1. നെഹ്‌റു കുടുംബം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ എത്രമാത്രം നശിപ്പിച്ചിട്ടുണ്ട്? അല്ലെങ്കിൽ വിജയിപ്പിച്ചിട്ടുണ്ട്?
Ans. ചോദ്യത്തിനകത്ത് ഞാൻ കാണുന്ന ഒരു പ്രധാനപ്പെട്ട പരിമിതിയെന്നത് , ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിജയപരാജയങ്ങൾ എന്ന് പറയുന്നത് ഒരു കുടുംബത്തിന്റെ മാത്രമോ അതിന്റെ മാത്രം അടിസ്ഥാനത്തിലോ വിലയിരുത്തപ്പെടേണ്ട ഒന്നല്ല. അത്, അതാതുകാലത്തെ രാഷ്ട്രീയമായും സാമൂഹികമായും ഉള്ള സാഹചര്യങ്ങളുടെ അടിസ്ഥാനം ഉൾകൊണ്ടുള്ളതാണ് . നെഹ്‌റു കുടുംബത്തെ പലപ്പോഴും നെഹ്‌റു ഡൈനാസ്റ്റി എന്നൊക്കെ വിശേഷിപ്പിക്കുന്ന ആൾക്കാരുണ്ട്. അതൊരു വംശഗാഥയായിട്ടും വിശേഷിപ്പിക്കുന്ന ആൾക്കാരുണ്ട്. ഞാനൊക്കെ വളരെ തുടക്കത്തിൽ അതിനെ വളരെ നെഗറ്റീവ് ആയി കാണുകയും, ഒരു കുടുംബാധിപത്യം എന്നൊക്കെ വിചാരിക്കുകയും ചെയ്തിരുന്ന ഒരാൾ ആണ്. പക്ഷെ, എന്തുകൊണ്ടാണ് എപ്പോഴും സംഘപരിവാറിനെ സംബന്ധിച്ച് നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെയുള്ള ആളുകൾ അവരുടെ ആദ്യത്തെ ടാർഗറ്റ് ആയി മാറുന്നത് എന്ന് നമ്മൾ രാഷ്ട്രീയപരമായി ആലോചിക്കേണ്ടതുണ്ട്. തൊണ്ണൂറുകളിൽ സോണിയാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന് സംഘപരിവാർ ഉയർത്തിയ ആദ്യത്തെ മുദ്രവാക്യം രാമരാജ്യമോ, റോമരാജ്യമോ എന്നുള്ളതാണ്. അതുപോലെ നെഹ്‌റുവിനെ കുറിച്ച് ഇപ്പോഴും തുടരുന്ന വിമർശനങ്ങൾ എന്ന് പറയാൻ കഴിയില്ല അധിക്ഷേപങ്ങളുടെ ഒരു വലിയ ശൃ൦ഗല നോക്കുകയാണെങ്കിൽ കാശ്മീരി പണ്ഡിറ്റുകളായ നെഹ്‌റുവിന്റെ മകൾ ഇന്ദിരാഗാന്ധിയെ വിവാഹം കഴിച്ചത് ഒരു പാഴ്‌സിയെ ആണ്. ഇന്ദിരാഗാന്ധിയുടെ മകൻ രാജീവ് ഗാന്ധി റോമിലെ കാത്തലിക് കുടുംബത്തിൽ പെട്ട ഒരു സ്ത്രീയായ സോണിയ ഗാന്ധിയെ വിവാഹം കഴിക്കുന്നു. അങ്ങനെ സംഘപരിവാറിന്റെ ഭാഷയിൽ വിശേഷിപ്പിച്ചാൽ തലമുറകളായി ലൗജിഹാദ് നടന്നു കൊണ്ടിരിക്കുന്ന കുടുംബമാണ് നെഹ്‌റു കുടുംബം എന്ന് നമ്മൾ കാണണം.
2. എന്തുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരു പ്രതീക്ഷയായി മാറാൻ സാധിക്കാത്തത്. അതല്ലെങ്കിൽ ഫാസിസത്തിനെതിരെ ഒരു പൊതുസഖ്യം രൂപീകരിക്കാൻ സാധിക്കുന്നില്ല?
