ടി.ടി യുടെ കയ്യാങ്കളി

പിന്നെ കണ്ണു തുറക്കുന്നത് മുതുകത്തിട്ടുള്ള ടി.ടി യുടെ അഡാർ അടി കൊണ്ടാണ്. ഉണർന്നപാടെ അയാൾ യാതൊരു കരുണയുമില്ലാതെ ടിക്കറ്റ് ചോദിച്ചു. “ടിക്കറ്റ് കൺഫോം അല്ല”, ഞാൻ പറഞ്ഞു. “എങ്കിൽ പോയി ജനറലിൽ ഇരിക്ക്, അടുത്ത സ്റ്റേഷൻ കഴിഞ്ഞാൽ പിന്നെ ഇവിടെ കണ്ടു പോകരുത്”, അൽപം ചൂടോടെ അയാൾ മറുപടി പറഞ്ഞു. അതു കേട്ട് അന്തംവിട്ടു കുന്തം വിഴുങ്ങിയവനെപോലെ ഞാനിരുന്നു. രണ്ടുമാസം മുന്നേ ടിക്കറ്റ് എടുത്ത എന്നോട് ഒരിത്തിരി ദയ പോലുമില്ലാതെ ഉറക്കത്തിൽ നിന്നടിച്ചുണർത്തി ജനറലിൽ പോകാനോ! ഇതെവിടത്തെ ന്യായമെന്ന് ഞാനുമയാളോട് തട്ടി കേറി, അയാൾ തിരിച്ചും. മൂപ്പരെ കാണാൻ ഒരു ടി.ടിയുടെ ലുക്ക് ഒന്നുമില്ല. രണ്ടുണ്ടക്കണ്ണും അതിനു മേലെക്കൂടി ഒരു സോഡാ ഗ്ലാസ്സും വെച്ച്, ഒരു ഹാഫ് കൈ ഷർട്ടും പാന്റുമിട്ടൊരു ഐ. ഈ.ഡി ലുക്ക് ഉള്ള തടിയൻ. തോളിൽ ഒരു ചെറിയ ഹാന്റ്ബാഗും കൈയിൽ ഒരു പെറ്റിബുക്കും പേനയും. മെയിൻ ടി.ടി വരാതെ പോകില്ലെന്നു പറഞ്ഞ് ഞാനവിടെ ഇരുന്നു. പക്ഷേ എന്റെ ഭാഗ്യത്തിന് അയാളത് ശ്രദ്ധിച്ചില്ല. അപ്പുറത്തെ സീറ്റിലെ ടിക്കറ്റ്  ചെക്ക് ചെയ്യുകയായിരുന്നു അപ്പോൾ ആ തടിയൻ. അങ്ങനെയിരിക്കെയാണ് എന്റെ എതിർവശത്തിരിക്കുന്ന ആ വൃദ്ധൻ ഒരു പുഞ്ചിരിയോടു കൂടി നടന്നതൊക്കെ പറയുന്നത്: “അയാൾ (ടി.ടി) വന്ന പാടെ നിന്നെയാണാദ്യം തട്ടിവിളിച്ചത്. എന്നിട്ട് നമ്മളെല്ലാവരോടും ടിക്കറ്റ് ചോദിച്ചു. ഇവിടെ ഇരുന്നിരുന്ന 7,8 ബംഗാളികൾക്ക് ജനറൽ ടിക്കറ്റ് പോയിട്ട് ടിക്കറ്റ് തന്നെയില്ലായിരുന്നു. അവരോടൊക്ക ദേഷ്യപ്പെട്ടിറങ്ങി പോകാൻ പറഞ്ഞിട്ടും നീ മാത്രം എഴുന്നേറ്റില്ല. എന്നിട്ടും അയാൾ രണ്ടു മൂന്നു തവണ നിന്നെ മാന്യമായി വിളിച്ചു. അതിനു ശേഷമാണ് ചൂടായത്. എന്നിട്ട് നീ എണീറ്റപ്പഴോ, നിന്റെ ടിക്കറ്റും ശരിയല്ല”. അബദ്ധം മനസ്സിലാക്കിയ ഞാൻ പതുക്കെ അയാളെ പോയി കണ്ടു.

