മദാരിയ്യ : മലംഗു സൂഫികളുടെ ആത്മീയ ലോകം

സൂഫീ സരണികളിൽ സവിശേഷ സ്ഥാനമർഹിക്കുന്ന വിഭാഗമാണ് മദാരീധാരതീവ്രമായി ആത്മീയ ചേഷ്ടകൾ പ്രകടിപ്പിക്കുകയും  ദർഗ്ഗകൾ കേന്ദ്രീകരിച്ചു ജീവിതം നയിക്കുന്ന വിഭാഗമാണ് മലംഗുകൾ എന്നാണ് ത്വരീഖതിനെക്കുറിച്ച  പഠനങ്ങളിൽ കാണുന്നത്. അറബി- പേർഷ്യൻ പദപ്രയോഗങ്ങളായ ഫഖീർ, ദർവീശ് എന്നിവയുടെ ഉപമയായി മലംഗ് ഉപയോഗിക്കപ്പെടാറുള്ളത്. സൗത്ത് പ്രദേശങ്ങളിൽ പ്രചാരമുള്ള ഒട്ടുമിക്ക ത്വരീഖതുകളിലും ദർഗകളിലും മദാരീ സൂഫികളുടെ സാന്നിദ്ധ്യം പ്രകടമാണ്.

 

മദാരിയ്യ

മദാരീ സൂഫീ സരണിയുടെ സ്ഥാപകൻ സയ്യിദ് ബദീഉദ്ദീൻ ഖുതുബുൽ മദാർ പ്രമുഖ സുഹ്റവർദീ ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദിയുമായി ആത്മീയ ബന്ധമുണ്ടായിരുന്നുവെന്നാണ്‌ ചരിത്രം. പ്രധാന പേർഷ്യൻ ചരിത്രരേഖകളായ മിർആതുൽ മദാരീ, മിർആ തെ ബദീവ മദാരീ, മദാരീ സിൽസിലയുടെ സ്ഥാപകൻ ഷാ മദാറിൻ്റെ ദർഗയിൽ സൂക്ഷിച്ചിരിക്കുന്ന മദാരീ സൂഫികളെക്കുറിച്ച ‘തദ്കിറാത്’ എന്നിവയാണ് ഈ സൂഫി ധാരയുടെ ആദ്യകാല ചരിത്ര സ്രോതസ്സുകളായി പരിഗണിക്കപ്പെടുന്നത്. സയ്യിദ് അബു മുഹമ്മദ് അർഗുൻ, സയ്യിദ് അബു തുറാബ് ഫൻസൂർ, സയ്യിദ് അബുൽ ഹസൻ തൈഫൂർ, ഹുസൈൻ മുഇസ് ബൽഖി, സയ്യിദ് ജമാലുദ്ധീൻ ജുമാൻ ജതി, ഷാഹ് കങ്കൽ ദിവാന എന്നിവർ ഷാഹ് മദാറിൻ്റെ പ്രധാന ശിഷ്യരായിരുന്നു. സയ്യിദ് ജമാലുദ്ധീൻ ജുമാൻ ജതിയുടെ അനുയായികളിലൂടെയാണ് മദാരീ സൂഫി ധാരക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. മലംഗുകളുടെ ഉത്ഭവത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണുള്ളത്. ജലാലുദ്ദീൻ ബുഖാരി മഖ്ദൂം ജഹാനിയാൻ ജഹാൻഗോസ്തിൻ്റെ അനുയായികളാണിവർ എന്നാണ് ഒരു അഭിപ്രായം. സ്വഹാബി അബു ദർദാ(റ) യുടെ പിൻഗാമി ഖാദി ബിൻ ഒലാ ആലം  മുഖേനയാണ് മദാരീ ധാരയുടെ ആശയങ്ങൾ വ്യാപിക്കപ്പെട്ടതെന്ന് മറ്റൊരു അഭിപ്രായം നിലവിലുണ്ട്. പാട്നയിലെ മനേരിലാണ് അദ്ദേഹം താമസമുറപ്പിച്ചത്. ചരിത്രപരമായും ആചാര – വിശ്വാസരീതിപരമായും