Ans. കോൺഗ്രസിന് സഖ്യങ്ങൾ രൂപീകരിക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നതിനേക്കാൾ കോൺഗ്രസ്സ് രൂപീകരിക്കുന്ന സഖ്യങ്ങൾ പലതും ഈ സംഘപരിവാർ കാലത്ത് വേണ്ടത്ര ഫലപ്രാപ്തിയിലെത്തുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം. ഒരു പക്ഷേ ഇന്ത്യൻ കോൺഗ്രസ്സിന്റെ ചരിത്രത്തിൽ, ഏറ്റവും സർഗാത്മകമായ സഖ്യപ്രക്രിയകൾ കൊണ്ട് നാളിതുവരെ കോൺഗ്രസ്സിന്റെ പരിഗണനയിൽ വരാതിരുന്ന ജനവിഭാഗങ്ങളെ സാമൂഹികമായും രാഷ്ട്രീയമായും കോൺഗ്രസ്സിന്റെ കാഴ്ചവട്ടത്തിൽ എത്തിചേർന്നിട്ടില്ലാത്ത ഗ്രൂപ്പുകളുമായി, സഖ്യത്തിന് ശ്രമിച്ചത് രാഹുൽ ഗാന്ധിയുടെ കാലത്താണ്. നമ്മൾ കാണേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ജിഗ്നേഷ് മേവാനിയെ പോലൊരാൾ ഗുജറാത്തിനകത്ത് “പ്യാർ, ഇഷ്ക്,മുഹബ്ബത്ത്” എന്ന മുദ്രാവാക്യവുമായി മുന്നോട്ടു വരുമ്പോൾ കോൺഗ്രസ്സ് അവിടെ സിറ്റിങ് സീറ്റിലാണ് അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള ആ അർത്ഥത്തിലുള്ള സീറ്റ് വിട്ടുകൊടുത്തു കൊണ്ട് അത്തരമൊരു സഖ്യം യാഥാർത്ഥ്യമാകുന്നത്. അവിടത്തെ പ്രാദേശികമായ പല എതിർപ്പുകളേയും ഘടകങ്ങളെയുമൊക്കെ അതിജീവിച്ചു കൊണ്ട് രാഹുൽ ഗാന്ധിയുടെ മുൻകയ്യിൽ നടന്നൊരു പ്രക്രിയയാണത് . ആ അർത്ഥത്തിൽ പോലും ജിഗ്നേഷ് മേവാനിയ്ക്ക് സ്വന്തം സിറ്റിങ്ങ് സീറ്റ് വിട്ടുകൊടുത്തു കൊണ്ട് സഖ്യം സ്ഥാപിക്കാനുള്ള സമീപനം, മേവാനിയുടെ വോട്ടിന്റെ അടിസ്ഥാനം എന്നതിനേക്കാൾ കോൺഗ്രസ്സ് മുന്നോട്ടു വെക്കുന്ന ഒരു മെസ്സേജ് ആണ്. സിവിൽ സൊസൈറ്റി രാഷ്ട്രീയത്തിന് ഞങ്ങൾ ഇങ്ങനെയാണ് പ്രതികരിക്കാൻ പോകുന്നതെന്നർത്ഥത്തിലുള്ള ഒരു മെസ്സേജ്, അത് വളരെ കൃത്യമായി രാഹുൽ ഗാന്ധി മുന്നോട്ടു വെക്കുന്നുണ്ട്.
3. കോൺഗ്രസിന് അകത്തുള്ള മൃദു ഹിന്ദുത്വ സമീപനം, അത് കോൺഗ്രസിന്റെ പ്രാധാന്യത്തെയും ശക്തിയെയും ഇന്നത്തെ രാഷ്ട്രീയത്തിൽ നശിപ്പിച്ചു കളയുന്നു. എന്ത് കൊണ്ട് മൃദുഹിന്ദുത്വ സമീപനത്തിൽ നിന്ന് കോൺഗ്രസിന് രക്ഷപ്പെടാൻ സാധിക്കുന്നില്ല?
