മിശിഹ; സമാധാന സങ്കൽപ്പത്തിന്റെ ആവർത്തനം

2020 ജനുവരി ഒന്നിന് റിലീസ് ചെയ്ത ‘മിശിഹ’ (messiah) നെറ്റ്ഫ്ലിക്‌സ് സീരീസ് ഇതിനോടകം വളരെയധികം ചർച്ചകളും വിവാദങ്ങളും സൃഷ്ടിച്ചു. ഒരേ സമയം ക്രിസ്തുമതത്തെയും ഇസ്‌ലാമിനെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ഈ പരമ്പര എന്നതാണ് ഇതിനെതിരെയുള്ള മുഖ്യവിമർശനം.

എന്നാൽ മിശിഹയുടെ നിർമാതാവ് മൈക്കിൾ പെട്രോണി പറയുന്നു:

“മിശിഹായുടെ എല്ലാ പ്രേക്ഷകർക്കും ഉണ്ടായേക്കാവുന്ന ഒരു ചോദ്യമാണ് മിശിഹാ ഉണ്ടോ? ഇല്ലയോ? എന്നത്. നിങ്ങൾ ആ ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകും എന്നത് നിങ്ങൾക്ക് അതിനോടുള്ള സമീപനം എങ്ങനെയാണ് എന്നതിനെ ആസ്‌പദമാക്കിയിരിക്കുന്നു.  നമ്മൾ എന്തുകൊണ്ട്, എന്തിന് വിശ്വസിക്കുന്നു എന്നത് പരിശോധിക്കാൻ മിശിഹാ നമ്മെ വെല്ലുവിളിക്കുകയും ചെയ്യുന്നു.”

അറബ്‌വംശജരെ മോശമായി ചിത്രീകരിക്കുന്നതും ഇസ്രായേലിനെ മഹത്വവത്കരിക്കുന്നതും ചലച്ചിത്ര-ടിവി വ്യവസായത്തിൽ പുതുമയുള്ളതല്ലെങ്കിലും, ഇസ്രായേൽ രഹസ്യ സേവന ഏജൻസികൾക്ക് മാന്യതയുടെ പരിവേഷം ചാർത്തി കൊടുക്കാനുള്ള വ്യഗ്രതയുടെ കാര്യത്തിൽ അടുത്തിടെ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്, വിവിധ മാധ്യമ സേവന ദാതാക്കളായ നെറ്റ്ഫ്ലിക്സ് (Netflix), എച്ച് ബി‌ ഒ(HBO) എന്നിവയിലെ പരിപാടികളിലൂടെയും മറ്റും ഇസ്രായേലിന്റെ ഏറ്റവും പുതിയ പ്രചാരണ യുദ്ധം (propaganda war) തകൃതിയായി നടന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.

Messiah /

അതേസമയം ഫലസ്തീനികളെ ആഗോള സുരക്ഷക്ക് ഭീഷണിയായി ചിത്രീകരിക്കുകയും അവരുടെ ചരിത്രം മറച്ചുവക്കുകയും ചെയ്യുന്ന പ്രവണത ഏറിവരികയാണ്.

നെറ്റ്ഫ്ലിക്സിന്റെ തന്നെ ഇസ്രയേലി ടിവി സീരീസായ ഫൗദ (Fauda) യും, എച്ച് ബി ഒ (HBO) യുടെ അമേരിക്കൻ-ഇസ്രായേലി ടിവി സീരീസായ ഔർ ബോയ്സ് (Our Boys) ഉം ഇതിന്റെ ഉദാഹരണമാണ്.

ഇതിന്റെ ഭാഗമായിതന്നെ വായിക്കപ്പെടേണ്ടതാണ് ഫലസ്തീനികൾക്കെതിരായ പ്രചാരണ യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണക്കുന്ന ടിവി ഷോകളുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ അമേരിക്കൻ ടിവി സീരീസായ, മൈക്കിൾ പെട്രോണി (micheal petroni) നിർമിച്ച നെറ്റ്ഫ്ലിക്സി (Netflix) ന്റെ മിശിഹ (messiah).

പശ്ചിമേഷ്യയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന ഒരു മനുഷ്യനോടുള്ള ആധുനിക ലോകത്തിന്റെ സമീപനത്തെയാണ് ഈ പരമ്പര കേന്ദ്രീകരിക്കുന്നത്. അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹം ഈസയുടെ (യേശുവിന്റെ) തിരിച്ചുവരവാണെന്ന് അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപെടലും അത്ഭുതങ്ങളും അന്തർദേശീയ തലത്തിൽപോലും വേഗത്തിൽ അനുയായികളെ സൃഷ്ടിക്കുന്നുണ്ട്. 