സയ്യിദ് മുഹമ്മദ് ജമാലുദ്ദീനിൻ്റെ ശിഷ്യരാണ് ഇവർ എന്ന അഭിപ്രായത്തിനാണ് കൂടുതൽ പ്രാബല്യമുള്ളത്. ബക്തിയാർ ഖൽജിയുടെ പര്യടനത്തോടെ ബീഹാറിൻ്റെ മിക്ക പ്രദേശങ്ങളും രാജവംശത്തിൻ്റെ കീഴിൽ വന്നു. തൻ്റെ അധീന പ്രദേശങ്ങളിൽ പലയിടത്തും ബക്തിയാർ ഖൽജി ഖാൻൻഗാഹുകൾ സ്ഥാപിച്ചു. ഭരണകൂടത്തിൻ്റെ ബന്ധം ഉപയോഗപ്പെട്ട ബീഹാർ – ബംഗാൾ ഭാഗങ്ങളിൽ സൂഫീ ത്വരീഖതുകൾ അവരുടെ സ്വാധീനം ഊട്ടിയുറപ്പിച്ചു. ബീഹാറിലെയും ബംഗാളിലെയും ഒട്ടുമിക്ക സൂഫി നേതാക്കളും പശ്ചിമ – മധ്യേഷ്യൻ പ്രദേശങ്ങളിൽനിന്നുള്ളവരാണ്. ബീഹാരീ മുസ്‌ലിംകൾക്കിടയിൽ ദർഗാ സിയാറത്തും സൂഫികളോടുള്ള മമതയും അധികരിക്കാൻ മദാരീ സൂഫികളുടെ സ്വാധീനവും സാമിപ്യവും ഹേതുവായിട്ടുണ്ട്. പ്രമുഖ സൂഫീവര്യൻ ഹസ്റത്ത് മീർ അഷ്റഫ് ജഹാംഗീർ സിംനാനി (മരണം1380) ജോൻപൂർ സുൽത്താൻ ഇബ്റാഹീം ശർഖിക്ക് അയച്ച കത്തിൽ ബീഹാർ, ബംഗാൾ ദേശങ്ങളിൽ മദാരീ സൂഫികളുടെ കീർത്തിയെ പരാമർശിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിൽ സൂഫീകൾ, വിശിഷ്യാ മദാരികൾക്കു ലഭിച്ച വ്യാപനത്തെ ഇതു വ്യക്തമാക്കിത്തരുന്നു. ബീഹാർ, ബംഗാൾ കൂടാതെ ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഈ സൂഫീധാരക്ക് സ്വീകാര്യത ലഭിച്ചു.

ഷാഹ് മദാറിൻ്റെ ശിഷ്യനായ, ബീഹാറിലെ ഹിൽസ (ജതിപൂർ)യിൽ  അന്തിയുറങ്ങുന്ന സയ്യിദ് ജമാലുദ്ദീൻ ജാനെമൻ ജന്നതി മദാരിയാണ് ബീഹാറിലെ മദാരീ ധാരക്ക് നേതൃത്വം നൽകിയത്. ജുമാൻ ജതി, ജാമിൽ ഷാഹ്, ദതാർ, ജമാൽ ഷാഗ് എന്നീ പേരുകളിലും സയ്യിദ് ജമാലുദ്ദീൻ മദാരി അറിയപ്പെടുന്നു. പേർഷ്യൻ കവി സഅദി ശീറാസി ഇദ്ദേഹത്തെക്കുറിച്ച് നിരവധി കവിതകളെഴുതിയിട്ടുണ്ട്. ഹസ്റത് ഷാഹ് ഫഖ്റുദ്ദീൻ ജംഷീദ് ആണ് സയ്യിദ് മുഹമ്മദ് ജമാലുദ്ദീനിൻ്റെ പ്രധാന ഖലീഫ. ഹിജ്റ 951ലാണ് ശൈഖിൻ്റെ മരണം. ശൈഖ് താജുദ്ദീൻ അഷ്റഫിൻ്റെ ബഹാറെ സഖറിൽ സയ്യിദ് ജമാലുദ്ദീനിൻ്റെ പരമ്പരയെക്കുറിച്ച വിശദവിവരണം ലഭ്യമാണ്.

