ത്വരീഖത്ത്: സൂഫീസരണികളുടെ രൂപഘടനയും ആശയങ്ങളും

ഇസ്‌ലാമിക ലോകത്ത് ആത്മീയ സംസ്ക്കരണത്തിനും ബൗദ്ധിക വ്യവഹാരങ്ങൾക്കും നേതൃത്വം നൽകിയവരാണ് ത്വരീഖതുകൾ. മുസ്‌ലിം ജീവിതത്തിൻ്റെ മാർഗദർശികളായ ത്വരീഖത്തുകൾ വൈവിധ്യം നിറഞ്ഞതാണ്. സൂഫീ ചിന്തകൾ, രൂപഘടന, ശരീഅത്തിനോടുള്ള സമീപനം, ഫിഖ്ഹ്-ദൈവശാസ്ത്ര വീക്ഷണങ്ങൾ, മുസ്‌ലിം ഭരണകൂടങ്ങളുമായുള്ള അവരുടെ ബന്ധങ്ങൾ എന്നിവയെല്ലാം ത്വരീഖതിനെക്കുറിച്ച ചർച്ചകളിലെ പ്രസക്തഭാഗങ്ങളാണ്.

അല്ലാഹു, മുഹമ്മദ് നബി(സ), അഹ്‌ലുൽ ബൈത്ത്, ശൈഖ് എന്നീ നാലു പ്രധാന ആശയാടിത്തറകളിൽ ത്വരീഖത് നിലകൊള്ളുന്നു. തസവ്വുഫിലെ ഇശ്ഖും (ദിവ്യാനുരാഗം) ഇവയുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. അല്ലാഹുവുമായുള്ള സമാഗമവും ലയനവും (ജംഅ്, ഫനാഅ്), സ്രഷ്ടാവിൻ്റെ തൃപ്തി (രിദാ)യുമാണ് പരമമായ ലക്ഷ്യം. ആ അവസ്ഥയിൽ മാറ്റമില്ലാതെ നിലനിൽക്കാനുള്ള ആഗ്രഹമാണ് (ബഖാഅ്). അല്ലാഹുവിനോടുള്ള ഇശ്ഖിൻ്റെ പൊരുൾ. നബി(സ)യോടുള്ള ഇശ്ഖാണ് അല്ലാഹുമായുള്ള ബന്ധം നിർണയിക്കുന്നത്. നബി(സ)യുടെ ജീവിതത്തിൻ്റെ പകർത്തെടുപ്പിലൂടെയാണ് അവ സാധ്യമാകുന്നത്. പ്രവാചക ജീവിതവും ശാസനകളും സൃഷ്ടാവുമായുള്ള സമാഗമത്തിൻ്റെ മാധ്യമമായിത്തീരുന്നു. നബി(സ) ഉത്തമസൃഷ്ടിയും (അശ്റഫുൽ ഖൽഖ്) സമ്പൂർണ മനുഷ്യനും (അൽ- ഇൻസാനുൽ കാമിൽ) ആകയാൽ ശരീരത്തിൻ്റെയും ആത്മാവിൻ്റെയും (നഫ്സ്) പരിപൂർണമായ സംസ്ക്കരണം (ഇഹ്സാൻ) പ്രവാചക സ്നേഹവുമായി കണ്ണി ചേർക്കപ്പെടുന്നു.

