ബ്രാഡ് ഇവാൻസ്: മാൽകം എക്സ് ഇന്നും വലിയൊരു ചാലകശക്തിയായി നമുക്കു മുന്നിലുണ്ട്. തങ്ങളുടെ കൃതികളിൽ അതു പ്രതിഫലിക്കുന്നുമുണ്ട്. തങ്ങളുടെ ചിന്തകളോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന മാൽകം എക്സിന്റെ സന്ദേശങ്ങൾ എന്തൊക്കെയാണ്? ഹിംസയെ (violence) കുറിച്ച താങ്കളുടെ ബോധ്യങ്ങളെ അവ എങ്ങനെയാണ് സ്വാധീനിച്ചത്?
കെഹിന്റെ ആൻഡ്ര്യൂസ്: 20-ാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ബൗദ്ധിക സാന്നിധ്യങ്ങളിലൊരാലാണ് മാൽക്കം എക്സ്. വംശീയതയെ കുറിച്ച അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ കൃത്യവും സവിശേഷവുമാണ്. വിയോഗശേഷം അൻപതു വർഷം പിന്നിട്ടിട്ടും അവ പ്രസക്തമായി തുടരുന്നു. ഈ വംശീയ സ്റ്റേറ്റിന്റെ (അമേരിക്കയുടെ) പുരോഗമനങ്ങളെ (!) മാൽക്കം മുൻകൂട്ടി കണ്ടിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. അദ്ദേഹത്തിന്റെ കർമഭൂമിയായിരുന്ന അമേരിക്കയും, വിശാലാർഥത്തിൽ പാശ്ചാത്യൻ രാഷ്ട്രങ്ങളും, കറുത്തവർക്ക് സ്വാതന്ത്ര്യവും നീതിയും തുല്യതയും ഉറപ്പാക്കാൻ സന്നദ്ധമാകില്ല എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. വംശീയതയെ സാമൂഹ്യ തിന്മ എന്നതിനെക്കാൾ ഘടനാപരമായ ഹിംസയായിട്ടായിരുന്നു മാൽക്കം വീക്ഷിച്ചിരുന്നത്. ചിലയാളുകൾ പൗരാവകാശ പ്രസ്ഥാനത്തിന്റെ ആറു പതിറ്റാണ്ടു കാലത്തെ ചരിത്രം കൂട്ടിയും കിഴിച്ചും, വംശീയത അന്നും ഇന്നും ഒരുപോലെ നിലനിൽക്കുന്നു എന്ന് അത്ഭുതം കൂറിയപ്പോൾ, അടിസ്ഥാനപരമായി തന്നെ വംശീയമായ ഒരു ഘടനയെ പരിഷ്കരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ നമ്മളകപ്പെട്ടുപോയ അറ്റമില്ലാ കയമാണ് ഇന്നത്തെ വിവേചനങ്ങൾ എന്ന് മാൽക്കം നമുക്കു പറഞ്ഞുതന്നു. എൺപതുകളുടെ അവസാനത്തിലെ ‘ക്രിട്ടിക്കൽ റേസ് തിയറിയുമായി ബന്ധപ്പെട്ടു മാത്രമാണ് അക്കാദമിയ പോലും മാൽക്കമിനെ പുനരാലോചിക്കുന്നത്.
