വലുപ്പം കൊണ്ട് കേരള സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയാണ് മലപ്പുറം. കിഴക്ക് നീലഗിരി കുന്നുകളുടെ സമൃദ്ധമായ വനശീതളിമയിൽ ആരംഭിച്ച് പടിഞ്ഞാറ് അറബിക്കടലിന്റെ തിരയിളക്കങ്ങളിൽ അവസാനിക്കുന്ന വിശാലമായ ഭൂപ്രദേശം. 1969 ജൂൺ 16-നാണ് ഏറനാടിനും വള്ളുവനാടിനും ചുറ്റുമുള്ള പ്രദേശങ്ങൾ ചേർത്ത് മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നത്.
ഘട്ടം ഘട്ടമായി അവരെ ഒന്നടങ്കം പൊന്നാനിയിൽ കൊണ്ടുപോയി തൊപ്പിയിടീക്കുമെന്ന് വരെ പ്രചരണങ്ങളുണ്ടായി. കെ.കേളപ്പനുകീഴിൽ ഹിന്ദുത്വ സംഘടനകളും ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സും ജില്ലാ വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തി. ഇന്നത്തെ ബിജെപിയായ ജനസംഘത്തിന്റെ ദേശീയ നേതാക്കളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള എം.എൽ.എമാരും എം.പിമാരും ഈ പ്രക്ഷോഭത്തിൽ അണിനിരന്നു. ദേശീയ മാധ്യമങ്ങൾ മലപ്പുറം ജില്ലയുടെ രൂപീകരണത്തിനെതിരെ ലേഖനങ്ങളെഴുതി.ഏറെ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ജില്ലയുടെ പിറവി. വരാൻ പോകുന്നത് ഒരു മാപ്പിള ജില്ലയാകുമെന്നും അത് ‘മിനി പാകിസ്ഥാൻ’ ആയിരിക്കുമെന്ന പ്രചാരണങ്ങൾ നടന്നു. ജില്ലയിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ഭാവിയാണ് ചിലരെ ആശങ്കപ്പെടുത്തിയത്.

”നിർദ്ദിഷ്ടമായ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടാൽ അത് ഒരു കൊച്ചു പാകിസ്ഥാനായിരിക്കും. മലപ്പുറത്തെ അമുസ്‌ലിമീങ്ങളെ മുസ്‌ലിംകൾ ശല്യപ്പെടുത്തി വരുന്നുണ്ട്. ആയിരക്കണക്കിന് അമുസ്‌ലിംകളെ മത പരിവർത്തനം ചെയ്ത് മുസ്‌ലിമീങ്ങൾ ആക്കുന്ന ഒരു ഇസ്‌ലാമിക സംഘടന പൊന്നാനിയിൽ പ്രവർത്തിച്ചുവരുന്നു. മലപ്പുറം ജില്ല ഒരു കടലോര പ്രദേശമാണ്. ജില്ലാ രൂപീകരണത്തോടെ പാകിസ്ഥാനുമായി തീരദേശ ബന്ധം സ്ഥാപിക്കുന്നതിന് സാധ്യതയില്ലെന്ന് പറഞ്ഞുകൂടാ… ” (മാതൃഭൂമി ദിനപത്രം, 1969 ജൂൺ 6)
പക്ഷേ, ഇതുകൊണ്ടൊന്നും സി.പി.എമ്മും മുസ്‌ലിംലീഗും ഒരുമിച്ചുണ്ടാക്കിയ സപ്തകക്ഷി മുന്നണിയുടെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. പരാധീനതയിൽ അകപ്പെട്ട ഭൂപ്രദേശത്തിന്റെ പുരോഗതിക്കായി ഉയർന്നുവന്ന ജനകീയാവശ്യം അംഗീകരിക്കപ്പെട്ടു. മലപ്പുറം ജില്ല യാഥാർത്ഥ്യമായി.
അന്നുതൊട്ട്ഇന്നുവരെ മലപ്പുറവുമായി ബന്ധപ്പെട്ട ഓരോ ചലനങ്ങളേയും സൂക്ഷ്മമായി പരിശോധിച്ച് അതിൽ ഹിന്ദുവിരുദ്ധത കണ്ടെത്തി ദേശീയശ്രദ്ധ ക്ഷണിക്കാൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാലക്കാട് തിരുവിഴാംകുന്നിൽ ആന പടക്കം കടിച്ച് ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനെതിരായ വ്യാജ പ്രചരണങ്ങളിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുകയാണ്. സംഭവത്തിൽ ബി.ജെ.പി എം.പിയും മനുഷ്യാവകാശ പ്രവർത്തകയുമായ മേനകാ ഗാന്ധി തുടങ്ങിവച്ച വിദ്വേഷ പ്രചാരണം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും ഏറ്റെടുക്കുകയുണ്ടായി. വാർത്ത ആദ്യം പ്രസിദ്ധീകരിച്ച ദേശീയ മാധ്യമങ്ങളിൽ ഒന്നായ എൻ.ഡി.ടിവിയുടെ റിപ്പോർട്ടർ സംഭവം നടന്നത് മലപ്പുറത്തല്ല, പാലക്കാടാണെന്ന് തിരുത്തിയിട്ടും, തെറ്റ് പറ്റിയതിൽ സോഷ്യൽ മീഡിയയിൽ മാപ്പ് പറഞ്ഞിട്ടും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ബി.ജെ.പി നേതാക്കൾ തിരുത്താൻ തയ്യാറായിട്ടില്ല.
