ആദ്യമായി അമേരിക്കയിലേക്ക് കുടിയേറിയതിനു ശേഷം, കെനിയൻ പണ്ഡിതനും ചിന്തകനുമായ അലി മസ്‌റൂഇയുടെ ഗവേഷണ സഹായിയായാണ് ഞാൻ ജോലി ചെയ്തിരുന്നത്. അക്കാലത്ത്, വിശാലമായ ഇസ്‌ലാമിക ഐഡന്റിറ്റിക്കു പകരം, പാൻ-ആഫ്രിക്കൻ, പാൻ-അറബ് വീക്ഷണങ്ങൾ രൂപപ്പെടുന്നതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു.
1992ൽ മസ്‌റൂഇ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “ഫ്രഞ്ചുകാർ ആഫ്രിക്കയുമായുള്ള തങ്ങളുടെ ബാന്ധവത്തെ പര്യാലോചിക്കുകയും, അവർ തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ‘യൂറാഫ്രിക്ക’ എന്ന സങ്കൽപം വിഭാവന ചെയ്യുകയും ചെയ്തു. നമ്മൾ, അതിനേക്കാൾ പൗരാണിവും സവിശേഷവുമായ അറബ്-ആഫ്രിക്കൻ ബന്ധത്തെ പരിശോധിക്കുകയും, തദടിസ്ഥാനത്തിൽ ‘ആഫ്രേബിയ’ എന്ന വിഭാവന നിർമിക്കേണ്ടതുമുണ്ട്”.
ഇതു വളരെ മൗലികവും പ്രത്യാശാനിർഭരവുമായ പ്രസ്താവനയാണ്. എന്റെ ചില ഗവേഷണ പഠനങ്ങൾ, ആധുനിക അറബ് സാഹിത്യങ്ങളിലെ വംശം, സ്വത്വം എന്നിവയെക്കുറിച്ച ആലോചനകൾ മുന്നോട്ടുവെക്കുന്നുണ്ട്. ആഫ്രോ-അറബുകളുടെ ചരിത്രവും, അടിമത്തവുമെല്ലാം ഈ പഠനങ്ങളിൽ സവിശേഷസ്ഥാനം അലങ്കരിക്കുന്നു. ആഫ്രിക്കക്കാരെ സംബന്ധിച്ചിടത്തോളം ‘ആഫ്രേബിയൻ പ്രൊജക്റ്റ്’, ആഫ്രിക്കയിലെ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ സുദീർഘമായ ചരിത്രത്തെയും, ആഫ്രിക്കൻ നാടുകളിൽ നിന്നും പിന്നീട് അറബ്, ദക്ഷിണ-ഏഷ്യൻ പ്രദേശങ്ങളിലേക്ക് വ്യാപിച്ച കോളനിയൽ പദ്ധതികളെയും, അതിനെത്തുടർന്ന് ഉയർന്നുവന്ന അപകോളനീകരണ-മുതലാളിത്തവിരുദ്ധ പ്രതിരോധേച്ഛകളുടെ ചരിത്രത്തെയും കുറിച്ച പുനരാലോചനകൾക്ക് വക നൽകുന്നുണ്ട്. അറബുകളെ സംബന്ധിച്ചിടത്തോളമാവട്ടെ, തങ്ങളുടെ ചരിത്രത്തെയും, ആഫ്രിക്കൻ-കറുപ്പ് സ്വത്വങ്ങളോടും, ആഫ്രോ-അറബുകളുടെ പ്രതിലോമകരവും വംശീയവും അരാഷ്ട്രീയവുമായ പ്രതിനിധാനങ്ങളുമായി ബന്ധപ്പെട്ട ഭാഷയെയും, കലാവിഷ്കാരങ്ങളെയും കുറിച്ച പുനരാലോചനകൾക്കു പ്രേരിപ്പിക്കുന്നതുമാണ്. തുനീഷ്യയിൽ പുതുതായി സ്ഥാപിക്കപ്പെട്ട ‘ലാ മൈസൺ ടു റോമൻ’ കഴിഞ്ഞ മാസം രണ്ടാം ‘അറബ് നോവൽ കോൺഫറൻസ്’ വിളിച്ചുചേർക്കുകയുണ്ടായി. അറബ് ലോകത്തെങ്ങുമുള്ള യുവരക്തത്തിന്റെ ‘രാഷ്ട്രീയാവബോധങ്ങളുടെ’ കാർമികത്വത്തിൽ ചേർന്ന യോഗത്തിന്റെ കേന്ദ്രപ്രമേയം ‘കറുത്ത തൊലിയുടെ പ്രതിസന്ധികൾ’ എന്നതായിരുന്നു. നൂറോളം അറബ് നോവലിസ്റ്റുകളും നിരൂപകരും സംഗമത്തിൽ പങ്കെടുക്കുകയുണ്ടായി. ‘കറുപ്പ് സ്വത്വത്തിന്റെ പ്രതിസന്ധികൾ’ എന്നോ ‘ആഫ്രോ-അറബ് പ്രതിസന്ധികൾ’ എന്നോ കൊടുക്കുന്നതിനു പകരം, കറുത്ത തൊലിയുടെ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നത് അൽപം വിചിത്രമാണെന്ന് പറയേണ്ടിയിരിക്കുന്നു.
കറുപ്പ് വംശീയതയെക്കുറിച്ചും സ്വത്വപ്രതിസന്ധികളെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ പാശ്ചാത്യരെപ്പോലെ അറബികളും, തങ്ങളുടെ വംശീയ അബോധങ്ങൾ വെളിപ്പെടുന്ന തരത്തിൽ, തൊലിനിറവും സൗന്ദര്യസങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിലേക്കു വഴുതിപ്പോകുന്നതു കാണാം. കറുപ്പ് വംശീയതക്ക് പുറമേ കാണുന്ന അപമാനഭാരത്തിനും ഉപരിപ്ലവമായ ആഖ്യാനങ്ങൾക്കുമുപരി നിർണിതമായ ചരിത്രമോ ദശാസന്ധികളോ യാഥാർഥ്യങ്ങളോ ഇല്ല എന്ന തരത്തിലാണ് ഇത്തരം ആലോചനകൾ സഞ്ചരിക്കുന്നത്.
ആഫ്രോ-അറബ് എന്ന പദം ഞാൻ ഉപയോഗിക്കുമ്പോൾ, അതെന്റെ അമേരിക്കൻ ഭാഷാവലിയിൽ പെട്ട ഒരു പ്രയോഗം മാത്രമാണ്. അതിനപ്പുറം അറബ് ചിന്തകർ അതു പ്രയോഗിക്കാനോ, പരിഗണിക്കാനോ പോലും സന്നദ്ധരല്ല അമേരിക്കൻ അക്കാദമിയയിൽ നിങ്ങൾക്കു കണ്ടെത്താൻ സാധിക്കുന്ന പദം മാത്രമാണത്. അറബ് എഴുത്തുകളിലോ, രാഷ്ട്രീയ ചർച്ചകളിലോ യാതൊരു സ്ഥാനവും അതിനില്ല. ഇ-മാർജിനുകളിൽ പോലും കിഴക്കൻ-ഉത്തര ആഫ്രിക്കൻ യുവത, തങ്ങളുടെ ആഫ്രിക്കൻ സ്വത്വത്തെ അറബ് സ്വത്വത്തിനു വിപരീതമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അറബ് വംശീയതയും പുറംതള്ളൽ രാഷ്ട്രീയവുമാണ് ചരിത്രപരമായ അറബ്-ആഫ്രിക്കൻ ബാന്ധവത്തിൽ നിന്നു പുറത്തുകടക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് അവർ പറയുന്നു. സമീപകാലത്തുണ്ടായ അൾജീരിയൻ, സുഡാനി ഉയിർപ്പുകൾ അതിനുദാഹരണമാണ്.