പ്രശ്നത്തെ കൃത്യമായി അപഗ്രഥിക്കുക മാത്രമല്ല, വ്യക്തമായ പരിഹാരവും മാൽക്കം അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ സ്വത്വമെന്ന നിലക്ക് മറ്റാരേക്കാളും കറുപ്പിനെ ഉയർത്തിപിടിക്കുന്നതിന്റെ ആത്യന്തികതയെ ഊന്നിപ്പറഞ്ഞ ആളാണ് മാൽക്കം. ആഫ്രിക്കൻ അധമത്വത്തിൽ നിന്ന് അഭിമാനം തിരിച്ചുപിടിക്കാനും വിമോചനത്തിനു വേണ്ടി പോരാടാനും അദ്ദേഹം ആഹ്വാനം ചെയ്തു. മാൽക്കമിന്റെ സ്വത്വബോധം വിട്ടുവീഴ്ചയില്ലാത്തതായിരുന്നു. കറുപ്പു സ്വത്വത്തിൽ ക്ഷമാപണ ബോധമില്ലാത്ത, തങ്ങളുടെ കർതൃത്വം സമൂഹത്തിന് അടിയറ വെക്കാത്ത ‘പുതിയ നീഗ്രോകളെ’ (new type of negros) അദ്ദേഹം വിഭാവന ചെയ്തു. ഇതുകൊണ്ടാണ് യുവാക്കൾക്കിടയിലും അരികുവൽക്കരിക്കപ്പെട്ടവർക്കിടയിലും മാൽക്കം എപ്പോഴും അനുരണനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അടിമത്ത കാലഘട്ടത്തിൽ തന്നെ, തോട്ടങ്ങൾക്കു പുറത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ശബ്ദമായിരുന്നു മാൽക്കം.
ഹിംസയെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ, മാൽക്കമിന്റെ ചോദ്യം പീഢകരോടല്ല, പീഡിതരോടാണ്. ഒപ്പം, അമേരിക്കയെ ഹിംസയുടെ മൊത്തക്കരാറുകാരായി മുദ്രകുത്തുകയും ചെയ്യുന്നു. അദ്ദേഹം കറുത്തവരോട് ചോദിക്കുന്നുണ്ട്, “എങ്ങനെയാണ് നിങ്ങൾ മിസ്സിസിപ്പിയിൽ അഹിംസ ആചരിക്കാൻ പോകുന്നത്, കൊറിയയിൽ നിങ്ങൾ ഹിംസാത്മകമായിരുന്നല്ലോ?”. അമേരിക്കയുടെ കൊളോണിയൽ ഹിംസയെക്കുറിച്ചും, സ്റ്റേറ്റ് ഹിംസയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശ്രോതാക്കളെ ഓർമ്മപ്പെടുത്തുക കൂടിയായിരുന്നു മാൽക്കം. അക്കാലത്തെ റാഡിക്കൽ ചിന്തകന്മാരെ പോലെ മാൽക്കവും നിരന്തരമായ അടിച്ചമർത്തലിന്റെ സാഹചര്യത്തിൽ പ്രതിരോധത്തിനായി ഹിംസയുടെ സാധുത്വം അംഗീകരിക്കുകയുണ്ടായി.
ബ്രാഡ് ഇവാൻസ്: സ്വന്തം അസ്തിത്വത്തെ കുറിച്ച ക്ഷമാപണബോധത്തെ നിരാകരിക്കലും, ഭൂമിയിൽ തങ്ങൾക്കും സമാധാനപരമായ ഇടമുണ്ടെന്ന് ശക്തമായി സ്ഥാപിക്കലും വലിയ സംഗതികളാണ്. അത്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ‘നീതിയെ’ കുറിച്ച കൂടുതൽ മൗലികമായ സങ്കൽപ്പങ്ങൾ രൂപപ്പെടാറുണ്ട്. ‘സപാറ്റിസ്‌റ്റാസിനെ’ (zapatista) കുറിച്ചാണ് എനിക്കോർമ വരുന്നത്. അവരെ സംബന്ധിച്ചിടത്തോളം, അവരുടെ അവകാശങ്ങൾ സ്റ്റേറ്റിന്റെ ഔദാര്യമായിരുന്നില്ല. എന്റെ ചോദ്യം, മാൽക്കമിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട്, സ്ഥാപനവൽകൃത ഹിംസയുടെ കാലത്ത് ‘നീതിസങ്കൽപ്പത്തെ’ എങ്ങനെയാണ് നോക്കിക്കാണുക?
