ജഹനാര: ഷാജഹാനാബാദിൽ ഉദിച്ച ചന്ദ്രപ്രഭ

ഡൽഹി യാത്രകളിൽ നിസാമുദ്ധീൻ ഔലിയ എന്ന പ്രശസ്തനായ സൂഫി വര്യൻ്റെ ദർഗ സന്ദർശിച്ചവരായിരിക്കും നമ്മളിൽ പലരും. അതിവിശിഷ്ട മുഹൂർത്തങ്ങൾ ചരിത്രത്തിന് സമ്മാനിച്ച പ്രസ്തുത ദർഗ വലുതും ചെറുതുമായി അതി മനോഹരമായി സംവിധാനിച്ചിട്ടുള്ള നിരവധി ഖബറുകൾ കൊണ്ടും സമ്പന്നമാണ്. പേർഷ്യൻ കവി അമീർ ഖുസ്രുവിൻ്റെ ഖബറിടമാണ് നിസാമുദ്ധീൻ ഒലിയയുടെ ഖബറിടം കഴിഞ്ഞാൽ എടുത്തുദ്ധരിക്കേണ്ട പ്രധാനപ്പെട്ടത്. എന്നാൽ സന്ദർശകരാൽ അധികം ശ്രദ്ധിക്കപ്പെടാതെ, അതി മനോഹരമായ വെള്ള മാർബിൾ കല്ലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു ഖബറിടം അവിടെ സന്ദർശകർക്ക് കാണാം. ‘രാജ്ഞി മാരുടെ രാജ്ഞി’, ‘കാലഘട്ടത്തിലെ നിപുണ’ (സ്വാഹിബത്തു സമാനി) എന്നൊക്കെ ചരിത്രത്തിൽ അറിയപ്പെട്ട ഷാജഹാൻ്റെ മൂത്ത പുത്രി ജഹനാരയുടെ ഖബറിടമാണത്. ‘ജഹനാറ ടോംപ്’ എന്നാണ് അവരുടെ ശവകുടീരം അറിയപ്പെടുന്നത്.

റസിയ സുൽത്താനയെ പോലെ സുൽത്താനയായി അവതരിച്ച് ചരിത്രത്തെ വിസ്മയിപ്പിച്ച സ്ത്രീയായിരുന്നില്ല ജഹനാര. 1614ൽ അജ്മീറിലാണ് അവരുടെ ജനനം. ഷാജഹാൻ്റെ പെൺമക്കളിൽ ഭരണ പാടവം കൊണ്ട് സ്വന്തം പിതാവിനെപ്പോലും അതിശയിപ്പിച്ച ജഹനാരയെ പോലെ മറ്റൊരു സ്ത്രീയെ മുഗൾ കാലത്ത് കാണുക പ്രയാസമായിരിക്കും. താജ്മഹൽ നിർമ്മിച്ചത് കൊണ്ട് ചരിത്രം വാനോളം പുകഴ്ത്തിയ സ്ത്രീ മാത്രമാണ് ഷാജഹാൻ്റെ ഭാര്യ മുംതാസ്. അതിനപ്പുറം അവരെക്കുറിച്ച് എടുത്ത് പറയത്തക്ക വ്യക്തിഗത സംഭാവനകൾ ഒന്നും തന്നെ ചരിത്രത്തിൽ കാണാൻ കഴിയില്ല. എന്നാൽ മകൾ ജഹനാരയുടെ ചരിത്രം തികച്ചും വ്യത്യസ്തവും വിവരിക്കപ്പെടേണ്ടതുമാണ്.