CIA ഉദ്യോഗസ്ഥർ ഇത് അന്വേഷണ വിധേയമാക്കുകയാണ്. പ്രതേകിച്ചും മിഡിൽ ഈസ്റ്റിൽ നിന്നും ഇങ്ങനെ ഒരാൾ വരുമ്പോൾ, ഇത് isis ന് ശേഷം പുതിയൊരു ആഗോള തീവ്രവാദ സെൽ ആരംഭിക്കുന്നതിന്റെ ഭാഗമാണെന്നുവരെ സംശയം നീളുന്നു. സീരീസിൽ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള മിശിഹായെപ്പോലുള്ള ഒരു വ്യക്തി സി‌.ഐ.എയെയും (CIA) ഷിൻ ബെറ്റിനെയും (shin bet) വളരെയധികം ആശങ്കപ്പെടുത്തുന്നു. അദ്ദേഹം (messiah) യഥാർത്ഥത്തിൽ ആരാണെന്ന കാര്യത്തിൽ ആരിലും ഒരു വ്യക്തത വരുത്താതെ, പ്രത്യേകിച്ച് ഇത് കാണുന്ന പ്രേക്ഷകരിലും ഒരേപോലെ സംശയം ജനിപ്പിക്കുന്നു.

ഫലസ്തീൻ യുവാവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഒരു പ്രശ്നക്കാരനായ ഷിൻ ബെറ്റ് ഏജന്റിനെ പരമ്പരയിൽ മഹത്വപ്പെടുത്തി കാണിക്കുന്നുണ്ട്. കൃത്യമായി ജോലിയിൽ ഉത്തരവാദിത്ത്വബോധമുള്ള ഒരു ഉദ്യോഗസ്ഥനായിട്ടാണ് ഷിൻ ബെറ്റ് ഏജന്റിനെ ചിത്രം അവതരിപ്പിക്കുന്നതും.

 ഹോംലാൻഡ് (Homeland) എന്ന ടിവി സീരീസിൽ സി‌.ഐ.എയെ ചിത്രീകരിച്ചതിന് സമാനമായി, മിശിഹായിൽ, ഷിൻ ബെറ്റ് ആത്യന്തികമായി സദ്‌ഗുണമുള്ള ഒരു സംഘടനയായിട്ടാണ് അവതരിപ്പിക്കുന്നത്, ചിലപ്പോഴൊക്കെ കേവലം സൽപേരിനായി “അനാരോഗ്യകരമായ” പ്രവർത്തനങ്ങൾ ഷിൻ ബെറ്റിന് ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. അതിന്റെ ഭാഗമായി അന്താരാഷ്ട്ര നിയമത്തിനും ധാർമ്മികതയുടെ എല്ലാ പരിഗണനകളിൽനിന്നും പുറത്താക്കപ്പെട്ട ഫലസ്തീനികളെ, പീഡിപ്പിക്കുകയും ക്രൂരമായ ചോദ്യം ചെയ്യലുകൾക്കും വിധേയമാക്കുകയും ചെയ്യുന്നു. ഇതൊട്ടും തന്നെ ആശ്ചര്യകരമല്ല, സി‌.ഐ‌.എ മുഖ്യധാരാ മാധ്യമങ്ങളിൽ നല്ലപിള്ള ചമയുന്നതിന് വേണ്ടി ശക്തമായ പ്രചരണം തുടർന്നു കൊണ്ടിരിക്കുന്നു.

ആദ്യ എപ്പിസോഡിൽ, ഒരു കൂട്ടം ഫലസ്തീൻ-സിറിയൻ അഭയാർഥികളെ സിറിയയുടെ അതിർത്തിയിലേക്ക് നയിക്കുന്നതായി കാണാം. ഒരു സി‌.എൻ‌.എൻ‌ (CNN) റിപ്പോർ‌ട്ടർ‌ അവതരിപ്പിക്കുന്നത്, “അഭയാർത്ഥികളാക്കപ്പെട്ട ഫലസ്തീനികളെന്ന നിലയിൽ തങ്ങൾക്കും യഥാർത്ഥ പൗരന്മാരെ പോലെ വെസ്റ്റ്‌ബാങ്കിലേക്ക്  കടന്നുപോകാൻ അവകാശമുണ്ടെന്ന് അവർ വാദിക്കുന്നു.” എന്നാണ്. നിലവിലെ ഇസ്രായേൽ ആയ പഴയ ഫലസ്തീനിൽ നിന്നാണ് സിറിയയിലേക്ക് ഫലസ്തീൻ അഭയാർത്ഥികൾ വരുന്നത്.