കെഹിന്റെ ആൻഡ്ര്യൂസ്: ഒരു പുതിയ സാമൂഹ്യ- സാമ്പത്തിക ക്രമം രൂപപ്പെടുത്തികൊണ്ടു മാത്രമേ നീതി ഉറപ്പാക്കാൻ സാധിക്കൂ. ഹിംസയുടെ വേരുകൾ വംശീയ ക്യാപിറ്റലിസത്തിന്റെ ഡി.എൻ.എയിൽ ആണ്ടുകിടക്കുന്നുണ്ട്. ഈ വ്യവസ്ഥിതിയിൽ നീതി സാധ്യമാകുമെന്ന മിഥ്യാധാരണയാണ് സമൂലമായ മാറ്റത്തെ തടഞ്ഞുനിർത്തുന്നത്. അടിച്ചമർത്തപ്പെടുന്നവരുടെ വിമോചനത്തിലേക്കുള്ള ആദ്യപടി, വിമോചനപ്രവർത്തനങ്ങക്ക് തങ്ങളുടേതായ പുതിയ ഭാഷയും ശൈലിയും കാഴ്ചപ്പാടുകളും രൂപപ്പെടുത്തുക എന്നതാണ്. ‘മറ്റാർക്കും നിങ്ങളെ സ്വാതന്ത്രരാക്കാൻ കഴിയില്ല, നിങ്ങൾ തന്നെ അതു നേടിയെടുക്കൂ എന്ന് മാൽക്കം പറയുന്നുണ്ടല്ലോ. നിർഭാഗ്യവശാൽ അധിക ബ്ലാക്ക് പ്രസ്ഥാനങ്ങളും, അംഗീകാരം ലഭിക്കുന്നതിനും, തങ്ങൾക്കു വേണ്ട നിയമനിർമാണം നടത്തുന്നതിനും അധികാരത്തിലിരിക്കുന്നവർക്കു വേണ്ടി കാമ്പയിനുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ‘ബ്ലാക്ക് പവറിൽ’ നിന്ന് ‘ബ്ലാക്ക് ലൈവ്സ് മാറ്ററിലേക്കുള്ള’ മുദ്രാവാക്യങ്ങളുടെ ദിശാമാറ്റം ഒരു സൂചകമാണ്. ബദൽ മാർഗങ്ങൾ സൃഷ്ടിക്കാനുള്ള കറുത്തവരുടെ ശേഷിയെ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ നീണ്ട ചിത്രത്തിലാണ് ‘ബ്ലാക്ക് പവറിന്റെ’ വേരുകളുള്ളത്, അവ പ്രാദേശികമോ, രാഷ്ട്രീയമോ, ആഗോളമോ ആവാം. അതേസമയം, ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്നത് മനുഷ്യർ എന്ന നിലക്ക്, അടിസ്ഥാനപരമായ അംഗീകാരം സ്ഥാപിച്ചുകിട്ടുന്നതിനും, മാന്യമായ പരിഗണന ലഭിക്കുന്നതിനും വേണ്ടിയുള്ളതാണ്. മുഖ്യധാര അംഗീകാരം ലക്ഷ്യംവെച്ചു മാത്രം കാമ്പയിനുകൾ നടത്തുന്ന ‘ബ്ലാക്ക് പവറിന്റെ’ അനേകം വകഭേദങ്ങൾ പിന്നീട് രൂപപ്പെട്ടിട്ടുണ്ട് എന്നതിൽ സംശയമില്ല, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. പക്ഷേ മാൽക്കമിന്റെ റാഡിക്കൽ ബ്ലാക്ക് പവർ വീക്ഷണങ്ങൾ ഇതിനു വിപരീത ദിശയിലാണ് സഞ്ചരിച്ചത്. മാൽക്കമിനെ സംബന്ധിച്ചിടത്തോളം, മനുഷ്യത്വത്തെ നമ്മൾ മുന്നേ നിർവചിച്ചുകഴിഞ്ഞതാണ്. കറുത്തവരുടെ ഐക്യം സാധ്യമാക്കുകയും ബ്ലാക്ക് പവറിനെ വിമോചനത്തിന്റെ ഉപാധിയായി പരിവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇനി നമുക്കു മുന്നിലുള്ള കടമ്പ. കൊല്ലപ്പെടുന്നതിന് മുന്നേ, ആഫ്രോ-അമേരിക്കൻ യൂണിറ്റി (OAAU) എന്ന സംഘടന രൂപപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലായിരുന്നു മാൽക്കം. യൂണിവേഴ്സൽ നീഗ്രോ ഇമ്പ്രൂവ്മെന്റ് അസോസിയേഷനോട് (UNIA) ഏറെ സാമ്യപ്പെടുന്ന മൂവ്മെന്റ് തന്നെയാണ് ഇതും. കറുത്തവരുടെ കഷ്ടാനുഭവങ്ങളെ ആഫ്രിക്കൻ വിപ്ലവത്തോട് ബന്ധപ്പെടുത്തി, സ്വാതന്ത്യവും, നീതിയും, സമത്വവും സാധ്യമാവുന്ന സമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള ഉദ്യമമായിരുന്നു ഇത്.