“ഈ ടിക്കറ്റ് എങ്ങനെയാ സാറേ കൺഫോം ആണോന്ന് അറിയുക” എന്ന് നൈസായിട്ട് ചോദിച്ചു. അതിന്റെ പി.എൻ.ആർ കോഡ്, റയിൽവേയുടെ ഏതോ ഒരു നമ്പറിൽ എസ്.എം.എസ് അയച്ചാൽ ടിക്കറ്റിന്റെ മുഴുവൻ വിവരങ്ങളും കിട്ടുമെന്ന് അയാൾ പറഞ്ഞു. അയാൾ പറഞ്ഞ പോലെ ഞാൻ എസ്.എം.എസ് അയച്ചു. ദാ കിടക്കുന്നു റിപ്ലൈ. സീറ്റ് കൺഫോം ആണ്. എസ്-10ൽ. ഞാനിരിക്കുന്നതോ എസ്-9ലും. അതുകൊണ്ട് എളുപ്പമായി. ഈ ഭാണ്ഡവും തൂക്കി അധികം നടക്കണ്ടല്ലോ. എന്നാൽ ഞാനപ്പോഴൊന്നും എസ്-10ലേക്ക് പോയില്ല. ഉറക്കക്ഷീണത്തിൽ അവിടെ തന്നെയിരുന്നു. പതുക്കെ ആ വൃദ്ധനുമായി ഞാൻ സംസാരത്തിൽ മുഴുകി. കമാൽ എന്നായിരുന്നു ആളുടെ പേര്. ആലുവയിലുള്ള മകളുടെ വീട്ടിൽ പോവുകയാണ് കമാലിക്ക. നിഷ്കളങ്കമായ അയാളുടെ ചിരിയായിരുന്നു ഹൈ-ലൈറ്റ്. ഒരുപക്ഷേ എസ്-10ലെ എന്റെ സീറ്റിലേക്ക് പോകാൻ എന്നെ അനുവദിക്കാത്ത കാരണമതായിരിക്കും. കമാലിക്ക ബല്യ ട്രാവലർ ഒന്നുമല്ലങ്കിലും നോർത്തിലെ അത്യാവശം സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്. ഇക്കാടെ മകളുടെ ഡൽഹി പഠന കാലത്തായിരുന്നു അതൊക്കെ. പിന്നെ സൗത്തിലെ ഏതാണ്ട് മുഴുവൻ സംസ്ഥാനങ്ങളും. 

അങ്ങനെ ഇടക്ക് സംസാരം മുറിഞ്ഞ് നിശബ്ദത വാചാലമായപ്പോൾ ഞാൻ പ്രാതൽ ശാപ്പിട്ടു.ലക്നൗ പഠനകാലത്തെ യാത്രകളെക്കു’റിച്ച് സീനിയർ ജ്യേഷ്ഠന്മാർ’ പറയുമ്പോഴൊക്കെ, അവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്ന ഒന്നാണ് ‘മൂന്നു ദിവസത്തെ ഭക്ഷണം മുൻകൂട്ടി കരുതൽ’ എന്നത്. കേരളം വിട്ടാൽ ഒരുപക്ഷേ റയിൽവേയിൽ ലഭ്യമായ ഭക്ഷണങ്ങൾ നമുക്കത്ര രസിച്ചെന്നു വരില്ല. പക്ഷേ ഇന്നലത്തെ തിരക്കിനിടയിൽ ഫുഡ് പാക്ക് ചെയ്യുന്ന കാര്യം ഞാൻ മറന്നു. രാത്രി ‘നപ്പി’യെ (ലക്‌നൗവിലെ ജ്യേഷ്ഠൻ) വിളിച്ചപ്പോഴാണ് ഇക്ക ഈ കാര്യം ഓർമപ്പെടുത്തിയത്. അതും 11 മണിക്ക്. അപ്പോൾ തന്നെ അടുത്തുള്ള ഒരു ബേക്കറിയിൽ നിന്ന് 6 സ്വീറ്റ് പൊറോട്ടയും ഫുഡ് കോർട്ടിൽ നിന്ന് 10 ചൂട് ചപ്പാത്തിയും വാങ്ങി. അതിൽ നിന്നു മൂന്നു ചപ്പാത്തിയും വെള്ളവും നാസ്തക്ക് തട്ടി. കമാലിക്കാക് സ്വീറ്റ് പൊറോട്ട കൊടുത്തെങ്കിലും ഒരുവിധത്തിൽ ആൾ കഴിക്കാൻ കൂട്ടാക്കിയില്ല. ചുവപ്പ് ഷർട്ട് ധരിച്ച ബംഗാളികളായിരുന്നു ട്രെയിനിലെ വെയിറ്റർമാർ മുഴുവനും. അതുകൂടാതെ അവർ സപ്ലൈ ചെയ്യുന്ന മുഴുവൻ ഭക്ഷണങ്ങളും വടക്കൻ വിഭാവങ്ങളായിരുന്നു. നോർത്ത് ഇന്ത്യൻ സമൂസ+പച്ചമുളക്, മസാലാ ടീ, ചോർ/ദാൽ അങ്ങനെ അങ്ങനെ.

