ഒറ്റനോട്ടത്തിൽ കരുതിയത് ‘മെയ്ൻ കാംഫ്’ ആണെന്നായിരുന്നു. രണ്ടഗ്രങ്ങളും കൃത്യമായ അളവിൽ ചെത്തിമാറ്റിയ ഹിറ്റ്ലർ മീശവെച്ച ‘തെണ്ടി'(ചാപ്ലിന്റെ വിഖ്യാത കഥാപാത്രം) യുടെ കവർ ചിത്രമുള്ള പുസ്തകം ഒരാളെ അങ്ങനെ തോന്നിപ്പിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. വായിക്കണമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചോ മറ്റാരെങ്കിലും പറഞ്ഞുകേട്ടതിന്റെ പുറത്തോ അല്ല, ചാർലി ചാപ്ലിന്റെ ആത്മകഥ കയ്യിലെടുക്കുന്നതും ആദ്യാന്തം വായിച്ചു തീർക്കുന്നതും. വീട്ടിലെ ലൈബ്രറിയിൽ അപ്രതീക്ഷിതമായാണ് ആ പുസ്തകം കണ്ടുകിട്ടുന്നത്. ജീവചരിത്രങ്ങൾ താരതമ്യേന ഒരുപാടുള്ള ലൈബ്രറിയിൽ പക്ഷേ, ആത്മകഥയായി അഗ്നിച്ചിറകുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തേതാണ് ചാപ്ലിന്റെ ആത്മകഥ. ഈ കൊറോണക്കാലത്ത് വായിക്കാൻ തക്ക പുതിയ പുസ്തകങ്ങളൊന്നും ഇല്ലാത്തതും ലോകത്തെ കോമാളിച്ചേഷ്ഠകളാൽ ചിരിപ്പിച്ച ഒരു കലാകാരന് ആത്മകഥയെഴുതാൻ മാത്രം എന്തുണ്ടാവുമെന്ന ആകാംക്ഷയും ഒടുവിൽ ആ പുസ്തകം എന്നെക്കൊണ്ട് വായിപ്പിക്കുക തന്നെ ചെയ്തു.
ലോകത്തെ ചിരിപ്പിച്ച, ഇപ്പോഴും ചിരിപ്പിക്കുന്ന ചാപ്ലിന്റെ ആത്മകഥ പക്ഷേ, ആരെയും ചിരിപ്പിക്കാനുള്ളതായിരുന്നില്ലെന്ന് തീർച്ച. ചിരിയുടെ പൂവിടരുമ്പോഴും ചതുപ്പുനിലങ്ങളിൽ പൂച്ചെടിയുടെ വേരുകളാഴ്ന്നുകിടക്കുന്നതാരും കണ്ടില്ല.
ജീവിതത്തിന്റെ വിളറി വെളുത്ത യാഥാർത്ഥ്യങ്ങളുമായുള്ള നിരന്തരമായ സംഘർഷങ്ങളിലൂടെ ചാപ്ലിനും ജ്യേഷ്ഠനായ സിഡ്നിയും ബാല്യകൗമാരങ്ങൾ കടന്നു പോകുന്നത്. അമ്മയോടൊത്തുള്ള ബാല്യത്തിന്റെ ആട്ടക്കഥകളിൽ പ്രധാന വേഷങ്ങളിലെത്തിയത് അനാഥത്വവും വിശപ്പുമായിരുന്നു. ഈ അനുഭവങ്ങൾ തന്നെയായിരുന്നു ചാപ്ലിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചതും തന്റെ രാഷ്ട്രീയ നിലപാടുകൾ രൂപപ്പെടുത്താൻ കരുത്തായതും.
ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൂടെക്കൂടെ മാറുന്നതായിരുന്നു ചാപ്ലിന്റെ താമസസ്ഥലങ്ങൾ. പിഞ്ഞിപ്പറിഞ്ഞ് കണ്ടംതുന്നിയ മുഷിഞ്ഞ വസ്ത്രങ്ങൾ അന്നേ കോമാളിയെപ്പോലെ തോന്നിപ്പിച്ചെങ്കിലും മുഖത്ത് ചമ്മലായിരുന്നു ഭാവം എന്ന വ്യത്യാസം മാത്രം. ചില്ലറ വിൽപനക്കാരനായും പരിചാരകനായും കണ്ണാടി വാർപ്പു പണിക്കാരനായും അച്ചടിത്തൊഴിലാളിയായും ജീവിതത്തിന്റെ പരുക്കൻവേഷങ്ങൾ ചാപ്ലിന് പുതുമയുള്ളതായിരുന്നില്ല.