ബ്രാഡ് ഇവാൻസ്: മുഖ്യധാരാ മാധ്യമങ്ങൾക്കും കോർപ്പറേറ്റുകൾക്കും മാർട്ടിൻ ലൂതർ കിങ്ങിനെ എളുപ്പം ഉൾകൊള്ളാനും അംഗീകാരിക്കാനും സാധിക്കുന്നു. അതേസമയം, മാൽക്കമിന്റെ വിപ്ലവാത്മക സ്വത്വത്തെ ഉൾകൊള്ളാൻ അവർക്കു സാധിക്കുന്നില്ല. കോർണൽ വെസ്റ്റ് അദ്ദേഹത്തിന്റെ കാരികേചറിൽ ഇതു സൂചിപ്പിക്കുന്നുണ്ട്, “വിശുദ്ധ മാർട്ടിനും പൈശാചികൻ മാൽക്കവും!”. എന്നാൽ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ മാർട്ടിൻ ലൂതർ കിങ് അദ്ദേത്തിന്റെ ‘ഐ ഹാവ് എ ഡ്രീം’ പ്രസംഗ ശൈലിയെക്കാൾ റാഡിക്കലായ നിലപാടുകളിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. മാൽക്കമാവട്ടെ, കൂടുതൽ അനുരഞ്ജനാത്മകമായ സംവാദങ്ങളിലേക്കും എത്തിയിട്ടുണ്ട്. തനിക്കെതിരെ വധഭീഷണി മുഴക്കിയവരുമായി പോലും മാൽക്കം സംവദിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യധാര മാൽക്കമിനെ അവഗണിക്കുകയും ലൂതർ കിങ്ങിനെ ആഘോഷിക്കുകയും ചെയ്യുന്നത്?
കെഹിന്റെ ആൻഡ്ര്യൂസ്: മാൽക്കവും മാർട്ടിനും ബ്ലാക്ക് വിമോചനത്തിന്റെ രണ്ടു വ്യത്യസ്ത സമീപനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. അമേരിക്കയിൽ കറുത്തവരുടെ വീണ്ടെടുപ്പു സാധ്യമാണ് എന്ന് ആത്യന്തികമായി വിശ്വസിച്ചിരുന്നതു കൊണ്ടാണ് മാർട്ടിൻ വിശുദ്ധീകരിക്കപ്പെടുകയും മുഖ്യധാരയോട് സംയോജിക്കപ്പെടുകയും ചെയ്യുന്നത്. മറുവശത്ത്, മാൽക്കം അത്തരമൊരു മിഥ്യാധാരണയിൽ അകപ്പെട്ടിരുന്നില്ല. മറിച്ച്, സാമൂഹ്യ വ്യവസ്ഥയെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്ത വിപ്ലവത്തിന്റെ വക്താവായി മാത്രം മാൽക്കം അറിയപ്പെട്ടു. അവരുടെ നിലപാടുകളെ ജീവിതവാസനാത്തോട് ചേർത്തുപറയുന്നത് ശരിയായ നടപടിയായി ഞാൻ മനസ്സിലാക്കുന്നില്ല. മാൽക്കവും കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പല്ലാതെ ഇരുവരും സന്ധിച്ചിട്ടില്ല. അവസാനം വരെ ഉദാര നിലപാടുകളുടെ പേരിൽ മാൽക്കം മാർട്ടിനെ വിമർശിച്ചിരുന്നു. 