ചില ലോക്കൽ സ്റ്റേഷനുകളിൽ നിന്നു കേറുന്ന ചില മലയാളി ചില്ലറ കച്ചവടക്കാരായിരുന്നു ഏക ആശ്വാസം. പണ്ടേ റയിൽവേ ഭക്ഷണങ്ങളോട് എനിക്ക് വല്യ പ്രിയം ഇല്ല താനും. അതുകൂടാതെ അധിക വെയിറ്റർമാരും, പ്രത്യേകിച്ച് ഈ തീവണ്ടിയിൽ ഞാൻ കണ്ട പകുതിയിലേറെ വരുന്ന ബംഗാളികളും, ഓരോ ബോഗി കഴിയുന്തോറും ചുണ്ടു നിറയേ പാൻ മസാല നിറച്ചു കൊണ്ട് സെർവ് ചെയ്യുന്ന രീതി എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഈ ദയനീയ അവസ്ഥ ഓർത്ത് ലേശം ഖേദത്തോടെ ഇരുന്നപ്പോഴാണ് കമാലിക്ക ഒരു മസാല ടീ വാങ്ങിയത്. പെട്ടെന്ന് എനിക്ക് ചിരി വന്നു. ഇക്ക ഒരു ചായ എനിക്കായി നീട്ടി. പക്ഷേ അതിനോട് വല്യ കമ്പമില്ലെന്നു പറഞ്ഞ് ഞാനത് നിരസിച്ചു. അങ്ങനെ കമാലിക്കാന്റെ ഒരോ കഥകളും കേട്ട് അതിനൊപ്പം എന്റെ ബഡായികളുമൊക്കെയായി ആലുവ എത്തുന്നവരെ സമയം പോയതറിഞ്ഞില്ല. പുഞ്ചിരിതൂകി ഒരു സലാമും പറഞ്ഞ് കലാമിക്ക പ്ലാറ്റ്ഫോമിൽ ഇറങ്ങി. വാതിൽക്കൽ നിന്ന് ഞാൻ ഇക്ക പോകുന്നത് ദൃഷ്ടിയിൽ നിന്നു മറയുന്നതു വരെ നോക്കി നിന്നു.മെല്ലെ ഞാനെന്റെ ബാഗുകളും മറ്റുമെടുത്ത് എസ്-10ലെ എന്റെ സീറ്റിലേക്ക് നടന്നു

 

(തുടരും)

2 thoughts on “ടി.ടി യുടെ കയ്യാങ്കളി

  1. ഞാൻ ഒരു വർഷം കഴിഞ്ഞാണ് ഇത് കാണുന്നെ…
    അയിന്ന് മുമ്പ് വരെയുള്ളതൊക്കെ മുറ പോലെ വായിച്ചു കൊണ്ടിരുന്ന എനിക്ക് ഒന്ന് ക്ലിയർ ആയിട്ട് ഒന്ന് പേഴ്സണൽ ആയി അയച്ചു തരുമോ

Leave a Reply

Your email address will not be published. Required fields are marked *