മലപ്പുറത്ത് മുസ്‌ലിംകളല്ലാത്തവർക്ക് ഭൂമി വാങ്ങാൻ സാധിക്കില്ലെന്ന് ഔദ്യോഗികമായി ആരോപിച്ചത് സുബ്രഹ്മണ്യം സ്വാമിയായിരുന്നു. ‘ഈ ജില്ല ഒരു വർഗീയ രാജ്യം ആയിരിക്കുന്നു’ എന്ന് 2015-ൽ ‘സമത്വ മുന്നേറ്റ യാത്ര’യിൽ പ്രസംഗിച്ച് നടന്നത് വെള്ളാപ്പള്ളി നടേശനാണ്. ‘മലപ്പുറം ജില്ലയിൽ മുസ്‌ലിംകൾ പന്നികളെ പോലെ പെറ്റുപെരുകുകയാണെന്നാണ് ഗോപാലകൃഷ്ണന്റെ ആരോപണം. ഇടത്- വലത് നേതാക്കളും ഈ ലിസ്റ്റിൽ നിന്ന് ഒഴിവാകുന്നില്ല. തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാരായും രാജ്യദ്രോഹികളായും ഈ ജില്ലയെ കുറ്റപ്പെടുത്തിയവരിൽ വി.എസ് അച്യുതാനന്ദനടക്കം വിവിധ രാഷ്ട്രീയ നേതാക്കളും പെടുന്നു.

മലയാളസിനിമകളിൽ മലപ്പുറം എന്ന അപരദേശത്തെ ഭയത്തോടെയും പരിഹാസത്തോടെയും ചിത്രീകരിച്ചതിന് ഒരുപാട് ഉദാഹരണങ്ങൾ കാണാം. ‘നല്ല ബോംബ് മലപ്പുറത്ത് കിട്ടു’മെന്ന് ഷാജികൈലാസിന്റെ സിനിമയിൽ (ആറാം തമ്പുരാൻ- 1997) മോഹൻലാൽ പറയുന്നതും, മലപ്പുറം കലാപത്തിൽ അംഗവൈകല്യം സംഭവിച്ച പോലീസുകാരനെ ചിത്രീകരിക്കുന്ന (വിനോദയാത്ര- 2007) സത്യൻ അന്തിക്കാടിന്റെ സിനിമയും ഇവയിൽ ചിലതുമാത്രം.
സിനിമകളും സാമൂഹ്യമാധ്യമങ്ങളും മുഖേന അപരവത്കരിക്കപ്പെട്ട മലപ്പുറത്തുകാരന് ചാർത്തിക്കിട്ടുന്ന സ്വഭാവസവിശേഷതകൾ വേറെയും ചിലതുണ്ട്. വയൽ നികത്തി മണിമാളികകൾ പണിയുന്നവർ, ഭക്ഷണപ്രിയർ, മാതൃഭാഷയേക്കാൾ വിദേശഭാഷകൾക്ക് പ്രാധാന്യം നൽകുന്നവർ, നാലു കെട്ടുന്നവർ, പെറ്റു കൂട്ടുന്നവർ തുടങ്ങി കുറ്റപത്രം നീളുന്നു.
മലപ്പുറത്തിന്റെ സാംസ്കാരിക ഭൂമിക രൂപപ്പെട്ടതിനു പിന്നിലെ സാമുദായിക പശ്ചാത്തലം മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്തമാണ്. കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൊളോണിയൽ ശക്തികളോട് ഏറെ കാലം പലതരത്തിൽ ചെറുത്തുനിന്ന പ്രദേശമാണ് മലപ്പുറം. അതുകൊണ്ട് തന്നെ ഈ സംഘട്ടനങ്ങൾ മലപ്പുറത്തിന്റെ വളർച്ചയിൽ വലിയ തടസ്സമായിട്ടുണ്ട്. തെക്കൻ ജില്ലകളിലെ മുസ്‌ലിംകളിൽ നിന്നും വിഭിന്നമായി എങ്ങനെയാണ് മലബാറിലെ, വിശിഷ്യ മലപ്പുറത്തെ മുസ്‌ലിംകൾ പിന്നോക്കമായി എന്നതും മനസ്സിലാക്കേണ്ട ഒന്നാണ്. തിരുവിതാംകൂറിലെ മുസ്‌ലിംകൾ ഉദ്യോഗ സ്ഥാനങ്ങളിൽ തങ്ങളെയും പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് 1932ൽ ‘നിവർത്തന പ്രക്ഷോഭം’ നടത്തിയ കാലത്ത് മലപ്പുറത്തെ മുസ്‌ലിംകൾ ബ്രിട്ടീഷുകാരോട് പോരടിച്ചു വീരമൃത്യുയടഞ്ഞവരുടെ മക്കളെ യത്തീം ഖാനകളിലും മദ്രസകളിലും പുനരധിവസിപ്പിക്കാനുള്ള വെപ്രാളത്തിലായിരുന്നു. ഇവയൊന്നും സ്കൂളുകളിലെ ചരിത്ര പാഠപുസ്തകങ്ങളിൽ തിരഞ്ഞാൽ കാണില്ല. അതുകൊണ്ട് മലപ്പുറത്തിന്റെ ചരിത്രം ഖബറുകളിൽ നിന്നാണ് പഠിച്ചു തുടങ്ങേണ്ടതെന്ന് മുസഫർ അഹമ്മദ് നിരീക്ഷിക്കുന്നു.