Ans. കേരളത്തിൽ സി.പി.എംന് അകത്ത് ഹിന്ദുത്വ താല്പര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് നമുക്കറിയാം. അത് കേരളത്തിലും ബംഗാളിലും ത്രിപുരയിലുമൊക്കെ അത്തരത്തിലുള്ള അനുഭവങ്ങളുണ്ട് . കോൺഗ്രസ്സ് വലിയ പാർട്ടിയാണ് എന്നതിനാൽ എല്ലാ സംസ്ഥാനങ്ങളിലും അതിന്റെ വ്യാപ്തി വളരെ വലുതായിരിക്കും. ഈ അടിസ്ഥാനത്തിലാണ് അത് പ്രവർത്തിക്കുന്നതും. ഇതെല്ലാ കാലത്തും കോൺഗ്രസിന് അകത്ത് ഉണ്ടായിരുന്നു എന്നുള്ളതാണ്. കാരണം, ഡോ :ബി.ആർ അംബേദ്കർ, നെഹ്‌റുവിന്റെ ആദ്യത്തെ മന്ത്രി സഭയിൽ ഉണ്ടായിരിക്കുമ്പോൾ തന്നെ ശ്യാം പ്രസാദ് മുഖർജി ഉണ്ടായിരുന്നു. പക്ഷെ, അന്നൊക്കെ അതിനെ ശക്തമായി എതിർക്കുന്ന കൌണ്ടർ റെലവൻസ് കൂടി വളരെ സജീവമായിരുന്നു എന്നുള്ളതാണ്. ഇപ്പോൾ പോലും രാഹുൽ ഗാന്ധിയെ പോലുള്ള ഒരാളുടെ രാഷ്ട്രീയ സാന്നിധ്യം, ഉദാഹരണത്തിന് കാശ്മീർ വിഭജനത്തോട് അനുബന്ധിച്ച് അദ്ദേഹമെടുത്ത രാഷ്ട്രീയ സമീപനം. ഇവിടെയെല്ലാമുള്ള കോൺഗ്രസ്സ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടായ തങ്ങൾക്ക് ഇഷ്ടമുള്ളവർക് പോകാം എന്നുള്ളത് അന്ന് തന്നെ ജ്യോതി രാദിത്യ സിന്ധയെ പോലുള്ള ആളുകളോട് രാഹുൽ ഗാന്ധി പറഞ്ഞിരുന്നതാണ്. അപ്പോൾ കൃത്യമായ അത്തരമൊരു കോൺഗ്രസ്സ് പോലൊരു വലിയ പാർട്ടിയിൽ അത്തരം ആശയ സമരങ്ങളിലൂടെ മുന്നോട്ട് പോകുക, എന്നുള്ളതാണ് യാഥാർത്ഥ്യം. മറ്റ് ഇടതു പാർട്ടികളെ സംബന്ധിച്ച് അത്തരമൊരു ആശയ സമരം പോലും നടക്കാനുള്ള സാധ്യത ഇല്ലെന്നാണ് അതിന്റെ പരിമിതി.
4. മൈനോരിറ്റി അവകാശങ്ങൾക്ക് വേണ്ടി കോൺഗ്രസ്സ് പലപ്പോഴും പിന്തിരിപ്പൻ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ പല രാഷ്ട്രീയ സന്ദർഭങ്ങളും അതിന് തെളിവാണ്. എപ്പോഴാണ് കോൺഗ്രസ്സ് വേണ്ട രീതിയിൽ പ്രതികരിക്കാൻ തയ്യാറാവുക?
Ans. പല സന്ദർഭങ്ങളിലും മൈനോരിറ്റിയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ, നിഷേധാത്മകമായ ചില കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്. പക്ഷെ അപ്പോൾ പോലും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങളെ,അതിനർത്ഥം ന്യൂനപക്ഷ മത വിഭാഗങ്ങളെ എന്നുള്ള അർത്ഥത്തിൽ മാത്രം അല്ല. ഭാഷാ ന്യൂനപക്ഷങ്ങൾ, വംശീയ ന്യൂനപക്ഷങ്ങൾ, തുടങ്ങിയവകൂടിയാണ്. ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങളെ സമാഹരിക്കുന്ന പാർട്ടി കോൺഗ്രസ്സ് ആണ്, മാത്രമല്ല, അതിന്റെ വളരെ തുടക്കം തൊട്ട്, ഏകീകൃത സിവിൽകോഡിന്റെ കാര്യത്തിൽ പോലും വ്യക്തിപരമായ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം എന്ന അഭിപ്രായം ഉള്ളൊരു ആൾ കൂടിയായിരുന്നു നെഹ്‌റു. പക്ഷെ പാകിസ്ഥാൻ രൂപീകരണം സൃഷ്ടിച്ച അത്തരമൊരു രാഷ്ട്രീയമായ അരക്ഷിതാവസ്ഥയിൽ ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസം ഉയർത്തി പിടിക്കണമെന്ന രാഷ്ട്രീയ നിലപാടാണ് നെഹ്‌റു സ്വീകരിച്ചത്.അതിലുപരി , ലോക ചരിത്രത്തിൽ ആദ്യമായി ഖിലാഫത്തിനു വേണ്ടി ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി അത്തരമൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാത്രമാണ്. കോൺഗ്രസിന്റെ ചരിത്രം ഖിലാഫത്തിന്റേത് കൂടിയാണ്. പക്ഷെ, നേരത്തെ നിങ്ങൾ സൂചിപ്പിച്ചത് പോലെ പലപ്പോഴും അതിന്റെതായ അഭവ്രംശങ്ങളും , അപചയങ്ങളും കൂടി ഉണ്ടായിട്ടുണ്ട്. അതിനെ തിരുത്തികൊണ്ട്, യഥാർത്ഥമായ ഒരു ജനാധിപത്യത്തിന്റെ സ്പിരിറ്റിലൂന്നി, ന്യൂനപക്ഷങ്ങൾക്ക് ആവിഷ്കാരവും സുരക്ഷയും ഉറപ്പ് നൽകേണ്ട ഒന്നാണെന്നുള്ള തിരിച്ചറിവിലേക്ക് നയിക്കപ്പെടുക എന്നുള്ള രാഷ്ട്രീയമായ ബോധത്തിലേക്ക് കോൺഗ്രസ്സ് ഉയർന്നു വരേണ്ടതാണ്. ഉയർന്നുവരും എന്നുള്ള പ്രതീക്ഷ തന്നെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്.