മദാരീ – മലംഗുകളുടെ വിശ്വാസ-ആചാരരീതികൾ

മനുഷ്യൻ്റെ ലൗകിക ജീവിതത്തിൻ്റെ സത്തയിൽ ലൈംഗികതൃഷ്ണയും അടങ്ങിയിരിക്കുന്നതിനാൽ അതും നിരാകരിക്കേണ്ടതുണ്ട് എന്നാണ് അവർ കരുതുന്നത്. കൂടാതെ ലൗകിക ജീവിതത്തിലെ കെട്ടുപാടുകൾ ആത്മീയ ജീവിതത്തിനു വിലങ്ങുതടിയാണ് എന്നതിനാൽ സാമ്പ്രദായിക സാമൂഹിക ജീവിത ശൈലികൾക്കു വിപരീത നിലപാടാണ് അവർ സ്വീകരിക്കുന്നത്. വീട് ഉപേക്ഷിച്ച് തെരുവുകളിൽ ജീവിക്കുക, മുടി നീട്ടി വളർത്തുക, സ്ത്രീകളുടെ വസ്ത്രവും ആഭരണങ്ങളും ധരിക്കുക എന്നിവയെല്ലാം ഇവർ സ്വീകരിച്ചു പോരുന്നു. അല്ലാഹുവിൻ്റെ സമാഗമം(ചിലപ്പോൾ പീറിൻ്റെയോ) പ്രതീക്ഷിച്ചു നിൽക്കുന്ന പ്രതിശ്രുധ വധുവാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. പ്രായവും അനുഭവപരിചയവും അവർക്കിടയിലെ അധികാര ശ്രേണി നിർണയിക്കുന്നു.

അല്ലാഹു എന്ന പ്രണയിതാവിലേക്കുള്ള ലയനം എന്ന ആശയത്തിലാണ്  മരണത്തെ സൂഫീ ചിന്തകളിൽ വ്യവഹരിക്കപ്പെടുന്നതെന്നതിനാൽ വിവാഹാഘോഷം എന്ന അർഥം വരുന്ന ‘ഉർസ് ‘ തന്നെ സൂഫീ മരണവാർഷികത്തിന് ഉപയോഗിക്കുന്നത്. ഷാഹ് മദാറിൻ്റെ ഉർസുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന ആചാരമാണ് ധമാൽ ഖേല എന്നറിയപ്പെടുന്ന തീയിലൂടെയുള്ള നടത്തം. സദ്സ്വഭാവത്തിൻ്റെ സ്ഥലം എന്നാണ് ധമാൽ എന്നതിൻ്റെ അർഥം. ചന്ദനത്തടികൾ ഉപയോഗിച്ചു വലിയ തോതിൽ തീ കത്തിക്കുകയും സൂറ: ഫാതിഹ പാരായണം ചെയ്യുകയും ചെയ്യുന്നു. ശേഷം മലംഗ് സൂഫികൾ ‘ദം മദാർ’ എന്നുച്ചരിച്ചു തീക്കനലുകളിലൂടെ നടക്കാൻ ആരംഭിക്കുന്നു.