തെരുവുകളേക്കാൾ, തൊഴിൽശാലകളേക്കാൾ, വാടക വീടുകളേക്കാൾ ചാപ്ലിനും സിഡ്നിയും അനാഥാലയത്തിന്റെ ചുറ്റുമതിലുകൾക്കുള്ളിലായിരുന്നു അധികസമയവും, അമ്മ ഭ്രാന്താലയത്തിലും. ആ അമ്മ തന്നെയായിരുന്നു ചാപ്ലിന്റെ ശക്തിയും കരുത്തും. വിശപ്പ് സഹിച്ച് സഹിച്ച് ഭ്രാന്തായിപ്പോയ അമ്മക്ക് അർഹിച്ച വിവരണമോ വിശേഷണമോ നൽകാൻ തനിക്ക് കഴിഞ്ഞില്ലെന്ന് ചാപ്ലിൻ പറയുന്നുണ്ട്. അമ്മയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇത്രയുമായിരുന്നു ‘പാപികളെ സ്നേഹിച്ച, ദയയും സഹാനുഭൂതിയുമുള്ള മതവിശ്വാസി’, ‘ചുമതലകൾ സമഗ്രതയിൽ നിറവേറ്റിയ സ്ത്രീ’. സ്വപ്നം കാണാൻ പഠിപ്പിച്ചത് അമ്മയാണ്. രോഗങ്ങളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് സ്വതന്ത്രമായി അമ്മ യാത്രയാകുമ്പോഴേക്കും ചാർലി ചാപ്ലിനെന്ന കലാകാരൻ പ്രശസ്തിയുടെ നിംനോന്നതങ്ങൾ കീഴടക്കിയിരുന്നു.
അമേരിക്കയിലും പുറത്തും വിശ്രുതനായ കൊമേഡിയനായിരിക്കുമ്പോഴും തന്റേതായ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ കലാകാരൻമാരിൽ പ്രഥമസ്ഥാനീയനാണ് ചാപ്ലിൻ. മുതലാളിത്തത്തിന്റെ മനുഷ്യത്വമില്ലായ്മയും തൊഴിലാളി സമരങ്ങളും ഫാസിസത്തിന്റെ ഭീകരതയും പ്രമേയമാക്കി ചാപ്ലിൻ വിവിധ വേഷങ്ങളിൽ വേദി നിറഞ്ഞാടി. 1917 ൽ റഷ്യയിൽ തൊഴിലാളി വർഗം അധികാരച്ചെങ്കോൽ പിടിച്ചപ്പോൾ മുതലാളിത്തത്തിന്റെ മുറ്റത്ത് നിന്ന് അതാഘോഷിക്കുകയായിരുന്നു ചാപ്ലിൻ. സോവിയറ്റ് അനുകൂലികൾ അമേരിക്കയിൽ വേട്ടയാടപ്പെടുന്ന കാലത്താണിതെന്ന് കൂടിയോർക്കണം. ഉന്നതിയുടെ കൊടുമുടി കേറിയപ്പോഴും അടിസ്ഥാന വർഗങ്ങളോടൊപ്പം, അവരുടെ ആവശ്യങ്ങളോടൊപ്പം നിന്ന ചാപ്ലിനെയാണ് മാനവകുലം ഓർത്തെടുക്കുന്നത്. സാർവ്വദേശീയതയായിരുന്നു ചാപ്ലിൻ രാഷ്ട്രീയത്തിന്റെ കാതൽ. വംശീയവും ഭൂമിശാസ്ത്രപരവുമായ ഭിന്നതകളെ ജനാധിപത്യത്തിന്റെ സമഗ്രത കൊണ്ട് അതിജയിക്കാനാകുമെന്ന് അയാൾ വിശ്വസിച്ചു.
