ഇസ്‌ലാമോഫോബിയയുടെ വർത്തമാന ഇന്ത്യൻ സാഹചര്യങ്ങൾ

എന്തുകൊണ്ട് ഡോ.സഫറുൽ ഇസ്‌ലാം ഖാൻ എന്ന ചോദ്യം വളരെ പ്രസക്തമാണ്.രാജ്യവും ലോകവും തന്നെ വളരെ നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും രാഷ്ട്രീയ പകപോക്കലുകൾക്ക് നേതൃത്വം കൊടുക്കുന്ന ഭരണകൂടങ്ങൾ നീചമായ പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത് എന്നത് ഏറെ ദുഃഖകരമായ സംഗതിയാണ്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൗരത്വ പ്രക്ഷോഭങ്ങളുടെ നടുംതൂണായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഷഹീൻബാഗ് സമര പന്തൽ പൊളിച്ചു നീക്കിയാണ് സംഘ്പരിവാർ ഭരണകൂടം രാജ്യത്തെ ജനകീയ സമരങ്ങളെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്.ഇതിനെ തുടർന്ന് വളരെ കൃത്യമായ അസൂത്രണത്തോട് കൂടിയാണ് ഭരണകൂട വേട്ട മുന്നോട്ട് പോയത്‌. പൗരത്വ പ്രക്ഷോഭങ്ങളുടെ അനേകം അവിഭാജ്യ ഘടകങ്ങളെ കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ട്, തിരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള ശ്രമങ്ങൾക്കാണ് നമ്മൾ ഇന്ന് സാക്ഷ്യം വഹിക്കുന്നത്.നേതൃപരമായ പങ്ക് നിർവഹിച്ച യൂണിവേഴ്‌സിറ്റി വിദ്യാർഥികളെയും മറ്റും ഇതിന്റെ ഭാഗമായി യു എ പി എ അടക്കമുള്ള കേസുകൾ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഇവിടെ നമ്മൾ കാണേണ്ട സുപ്രധാനമായ ചില സംഗതികൾ ഉണ്ട്.

 

 

 

 

 

 

ഒന്ന്, മുസ്‌ലിം, കശ്മീരി, ദലിത് തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ളവരെ പ്രത്യേകം ടാർഗറ്റ് ചെയ്ത് അറസ്റ്റ് ചെയ്താലും ഇവിടെയുള്ള മുഖ്യധാര ബോധത്തിന് അത് വലിയ പ്രശ്നമായി മാറില്ലെന്നും അതിലൂടെ പൗരത്വ പ്രക്ഷോഭങ്ങളെ റദ്ദ് ചെയ്യാമെന്നതും ചരിത്രപരമായി വിവേചനം അനുഭവിക്കുന്ന ഈ വിഭാഗങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ ഇല്ലായ്മ ചെയ്യുന്നതിനും കാരണമാക്കുക എന്ന ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഈ ആസൂത്രിത നീക്കം മുന്നോട്ട് പോകുന്നത്.

രണ്ട്, പൗരത്വ പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകുന്ന മുഖ്യധാരയിൽ സ്വീകാര്യരായ സർവ സമ്മതരായ ആളുകളെ കൂടി ഇതിന്റെ ഭാഗമായി ഭയപ്പെടുത്തി നിർത്തുക എന്നതും പ്രധാനപ്പെട്ട സംഗതിയാണ്. ഈ രണ്ടു തരം വിഭാഗത്തിലും വരുന്നു എന്നതാണ് എന്തുകൊണ്ട് സഫറുൽ ഇസ്‌ലാം ഖാൻ എന്ന ചോദ്യത്തിന്റെ ഉത്തരം ഒന്ന്, അദ്ദേഹം പൗരത്വ പ്രക്ഷോഭങ്ങളിലും മറ്റും മുസ്‌ലീങ്ങൾക്ക് ആത്മവിശ്വാസം പകർന്നും കൃത്യമായ ഇടപെടൽ നടത്തിയും മുന്നോട്ട് പോകുന്ന ഒരു മുസ്‌ലിം ആക്ടിവിസ്റ്റ് ആണ്. വിശിഷ്യാ ഇസലാമോഫോബിയയുടെ ഇന്ത്യൻ സാഹചര്യത്തെ വളരെ സവിശേഷമായി ചൂണ്ടികാട്ടുകയും അതൊടപ്പം തന്നെ മുസ്‌ലീങ്ങളുടെ സാമൂഹികമായ വികാസത്തിന് വേണ്ടി കൃത്യമായ അജണ്ടകളോട് കൂടി പ്രവർത്തിക്കുന്ന ഒരാൾ കൂടിയാണ് അദ്ദേഹം. രണ്ട്, മത രാഷ്ട്രീയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവും ഇടപെടലും വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ സ്വീകര്യനാക്കി എന്നതാണ്. ഇങ്ങനെ ഒരേ സമയം മുസ്‌ലീങ്ങളിൽ ദിശാബോധം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ സ്വീകാര്യനായിരിക്കുകയും ചെയ്യുക എന്നതിൽ കവിഞ്ഞ് ഇദ്ദേഹത്തിനെതിരെ കേസ് എടുക്കാതിരിക്കാൻ മറ്റു കാരണങ്ങൾ തിരയേണ്ടതില്ലല്ലോ. അതിന് നിമിത്തമായി എന്നത് മാത്രമാണ് അദ്ദേഹം ചീഫ് ജസ്റ്റിസിന് എഴുതിയ ആ കത്ത്. അതിനപ്പുറത്ത് ഇത് കൃത്യമായ ഇസ്‌ലാമോഫോബിക്ക് അന്തരീക്ഷത്തിൽ സംഘ്പരിവാർ മെനയുന്ന രാഷ്ട്രീയ നാടകമാണ് ഇത് എന്നാണ് നമ്മൾ തിരിച്ചറിയേണ്ടത്. ഒരു ഭാഗത്ത് മുസ്‌ലിം ആണ് എന്നത് സംഘ്പരിവാറിന്റെ രാഷ്ട്രീയത്തോട് മൗനം പാലിക്കാനുള്ള കാരണമായി പല ലിബറൽ ഇടത് വിഭാഗങ്ങൾക്കും സാധിക്കുന്നു എന്നത് അതേ ഇസ്‌ലാമോഫോബിയ തങ്ങളിലും ആന്തരികമായി പ്രവർത്തിക്കുന്നു എന്നതിനാലാണ്.

Leave a Reply

Your email address will not be published. Required fields are marked *