കോവിഡിലും തുടരുന്ന ന്യൂനപക്ഷ വേട്ട

കോവിഡിലും തുടരുന്ന ന്യൂനപക്ഷ വേട്ട

“ഇത് കേവലമൊരു പൗരത്വ ഭേദഗതി നിയമത്തിന്റെ കഥയല്ല; ഇതൊരു കൊടും ചതിയുടെ കഥയാണ്; ആറു മാസമാണെന്ന് ചിലർ പറയുന്നു; മറ്റു ചിലർ ആറു വർഷമെന്ന്; അല്ല, ഇതൊരു അറുപത് വർഷത്തിന്റേതാണെന്ന് ചിലർ”. ജാമിഅ മില്ലിയയിലെ ചുവർച്ചിത്രങ്ങളിലൊന്നിനെ നമ്മുക്കിങ്ങനെ വായിക്കാം.

ഇന്ത്യൻ ഭരണകൂടങ്ങളും രാജ്യത്തിലെ മുസ്‌ലിംകളും തമ്മിലുള്ള ദുർഘടമായ ബന്ധം ഭാരതത്തിന് പുതിയ അറിവല്ല. എങ്കിലും, അത്തരം മുസ്‌ലിം വിരുദ്ധ നയങ്ങളും നിയമങ്ങളുമെല്ലാം പരോക്ഷമായിരുന്നുവെങ്കിലും 2015ലെ തെരെഞ്ഞെടുപ്പു മുതൽ ഇങ്ങോട്ട്, ബി.ജെ.പി. സർക്കാർ മുസ്‌ലിം വിരുദ്ധ അജണ്ടകൾ പകൽ വെളിച്ചം പോലെ വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ കോവിഡ് മഹാമാരിയെ തളച്ചിടാൻ അശ്രാന്ത പരിശ്രമം നടത്തുമ്പോഴും നമ്മുടെ ‘ജനാധിപത്യ’ സർക്കാർ തങ്ങളുടെ അജണ്ടകൾക്ക് കോട്ടം തട്ടാത്ത വിധം ‘സംരക്ഷണം’ നൽകുന്നതിൽ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പ്രത്യക്ഷത്തിൽ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടിയാണെങ്കിലും, ഡൽഹി ജാമിഅ നഗറിലെ CAA വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ഗവൺമെന്റിന്റെ കണക്കുക്കൂട്ടലുകൾ പിഴച്ചില്ല.

ജാമിഅയിലെയും ശാഹീൻ ബാഗിലെയും പ്രതിഷേധങ്ങൾക്ക് വേണ്ടി ഒരുമിച്ചുകൂടിയ നിരവധി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പ്രക്ഷോഭ സംഘങ്ങളെ അതാത് സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിക്കുക മാത്രമായിരുന്നില്ല കേന്ദ്രത്തിന്റെയും ഡൽഹി പോലീസിന്റെയും ലക്ഷ്യം. കഴിഞ്ഞ മാർച്ച് 24 ന് ശാഹീൻ ബാഗിൽ നിന്നും ആറു വനിതകളെയും മൂന്നു പുരുഷൻമാരെയും തടവറയിലാക്കുകയും തങ്ങളുടെ അസ്തിത്വത്തിനു നേരെയുള്ള ഒരോ വെടിയമ്പുകളെയും നേരിടാൻ അവർ തയാർ ചെയ്ത കലാരൂപങ്ങൾ, ചുവർ ചിത്രങ്ങൾ തുടങ്ങിയ വിയോജിപ്പിന്റെ പ്രതീകങ്ങളെയെല്ലാം ചില തീവ്രദേശീയ വാദികളുടെ സ്ഥാപിത താൽപര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഡൽഹി പോലീസിന്റെ കരങ്ങളാൽ നശിപ്പിച്ചു കളയുകയും ചെയ്തു.

CAA വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന മുസ്‌ലിം വിദ്യാർത്ഥികളെയും അധ്യാപകരെയും ലക്ഷ്യമാക്കിയുള്ള ജയിലറകൾ രാജ്യവ്യാപകമായി പ്രഖ്യാപിതമായ ലോക്ക് ഡൗണിനു മുമ്പ് തന്നെ സജ്ജമായിരുന്നു. ശാഹീൻ ബാഗിലെ പ്രതിഷേധങ്ങളുടെ സംഘാടകനായും തന്റെ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് ന്യൂനപക്ഷ പ്രതിഷേധങ്ങളുടെ ആവേശമായും ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഷർജീൽ ഇമാമിനെതിരെ കഴിഞ്ഞ ജനുവരിയിൽ അലിഗഢ് മുസ്‌ലിം സർവ്വകലാശാലയിലെ ഒരു വേദിയിൽ രാജ്യദ്രോഹ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചു കൊണ്ട് കേസ് ചാർജ് ചെയ്യുകയും അഞ്ച് സംസ്ഥാനങ്ങൾക്ക് ലുക്ക് ഔട്ട് നോട്ടീസയക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ‘വർഗ്ഗീയ വിഷം’ നിറഞ്ഞു നിന്ന പ്രസംഗത്തിനു തുടർന്നുണ്ടായ ചില രാഷ്ട്രീയ ശണ്ഠകൂടലുകൾക്കു ശേഷം ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, ഡൽഹി, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയും, പിന്നീട് ബീഹാറിലെ ജെഹാനാബാദിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നു മുതൽ അദ്ദേഹം ഗുവാഹത്തിയിലെ ജയിലിൽ കഴിയുകയാണ്.

മുസ്‌ലിംകൾക്കെതിരെയുള്ള വേട്ടകൾ ക്ലിപ്തമല്ല. ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തിലെ പൗരൻമാരുടെ അഭിപ്രായ സ്വാതന്ത്രത്തെ നിഷേധിക്കുന്ന പ്രവർത്തനങ്ങളാണ് ഗവൺമെന്റ് ചെയ്തു കൂട്ടുന്നത്. ഗോരഖ്പൂരിലെ
ഡോ: കഫീൽഖാൻ, അദ്ദേഹം ഡിസംബർ 12ന് അലിഗഢ് സർവ്വകലാശാലയിൽ നടത്തിയ പ്രസംഗത്തെ ആരോപിച്ചു കൊണ്ട് അറസ്റ്റു ചെയ്യപ്പെട്ടു. മാത്രമല്ല, ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിൽ പല കേസുകളും കഫീൽഖാനെതിരെ ചാർജ് ചെയ്യുകയുണ്ടായി.

ജാമിഅ മില്ലിയ്യയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയും ആർ.ജെ.ഡി യൂത്ത് വിംഗിന്റെ ഡൽഹി യൂണിറ്റ് അധ്യക്ഷനുമായ മീരാൻ ഹൈദറും മുസ്‌ലിം വിരുദ്ധ അജണ്ടകളുടെ ഇരയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ വെച്ച് വർഗ്ഗീയ കലാപ സംബന്ധിയായ ഗൂഢാലോചനകൾ നടത്തിയെന്നാരോപിച്ചു കൊണ്ട് ഏപ്രിൽ മൂന്നിന് ഡൽഹി പോലീസ് ഹൈദറിനെ അറസ്റ്റു ചെയ്തതും ഉപരി സൂചിത വിഷയങ്ങൾക്ക് സാധൂകരണം നൽകുന്നു. ഏപ്രിൽ രണ്ടിന് മീരാൻ ഹൈദറിനെ തലസ്ഥാന നഗരിയിലെ മജിസ്ട്രേറ്റ് പ്രഭജീത് കൗറിന്റെ മുമ്പാകെ ഹാജരാക്കുകയും അവർ ഹൈദറിനെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയുമാണ് ചെയ്തത്. ഇത്തരത്തിൽ ലോക് ഡൗണിന്റെ മറവിൽ നടന്ന അറസ്റ്റിനെ അപലപിച്ചുക്കൊണ്ട് മില്ലിയ്യയിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അടങ്ങുന്ന ‘ജാമിഅ ഏകോപന സമിതി’ (J.C.C) മീരാൻ ഹൈദറിന്റെ മോചനത്തിനു വേണ്ടി ശബ്ദമുയർത്തിയിരുന്നു. “രാജ്യം ഭയാനകമായ ആരോഗ്യ പ്രതിസന്ധി നേരിടുമ്പോഴും പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ വേണ്ടി മുസ്‌ലിം സ്റ്റുഡന്റ് ആക്ടിവിസ്റ്റുകൾക്കെതിരെ പലതരത്തിലുള്ള കള്ള കേസുകളും ചമഞ്ഞുണ്ടാക്കി അവരുടെ പോരാട്ടവീര്യം ചോർത്തി കളയുന്നതിലാണ് ഗവൺമെന്റ് ശ്രദ്ധിക്കുന്നത് ” J.C.C യുടെ പ്രതികരണങ്ങൾ ഇങ്ങനെ തുടരുന്നു. രാജ്യത്ത് കഴിയുന്ന പട്ടിണിപ്പാവങ്ങളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിൽ സജീവമായിരുന്ന ഹൈദറിനെയാണ് പോലീസിന് അറസ്റ്റു ചെയ്യേണ്ടി വന്നത്.