1965ൽ കാനേഡിയൻ ടെലിവിഷനിലെ ഒരു പരിപാടിയിൽ, മാർട്ടിൻ ലൂതറിനെ ‘അങ്കിൾ ടോം’ (വെളുത്തവരുടെ ആജ്ഞാനുവർത്തി എന്ന അർഥത്തിൽ) എന്ന് ആക്ഷേപിച്ചതിനെ കുറിച്ച് മാൽക്കം ചോദിക്കപ്പെട്ടു. എന്നാൽ തന്റെ മേൽ കെട്ടിവെക്കപ്പെട്ട അപകീർത്തിപരമായ ആരോപണത്തെ നിഷേധിക്കുകയും, അങ്കിൾ മാർട്ടിൻ എന്റെ സുഹൃത്താണെന്ന് പ്രതികരിക്കുകയുമാണ് മാൽക്കം ചെയ്തത്. മാർട്ടിന്റെ സമീപനം കറുത്തവർക്ക് യഥാർഥ സ്വാതന്ത്ര്യം ഉറപ്പാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മാൽക്കം തുടർന്നു വിശദീകരിച്ചു. അധികാര സ്ഥാനങ്ങളിൽ കറുത്തവരെ അവരോധിക്കുന്നതിനും, സ്വയം പരിഷ്കരിക്കാൻ അവരെ സമ്മർദത്തിലാക്കാനും പ്രയത്‌നിച്ച ബൗദ്ധികരുടെയും ആക്റ്റിവിസ്റ്റുകളുടെയും ഗണത്തിലാണ് മാർട്ടിൻ ലൂതർ പെടുന്നത്. ഇതാകട്ടെ, ഇടതു ചായ്‌വുള്ള ലിബറൽ രാഷ്ട്രീയത്തിന് എളുപ്പം ദഹിക്കുന്നതുമാണ്. എന്നാൽ മാൽക്കം അത്തരം സൗകര്യ ഇടങ്ങളിൽ ഒതുങ്ങിനിൽക്കുന്നില്ല. വൈറ്റ് അപ്രമാദിത്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ ചേരികൾ അടിമുടി വംശീയമാണെന്നും സമൂലമായ വിപ്ലവമാണ് പരിഹാരമെന്നും മാൽക്കം വിശ്വസിച്ചിരുന്നു. മാർട്ടിൻ, നീതി സ്ഥാപിക്കാൻ വെളുത്തവരുമായി അനുരഞ്ജനമാവാം എന്ന സൗകര്യത്തിന്റെ ശൈലി സ്വീകരിച്ചപ്പോൾ, മാൽക്കം അഭിപ്രായപ്പെട്ടത്, വെളുത്തവർക്ക് തങ്ങളുടെ ധർമം തിരിച്ചറിയാൻ സാധിച്ചേക്കും, പക്ഷേ സമരത്തിന്റെ കർതൃത്വം കറുത്തവരുമായി ബന്ധപ്പെട്ടു തന്നെയിരിക്കും എന്നാണ്
ബ്രാഡ് ഇവാൻസ്: താങ്കളുടെ കൃതികളിൽ ആവർത്തിച്ചു പരാമർശിക്കപ്പെട്ട, അധികാരവും ഹിംസയും പരസ്പരം ബന്ധപ്പെടുന്ന മനോനിലയെ കുറിച്ച് ചോദിക്കാൻ ഞാനാഗ്രഹിക്കുകയാണ്. കോളോണിയലിസവും, തുടർന്നു വന്ന സാമ്രാജ്യത്വവും രൂപപ്പെടുത്തിയ സവിശേഷമായ ഒരു മനോഭാവം, ലോകത്തെങ്ങുമുള്ള വംശീയ ഘനകളുടെ അടിക്കലായി വർത്തിക്കുന്നുണ്ടെന്ന് താങ്കൾ അഭിപ്രായപ്പെടുകയുണ്ടായല്ലോ. ഇത് എങ്ങനെയെന്നു വിശദീകരിക്കാമോ? റാഡിക്കൽ ആജ്ഞാരൂപങ്ങളെ ഇതെങ്ങനെയാണ് ബാധിക്കുന്നത്?