വംശീയത, അടിമത്തം, ആഫ്രിക്ക, കറുപ്പ് സ്വത്വം എന്നിവയെ പരസ്പരം ഒത്തുമാറുന്ന പ്രത്യങ്ങളായി അവതരിപ്പുക്കുന്നത് എത്ര പ്രശ്നസങ്കീർണമാണെന്ന് കോൺഫറൻസിന്റെ റിപ്പോർട്ടിൽ നിന്നു വ്യക്തമാവുന്നുണ്ട്. കോൺഫറൻസിന്റെ ഭാഷയും സംഭാക്ഷണങ്ങളും അങ്ങേയറ്റം ലജ്ജാവഹമാണ്. പാനൽ ചർച്ചകളും പ്രസ്സ് റിപ്പോർട്ടുകളും ‘കറുത്ത മനുഷ്യന്റെ പ്രശ്നങ്ങളെ വിഭാവന ചെയ്യുന്നത്, അതൊരു സാഹിതീയ രൂപകമെന്ന നിലക്കോ കേവല മനുഷ്യാവകാശ പ്രശ്നമെന്ന നിലക്കോ ആണ്. ചരിത്രം വീണ്ടെടുക്കുന്നതിനെ കുറിച്ചോ, സ്വന്തം അവബോധങ്ങളെയും ഭാഷയെയും വിമർശനവിധേയമാക്കുന്നതിനെ കുറിച്ചോ, നല്ല നാളുകളിൽ നാം ചെയ്തിരുന്നതുപോലെ ഐക്യത്തെയും വിമോചനത്തെയും കുറിച്ച സ്വപ്‌നങ്ങൾ പങ്കുവെക്കുന്നതിനെക്കുറിച്ചോ ആലോചിക്കുന്നു പോലുമില്ല.
ആഫ്രിക്കയെ അപരവൽക്കരിക്കുന്നതിൽ അറബ് എഴുത്തുകാർക്ക് യാതൊരു കുറ്റബോധവും കാണുന്നില്ല. ഫ്രഞ്ചുകാർ നിർമിച്ചതും പിന്നീട് അറബ് ദേശീയത പുഷ്ടിപ്പെടുത്തിയതുമായ, ‘അറബ് ലോകം’ എന്ന പരികൽപ്പനക്കകത്ത് വിശാലമായ ആഫ്രിക്കൻ ഭൂമികക്ക് സ്ഥാനമില്ല. അതിനുപുറമെ സാൻസിബാർ മുതൽ ലാഗോസ് വരെയും, ഹവാന മുതൽ ഡിട്രോയിട് വരെയും കറുത്തവരുടെ അനുഭവങ്ങളെയും സംസ്കാരത്തെയും നിരാകരിക്കുന്ന പ്രവണതയും നിലനിൽക്കുന്നു.
അറബ് രാഷ്ട്രീയത്തിലെയും സാഹിത്യത്തിലെയും ആഫ്രോ-അറബ് സംഘർഷങ്ങൾ കൂടുതലായി ബന്ധപ്പെട്ടു കിടക്കുന്നത് അമേരിക്കൻ-ഫ്രഞ്ച് രാജ്യങ്ങളോടാണെന്ന് പറയാം. വിവർത്തനങ്ങളും അവലംബങ്ങളും മറ്റു സാഹിതീയ കൈമാറ്റങ്ങളും കൂടുതലായി ഐമെ സീസർ, ഫ്രാൻസ് ഫാനൺ തുടങ്ങി മറ്റു ആഫ്രിക്കൻ-അമേരിക്കൻ എഴുത്തുകൾ ബന്ധപ്പെട്ടാണ് കിടക്കുന്നത്.