ജവഹർലാൽ നെഹ്റു സർവ്വകലാശാല ഗവേഷണ വിദ്യാർത്ഥിയായ ചിംഗിസ് ഖാനെയും രാജ്യം മറക്കാൻ സാധ്യതയില്ല. സർക്കാറിന്റെ വിവേചനപരമായ നിലപാടുകൾക്കും നടപടികൾക്കുമെതിരെ ഒരു പ്രാദേശിക ദിന പത്രത്തിലൂടെ പ്രതികരിച്ചതു കാരണമായി മണിപ്പൂർ പോലീസ് ചിംഗിസ് ഖാനെ അറസ്റ്റു ചെയ്തതും ഭാരതീയന്റെ മൗലികാവകാശങ്ങളിലുള്ള പരിമിതികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ‘മുസ്‌ലിം പാർശ്വവത്കരണത്തിനു വേണ്ടിയുള്ള രാഷ്ട്രീയ കുതന്ത്രങ്ങൾ’ (Political ploy to push Muslims into marginalisation) എന്ന തലക്കെട്ടിൽ മണിപ്പൂരിലെ ‘ഇചൽ എക്സ്പ്രസ്സി'(Ichel Express)ൽ എഴുതിയ ലേഖനത്തിലൂടെ പൻഗാൽ മുസ്‌ലിംകൾക്കെതിരെയുള്ള വിവേചനങ്ങളെയാണ് ചിത്രീകരിക്കുന്നത്.

മില്ലിയ്യയിലെ എം.ഫിൽ ബിരുദ വിദ്യാർത്ഥിനിയായ സഫൂറ സർഗാറും ബി.ജെ.പിയുടെ വംശീയ വൈര്യത്തിന്റെ ഇരയാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ ജഅഫറാബാദിൽ നടന്ന CAA വിരുദ്ധ സമരങ്ങളിലെ സജീവ സാന്നിധ്യമാണ് അവർക്കെതിരെയുള്ള കേസിന്റെ യഥാർത്ഥ കാരണം. JCC യുടെ മീഡിയ കോർഡിനേറ്ററായ സഫൂറാ സർഗാറിന്റെ CAA വിരുദ്ധ നിലപാടുകൾ സ്മരണീയമാണ്.

അലിഗഡ് മുസ്‌ലിം സർവ്വകലാശാല വിദ്യാർത്ഥിയായ ആമിർ മിൻടോയിയുടെ കാര്യവും തദൈവ. സർവ്വകലാശാലയിൽ നടന്ന CAA പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതാണ് ആമിർ ചെയ്ത ‘കുറ്റം’. JNMC ആശുപത്രിയിൽ കഴിയുന്ന നിർധന രോഗികളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനിടയിൽ ആമിറിനെ ബലമായി അറസ്റ്റു ചെയ്ത് നീക്കിയത് ന്യൂനപക്ഷ വേട്ടകളിലുള്ള ഭരണകൂടത്തിന്റെ ഔത്സുക്യത്തെ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ പട്ടിണി കിടക്കേണ്ടി വന്ന രാജ്യത്തിലെ വലിയൊരു ഭാഗം ജനങ്ങൾ ,കോവിഡാനന്തര അതിജീവന സാധ്യതകളെ കുറിച്ച് ആവലാതിപ്പെടുമ്പോഴും, ജനായത്തമായ നടപടികളൊന്നും കൈക്കൊള്ളാതെ മുസ്‌ലിം വിദ്യാർത്ഥികളെയും അധ്യാപകന്മാരെയും മറ്റ് ആക്ടിവിസ്റ്റുകളെയും വേട്ടയാടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച നമ്മുടെ സർക്കാർ നാളെയുടെ ഇന്ത്യൻ ജനാധിപത്യത്തിനു അശുഭസൂചനകൾ മാത്രമാണ് നൽകുന്നത്.

ഇസ്സ അഹ്സാൻ

വിവർത്തനം: മുഹമ്മദ് സിനാൻ കോളയാട്

Leave a Reply

Your email address will not be published. Required fields are marked *