അഹ്‌ലുൽ ബൈത്തിനോടുള്ള അഘാധമായ സ്നേഹം ത്വരീഖത്തുകളുടെ പ്രത്യേകതയാണ്. നബി(സ)യുടെ കുടുംബം, അനുയായി വൃന്ദം, പ്രദേശങ്ങൾ എന്നിവ എല്ലാം ത്വരീഖതുകൾക്കും പ്രിയപ്പെട്ടവയാണ്. അലി (റ), ഫാത്വിമ (റ), ഹസൻ (റ), ഹുസൈൻ (റ) എന്നിവരും അഹ്‌ലുൽ ബൈത്തിലെ പിൽക്കാല നേതാക്കളും പണ്ഡിതരും ത്വരീഖത്തുകളുടെ ആത്മീയ ശ്രേണിയിലെ പ്രഥമ സ്ഥാനങ്ങളലങ്കരിക്കുന്നു. ഒട്ടുമിക്ക സൂഫീ ധാരകളും അലി(റ)വിലേക്കു കണ്ണി ചേർക്കാൻ താൽപര്യപ്പെടുന്നത് ഈ സവിശേഷ സാഹചര്യത്തിലാണ്. ഭൂരിപക്ഷം സൂഫിവര്യമാരും നബികുടുംബവുമായി (സയ്യിദ്) ബന്ധമുള്ളവരാണ്.

സൂഫീസരണിയുടെ നേതൃത്വത്തോടുള്ള സ്നേഹം ഇശ്ഖിൻ്റെ സുപ്രധാന ഘടകമാണ്. നിരുപാധിക അനുസരണവും കീഴ്‌വണക്കവും ശൈഖിനോടുള്ള ഇശ്ഖിൻ്റെ ആഴം സൂചിപ്പിക്കുന്നു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെയും ആത്മീയ സംസ്കരണത്തിൻ്റെയും കേന്ദ്ര ബിന്ദുവായി (മുർശിദ്, പീർ) ശൈഖ് പരിഗണിപ്പെടുന്നതിനാൽ പരമമായ സത്യവും (ഹഖീഖത്) ദിവ്യജ്ഞാനവും (മഅ്-രിഫത്ത്) അടുത്തറിയുന്നതിൽ മധ്യവർത്തിയായി മാറുന്നു. ശൈഖ്, അദ്ദേഹത്തെ നിരുപാധികം അനുധാവനം ചെയ്യുന്ന പ്രതിനിധികൾ (ഖലീഫ) അടുത്ത അനുയായിവൃന്ദം (മുരീദ്-സത്യാന്വേഷി), ഇവരിലൂടെ ബന്ധിപ്പിക്കപ്പെടുന്ന വിദ്യാർഥികളും അഭ്യുദയാകാംക്ഷികളും എന്നിങ്ങനെ യഥാക്രമം സൂഫി സരണിയിൽ ചങ്ങല (സിൽസില) നിലനിൽക്കുന്നു. ഖലീഫമാരിലൂടെ ത്വരീഖതിൻ്റെ ആശയങ്ങൾക്ക് വിവിധ പ്രദേശങ്ങളിൽ പ്രചാരം ലഭിക്കുന്നു. ഈ രീതിയിൽ ത്വരീഖതുകൾ സുഭദ്രമായ സംഘടനാ സംവിധാനം നിലനിർത്തിയിരുന്നു.

ശരീഅത്തിനോടുള്ള സമീപനത്തിൻ്റെ അടിസ്ഥാനത്തിൽ ത്വരീഖതിനെ ബാ-ശറഅ് (ശരീഅത്ത് സർവാത്മനാ സ്വീകരിക്കുന്നവ) ബേ- ശറഅ് (ശരീഅത്തിനോട് അവശ്യമായ പ്രതിബദ്ധത കാണിക്കാത്തവ) എനിങ്ങനെ വേർതിരിക്കാം. ആഗോളതലത്തിൽ പ്രചാരമുള്ള ഖാദിരിയ്യ, ചിശ്തിയ്യ, സുഹ്റവർദിയ്യ, നഖ്ശബന്ദിയ്യ, ശാദുലിയ്യ, തിജാനിയ്യ, ബാ-അലവിയ്യ തുടങ്ങി പ്രബലമായ സൂഫീ ധാരകളെല്ലാം ആദ്യ വിഭാഗത്തിൽപ്പെടുന്നവയാണ്. ഇവയിൽ നിന്നും നിരവധി ഉപസരണികളും രൂപീകൃതമായിട്ടുണ്ട്. പിൽക്കാലങ്ങളിൽ ഇവയിൽ പല സൂഫീ ത്വരീഖതുകളും പരസ്പരം ലയിച്ചു തീരുകയും ചെയ്തിട്ടുണ്ട്. ഖാദിരീ- ചിശ്തീ സൂഫീ സരണി ഇവയിൽ പ്രബല വിഭാഗമാണ്.

മലാമതിയ്യ, ഖലന്ദരിയ്യ, ബെക്തഷിയ്യ, മദാരിയ്യ തുടങ്ങിയ സൂഫീ ധാരകൾ ബേ-ശറഅ വിഭാഗത്തിൻ്റെ ഉദാഹരണങ്ങളാണ്. സ്ഥാപക നേതൃത്വങ്ങളുടെ പഠനങ്ങളും ആശയങ്ങളും തെറ്റായി മനസ്സിലാക്കിയതിലൂടെ ശരീഅത്തിനോടു പ്രതിലോമകരമായ നിലപാടാണ് ഈ വിഭാഗം സ്വീകരിച്ചത്. ഈ വിഭാഗങ്ങളോടു കൃത്യമായ അകൽച്ച സൂക്ഷിക്കണമെന്നു പ്രമുഖരായ സൂഫീവര്യന്മാർ അനുയായികൾക്ക് മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നു.

ശരീഅതില്ലാത്ത ത്വരീഖത് ഇല്ല എന്നത് സൂഫീധാരകളുടെ പൊതു തത്വമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സൂഫി ഗ്രന്ഥം എന്നറിയപ്പെടുന്ന ‘കശ്ഫുൽ മഹ്ജൂബി’ൽ സയ്യിദ് അലി ഹുജ്‌വേരി, വിവിധ ചരിത്ര ഘട്ടങ്ങളിലൂടെ ശരീഅത്ത് വിരുദ്ധത പ്രകടമാക്കിയ വിഭാഗങ്ങളെ വിമർശന വിധേയമാക്കുന്നുണ്ട്. വിരക്തി (സുഹ്ദ്), ദാരിദ്ര്യം (ഫഖ്ർ) എന്നിവയെക്കുറിച്ച അതിവായനകൾ ഇസ്‌ലാം ഉത്ഘോഷിച്ച സാമൂഹിക ഘടനകളെ നിരാകരിക്കുന്നതിലേക്കു നയിച്ചു. സുഹ്റവർദീയ്യ ഈ ചിന്താഗതിക്കെതിരെ ശക്തമായ നിലപാടെടുത്ത സുഫീസരണിയാണ്. സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യം ഉറപ്പുവരുത്തണമെന്നത് സുഹ്റവർദീയ്യയുടെ പ്രധാന ശിക്ഷണങ്ങളിലൊന്നാണ്. പ്രശസ്ത ഗ്രന്ഥമായ ‘അവാരിഫുൽ മആരിഫി’ൻ്റെ രചയിതാവ് ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദി, അബ്ബാസി ഖലീഫ അൽ – നാസിറിൻ്റെ ഭരണകാലത്ത് ‘ശൈഖുൽ ഇസ്‌ലാം’ എന്ന അത്യുന്ന പദവി വഹിച്ചിരുന്നു. ഖലീഫക്കും വിവിധ മുസ്‌ലിം ഭരണകൂടങ്ങൾക്കുമിടയിലെ മധ്യവർത്തിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ സുഹ്റവർദീ ധാര പ്രചരിപ്പിക്കുന്നതിനു നേതൃത്വം നൽകിയ സകരിയ മുൽത്താനിയും മുസ്‌ലിം രാജഭരണകൂടങ്ങളോടു ഹൃദ്യമായ ബന്ധം സ്ഥാപിച്ചിരുന്നു. ശരീഅത്തിനോടു കണിശത പ്രകടിപ്പിക്കുന്ന സൂഫീ ധാരയാണ് നഖ്ശബന്ദിയ്യ. ത്വരീഖത്തുകളിൽ സർവസാധാരണമായ സംഗീതത്തോടു വിമുഖത സ്വീകരിക്കുന്നവരാണിവർ. താത്വികമായി സംഗീതത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, കാലാന്തരത്തിൽ ആത്മീയ ഉണർവ്വ് പ്രസരിപ്പിക്കാൻ കഴിയാത്തവണ്ണം സംഗീതം മാറ്റപ്പെട്ടു എന്ന കാഴ്പ്പാടാണ് ഈ നിലപാടെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. ‘ഖൽവത് ദർ അൻജുമൻ’ (ആൾകൂട്ടത്തിൽ തനിയെ) നഖ്ശബന്ദീ ത്വരീഖതിൻ്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. സാമൂഹിക വ്യവഹാരങ്ങളിൽ മുഴുകുമ്പോഴും മനസിൽ അല്ലാഹു മാത്രമാകുക എന്നതാണിതിൻ്റെ ആശയം. ഉഥ്മാനീ ഖിലാഫത് ഡൽഹി സൽതനത് മുഗൾ സാമ്രാജ്യം എന്നു തുടങ്ങി നിരവധി മുസ്‌ലിം ഭരണകൂടങ്ങളിൽ ആഴത്തിൽ സ്വാധീനമുറപ്പിച്ച ചരിത്രമാണ് നഖ്ശബന്ദീ ത്വരീഖത്തിനുള്ളത്. നഖ്ശബന്ദീ സൂഫീവര്യൻ ശൈഖ് സാഹിത് കോത്കുവിൻ്റെ നിർദ്ദേശപ്രകാരമാണ് നജ്മുദ്ദീൻ അർബകാനും സംഘവും ആധുനിക തുർക്കിയിൽ മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനമായ നാഷണൽ ഔട്ലുക് മൂവ്മെൻ്റിനു തുടക്കമിടുന്നത്. തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗാനും ഈ രാഷ്ട്രീയ ധാരയുടെ ഭാഗമാണ്.