പൊതുവിൽ രാജ്ഞിമാർ ഭരണകാര്യങ്ങളിൽ സഭക്കകത്ത് പോലും അഭിപ്രായം പറയുക മുഗൾ കാലത്ത് കീഴ് വഴക്കമില്ലാത്ത കാര്യമാണ്. നാല് ചുവരുകളുള്ള അന്തപുരങ്ങളിൽ മാത്രം ഒതുങ്ങേണ്ടതാണ് അന്നത്തെ സ്ത്രീ ശബ്ദം എന്ന ധാർഷ്ട്യം അക്കാലത്തെ സഭാപ്രഭുക്കന്മാർക്കും ഉണ്ടായിരുന്നിരിക്കണം. എന്നാൽ ചിലപ്പോഴൊക്കെ അതിന് വിരുദ്ധമായും സംഭവിക്കാം, സംഭവിച്ചിട്ടുമുണ്ട്. പെട്ടന്നുള്ള രാജാവിൻ്റെ അകാലമരണം, അടുത്ത കിരീടാവകാശിയായി ആൺമക്കൾ ഇല്ലാതിരിക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ മേൽ പറഞ്ഞവയിൽ നിന്ന് വിഭിന്നമായ തീരുമാനങ്ങൾ എടുക്കാൻ സഭാ പണ്ഡിതർ പോലും നിർബന്ധിതരായിട്ടുമുണ്ട്. ഇവിടെയാണ് ജഹനാര വ്യത്യസ്തയാകുന്നത്.

മാതാവായ മുംതാസിൻ്റെ മരണാനന്തരം തൻ്റെ 17-മത്തെ വയസ്സിൽ പിതാവ് ഷാജഹാനോടൊപ്പം ഭരണകാര്യങ്ങളിൽ നേരിട്ട് ഇടപെടാൻ ഉത്സാഹം കാണിച്ച മകളെ പിതാവായ ഷാജഹാൻ പോലും എതിർത്തില്ല. മകളുടെ അഭിപ്രായങ്ങളെ മാനിച്ച പിതാവ് അവരുടെ ഭരണ നയങ്ങളെ പലപ്പോഴും പ്രശംസിച്ചിട്ടുമുണ്ട്. പിതാവിൻ്റെ തീൻമേശയിലേക്ക് വരുന്ന വിഭവങ്ങളിൽ പോലും ജഹനാരയുടെ പ്രത്യേക ശ്രദ്ധ എത്തിയിരുന്നു.

നേരിട്ട് ഭരണം നേടാതെ അന്തപുരത്തിലിരുന്ന് വ്യത്യസ്ത നാടുകളുമായി പോലും ജഹനാര കച്ചവട ബന്ധങ്ങൾ നിലനിർത്തി. മുഗൾ കാലത്ത് സ്വന്തമായി കപ്പലുകളുടെ ഉടമയായ അപൂർവ്വം സ്ത്രീകളിൽ ഒരാളാണ് ജഹനാര. ഇംഗ്ലണ്ട്, നെതർലന്റ് തുടങ്ങിയ രാജ്യങ്ങളുമായി നിരന്തരമായ അവരുടെ വാണിജ്യ ബന്ധങ്ങൾ ചരിത്രത്തെപ്പോലും അദ്ഭുതപ്പെടുത്തി. മക്കയിലും മദീനയിലും കച്ചവടം നടത്തി വമ്പിച്ച ലാഭവുമായി വരുന്ന ജഹനാരയുടെ കപ്പലുകളുടെ വിവരണങ്ങൾ ആരെയും കോരിത്തരിപ്പിക്കും വിധമുള്ളതാണ്. ലാഭത്തിൻ്റെ പകുതിയും മക്കയിലെ പാവപ്പെട്ടവർക്കിടയിൽ വിതരണം ചെയ്ത ജഹനാരയുടെ ദാനശീലവും ചരിത്രപ്രസിദ്ധമാണ്.