കെഹിന്റെ ആൻഡ്ര്യൂസ്: അഭൂതപൂർണമായ ഹിംസയുടെയും കാടത്തത്തവും അകമ്പടിയോടെയാണ് ‘വെസ്റ്റ്’ രൂപപ്പെട്ടിട്ടുള്ളത്. അമേരിക്കയിൽ തദ്ദേശീയ ജനതയുടെ 98 ശതമാനത്തെയും കൊന്നുതള്ളിയ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ, മില്യൺ കണക്കിന് ആളുകളെ അടിമകളാകുകയും ജീവച്ഛവമാക്കി ഉപേക്ഷിക്കുകയും ചെയ്ത ട്രാൻസ്-അറ്റ്ലാന്റിക് അടിമത്തത്തിന്റെ കണക്കുകൾ, ലോകത്തിന്റെ പലയിടങ്ങളിലും നടത്തിയ കൊളോണിയൽ ഹിംസകൾ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. യൂറോപ്പിനെയും അമേരിക്കയെയും സമ്പന്നതയിലും, ആഫ്രിക്കയെ പാമാരത്വത്തിലും, മറ്റു രാജ്യങ്ങളെ സോഷ്യൽ-ഡാർവിനിസത്തിന്റെ പരിണാമ ശ്രേണിയിലും പ്രതിഷ്ട്ടിക്കുന്ന, വെളുപ്പിനെ അപ്രമാദിത്യത്തിൽ അധിഷ്ഠിതമായ ആഗോള സാമ്പത്തിക-രാഷ്‌ടീയ ക്രമം രൂപപ്പെടുന്നതിലേക്കാണ് ഇതെത്തിച്ചത്. ഇന്ന് അവികസിതമായ രാജ്യങ്ങളിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തതുമൂലം ഓരോ പത്തു സെക്കൻണ്ടിലും ഒരു കുട്ടി വീതം മരിച്ചുവീഴുന്നു. മരിച്ചുവീഴുന്ന ഓരോ കറുത്തതും ചുവന്നതുമായ കുട്ടികളുടെ അട്ടിപ്പേറിനു മുകളിലാണ് നമ്മുടെ സമ്പന്നത കളിയാടുന്നത്. ഈയവസരത്തിലും ഉപരിസൂചിത മനോഭാവം, പടിഞ്ഞാറിന്റെ പുരോഗതി കൊളോണിയൽ ഹിംസയുടെ ഫലമല്ല, മറിച്ച് ശാസ്ത്ര പുരോഗതിയുടെയും, നിശ്ചയദാർഢ്യത്തിന്റെയും തൊഴിൽ നൈപുണ്യത്തിന്റെയും ഫലമായി ഉണ്ടായതാണെന്ന മിഥ്യാധാരണയിൽ നമ്മെ അകപ്പെടുത്തുന്നു. അതുകൊണ്ടാണ് മില്യൺ കണക്കിനാളുകളെ കൊന്നുതള്ളിയ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ അറുപതു ശതമാനവും, ബ്രിട്ടൻ ലോകത്തിന്റെ നന്മമരമാണെന്ന് വിശസിക്കുന്നത്. അല്ലെങ്കിൽ ‘അടിമത്തം നിരോധിച്ച’ പ്രധാനമന്ത്രിയെന്ന നിലക്ക് ഡേവിഡ് കാമറോണിന്’ അഭിമാനിക്കാം എന്ന അബോധത്തിലകപ്പെടുന്നത്. ഇതിനു മുൻപ് ബ്രിട്ടനായിരുന്നു അടിമക്കച്ചവടത്തിന്റെ പ്രധാന പ്രയോക്താക്കൾ എന്ന കാര്യം അവർ വിസ്മരിക്കുകയും ചെയ്യുന്നു. യൂറോ-കേന്ദ്രീകൃത വിദ്യാഭാസവും, മാധ്യമ പ്രചാരണങ്ങളും മുഖേന പടിഞ്ഞാറിന്റെ രക്തംപുരണ്ട കൈകൾ അവർ കഴുകി വെളുപ്പിക്കുന്നു. വെസ്റ്റ് ഉണ്ടാക്കിയ പ്രശ്നങ്ങളുടെ പരിഹാരം പടിഞ്ഞാറൻ വ്യവഹാരങ്ങൾ തന്നെയാണെന്നും അതുനമ്മെ പറഞ്ഞു വിശ്വസിപ്പിക്കുന്നു.