പിൽക്കാലത്ത് ശീഈ ത്വരീഖത്തുകളായി രൂപാന്തരപ്പെട്ട സൂഫീ സരണികളുമുണ്ട്. ഉഥ്മാനീ സാമ്രാജ്യ സ്ഥാപനത്തിനു സഹായിച്ച ബെക്തഷീസരണി നിലവിൽ അലവി -ശീഈകൾക്കിടയിൽ ഏറെ സ്വാധീനമുള്ള ത്വരീഖത്താണ്. പതിനാലാം നൂറ്റാണ്ടിൽ ശൈഖ് സഫിയുദ്ദീൻ അർദബീലിയുടെ പേരിൽ അറിയപ്പെട്ട സഫവിയ്യ ത്വരീഖതിനു പിന്നീടു ശീഈ പരിവേഷം ലഭിക്കുകയും പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സഫവീ രാജവംശം സ്ഥാപിക്കപ്പെട്ടതോടുകൂടി ഈ സൂഫീ ധാര സമ്പൂർണമായി ശീഈ വിഭാഗമായി മാറുകയാണുണ്ടായത്. മലാമതീ-ഖലന്ദരീ-മദാരീ ത്വരീഖതുകളിലും ശീഈ ആശയങ്ങളും ആചാരങ്ങളും കൂടുതൽ ദൃശ്യമാണ്.