കലയിലും സാഹിത്യത്തിലും പ്രാഗത്ഭ്യം തെളിയിച്ച ജഹനാര നല്ലൊരു കവിയായിട്ട് കൂടി ചരിത്രത്തിൽ അറിയപ്പെടുന്നുണ്ട്. നിരവധി ഗ്രന്ഥങ്ങൾ രചിച്ച ജഹനാരയുടെ അതി പ്രശസ്ത ഗ്രന്ഥമാണ് മുഈനുദ്ധീൻ ചിശ്തിയുടെ ജീവചരിത്ര ഗ്രന്ഥമായ ‘മൂനിസുൽ അർവാഹ്’. ലൈബ്രറി സ്വന്തമായി സജ്ജീകരിച്ച ജഹനാരയുടെ പുസ്തക കമ്പവും അപൂർവ്വമായ രചനകളുടെ ശേഖരവും അമ്പരപ്പിക്കുന്ന ചരിത്ര വസ്തുതകളാണ്. സൂഫി ധാരകളുമായുള്ള അവരുടെ അടുപ്പം എടുത്ത് പറയേണ്ടതാണ്. അത് കൊണ്ട് തന്നെയാണ് മരണ ശേഷം തൻ്റെ ശവകുടീരം ഡൽഹിയിലെ നിസാമുദ്ധീൻ ഔലിയയുടെ ദർഗയിൽ വേണമെന്ന് അവർ ആവശ്യപ്പെട്ടതും. സൂഫി ദർഗകൾക്ക് നിരവധി സാമ്പത്തിക സഹായങ്ങൾ അവർ നൽകി വന്നിരുന്നു. തിമൂരികളുടെ കുടുംബ പരമ്പരയിൽ നിന്ന് സൂഫിസം ഇത്രമേൽ സ്വാധീനിച്ച രണ്ട് പേർ ജഹനാരയും അനിയൻ ദാരഷികോയുമായിരുന്നു. ജഹനാരയുടെ പലപ്പോഴായുള്ള അജ്മീറിലേക്കുള്ള തീർത്ഥാടനങ്ങൾ മേൽ വിവരിച്ച വസ്തുതകളെ ശക്തിപ്പെടുത്തുന്നു.

ഡൽഹിയുടെ അതി പുരാതന ചരിത്ര പ്രദേശങ്ങൾ നില നിൽക്കുന്ന പ്രദേശമാണ് പുരാന ഡൽഹി. ജുമാ മസ്ജിദും ചെങ്കോട്ടയും കണ്ട് മടങ്ങാൻ ഒരുങ്ങുന്ന ഏതൊരു സന്ദർശകനും ചാന്ദ്നി ചൗക് എന്ന മാർക്കറ്റ് സമുച്ചയങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ചാന്ദ്നി ചൗക് (ചന്ദ്രപ്രഭയിൽ മുങ്ങിയ പ്രദേശം) എന്ന നഗര ഹൃദയ ഭാഗം ഡിസൈൻ ചെയ്ത വ്യക്തിയാണ് ജഹനാര. അവരുടെ മേൽനോട്ടത്തിലാണ് പ്രസ്തുത നഗര ഭാഗം സംവിധാനിക്കപ്പെട്ടത്. ജഹനാരയുടെ വേനൽ കാല വസതി (caravanserai) യും അന്നുണ്ടായിരുന്നത് ഈ പ്രദേശത്ത് തന്നെയാണ്. ഷാജഹാനാബാദിലെ (Old Delhi) പതിനെട്ടിലധികം കെട്ടിടങ്ങളുടെ പ്ലാനിംഗ് നടത്തിയ സ്ത്രീ കൂടിയാണ് അവർ.
മികച്ച വാസ്തുവിദ്യ വിദഗ്ദ്ധ എന്ന പേരിൽ പേരെടുത്ത ജഹനാര ഡൽഹിയിൽ നിരവധി പള്ളികൾ നിർമ്മിച്ചു നൽകി. വൈജ്ഞാനിക മേഖലക്ക് അവരുടെ സംഭാവനയായി വിലയിരുത്തപ്പെടുന്ന സംവിധാനമാണ് ജുമാ മസ്ജിതിനോട് ചേർത്ത് അക്കാലത്ത് നിർമ്മിക്കപ്പെട്ട മദ്രസകൾ. ബാഗെ-ജഹനാര, ബാഗെ- നൂർ ,ബാഗെ- സഫ എന്നീ വ്യത്യസ്ത പേരുകളിൽ ഡൽഹിയിൽ നിരവധി ഉദ്യാനങ്ങൾ ജഹനാര നിർമ്മിച്ചവയാണ്.