ബ്രാഡ് ഇവാൻസ്: മാൽക്കം എക്‌സിനെ പലപ്പോഴും പ്രതി വംശീയതയുടെ (reverse rascism) വക്താവായി അവതരിപ്പിക്കപ്പെടാറുണ്ട്. അങ്ങനെയെങ്കിൽ നോൺ-ബ്ലാക്ക് വായനക്കാരെ എങ്ങനെയാണ് മാൽക്കം കൃതികൾ സ്വാധീനിക്കുന്നുണ്ടാവുക? അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ന് പുനർവായിക്കുമ്പോൾ വൈറ്റ്-വായനക്കാരിൽ എന്ത് അനുരണങ്ങളാണ് അതുണ്ടാക്കുക?
കെഹിന്റെ ആൻഡ്ര്യൂസ്: യഥാർഥത്തിൽ പ്രതി വംശീയത എന്ന ഒന്നില്ല. നിലനിവിലെ സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥയുടെ അസ്ഥിവാരമുറപ്പിക്കുകയും, രാഷ്ട്രീയ അധികാര രൂപകങ്ങളെ അതിനനുസരിച്ചു ചലിപ്പിക്കുകയും ചെയ്യുന്ന യുക്തിയാണ് വംശീയത. പലപ്പോഴും നമ്മൾ മുൻവിധികളെയും (prejudice) വംശീയതയെയും (rasicm) കൂട്ടികലർത്താറുണ്ട്. ‘വംശം’ (rase) പോലുള്ള വിഭാഗങ്ങളെ കുറിച്ചുള്ള മുൻധാരണകളെ അടിസ്ഥാനപ്പെടുത്തി അവർക്കെതിരിൽ തിരിയുന്നതിനാണ് മുൻവിധി (prejudice) എന്നു പറയുന്നത്. എന്നാൽ ഈ മുൻവിധികൾക്ക് സാമൂഹ്യ വ്യവഹാരങ്ങളിൽ സാധുത്വം നൽകി ഉറപ്പിച്ചു നിർത്തുന്ന അധികാര സംഹിതയാണ് വംശീയത. അമേരിക്കയിൽ അരങ്ങേറുന്ന ആൾക്കൂട്ട കൊലകൾ മുൻവിധികളുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്നതാണെന്നു പറയാം. എന്നാൽ അത് നിയമ-അധികാര സ്ഥാപനങ്ങളുടെ പിന്തുണയോടെയാകുമ്പോൾ തീർച്ചയായും, അതിന്റെ അടിസ്ഥാനം വംശീയതയാണ്. അവ തീർച്ചയായും സ്റ്റേറ്റ്-സ്പോൺസേർഡ് ഹിംസയാണ്. നാഷണൻ ഓഫ് ഇസ്‌ലാമിന്റെ (NOI) ഭാഗമായി നിന്നുകൊണ്ട് വെളുത്തവർ പിശാചുക്കളാണെന്നു പറയുമ്പോഴും അത് വംശീയതയല്ല, മറിച്ച് മുൻവിധിയാണ് (prejudice). യാഥാർഥത്തിൽ ‘നാഷൻ ഓഫ് ഇസ്‌ലാം’വെളുത്ത പിശാച് (white devil) എന്ന ധാരണ രൂപപ്പെടുത്തിയെടുക്കുന്നത് തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അധമത്വത്തിനെതിരിൽ കറുത്തവരെ ചലനക്ഷമമാക്കുക (mobilise) എന്ന ഉദ്ദേശ്യത്തോടു കൂടിയാണ്.