പ്രാദേശികാടിസ്ഥാനത്തിൽ ത്വരീഖത്തിൻ്റെ ഫിഖ്ഹീ മദ്ഹബും ദൈവ തത്വശാസ്ത്രവീക്ഷണവും വ്യത്യാസപ്പെടുന്നു. മധ്യേഷ്യൻ- തുർക്കിക് മേഖലകളിൽ രൂപം കൊണ്ട ത്വരീഖതുകളിലധികവും അവിടങ്ങളിൽ കൂടുതൽ പ്രചാരമുള്ള ഹനഫീ മദ്ഹബ് ആണ് പിന്തുടരുന്നത്. ഈ ഭാഗങ്ങളിൽ മാതുരിദീ ദൈവശാസ്ത്ര വീക്ഷണത്തിനാണ് സ്വാധീനമുള്ളത്. ഹനഫീ മദ്ഹബ്, മാതുരീദീ ദൈവശാസ്ത്ര പശ്ചാത്തലം, തസവ്വുഫ് എന്നിവയാണ് ‘തുർകിഷ് ഇസ്‌ലാം’ രൂപപ്പെടുത്തുന്നതിലെ പ്രധാന ഘടകങ്ങൾ എന്ന ഹകൻ യാവുസിൻ്റെ നീരീക്ഷണം ശ്രദ്ധേയമാണ്. നോർത്ത് ആഫ്രിക്ക- വെസ്റ്റാഫ്രിക്കൻ പ്രദേശങ്ങളിൽ സ്വാധീനമുള്ള സൂഫീ ധാരകളധികവും മാലികി മദ്ഹബ് സ്വീകരിച്ചവയാണ്. മമ്പുറം തങ്ങൾ അടക്കമുള്ള ബാ-അലവി ത്വരീഖത് ശാഫിഈ മദ്ഹബും അശ്‌അരീ വീക്ഷണവും പിന്തുടർന്നവരാണ്. ശാഫീ മദ്ഹബ് അനുധാവനം ചെയതിരുന്ന ഇമാം ഗസ്സാലി അശ്അരീ ചിന്താഗതിയാണ് സ്വീകരിച്ചത്.

സങ്കീർണമായ പദപ്രയോഗങ്ങൾ, പ്രതീകങ്ങളും ഉപമകളും ത്വരീഖതുകളുടെ ബൗദ്ധിക വ്യവഹാരങ്ങളിലെ പ്രധാന ഘടകങ്ങളാണ്. ഇശ്ഖെ ഇലാഹി, ഖുർആനിക സൂക്തങ്ങളുടേയും പ്രവാചക പാഠങ്ങളുടേയും ആന്തരികാർഥങ്ങളെ ചുറ്റിപ്പറ്റിയുള്ള ആഖ്യാന- വ്യാഖ്യാനങ്ങളാൽ നിറഞ്ഞതാണ് സൂഫീ ചിന്തകൾ. സൂഫി കാവ്യങ്ങളിൽ ഇശ്ഖെ ഹഖീഖി (യഥാർഥ പ്രണയം), ഇശ്‌ഖെ മജാസി (പരോക്ഷ പ്രണയം) എന്നിങ്ങനെ രണ്ടു തരം ഇശ്ഖുകൾ കാണാം. പ്രത്യക്ഷമായി അല്ലാഹുവിനെ അഭിസംബോധന ചെയ്യുന്നതാണ് ഇശ്ഖെ ഹഖീഖി. മാനുഷിക പ്രണയഭാവങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും പരോക്ഷമായി അല്ലാഹുവിനോടുള്ള അനുരാഗവർണനയാണ് ഇശ്ഖെ മജാസി. അതിനാൽ തന്നെ ഇശ്ഖെ മജാസിയുടെ അക്ഷര വായന ധാരാളം തെറ്റിദ്ധാരണകൾക്കിടവരുത്തിയിട്ടുണ്ട്.
ഗ്രീക്ക്, പേർഷ്യൻ, ഇൻഡ്യൻ തത്വചിന്തകളും, ബുദ്ധമതം, ക്രിസ്ത്യാനിറ്റി, യഹൂദമതം, ശാമാനിസം പോലുള്ള നിരവധി മതങ്ങളും പ്രാദേശികാചാരങ്ങളും വിവിധ ചരിത്ര ഘട്ടങ്ങളിൽ സൂഫീ ചിന്തകളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അന്വേഷണ കുതുകികളായ പണ്ഡിതർ ഇസ്‌ലാമേതര ചിന്തകളുമായി വൈജ്ഞാനിക വ്യവഹാരത്തിലേർപ്പെടുകയും അവരെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ സമീപിച്ചതിൻ്റെ അനന്തരഫലമായിരുന്നു അത്.