കോൺഫറൻസിനിടെ നടന്ന ടെലിവിഷൻ അഭിമുഖത്തിൽ സുഡാനി-ഈജിപ്ഷ്യൻ എഴുത്തുകാരനായ താരിഖ് അൽ-ത്വയ്യിബ് പറയുന്നു: “നമ്മളിപ്പോഴും കറുത്തവരെക്കുറിച്ച വാർപ്പുമാതൃകയിലാണ് അവരോട് ഇടപെട്ടുകൊണ്ടിരിക്കുന്നത്. വിശേഷിച്ചും സിനിമകളിൽ. ചില പ്രത്യേക തൊഴിലുകളുമായി ബന്ധപ്പെട്ടാണ് എപ്പോഴും അവരതിൽ പ്രത്യക്ഷപ്പെടുന്നത്”. ദാസ്യവേല എന്നാണ് ആ ജോലിയുടെ സാക്ഷാൽ ഉദ്ദേശ്യം. എന്നാൽ, കറുത്തവരെക്കുറിച്ചു പറയുമ്പോൾ, ഒരു കറുത്ത അറബ് എഴുത്തുകാരൻ ‘നമ്മൾ’ ‘അവർ’ എന്ന ദ്വന്ദം പ്രയോഗിക്കുന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ വസ്തുത. അഥവാ, വലിയ വിഭാഗം ‘നമ്മൾ’ക്കിടയിൽ ചെറിയ വിഭാഗം വേറെ ‘നമ്മൾ’ ഉണ്ടെന്നോ! അനേകം കറുത്ത എഴുത്തുകാർ സന്നിഹിതരായിരിക്കെ ഈ പ്രസ്താവന വളരെ സവിശേഷമാണ്. സൽവ ബക്കർ (ഈജിപ്ത്), ഹാമോർ സിയാദ, മൻസൂർ അൽ-സുവയിം (സുഡാൻ), ഹാജി ജാബിർ (എറിട്രിയ), മഹ്‌മൂദ് ട്രാഊരി (സൗദി അറേബ്യ) തുടങ്ങിയ ബ്ലാക്ക് എഴുത്തുകാർ സദസ്സിലുണ്ടായിരുന്നു.
എന്നാൽ അവർക്കൊന്നും കാര്യമാത്രപ്രസക്തമായ ഇടപെടൽ നടത്താൻ കഴിഞ്ഞില്ല. കോൺഫെറെൻസിന്റെ പൊതുചർച്ചകളെയും ആഖ്യാനങ്ങളെയും തിരുത്താനും അവർക്കു സാധിച്ചില്ല. മുഖ്യപ്രഭാഷകനായ ലെബനാനിൽ നിന്നുള്ള ഇല്യാസ് ഖൗരി ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: “അടിമത്തം അവസാനിക്കാത്തതിനു കാരണം, നമ്മൾ അടിച്ചമർത്തലിന്റെ അടിമകളായി തുടർന്നതുകൊണ്ടാണ്” എന്നാണ്. കറുപ്പ് വംശീയതയെയും കിഴക്കിന്റെ അടിമത്തമനോഭാവത്തെയും പിണക്കാതെ, അവയിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുകൊണ്ടുള്ള പ്രസ്താവനയായി മാത്രമേ ഇതിനെ കാണാൻ തരമുള്ളൂ. തുനീഷ്യൻ എഴുത്തുകാരനും ‘ലാ മൈസോൺ ടു റോമന്റെ’ ഡയറക്ടറുമായ ‘കമാൽ റിയാഹി’ സ്വാഗത ഭാഷണത്തിൽ, ലിബിയയിലെയും സിറിയയിലെയും അടിമച്ചന്തകളെ കുറിച്ച് പരാമർശിച്ചപ്പോഴും ഇതേ യുക്തി പ്രയോഗിക്കുന്നതായി കാണാം.