പിന്നെ വെസ്റ്റ് ബാങ്കിലെ പൗരത്വം അവർ  ആവശ്യപ്പെടുന്നില്ല. ഇതെല്ലാം അവരുടെ നാട്ടിലേക്കും നഗരത്തിലേക്കും മടങ്ങി പോകാനുള്ള അവകാശമാണ്. അന്താരാഷ്ട്ര നിയമത്തിൽ നിന്നും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവകാശമാണത്.

സമകാലിക ലോകത്ത്, നെറ്റ്ഫ്ലിക്സ് പോലുള്ള മാധ്യമ സേവനങ്ങളും അവരുടെ ജനപ്രിയ ടിവി ഷോകളും നിരവധി ആളുകൾക്ക് അറിവിന്റെ പ്രധാന ഉറവിടങ്ങളാണ് (source).  ക്ലാസിക് ഓറിയന്റലിസ്റ്റ് സിനിമയെയും ടിവി സീരീസിനെയും പോലെ അപരിഷ്‌കൃതമല്ലെങ്കിലും, ഈ പ്രോഗ്രാമുകൾ വംശീയത കുറഞ്ഞതും (ഒരുപക്ഷേ അവ കാണിക്കുന്ന സൂക്ഷ്മതയും അവതരണശൈലിയും കൂടുതൽ അപകടകരമാണ്).

 

ചിത്രം വളരെ ഗൗരവത്തോടെയാണ് ആഗോള രാഷ്ട്രീയ ഘടനയെ വരച്ചുകാട്ടുന്നതെന്ന് അമേരിക്കൻ പ്രസിഡന്റിനോട് മിശിഹ നടത്തുന്ന സംഭാഷണം വ്യക്തമാക്കുന്നുണ്ട്. “നിങ്ങൾ സമാധാനത്തിന്റെ പ്രസിഡന്റാണെന്ന് ലോകം നിങ്ങളെ ഓർമിക്കണമെങ്കിൽ ലോകത്തെ എല്ലാ അമേരിക്കൻ പട്ടാള ട്രൂപ്പിനേയും ഉടൻ പിൻവലിക്കണം. എന്നാൽ നിങ്ങൾ ചെയ്യുന്നതോ? നൂറു വർഷങ്ങൾക്ക് മുമ്പ് യൂറോപ്യന്മാർ വരച്ച വരകളെ യൂറോപ്യന്മാർ അതിരുകളെന്ന് വിളിച്ചു, ഇപ്പോൾ നിങ്ങൾ ആ അതിരുകളെയും അവിടങ്ങളിലെ ക്രൂരമായ സ്വേച്ഛാധിപതികളെയും കൂടുതൽ ശക്തിപ്പെടുത്തുകയാണ്.”

എന്നാൽ പ്രസിഡന്റ് മിശിഹയോട് മറുപടിയായി പറയുന്നത് “ഞങ്ങൾ ഉള്ളതുകൊണ്ടാണ് ലോകം രാഷ്ട്രീയ സന്തുലിതാവസ്ഥയിൽ പോകുന്നത്. ഞങ്ങൾ പിന്മാറിയാൽ ഇവിടെ ധാരാളം പ്രശ്‌നങ്ങൾ ഉണ്ടാകും” എന്നാണ്.

 

ഇതൊരുതരത്തിൽ ലോക സമാധാനത്തിനായി അമേരിക്ക പരിശ്രമിക്കുന്നുണ്ടെന്ന് വരുത്തിതീർക്കുകയാണ് ഉദ്ദേശമെന്ന് വേണം മനസ്സിലാക്കാൻ. മിഡിൽ ഈസ്റ്റിനെ മുന്നിൽ നിർത്തികൊണ്ട് അമേരിക്കൻ-ഇസ്രാഈൽ കൂട്ടുകെട്ടിൽ വിരിയുന്ന സമാധാന സങ്കൽപ്പമാണ് ചിത്രം പറയാതെ പറയുന്നതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

 

– ഷറഫുദ്ദീൻ ശ്രീമൂലനഗരം

Leave a Reply

Your email address will not be published. Required fields are marked *