ഹിറ്റ്ലറും ചാപ്ലിന്റെ ‘തെണ്ടി’യും തമ്മിലുള്ള മീശയിലെ രൂപസാദൃശ്യത നേരത്തെ പറഞ്ഞല്ലോ. ആ സാമ്യതയാണ് വിശ്വവിഖ്യാത നാസിവിരുദ്ധ ചിത്രമായ ‘ദ ഗ്രേറ്റ് ഡിക്റ്റേറ്ററി’ന്റെ പിറവിക്ക് പോലും കാരണമായത്. ഈ ചിത്രം ഫാസിസത്തെയും ഹിറ്റ്ലറെയും ട്രോളിപ്പരിക്കേൽപിച്ചു. ജർമനി, ഇറ്റലി എന്നിവിടങ്ങളിലെ ഹിംസാത്മക ഫാസിസ്റ്റധികാരങ്ങളെ യുദ്ധഭീതി കാരണം കണ്ടില്ലെന്ന് നടിക്കുന്ന ലോകക്രമത്തിന് ചിത്രം മുന്നറിയിപ്പായി. വധഭീഷണികളെയും അധികാരവർഗ താൽപര്യങ്ങളെയും സെൻസർഷിപ്പിനെയും അതിജീവിച്ച ചിത്രം ചരിത്രമായി, നാസി വിരുദ്ധ പോരാട്ടങ്ങളിലെ പൊൻതൂവലായി.
വിശ്വചരിത്രത്തിലെ വിപ്ലവനായകരുമായുള്ള ചാപ്ലിന്റെ കൂടിക്കാഴ്ചകളിലും സന്ദർശനങ്ങളിലും ചാപ്ലിൻ തന്റെ ശരിയായ രാഷ്ട്രീയ നിലപാട് പറയുന്നുണ്ട്. ലണ്ടനിൽ ഉണ്ടായിരുന്ന സമയത്ത് ചാപ്ലിൻ ഗാന്ധിജിയെ കാണുന്നത് ആത്മകഥയിൽ പ്രാധാന്യത്തോടെ തന്നെ പരാമർശിക്കുന്നുണ്ട്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിലിന്റെ അടുത്ത് നിന്നാണ് ചാപ്ലിൻ ഗാന്ധിയെ കാണാൻ പോകുന്നത്. ഗാന്ധിജിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഇന്ത്യ നമുക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് വിൻസ്റ്റൺ ചർച്ചിൽ ഗാന്ധിജിയെ കാണാൻ പോകും മുമ്പ് പറയുന്നുണ്ട്. അതിന് അദ്ദേഹം കൊടുത്ത മറുപടി ‘ജയിലിലടക്കുക എന്നത് വളരെ എളുപ്പമാണ്. പക്ഷേ നിങ്ങൾ ഒരു ഗാന്ധിയെ തടവിലിട്ടാൽ മറ്റൊരു ഗാന്ധി ഉയർന്നു വരും. ഇന്ത്യൻ ജനത ആഗ്രഹിക്കുന്ന ഒരു പ്രതീകമാണ് അദ്ദേഹം’. ഗാന്ധിയൻ ദർശനങ്ങളോട് ചാപ്ലിന് വിയോജിപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും യന്ത്രങ്ങളോടുള്ള ഗാന്ധിജിയുടെ എതിർപ്പിനെ കൂടിക്കാഴ്ചയിൽ ചാപ്ലിൻ ചർച്ചാവിഷയമാക്കി. അതിന് ഗാന്ധി നൽകിയ മറുപടി പ്രസക്തമാണെന്ന് ചാപ്ലിൻ ആത്മകഥയിൽ ഓർമ്മപ്പെടുത്തുന്നുണ്ട്. യന്ത്രത്തെ പരോപകാരാർത്ഥം ഉപയോഗിച്ചാൽ അതു മനുഷ്യനെ അടിമത്വത്തിൽ നിന്നും മോചനം നേടാൻ സഹായിക്കും. പക്ഷേ ഇന്ത്യൻ ജനത ആ ലക്ഷ്യം നേടണമെങ്കിൽ അതിന് മുമ്പ് അവർ ആദ്യമായി ഇംഗ്ലീഷ് ഭരണത്തിൽ നിന്ന് വിടുതൽ നേടണം. ആ ആശ്രയത്തിൽ നിന്ന് ഞങ്ങൾക്ക് രക്ഷപ്പെടാനുള്ള ഏക വഴി യന്ത്രനിർമ്മിതമായ സർവ്വ വസ്തുക്കളും ബഹിഷ്കരിക്കുക എന്നതാണ്.
മനുഷ്യനെക്കുറിച്ച് സംസാരിക്കുന്ന ഒരു ആത്മകഥയാണ് ചാപ്ലിന്റെ ആത്മകഥ. അദ്ദേഹത്തിന്റെ സംഭാഷണങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള പഠനങ്ങളും കൂടെ ചേർത്തിട്ടുണ്ട്. പാപ്പിയോൺ ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അജിത് കുമാറാണ് എഡിറ്റർ. എൻ മൂസകുട്ടിയാണ് ആത്മകഥ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.
ജാബിർ കാരേപറമ്പ്