ഹകീം തിർമിദിയുടെ അദ്ധ്യാത്മിക ചിന്തകൾ, മൻസൂറുൽ ഹല്ലാജിൻ്റെ അനൽ ഹഖ്,
ശൈഖ് ഇബ്നു അറബിയുടെ വഹ്ദതുൽ വുജൂദ്, ബായസീദ് ബുസ്താമിയുടെ ചിന്തകൾ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ശൈഖ് ജുനൈദ് ബാഗ്ദാദി, ഇമാം ഗസ്സാലി, സയ്യിദ് അലി ഫുജ്‌വേരി, ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ, സയ്യിദ് അഹ്മദ് സർഹിന്ദിയെപ്പോലുള്ള പണ്ഡിതർ സൂഫീ ചിന്തകളോടു വിമർശനാത്മക സമീപനം സ്വീകരിച്ചവരാണ്.

ചരിത്രത്തിൻ്റെ പല ഘട്ടങ്ങളിലും സൂഫീധാരകളും പണ്ഡിതരും മുസ്‌ലിം ഭരണ സ്ഥാപനത്തിന്നും അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുണ്ട്. ഉഥ്മാനീ രാജവംശത്തിൻ്റെ സ്ഥാപനത്തിനു ചിന്താപരമായും സൈനികമായും സഹായിച്ച ബെക്തഷീ ത്വരീഖതിൻ്റെ അഹിലിക് (സാഹോദര്യം) മൂവ്മെൻ്റ്, സെനഗൽ-മാലി കേന്ദ്രീകരിച്ചു ഉമരീ ഖിലാഫതു സ്ഥാപിച്ച തിജാനീ പണ്ഡിതൻ അൽ-ഹാജ് ഉമർ ഇബ്നു സഈദ് തഅൽ, നൈജീരിയയിലെ സൊകോതോ ഖിലാഫത് സ്ഥാപകൻ ഉഥ്മാൻ ദാൻ ഫോദിയോ, സുഡാനിലെ മഹ്ദിയ്യ, ലിബിയയിലെ സനൂസിയ്യ, ചെച്നിയയിലെ ഇമാം ശാമിൽ, കേരളത്തിലെ മഖ്ദൂം – മമ്പുറം തങ്ങൾ നേതൃത്വങ്ങൾ എന്നു തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം ജീവിതത്തെ നിയന്ത്രിച്ച ത്വരീഖത്തുകളും സൂഫീപണ്ഡി തരും ഏറെയാണ്.

ആധുനിക ഇസ്‌ലാമിക സംഘടനകൾ പോലെ മുസ്‌ലിംകളുടെ എല്ലാ ജീവിത മേഖലകളിലുമുള്ള നേതൃത്വം ഇവരുടെ കൈകളിൽ ഭദ്രമായിരുന്നു. മുസ്‌ലിം ചലനാത്മകതയെ നിയന്ത്രിച്ചിരുന്നത് ത്വരീഖത്തുകളായിരുന്നു എന്നു ശരീഫ് മർദിൻ എഴുതുന്നുണ്ട്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, വിശിഷ്യാ ഏഷ്യൻ ആഫ്രിക്കൻ വൻകരകളിൽ ഇസ്‌ലാമിക പ്രബോധനത്തിലും മുസ്‌ലിം സാമൂഹിക ചലനങ്ങൾക്കും ത്വരീഖത്തുകളാണ്.