ദർഗകളും ഉർസുകളുമായി ബന്ധപ്പെട്ടതാണ് മദാരി- മലംഗുകളുടെ ജീവിതം. അവരുടെ യാത്രകളുടെ ലക്ഷ്യവും സൂഫീ ശൈഖുമാരുടെ ദർഗകളും ഖാൻഗാഹുകളുമായി കൂട്ടിപ്പിണഞ്ഞു കിടക്കുന്നു. ഉർസിൻ്റെ സമയത്ത് സ്ത്രീകൾക്ക് ഷാഹ് മദാറിൻ്റെ ദർഗയിൽ പ്രവേശനാനുമതിയില്ല. ഖവ്വാലി പോലും ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. ജമാദുൽ അവ്വൽ 17ന് ആണ് ഉർസ് നടക്കാറുള്ളത്. ‘ഗായ് ലുട്ന’ എന്നു വിളിക്കപ്പെടുന്ന പശുക്കളെ ബലിയറുത്തു മദാരി – മലംഗുകൾക്കിടയിൽ വിതരണം ചെയ്യുന്ന ആചാരവും ഇവർക്കിടയിലുണ്ട്. തങ്ങളുടെ പീറുമാരുമായി നിരന്തരം കൂടിക്കാഴ്ചകൾ അവർ നടത്തിവരാറുണ്ട്.

മലംഗുക്കൾക് അത്ഭുത സിദ്ധികളുണ്ടെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ആത്മാവ് – ജിന്ന് സേവകളുമായി ബന്ധപ്പെട്ട ധാരാളം കഥകൾ അവർക്കിടയിൽ പ്രചാരത്തിലുണ്ട്. അഫ്ഗാനിസ്ഥാനിലെ ശാ മാനിസത്തെക്കുറിച്ചും മലംഗുസൂഫീകളെ കുറിച്ചുമുള്ള പഠനത്തിൽ എം.എച്ച് സിദ്കി വിശദീകരിക്കുന്നുണ്ട്. മധ്യേഷ്യൻ പ്രദേശങ്ങളിൽ ശാമാനി വിശ്വാസ-ആചാര രീതികൾ അഫ്ഗാനീ മലംഗുകളുടെ ജീവിതത്തിൽ പ്രകടമാണ്. നൂറ്റാണ്ടുകളിലായി അഫ്ഗാനിസ്ഥാനിൽ ജീവിക്കുന്ന ഇവർ സാമൂഹിക ഇടപാടുകളിൽ നിന്നും മാറി നിൽക്കുന്നവരാണ്. ആറാം നൂറ്റാണ്ടിൽ തുർക്ക് വംശജർ മധ്യേഷ്യൻ പ്രദേശങ്ങൾ കീഴടക്കിയതോടെയാണ് അവരുടെ ആചാര – വിശ്വാസരീതിയായ ശാമാനിസം ഈ ഭാഗങ്ങളിൽ പരക്കുന്നത്. കൈനോട്ടവും പ്രവചനങ്ങളും അവരുടെ നിത്യചര്യകളിൽ പെട്ടതാണ്. ഹിന്ദു യോഗികളെപ്പോലെ ബ്രഹ്മചര്യം സ്വീകരിക്കുന്നു. സുഹ്റവർദീ ധാരയിലെ പ്രമുഖ സൂഫീ വര്യൻ ശൈഖ് ജലാലുദ്ദീൻ ബുഖാരിയിലേക്കു കണ്ണി ചേർക്കപ്പെട്ട ജലാലീ സൂഫീ പരമ്പരയിലും മലംഗുകൾ ധാരാളമുണ്ട്. ജലാലിമലംഗുകൾ സൈകിക് അനുഭവങ്ങൾ അവകാശപ്പെടുന്നവരാണ്.

മദാരീ ഫഖീറുകളുടെ പീറുമായുള്ള ബന്ധം അവരുടെ ജീവിത ശൈലികളിൽ പ്രതിഫലിച്ചിട്ടുണ്ട്. കൈകളില്ലാത്ത കുപ്പായം, തൊപ്പി, തസ്ബീഹ് മാലയും രുദ്രാക്ഷമാലയും മറ്റ് നിരവധി തരത്തിലുള്ള മാലകളും, കാൽത്തളകൾ, എന്നിവയാണ് പ്രധാനമായും അവർ ധരിക്കുന്നത്. ശിഷ്യത്വം സ്വീകരിക്കുന്ന സമയത്ത് ലഭിക്കുന്ന വേഷഭൂഷാദികളാണിവ. ഇവ പല തലമുറകളായി കാത്തു സൂക്ഷിക്കേണ്ടവയാണെന്നാണ് മദാരീ ഫഖീറുകൾ വിശ്വസിക്കുന്നത്. അവർ ബന്ധപ്പെട്ടു നിൽക്കുന്ന ദർഗക്കു ഉചിതമായ നിറമുള്ള വസ്ത്രമാണ് അവർ ധരിക്കുന്നത്. ഹസ്റത് ലാൽ ശഹ്ബാസ് ഖലന്ദറിൻ്റെ ദർഗയിൽ താമസിക്കുന്നവർ ചുവപ്പ് നിറമുള്ള വസ്ത്രമാണ് അണിയുന്നതെങ്കിൽ ഷാഹ് മദാറിൻ്റെ ദർഗയിലെ മലംഗുകൾ കറുത്ത വസ്ത്രധാരികളാണ്.

വിവിധ വസ്ത്രങ്ങൾ ധരിക്കാറുണ്ടെങ്കിലും പൊതുവായി മദാരീ ഫഖീറുകൾ കറുത്ത വസ്ത്രമാണ് ഉപയോഗിക്കാറുള്ളത്. നബി(സ) കറുത്ത പുതപ്പ് ഉപയോഗിച്ചിരുന്നുവെന്നതും കഅബശരീഫിന്റെ കിസ്‌വയുടെ നിറം കറുപ്പായതും ആണ് ഇതിൻ്റെ കാരണം. അവരുടെ തലപ്പാവും പതാകയും (കുതിരകളും പോലും) കറുത്ത നിറത്തിലുള്ളവയായിരുന്നു. ഷാഹ് മദാർ ശ്വാസം പിടിച്ചു നിർത്തുന്ന രീതി( മുഹമ്മദ് നബി(സ)യാണ് അദ്ദേഹത്തെ ഈ രീതി പഠിപ്പിച്ചതെന്നാണ് മദാരികൾക്കിടയിലെ ശ്രുതി) പിൽക്കാലത്ത് മദാരീ ഫക്കീറുകൾ ശീലമാക്കി മാറ്റി. ഇതു ആയുർദൈർഘ്യം വർദ്ധിപ്പിക്കുമെന്നാണ് അവരുടെ വിശ്വാസം.

അദ്ധ്യാത്മിക ലോകം പുൽകാനായി ഭൗതികലോകത്തെ സമ്പൂർണമായി വർജിക്കുക എന്നതാണ് മലംഗുകളുടെ സുപ്രധാന ആശയം. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യ പാദത്തിൽ ബംഗാൾ പ്രദേശങ്ങളിൽ താമസിച്ചിരുന്ന മദാരികൾ വിവാഹ ജീവിതം കൈകൊണ്ടവരായിരുന്നു എന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാരായ ബുക്കാനൻ, ആർ.എം മാർട്ടിൻ എന്നിവർ അഭിപ്രായപ്പെടുന്നു. ബംഗ്ലാദേശിലെ രംഗ്പൂർ, ദിനാജ്പൂർ പ്രദേശങ്ങളിൽ ഇവരെ നേരിൽ കണ്ടതായി ആർ.എം മാർട്ടിൻ എഴുതുന്നുണ്ട്. എങ്കിലും സിംഹഭാഗം മദാരികളും ബ്രഹ്മചര്യം തെരെഞ്ഞെടുത്തവരാണ്. അലി അലി എന്നുച്ചരിച്ച് മൗലവിയ്യ സൂഫികളുടേതിന് സമാനമായ നൃത്തമാടാറുണ്ട്.

സാധാരണ എല്ലാ സൂഫീ വിഭാഗങ്ങളെയും പോലെ അഹ്‌ലു ബൈത്തിനോടു അഗാധ പ്രണയം സൂക്ഷിക്കുന്ന മദാരി- മലംഗ് സൂഫികൾ മുഹറം ആഘോഷത്തിൽ പ്രത്യേകതരം വേഷവിധാനമാണ് സ്വീകരിക്കുന്നത്. ഇരുമ്പ് വളയം കോർത്ത ഒരു തുണികൊണ്ട് തല മറക്കുന്നു. വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾകൊണ്ട് അലംകൃതമാക്കുന്നു. തസ്ബീഹ് മാലകളാൽ കഴുത്തു നിറക്കുന്നു, വലതു  കണങ്കാലിൽ മണികളുള്ള നിറഞ്ഞ കാൽതളയണിയുന്നു,ശീഈ ദർഗ്ഗകളിലെ സന്ദർശനങ്ങളിൽ കാൽതള കിലുക്കി ശാഹ് മദാറിന്റെ നാമം ഉച്ചരിക്കുന്നു.പരലോകമോക്ഷത്തിനു ഇമാമുമാരുടെ ഇടപെടൽ അനിവാര്യമാണെന്നാണ് ഇവരുടെ വിശ്വാസം.

യൂനുസ് നബി(അ)യെ മത്സ്യം വിഴുങ്ങി പിന്നീട് ജീവനോടെ പുറത്തുവന്ന സംഭവം മദാരികൾക്കിടയിൽ മത്സ്യത്തിനു അഭൗതിക ശക്തിയുണ്ട് എന്ന വിശ്വാസം രൂപപ്പെടാൻ ഹേതുവായി. അവർ കൈയ്യിൽ സൂക്ഷിക്കുന്ന പതാകയിൽ മത്സ്യത്തിൻ്റെ രൂപകം കൊത്തിവെക്കാറുണ്ട്. മുഹമ്മദ് നബി(സ), അലി(റ), ഫാതിമ(റ), ഹസൻ(റ),ഹുസൈൻ (റ) എന്നിവരെ സൂചിപ്പിക്കുന്ന മനുഷ്യകരത്തിൻ്റെ ആകൃതിയിലുള്ള ഊന്നുവടി (പഞ്ച്തൻ) മദാരീ ഫഖീറുകൾ കൂടെ സൂക്ഷിക്കാറുണ്ട്. ഇതിൻ്റെ മറുവശത്ത് മത്സ്യത്തിൻ്റെ അടയാളവും കൊത്തിവെക്കാറുണ്ട്.ദണ്ഡ്, ചവണ, തകില്, ആട്ടിൻത്തോലുകൊണ്ടുള്ള സഞ്ചി, പണസഞ്ചി, ഒരു കത്തി എന്നിവയുമായാണ് മദാരീ ഫഖീറുകളുടെ യാത്രകൾ.

മദാരീ വിഭാഗങ്ങൾ

മദാരികൾ വിവിധ ഉപവിഭാഗങ്ങളായി മാറിയിട്ടുണ്ട്. മദാരിയ ഫഖീറുകൾ, ഖാദിമാൻ, ത്വാലിബാൻ (അഫ്ഗാനിസ്ഥാൻ – പാകിസ്താൻ മേഖലകളിലെ ദയൂബന്തീ  വിഭാഗമല്ല) ആശിഖാൻ തുടങ്ങിയവയാണ് പ്രബല വിഭാഗങ്ങൾ. ഷാഹ് മദാറിൻ്റെ ദർഗയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മദാറുകളെ ഖാദിമാൻ ( സേവകർ ) എന്നു വിളിക്കന്നു. ഷാഹ് മദാറിൻ്റെയും തീർത്ഥാടകരുടെയും ഇടയിലെ മധ്യവർത്തിയാണ് ഇവർ.മദാരികളിലെ ദിവാൻഗാൻ എന്ന വിഭാഗം വിഭിന്ന രീതികളിലാണ്