മാൽക്കമിന്റെ പ്രധാന ശ്രോതാക്കൾ വൈറ്റ് കോളേജ് ക്യാമ്പസുകളായിരുന്നു. ഓക്സ്ഫോർഡ് യൂണിയനും ബർമിങ്ഹാം യൂണിവേഴ്സിറ്റിയുമുൾപ്പെടെ അമേരിക്കയിലെ അനേകം കോളേജുകൾ അദ്ദേഹം സന്ദർശിച്ചു. മാൽക്കം നേടിയെടുത്ത പ്രശസ്തിയുടെ പ്രധാന കാരണങ്ങളിൽ ഒന്ന്, വെളുപ്പ് അബോധങ്ങളെ പഴിചാരുന്ന അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു, അദ്ദേഹത്തിന്റെ ശ്രോതാക്കളധികവും വെളുപ്പ് അബോധങ്ങൾ പേറുന്ന കാത്തലിക് വിഭങ്ങളിൽ പെട്ടവരായിരുന്നു എന്നോർക്കുക. അതുമാത്രമല്ല, മാൽക്കമിന്റെ അപഗ്രഥനങ്ങളും ആശയങ്ങളും തികഞ്ഞ ഉൾക്കാഴ്ച്ചയുള്ളവയായിരുന്നു. വംശീയത, കൊളോണിയലിസം, വിപ്ലവം, വർഗം (class), സ്വത്വം എന്നിവയെക്കുറിച്ചെല്ലാം മാൽക്കം സംസാരിച്ചു, സമൂലമായ സാമൂഹ്യ മാറ്റത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. “സത്യം എപ്പോഴും അടിച്ചമർത്തപ്പെടുന്നവരുടെ ഭാഗത്താണെന്ന്” അദ്ദേഹം പറഞ്ഞുവെക്കുമ്പോൾ, റാഡിക്കൽ ബ്ലാക്ക് കാഴ്ചപ്പാടുകൾ നിലനിൽക്കുന്ന സാമൂഹ്യ യാഥാർഥ്യങ്ങളെയും അവസ്ഥകളെയും കുറിച്ച വ്യക്തമായ കാച്ചപ്പാടുകൾ അവതരിപ്പിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ.
പൊട്ടിത്തെറിക്കാൻ ഊഴം കാത്തുനിൽക്കുന്ന ‘വംശീയ ബോംബിനെ’ നിർവീര്യമാക്കാനുള്ള വഴികൾ വൈറ്റ് അപ്രമാദിത്യത്തിനു മുന്നിൽ മാൽക്കം അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ബാലറ്റ് ഓർ ബുള്ളറ്റ്’ എന്ന പ്രസംഗത്തിൽ അമേരിക്കയാണ് ‘അഹിംസാത്മക വിപ്ലവം’ അരങ്ങേറാൻ ഏറ്റവും ഉചിതമായ സ്ഥലം എന്നു പറഞ്ഞുവെക്കുന്നുണ്ട്, എന്നാലത് കറുത്തവരുടെ അവകാശങ്ങൾ വകവെച്ചുനൽകുന്നതു വരെയാണെന്നു മാത്രം. ബാലറ്റല്ലെങ്കിൽ തീർച്ചയായും പിന്നെയത് ബുള്ളറ്റായിരിക്കുമെന്ന് മാൽക്കം താക്കീതു ചെയ്യുന്നുണ്ട്. വംശീയതയെയും, ശരിയായ പരിഹാരങ്ങൾ കണ്ടെത്തിയില്ലെങ്കിൽ അതുണ്ടാക്കുന്ന പ്രശനങ്ങളെയും മനസ്സിലാക്കുന്നതിൽ മാൽക്കമിന്റെ വർക്കുകൾ ഇപ്പോഴും പ്രസക്തമാണെന്നു പറയാം.
Courtesy: Los Angeles review of books
വിവർത്തനം : അഫ്സൽ ഹുസൈൻ