കാലക്രമേണ മുസ്‌ലിം സമൂഹത്തിൽ ഒട്ടുമിക്ക സൂഫീ സരണികളുടെയും സംഘടനാ സംവിധാനം ദുർബലമാകുകയും സ്വാധീനം കുറയുകയും ചെയ്തു എന്നത് വസതുതയാണ്. ഈ ധാരകളുടെ ആദ്യകാല നേതൃത്വങ്ങൾ കൈക്കൊണ്ടിരുന്ന സൂക്ഷ്മത, ശരീഅത്തിനോടുള്ള പ്രതിബദ്ധത, സാമൂഹിക വ്യവഹാരങ്ങളിലുള്ള സജീവമായ ഇടപെടലുകൾ എന്നിവ ദുർബലമായതു മുസ്‌ലിം ലോകത്തു നിന്നു അകറ്റപ്പെടാൻ വഴിയൊരുക്കി. ആത്മീയ ഭാവം മാത്രമായി അവശേഷിച്ച ഈ സൂഫീ ധാരകൾക്കു ബദലായാണ് മിക്ക ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും രൂപീകരിക്കപ്പെട്ടത്. എങ്കിലും വെസ്റ്റാഫ്രിക്കൻ രാഷ്ട്രങ്ങളിൽ മുസ്‌ലിം ജീവിതത്തെ നിയന്ത്രിക്കാൻ തിജാനി ത്വരീഖതുപോലുള്ള സൂഫി സരണികൾക്കു സാധിക്കുന്നുണ്ട്.
ഇഖ്‌വാനുൽ മുസ്‌ലിമീൻ സ്ഥാപിച്ച
ശൈഖ് ഹസനുൽ ബന്ന, സംഘടനയുടെ ആന്തരിക ഭദ്രതക്കും പ്രവർത്തകരുടെ വ്യക്തി സംസ്കരണത്തിന്നും വേണ്ടി ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ പ്രചാരമുള്ള ശാദുലി- ഹസഫി ധാരയുടെ രീതികളാണ് ഉപയോഗപ്പെടുത്തിയത്. സൂഫീ ധാരകളുടെ പിൽകാല പരിവർത്തനങ്ങളെ ശക്തമായി വിമർശിച്ച മൗലാനാ മൗദൂദി പോലും വ്യക്തി സംസ്കരണത്തിനും ആത്മീയ വളർച്ചക്കും തസവ്വുഫിനു നൽകാൻ കഴിയുന്ന സംഭാവനകളെ ഏറ്റുപറയുകയാണ് ചെയ്തിട്ടുള്ളത്.

ഇശ്ഖെ-ഇലാഹി, ആത്മസംസ്ക്കരണം എന്നിവയിലൂന്നി രൂപീകരിക്കപ്പെട്ട ത്വരീഖത്തുകൾക്കു വ്യക്തി, സമൂഹം, ദേശം തുടങ്ങി മനുഷ്യജീവിതത്തിൻ്റെ മുഴുവൻ മേഖലകളിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. ത്വരീഖത്തുകൾക്കിടയിലെ വൈവിധ്യത്തെ അടുത്തറിയുന്നതിലൂടെ അവയുടെ ചരിത്രപരമായ സ്വാധീനവും സംഭാവനകളും മനസ്സിലാക്കാൻ സാധിക്കും.

2 thoughts on “ത്വരീഖത്ത്: സൂഫീസരണികളുടെ രൂപഘടനയും ആശയങ്ങളും

  1. സൂഫി ത്വരീഖത്തുകളുടെ ഉദ്ഭവം ശീഇസത്തിൽ നിന്നാണെന്നും നഖ്ശ ബന്ദി ഒഴികെയുള്ള ത്വരീഖത്തുകൾ ശീയാക്കളുടെ ആറാമത്തെ ഇമാമിൽ ചെന്ന് ചേരുന്നു എന്നും വായനയിൽ അനുഭവപ്പെട്ടിട്ടുണ്ട്. ഇതിന്റെ യാഥാർത്ഥ്യം എന്താണ്.

  2. സൂഫി ചരിത്രവും സൂഫി സാങ്കേതിക ശബ്ദങ്ങളുടെ മലയാള തർജ്ജമയ്കും അപ്പുറം സൂഫി വിശ്വാസങ്ങളായ അനൽ ഹഖ് വഹ്ദത്തുൽ വുജൂദ് തുടങ്ങിയവയുടെ ഇസ്ലാമിക പിൻബലം കൂടി വിശകലനം ചെയ്താലേ ഈ പഠനം ഉപകാരപ്രദമാവൂ

Leave a Reply

Your email address will not be published. Required fields are marked *