5. മുസ്ലിം ലീഗിനോട് കോൺഗ്രസ്സ്ന് എത്രമാത്രം നീതി പുലർത്താൻ സാധിക്കുന്നുണ്ട്?
മുസ്ലിം ലീഗുമായി കോൺഗ്രസിന്റെ ബന്ധം എന്ന് പറയുന്നത് ഒരുപാട് വൈരുധ്യം നിറഞ്ഞതാണ്. ആദ്യമായി കോൺഗ്രസ്സും മുസ്ലിം ലീഗുമായി ഒരു അലയൻസ് രൂപപ്പെടുത്തുമ്പോൾ, കോഴിക്കോട് ഡി.സി.സി കമ്മിറ്റി ഒന്നടങ്കം അതിനെതിരെ പ്രമേയം പാസാക്കിയ പാരമ്പര്യമാണ്. കാരണം, കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ഐക്യഖണ്ഡേന എടുത്ത തീരുമാനത്തിനകത്ത് പ്രമേയം പാസ് ആക്കപെടുക എന്ന് പറയുന്നത് അത്ഭുതം ആണ്. കാരണം, കോൺഗ്രസിന് എപ്പോഴും എതിരഭിപ്രായങ്ങൾ ഉണ്ടാവുന്ന പാർട്ടിയാണ്. പക്ഷെ അതിനൊക്കെ മറികടന്നു കൊണ്ട് ഒരു ഏകീകൃതമായ വികാരം ലീഗിനോട് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ കോൺഗ്രസിന്റെ ഏറ്റവും വലിയ രാഷ്ട്രീയ സഖ്യകക്ഷിയും വിശ്വാസിക്കാവുന്ന രാഷ്ട്രീയ കക്ഷിയുമെല്ലാം എല്ലാ കോൺഗ്രസ്‌കാരും കരുതുന്നത് മുസ്ലിം ലീഗിനെ തന്നെയാണ്. പലപ്പോഴും വിരുദ്ധമായ അഭിപ്രായ ധാരണ നിലനിൽകുമ്പോൾ പോലും കേരളത്തിന്റെ യുഡിഫ് രാഷ്ട്രീയത്തിന്റെ അടിത്തറ എന്നത് ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങളുടെ വോട്ടുകളുടെ ഭൂരിഭാഗം സമാഹരിക്കാൻ കഴിയുന്ന രാഷ്ട്രീയ മുന്നണിയായിട്ട് നിലനിൽക്കുന്നു എന്നതാണ് , അത്തരമൊരു രാഷ്ട്രീയ സമീപനം സ്വീകരിക്കുന്ന കാര്യത്തിൽ ഇത്തരം വൈരുധ്യങ്ങൾ മാറി, കൂടുതൽ ഏകീകൃതത്വം പലപ്പോഴും യുഡിഫ് ന് ഏറ്റവും ശക്തി പകർന്ന ഒന്നായി, ലീഗിന്റ രാഷ്ട്രീയ സാന്നിധ്യം മാറിയിട്ടുണ്ട്. മാത്രമല്ല, പഴയ ദേശീയ മുസ്ലിംകൾ, അല്ലെങ്കിൽ ചരിത്രത്തിൽ അങ്ങനെ അടയാളപ്പെടുത്താൻ ആഗ്രഹിച്ചവരുടെ, ലീഗ് വിരുദ്ധതയുടെ സ്ഥാനത്ത് കുറച്ചു കൂടി പ്രായോഗികമായ രാഷ്ട്രീയ ധാരയിലേക്ക് കോൺഗ്രസ് പുതിയ ധാരരൂപപ്പെട്ടു വരുന്നു എന്നുള്ളതും ഒരു യാഥാർത്ഥ്യം തന്നെയാണ്.