ഖിലാഫത്ത് പ്രക്ഷോഭത്തിനു ശേഷം 1921 മുതൽ 1970 വരെയുള്ള മലപ്പുറത്തിന്റെ ചരിത്രം ദുരിതങ്ങൾ നിറഞ്ഞതാണ്. പിന്നീട് മലപ്പുറത്തുകാർ കടൽ കടക്കാൻ തുടങ്ങിയതോടെയാണ് ജില്ലയുടെ സാമ്പത്തിക മേഖല ജീവൻ വെക്കുന്നത്. ഏകദേശം 80% ജനങ്ങളും പ്രവാസികളെ ആശ്രയിച്ചാണ് ഇന്ന് ജീവിക്കുന്നത്. വലിയതോതിൽ എൻ.ആർ.ഐ നിക്ഷേപങ്ങൾ കാണപ്പെടുന്ന ജില്ലയാണ് ഇന്ന് മലപ്പുറം. എന്നാൽ പ്രവാസത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത് അപകടകരമാണെന്ന് സമകാലിക സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നു.
2011- ലെ സെൻസസ് പ്രകാരം ജില്ലയിലെ അറുപത്തൊൻപത് ശതമാനം വരുന്ന ജനങ്ങൾ മുസ്‌ലിംകളാണ്. മറ്റു മതസ്ഥരിൽ പെട്ട ഹിന്ദു വിഭാഗങ്ങളിൽ ബഹുഭൂരിപക്ഷവും തീയരും (ഈഴവ) ദളിത് വിഭാഗങ്ങളുമാണ്. സവർണ ഹിന്ദുക്കളും ക്രിസ്ത്യാനികളും ആപേക്ഷികമായി കുറവാണ്. തുടക്കത്തിൽ പറഞ്ഞ മലപ്പുറം വിരുദ്ധ പ്രസ്താവനകളുടെ രാഷ്ട്രീയം മുകളിൽ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കേണ്ടത്.
‘മറ്റേത് കേരളാ ജില്ലകളെ പോലെ സാധ്യതകളും പരിമിതികളും ഉള്ള ഒരു ജില്ലയായി മലപ്പുറത്തെയും കണ്ടാൽ മതിയാകും. ഭീകരതകളുടെ കപ്പൽ മലപ്പുറത്ത് മാത്രമേ എത്തിച്ചേരുകയുള്ളൂ എന്ന മട്ടിലുള്ള തട്ടുപൊളിപ്പൻ തകരവർത്തമാനങ്ങൾ തുടരുന്നത്, വ്യത്യസ്ത ബ്രാൻഡിലുള്ള ഭീകരതകളെ തിരിച്ചറിയുന്നതിന് തടസ്സം സൃഷ്ടിക്കും.’ (കെ ഇ എൻ- ഉബ്ലാങ്കണ്ടി വർത്തമാനം പറയുന്നവരെ പ്രകോപിപ്പിക്കുന്ന പച്ചബ്ലൗസ്)
നൂറ്റാണ്ടുകളായി തങ്ങൾ കൈവശപ്പെടുത്തിയ മൂലധനത്തെ മറ്റൊരു സമുദായം അത്യാവേശത്തോടെ കൈവശപ്പെടുത്തുന്നതിലുള്ള അസൂയയാണ് ഒരളവുവരെ മലപ്പുറം വിരുദ്ധതയായി പുറത്തു വരുന്നതെന്ന് ജമീൽ അഹ്മദ് നിരീക്ഷിക്കുന്നു. മറ്റൊരു കനമുള്ള ആരോപണമാണ് ‘വർഗീയത’. മലപ്പുറം ജില്ലയിലെ മാപ്പിളമാർ നൂറ്റാണ്ടുകളായി നടത്തുന്ന അധികാര വിരുദ്ധ സമരങ്ങളെ പശ്ചാത്തലമാക്കിയാണ് ഇവ മുന്നോട്ടുപോകുന്നത്. ഇത്തരം പൊതുബോധങ്ങളെ പ്രതിരോധിക്കാൻ KL10, സുഡാനി ഫ്രം നൈജീരിയ പോലുള്ള സിനിമകൾക്ക് സാധിക്കുന്നു എന്നത് പ്രതീക്ഷാർഹമാണ്.
സഈദ് ഹാഫിസ്
ما شاء الله, Hafizka keep it up!