എട്ട് വർഷത്തോളം തൻ്റെ പിതാവിനൊപ്പം തടവറയിൽ കഴിയാനായിരുന്നു അവരുടെ വിധി. കിരീടാവകാശി പോര് മുറുകിയ ഷാജഹാൻ്റെ അവസാന സമയത്ത് ദാരഷികോയും ഔറംഗസീബും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ ജഹനാരയെയും കാര്യമായി ബാധിച്ചിരുന്നു. ഔറംഗസീബുമായി അകൽച്ചയിലായിരുന്നുവെങ്കിലും അവരുടെ അവസാന നാളുകളിൽ ഔറംഗസീബ് അവരെ കാര്യമായി പരിഗണിച്ചിരുന്നു. അവർക്ക് ഔറംഗസീബ് ചാർത്തി കൊടുത്ത പദവിയാണ് ‘സ്വാഹിബത്തു സമാനി’ എന്ന മേൽ വിവരിച്ച പട്ടം.

 

സബാഹ് ആലുവ

One thought on “ജഹനാര: ഷാജഹാനാബാദിൽ ഉദിച്ച ചന്ദ്രപ്രഭ

  1. ജഹനാരയുടെ ജീവിതത്തിലേക്ക് െളിച്ചം വീശുന്നെങ്കിലും ഇന്ത്യയിലെ മുസ്ലിം ചരിത്രാപഗ്രഥനത്തിെലെപതിവ് െൈലി തന്നെയാണ് ലേഘനം അനുവർത്തിക്കുന്നത്.
    ചില തിരുത്തലുകൾ അനിവാര്യം
    !. മുഗൾ ഭരണത്തിലെന്നല്ല. ഇന്ത്യയിലെ ഒട്ടുമിക്ക മുസ്ലിം ഭരണകൂടങ്ങളിലും സ്ത്രീ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഉദാ: നൂർജഹാൻ,
    2 ദാരാശിക്വയുടെയും വികലസൂഫീ ദർശനമായിരുന്നില്ല ജഹനാരയുടേത്. ഔറംഗസീബിന്റെ ത് പോെലെ സൂഫീ ദർശനത്തിലെ നേരിന്റെ പക്ഷമായിരുന്നു.
    3. അത് കൊണ്ട് തന്നെ സഹോദരൻ ഔറംഗസീബുമായി ആദ്യം മുതലേ നല്ല ബന്ധമായിരുന്നു അവർക്ക്.
    4. പിതാവിനൊപ്പം തടവറയിൽ കഴിഞ്ഞു എന്നത് ചരിത്രത്തിൽ ആവർത്തിക്കപ്പെടുന്ന ഒരു അനീതിയാണ്. ആഗ്രാ കോ ട്ടയിലെ ഷാജഹാെന്റെ കിടപ്പുമുറിക്ക് സമീപത്തുള്ള ജയിലിെയാണ് തടവറയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. താജ്മഹലിന്റെ ദർശനം ലഭിക്കുന്ന തടവറക്ക് സമീപത്തുള്ള ആ ഭാഗം ഷാജഹാൻ വിശ്രമ ജീവിതത്തിനായി സ്വയം തിരഞ്ഞെടുത്തതാണ്. അവിടെ പിതാവിനെ ശുശ്രൂഷിക്കാനായി തന്റെ പ്രിയ സഹോദരിയെ ഔറംഗസീബ് നിയോഗിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *