ബീമാപള്ളി: പതിനൊന്ന് വർഷങ്ങൾക്കിപ്പുറവും മുഴങ്ങുന്ന വെടിയൊച്ചകൾ

ബീമാപള്ളി വെടിവെപ്പ് നടന്ന് പതിനൊന്ന് വർഷം പിന്നിടുമ്പോഴും ‘പ്രബുദ്ധ കേരള’ത്തിന്റെ ഓർമയിൽ അത് എത്രത്തോളം തിരസ്കരിക്കപ്പെട്ടു കിടക്കുന്നുണ്ട് എന്നതിന്റെ രാഷ്ട്രീയത്തെ കൂടി ഉയർത്തി പിടിച്ചു കൊണ്ടാണ് ഇത്തരമൊരു സന്ദർഭത്തിൽ ബീമാപള്ളി വെടിവെപ്പ്‌ സംഭവത്തെ നാം ഓർക്കേണ്ടത്. കേരളത്തിൽ നടന്നിട്ടുള്ള വെടിവെപ്പുകളിൽ നിന്നെല്ലാം ബീമാപള്ളി വ്യത്യസ്തമാകുന്നതും അതിന്റെ ഓർമകൾക്ക് പോലും പ്രസക്തി ഇല്ലാതിരിക്കുകയും ചെയ്തതിൽ വരേണ്യമതേതര ബോധം പൊതുസമൂഹത്തിന് മേൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.

ഒരു സമുദായത്തെ പോപുലർ കലാവ്യവഹാരമായ സിനിമയിലൂടെ ‘അപരിഷ്‌കൃത’ ‘അക്രമോത്സുക’ ജനവിഭാഗമായി ചിത്രീകരിക്കുക മുഖേന അവർക്ക് മേൽ ഉണ്ടാകുന്ന എല്ലാത്തരം അക്രമങ്ങളെയും നീതിനിഷേധങ്ങളെയും സാധൂകരിക്കപ്പെടുന്നു എന്നത് കൂടിയാണ് ബീമാപള്ളി സംഭവം.

ബീമാപള്ളിയിൽ വെടിയേറ്റ് വീണവർ കലാപകാരികളും, വർഗീയവാദികളും കൂത്തുപറമ്പ് വെടിവെപ്പിൽ കൊല്ലപ്പെട്ടവർ രക്തസാക്ഷികളുമാകുന്ന  സവിശേഷ സാഹചര്യത്തെ മനസിലാക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ മതേതര ഇടതുപക്ഷം എത്രത്തോളം ബ്രാഹ്മണികലി പക്ഷപാതപരമാണ് എന്ന് ബോധ്യപ്പെടും. എന്ന് മാത്രമല്ല ഇവിടെ രൂപപ്പെടുത്തിയെടുത്ത ‘കേരള മോഡൽ’ എന്നുള്ളത് കേവലം വരേണ്യ ഇടതുപക്ഷത്തിന്റെ ചീട്ടുകൊട്ടാരങ്ങൾ മാത്രമാണ് എന്ന് തിരിച്ചറിയാനും സാധിക്കും.

ബീമാപള്ളി വെടിവെപ്പിൻ്റെ ഇരകൾ (image: Mediaone tv YouTube)

കീഴാള ജനവിഭാഗത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് കടന്ന് വന്നിട്ടുള്ള ബീമാപള്ളിയിലെ മുസ്‌ലിം സമുദായം അതേ കാരണങ്ങൾ കൊണ്ട് തന്നെ കുറ്റവാളികളാകുന്ന യുക്തി തിരുവിതാംകൂർ രാജഭരണം മുതൽക്കേ ഉള്ളതാണ് എന്ന് ബീമാപള്ളി വിഷയത്തിൽ ഡോകുമെന്ററി ചെയ്തിട്ടുള്ള അഡ്വ.ഹാഷിർ കെ മുഹമ്മദ് പറഞ്ഞു വെക്കുന്നുണ്ട്, അദ്ദേഹം എഴുതുന്നു: “ബീമാപള്ളി വെടിവെപ്പിന്റെ ഇരകൾ മുസ്‌ലിംകളും കടപ്പുറം നിവാസികളും ആയതിനാൽ അവർ കുറ്റവാളികളാണെന്ന മുൻവിധി തിരുവിതാംകൂർ രാജവംശ ചരിത്രത്തിന്റെ ഭാഗമാണ്‌. അതുകൊണ്ട് തന്നെ കൊളോണിയൽ പോലീസ് സംവിധാനത്തിന്റെ തുടർച്ചകൾക്ക് തന്നെയാണ് ബീമാപള്ളി വെടിവെപ്പിലൂടെ നാം സാക്ഷിയാവുന്നത്. കീഴ്ജാതി ജനങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്ന ചരിത്രം നിലനില്‍ക്കുന്ന ബീമാപള്ളിയില്‍ ആഭ്യന്തര കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടമാണ് അവരുടെ ജീവിതം. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ഈ ജനതയെ രണ്ടാംകിട പൗരന്മാരാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.”

കടലോര മുസ്‌ലിം സമൂഹം അപരിഷ്‌കൃതരായത് കൊണ്ട് നിയന്ത്രിക്കാൻ പ്രയാസമുള്ളതും എന്നാൽ ബ്രാഹ്മണൻ ആയതിന്റെ പേരിൽ കൊലപാതകിയായ ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐ.എ. എസ് ഉദ്യോഗസ്ഥനെ എളുപ്പത്തിൽ മെരുക്കിയെടുത്ത് പാപങ്ങൾ ‘കഴുകി കളഞ്ഞു’ സർവീസിൽ തിരിച്ചെടുക്കുന്ന അധീശവരേണ്യ ബോധത്തെ പരിഹസിക്കുന്നുണ്ട് റെനി ഐലിൻ. വെടിയുണ്ടകൾ തീർന്നു പോയത്കൊണ്ട് മാത്രം കുറച്ചു പേർക്ക് ജീവൻ ബാക്കിയായ രണ്ട് ഭരണകൂട ഭീകരതകളാണ് ജാലിയൻ വാലാബാഗും ബീമാപള്ളി വെടിവെപ്പും എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇവിടെ മുസ്‌ലിം ജനവിഭാഗം ഇരകൾ ആയത്കൊണ്ട് ഇതൊരു വർഗീയ വിഷയവും എന്നാൽ ഇതൊരു മുസ്‌ലിം കർതൃത സ്ഥാനത്ത് ഉൾപ്പെട്ട ഒരു വെടിവെപ്പ് ആയിരുന്നെങ്കിൽ ഇതൊരു ‘ഭീകരവാദ’ ‘തീവ്രവാദ’ പ്രവർത്തനമായി ചിത്രീകരിക്കപെടുന്ന ഒരു സ്റ്റേറ്റിന്റെ ഭാഗം ആണ് നമ്മൾ എന്ന ഡോ.കെ അഷ്റഫ് ചൂണ്ടിക്കാണിക്കുന്നു.

ബീമാപള്ളി പോലീസ് വെടിവെപ്പിനെ കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു എന്നതും ഈ വിഷയത്തിന്റെ പൊതുധാരണകളെ സ്വാധീനിച്ച ഒന്നാണ് മാധ്യമം, തേജസ് ഒഴികെയുള്ള ഒരു പത്രവും ഇതൊരു പോലീസ് വെടിവെപ്പാണ് എന്ന് പോലും റിപ്പോർട്ട് ചെയ്തില്ല. മാത്രമല്ല അതിന് ശേഷം വന്ന പല വസ്തുതാന്വേഷണ റിപ്പോർട്ടുകളും പോലീസ് വാദങ്ങളിലെ വൈരുധ്യങ്ങളെ വെളിച്ചത്ത് കൊണ്ട് വരുകയും ഇത് കൃത്യമായി ആസൂത്രണം ചെയ്ത സ്റ്റേറ്റ് പോലീസ് വയലൻസ് ആണ് എന്ന് തെളിയിക്കുകയും ചെയ്യുന്നു. ജില്ലാ കലക്ടർ താൻ വെടിവെപ്പിന് ഉത്തരവിട്ടിട്ടില്ല എന്ന പ്രസ്താവന ഇതിന്റെ പ്രകടമായ തെളിവുകളിൽ ഒന്നാണ്.

ബീമാപള്ളി ഇപ്പോഴും ഒരു പൊതുചർച്ചയായി നിലനിൽക്കാതിരിക്കുന്ന മറവിയുടെ രാഷ്ട്രീയ/സാമൂഹിക സാഹചര്യത്തിൽ ഇത്തരം ഓർമകൾ പുതുക്കൽ വലിയ ഒരു രാഷ്ട്രീയപ്രവർത്തനമാണ്. അതേസമയം നമ്മൾ നിരന്തരം പോരാടികൊണ്ടിരിക്കുന്നത് കൃത്യമായി വ്യവസ്ഥവത്കരിക്കപ്പെട്ട അധീശ വ്യവഹാരങ്ങളോടാണ് എന്നതും ഓർക്കേണ്ടതാണ്.

 

ആത്തിക്ക് ഹനീഫ്

Leave a Reply

Your email address will not be published. Required fields are marked *