മരണാനന്തരചടങ്ങുകളെ സമീപിക്കുന്നത്. മദാരീ ഫഖീറുകൾ മരണപ്പെട്ട ഫഖീറിൻ്റെ നീണ്ട മുടി വെട്ടി മാറ്റുകയും ശേഷം ശരീരവും മുടിയും വിവിധയിടങ്ങളിൽ മറമാടുകയും ചെയ്യുന്നു. മദാരികൾക്കിടയിൽ പ്രസിദ്ധനായ മജ്നു ഷാഹിൻ്റെ പേരിൽ മക്കൻപൂരിൽ തന്നെ രണ്ട് ഖബറുകളാണുള്ളത്. സയ്യിദ് ജമാലുദ്ദീൻ മദാരിയെ അനുഗമിക്കുന്നവർ എന്ന നിലയിൽ മദാരീ ഫഖീറുകൾ മുടി നീട്ടി വളർത്തുന്നവരാണ്. ത്രിയേകത്വത്തിനു സമാനമായ വിശ്വാസം പുലർത്തുന്ന വിഭാഗമാണ് ഖിർഖപോഷ് മദാരികൾ. ദൈവം ആത്മാവും മുഹമ്മദ് അവന്റെ ശരീരവും മദാർ അവന്റെ ശ്വാസവും (ദം) ആണെന്ന് അവർ വിശ്വസിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയെ അപേക്ഷിച്ച് ബംഗാൾ, ബീഹാർ കേന്ദ്രീകരിച്ചാണ് ഇവർ അധിവസിച്ചിരുന്നത്.

മുസ്‌ലിം രാജവംശങ്ങൾ മദാരീ സൂഫികളെ അംഗീകരിക്കുകയും വിശിഷ്ട പദവികൾ നൽകിയിരുന്നതായും ചരിത്രത്തിൽ കാണാം. മുഗൾ സാമ്രാജ്യവുമായും അവർക്ക്  ബന്ധമുണ്ടായിരുന്നു. അക്ബർ ചക്രവർത്തി മദാരീ സൂഫീ നേതാക്കളെ ആദരിച്ചിരുന്നു. മുഗൾ ഭരണകാലത്ത് ജഹാംഗീർ ചക്രവർത്തിയും മദാരീ സൂഫികളെ പ്രോത്സാഹിപ്പിച്ചിരുന്നു. ബീഹാറിലെ മുഹമ്മദ് നഗർ പ്രദേശത്തു അവർക്കായി അദ്ദേഹം സൗകര്യമേർപ്പെടുത്തിക്കൊടുത്തിരുന്നു. ഷാജഹാൻ ചക്രവർത്തിയും ഗ്വാളിയോർ രാജകുമാരനും ദൽ മദാൽ, കറാക് – ബിൽജി എന്നറിയപ്പെടുന്ന തകിലുകൾ മദാരീ സൂഫികൾക്ക് സമ്മാനമായി നൽകിയിരുന്നു. ബീഹാറിൽ രൂപം കൊണ്ട മദാരീ സിൽസില ശർഖീ സൽത്തനത്തിൻ്റെ ഘട്ടത്തിൽ ജനകീയമായിത്തീർന്നുരുന്നു. ശർഖീ രാജവംശവും നൂഹാനീ ഭരണാധികാരി ദരിയാഖാൻ നൂഹാനിയും മദാരീ ധാരയെ അകമഴിഞ്ഞു പിന്തുണച്ചിരുന്നു.

18-19 നൂറ്റാണ്ടുകളോടെ മലംഗ് വിശാലാർഥത്തിൽ ഉപയോഗിക്കപ്പെട്ടു എന്ന് ജാനിസ് എസ്കോട്സ് എഴുതുന്നു. ശരീഅത് നിയമങ്ങൾ പാലിക്കാത്തതിനാൽ ദാതാ ഗഞ്ച് ബഖ്ഷ് ഖലന്ദരീ- മലംഗുകളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നു ശിഷ്യരോടു കൽപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ദാതാ ഗഞ്ച് ബഖ്ഷിൻ്റെ മഖ്ബറ മലംഗുകളുടെ വിഹാരകേന്ദ്രമാണിന്ന്. ശരീഅത് വിരുദ്ധ ജീവിതരീതികൾ സ്വീകരിക്കുന്നതിനാൽ ആൻ്റീനോമിയൻ( ബേ- ശറഅ ) സൂഫീകളിലൊന്നായാണ് ഈ ധാരയെ കണക്കാക്കുന്നത്.

