കൂട്ടത്തിലൊരാളെ വധിക്കാൻ വരെ പോലീസ് ശ്രമമുണ്ടായി. 

ഇതുവരെ പുനരധിവാസത്തിനു വേണ്ട യാതൊരു നടപടികളും ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഭവനരഹിതരായ പ്രദേശവാസികൾ നിലവിൽ ‘ക്ഷത്രി ബൻഗൂൺ അവാൻചിങ് ലേക്കെയി’യിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ജീവിക്കാനുള്ള അവകാശത്തേക്കാൾ വനഭൂമി സംരക്ഷണത്തിലാണ് ഗവമെന്റിന് താൽപര്യം! ഇന്ത്യൻ ഭരണഘടനയിലെ 21ആം ആർട്ടിക്കളിന്റെ വ്യക്തമായ ലംഘനമാണിത്. ചില ഔദ്യോഗിക സംഘങ്ങളും മറ്റു ക്ലബ്ബ്-സംഘടനകളും പണം, ഭക്ഷണം, കുടിവെള്ളം വസ്ത്രങ്ങൾ എന്നിവ നൽകി അവരെ സഹായിക്കുന്നുണ്ട്. 

ക്ഷത്രി ബൻഗൂൺ സംഭവത്തെ തുടർന്നുണ്ടായ മറ്റൊരു സംഗതി, റിസർവ്‌ വനത്തിന്റെ പേരിൽ അധിവാസ കേന്ദ്രങ്ങൾ തകർക്കാനുള്ള ഗവബമെന്റ് നടപടികളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞുകൊണ്ട്, ഇത്തരം നടപടികൾ മരവിപ്പിക്കാൻ ബോധപൂർവമോ അബോധപൂർവമോ ശ്രമിച്ചു എന്നതാണ്. ചിലർ തങ്ങളുടെ വീടുകൾ അതിനായി വൈദ്യുതീകരിക്കുക വരെ ചെയ്തു. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരിൽ നടക്കുന്ന സ്റ്റേറ്റ് സ്പോണ്സേഡ് നടപടികൾ വഴി, ജീവിക്കാനും ഉപജീവനം കണ്ടെത്താനുമുള്ള അവരുടെ അവകാശമാണ് ഹനിക്കപ്പെടുന്നത്. 

മേൽസൂചിപ്പിച്ച പ്രദേശത്തെ കുടിയൊഴിപ്പിക്കൽ നടപടിയിൽ രാഷ്ട്രീയപരവും മതപരവുമായ ഒളിയജണ്ടകളുണ്ടെന്ന കാര്യം വ്യക്തമാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ യാതൊരു അനിഷ്ട സംഭവങ്ങളുമുണ്ടായിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ട പ്രദേശങ്ങളിലാവട്ടെ, അത്തരം നടപടികൾ കൈക്കൊണ്ടതിന് സുതാര്യമായ ന്യായീകരണവും നൽകപ്പെട്ടിട്ടില്ല. തദ്ദേശീയമായ സമുദായങ്ങൾക്കും ഗോത്രവിഭാഗങ്ങൾക്കുമെതിരിൽ എടുത്തിട്ടുള്ള നടപടികളിലൂടെ വെളിപ്പെടുന്നത് ഗവണ്മെന്റിന്റെ മത-രാഷ്ട്രീയ ഒളിയജണ്ടകളും അപരവിദ്വേഷവുമാണ് (xenophobia). കഴിഞ്ഞ സർക്കാരുകൾ ചെയ്തതുപോലെ, മാനുഷികവും ഭരണഘടനാപരവുമായ മാനദണ്ഡങ്ങളേയും അടിസ്ഥാനപ്പെടുത്തി ദുരിതബാധിതരെ പുനരധിവാസിപ്പിക്കാനുള്ള ശ്രമങ്ങൾ ഈ സർക്കാരും എടുക്കേണ്ടിയിരുന്നു. ഒരു പ്രത്യേക  സമൂഹത്തെ ലക്ഷ്യമാക്കികൊണ്ട് നയരൂപീകരണം നടത്തുമ്പോൾ, പ്രശ്നപരിഹാരത്തിനുള്ള ഫോർമുലകൾ കൂടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം എന്നതാണ് ഇതിന്റെ മറ്റൊരു വശം.

Leave a Reply

Your email address will not be published. Required fields are marked *