കറുത്തവരുടെ അനുഭവങ്ങളെയും ആഖ്യാനങ്ങളെയും കഥാപാത്രങ്ങളെയും സംപ്രേക്ഷണം ചെയ്യുന്നതിൽ കറുത്തവരായ അറബ് എഴുത്തുകാർ തീർച്ചയായും വിജയിച്ചിട്ടുണ്ട്. ഉപരിസൂചിത കറുത്ത വംശജരായ അറബ് എഴുത്തുകാർ കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന ധർമവും അതാണ്. ‘കറുത്ത രചയിതാവ്, വെളുത്ത വായനക്കാരൻ’ എന്നു പേരായ പാനലിൽ, കറുത്ത തൊലിയെക്കുറിച്ച അറബ് വ്യവഹാരങ്ങൾ എങ്ങനെയാണ് ഒരു വംശത്തെ അദൃശ്യമാക്കുകയും, അതുവഴി അറബുകൾ വെളുത്തവരാണെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് എന്നു വ്യക്തമാവുന്നുണ്ട്. കോൺഫറൻസിലേക്കു ക്ഷണിക്കപ്പെട്ട എഴുത്തുകാരിലധികവും കറുത്തവർ പ്രധാന കഥാപാത്രമായി വരുന്ന നോവലുകൾ എഴുതിയവരാണ്. സമീപകാലത്തു രൂപപ്പെട്ട ന്യൂനവിഭാഗങ്ങളെ- ബ്ലാക്ക് അറബുകൾ, ആഫ്രിക്കൻ കുടിയേറ്റക്കാർ, ഉത്തര-കിഴക്കൻ ഏഷ്യയിൽ കുടിയേറ്റക്കാർ, സ്ത്രീകൾ, അസീറിയൻ-യസീദി വിഭാഗങ്ങൾ, അറബ് ജൂതർ, മുതലായവർ- കച്ചവടവൽക്കരിക്കുന്ന പുതിയ പ്രവണതയുടെ പശ്ചാത്തലത്തിൽ കൂടി വേണം ഇതിനെ മനസ്സിലാക്കാൻ. ഇറാഖ് യുദ്ധത്തിന്റെ അനന്തരഫലമായി, തികച്ചും അരാഷ്ട്രീയമായി അറബ് പ്രദേശങ്ങളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ‘സ്വത്വരാഷ്ട്രീയത്തിന്റെ’ പശ്ചാത്തലത്തിൽ, ന്യൂനവിഭാഗങ്ങളെ കുറിച്ച് എഴുതിയാൽ, അവ വളരെ വേഗം വിവർത്തനം ചെയ്യപ്പെടുകയും, പാശ്ചാത്യൻ അക്കാദമിയയിലും എൻ.ജി.ഒ. കളിലും പ്രാഥമിക അവലംബങ്ങളായി മാറുമെന്നും അറബ് എഴുത്തുകാർ കണക്കുകൂട്ടി. അവയുടെ ‘വെളുത്ത’ വിവർത്തനങ്ങൾ ചില സമയത്ത് ‘ഈ സാഹിത്യങ്ങൾ മുച്ചൂടും വംശീയമാണെന്ന്’ എന്നോടു മന്ത്രിക്കാറുണ്ട്. ബ്ലാക്ക് പഠനങ്ങളിലേർപ്പട്ടിരിക്കുന്ന അറബ് സ്കോളർ എന്ന നിലക്ക് ഞാൻ മനസ്സിലാക്കുന്നത്, ഇത്തരം കോൺഫറൻസുകൾ ആഫ്രിക്കൻ അറബികളെക്കുറിച്ച തികച്ചും പ്രതിലോമകരവും വംശീയവുമായ പ്രതിനിധാനങ്ങളെ ചെറുക്കാനുള്ള വേദികളായി രൂപപ്പെടണം എന്നാണ്. രിയാഹിയുടെ ‘ഗൊറില്ല’, ദി ‘സ്കാൽപൽ’, അലി മുർഖിയുടെ ‘ബ്ലാക്ക് ടേസ്റ്റ് ബ്ലാക്ക് സ്മെൽ’, സമീഹ ഖരായിയുടെ ‘പിസ്താച്ചിയോ ഒബൈദ്’, നജ്‌വ ബിൻ ഷിത്വാന്റെ ‘സ്ലേവ് പെൻസ് തുടങ്ങിയവ ഇത്തരത്തിൽ പുനരാലോചിക്കപ്പെടടേണ്ടവയാണ്. അതുവരെ ‘ആഫ്രേബിയ’ എന്ന സങ്കൽപ്പം പാഴ്സ്വപ്നമായി അവശേഷിക്കും.
AUTHOR : മോണ കരീം
വിവർത്തനം : അഫ്സൽ ഹുസൈൻ
Courtesy: https://africasacountry.com/2019/05/how-do-arabs-talk-and-write-about-black-people