പാകിസ്താനിലെ ഖലന്ദർ – മലംഗ്‌ സൂഫികളെക്കുറിച്ച് കാതറിൻ പ്രാറ്റ് എവിംഗ്  ‘Arguing Sainthood: Modernity, Psychoanalysis, and Islam’ ൽ വിശകലനം ചെയ്യുന്നുണ്ട്. ഖലന്ദർ- മലംഗുകൾ പാകിസ്താനിലെ മിസ്റ്റിക് ലോകത്തു ചെലുത്തിയ സ്വാധീനം ഈ കൃതിയിൽ വിവരിക്കുന്നുണ്ട്. നിലവിൽ അലഞ്ഞു തിരിയുന്ന എല്ലാ മിസ്റ്റികുകൾക്കും ‘മലംഗ് ‘ എന്ന് വിളിക്കപ്പെടുന്നതിനാൽ ഖലന്ദരികളെയും മലംഗ് സൂഫികളെന്നാണ് രചയിത്രി പരിചയപ്പെടുത്തുന്നത്.

‘Malangs of the Punjab: Intoxication or Adab as the Path to God’ എന്ന പഠനത്തിൽ കാതറിൻ പ്രാറ്റ് എവിംഗ് കൂടുതൽ സ്വതന്ത്രമായി പാകിസ്താനിലെ മലംഗുകളുടെ ജീവിതത്തെ അവലോകനം ചെയ്യുന്നു. ആൻ്റീനോമിയൻ ജീവിത ശൈലി പിന്തുടരുന്ന ഈ മലംഗുകളുടെ ജീവിതം, സമൂഹിക വ്യവഹാരങ്ങൾ, ആചാരങ്ങൾ എന്നിവ ഈ പഠനത്തിൽ  വിശദീകരിക്കുന്നുണ്ട്.

പരമ്പരാഗത സൂഫീ ധാരകളിൽ വ്യത്യസ്തമായി പിൻകാലങ്ങളിൽ  അവർക്കിടയിൽ ശ്രദ്ധേയരായ പണ്ഡിതരോ ഗഹനമായ രചനകളോ ദൃശ്യമല്ല. വ്യവസ്ഥാപിത സാമൂഹിക ജീവിതശൈലി സ്വീകരിക്കാൻ വിസമ്മതിച്ചതിൻ്റെ അനന്തരഫലമായിരുന്നു അത്. ശരീഅത്തിനോടുള്ള സമീപനത്തിൻ്റെ പേരിൽ മുഖ്യധാരാ സൂഫീ ത്വരീഖതുകൾ ഇവരെ അകറ്റി നിർത്തിയതു കാരണം ഇസ്‍ലാമിക വിജ്ഞാനീയങ്ങൾ ആർജിക്കുവാനും അവ പകർന്നു നൽകുവാനുമുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. മലാമതി- ഖലന്ദരീ ധാരകളെപ്പോലെ മുസ്‌ലിം സമൂഹത്തിൽ  അദ്ധ്യാത്മിക ലോകത്തിനു ബഹുവർണ്ണം നൽകുന്ന മിസ്റ്റിക്കുകളാണ് മദാരീ – മലംഗുകൾ.

One thought on “മദാരിയ്യ : മലംഗു സൂഫികളുടെ ആത്മീയ ലോകം

  1. പൊതുവെ സൂഫികളുമായി ബന്ധെട്ട പല പദങ്ങളും മന:സിലാക്കാൻ പ്രയാസമാണ്. പക്ഷെ ഇവിടെ ലളിതമായി വിശദീകരിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *