ജാതി, വംശം എന്നിവ പൂർണാർത്ഥത്തിൽ വ്യത്യസ്തമാണെങ്കിലും ജാതീയതയും വംശീയതയും കൂടപ്പിറപ്പുകളായി തന്നെയാണ് നിലകൊള്ളുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഘടനാപരമായ അടിച്ചമർത്തലിന്റെ സംവിധാനങ്ങളാണ് അവ രണ്ടും.പകൽവെളിച്ചതിൽ ജോർജ്ജ് ഫ്ലോയ്ഡ് എന്ന മനുഷ്യന്റെ കറുത്ത കഴുത്ത് തകർത്ത വെളുത്ത കാൽമുട്ടുകളായി വംശീയത വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ, ഇന്ത്യയിൽ തന്നെ ഒറീസയിൽ ഒരു ബ്രാഹ്മണ പുരോഹിതൻ ക്ഷേത്രത്തിനകത്തുവെച്ച് കൊറോണയിൽ നിന്നും രക്ഷ നേടാൻ ബലിദാനമായി മറ്റൊരു മനുഷ്യജീവനെ വെട്ടിക്കൊല്ലുകയുണ്ടായി.
അമേരിക്കൻ ജനസംഖ്യയുടെ പകുതിയും തെരുവിലിറങ്ങിയപ്പോൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അതൊന്ന് തല കുലുക്കി മറിച്ചുനോക്കിപ്പോവാനുള്ള മറ്റൊരു വാർത്താക്കുറിപ്പ് മാത്രമായിരുന്നു.പുരോഹിതൻ മാനസികസ്ഥിരതയില്ലാത്തവനാണെന്ന പോലീസ് ഭാഷ്യം, ജാതിയുടെ അദൃശ്യമായ കരങ്ങൾ എങ്ങനെ ഇന്ത്യയിലെ ചിതറിക്കിടക്കുന്ന ജനസംഖ്യയിൽ ഒരു പുതപ്പ് പോലെ പരന്നു കിടക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്നതാണ്.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ദലിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ മുതൽ കേരളത്തിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർത്ഥി ദേവികയുടെ ആത്മഹത്യയോളം എത്തിനിൽക്കുന്ന സ്ഥാപനവത്കൃത ഹിംസകൾ വാർത്താ റിപ്പോർട്ടുകളിൽ നിറയുമ്പോഴും “ദലിത്” എന്ന വാക്ക് ഉപയോഗിക്കുന്നതിനോ ജാതി സംബന്ധമായ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിനോ അവ ഇന്നും വിമുഖത കാണിക്കുന്നു എന്നുള്ളത് അത്യന്തം അപകടകരമാണ്.
വംശീയതയും ജാതീയതയും ശക്തിയേറിയതും സാമൂഹിക അടിച്ചമർത്തലിനുമുളള സമാന സംവിധാനങ്ങളാണ്. എന്നല്ല, അവ തമ്മിൽ നിരവധി സമാന്തരങ്ങളും കാണാം. കീഴാള ജനങ്ങൾ അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന വ്യവസ്ഥാപരമായ അടിച്ചമർത്തലുകളെ, മറ്റേതൊരു വിഭാഗത്തേക്കാളും സാമ്യപ്പെടുത്താവുന്നത് കറുത്തവർഗ്ഗക്കാരോടാണ്. അതിനാൽ തന്നെ, അവരിൽ നിന്നുള്ള പ്രചോദനങ്ങൾ ദലിത് പോരാട്ടങ്ങൾക്ക് കരുത്തേകുന്നുണ്ട്. ബ്ലാക്ക് പാന്തർ പ്രസ്ഥാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഉയർന്നുവന്ന ദലിത് പാന്തേർസ് ഇതിനൊരുദാഹരണമാണ്. ജാതിവ്യവസ്ഥക്കും വംശീയതക്കുമിടയിലെ സമാനതകൾ തിരിച്ചറിഞ്ഞ ആദ്യ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായിരുന്നു ജ്യോതിബ ഫൂലെ.’ഗുലാംഗിരി’ (അടിമത്തം) എന്ന തന്റെ പുസ്തകം അമേരിക്കയിൽ അടിമത്തത്തിനെതിരെ പോരാടിയവർക്കായി സമർപ്പിച്ചുകൊണ്ട് അതിന്റെ തുടക്കത്തിൽ ഫുലെ എഴുതുന്നു: “ബ്രാഹ്മണമേധാവിത്വത്തിന്റെ ബന്ധനങ്ങളിൽ നിന്ന് തങ്ങളുടെ ശൂദ്ര സഹോദരന്മാരെ മോചിപ്പിക്കുന്നതിൽ എന്റെ നാട്ടുകാർ അവരെ മാതൃകയാക്കണമെന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു”.
ഏകദേശം 300 വർഷം മുമ്പ് മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാരെ, ചങ്ങലക്കിട്ടും ചവിട്ടിമെതിച്ചും പീഡിപ്പിച്ചു കൊണ്ട് വലിയ ചരക്കുക്കപ്പലുകളിൽ, അതിലുൾക്കൊള്ളാൻ കഴിയുന്നതിനെക്കാൾ ഭാരവുമായി, കടത്തിക്കൊണ്ടുവന്ന അറ്റ്ലാന്റിക്ക് അടിമക്കച്ചവടത്തോളം പഴക്കമുണ്ട് യു.എസിലെ വർഗീയതയുടെ ചരിത്രത്തിന്. ഒടുവിൽ,രണ്ടു മാസം നീണ്ടുനിന്ന ദുഷ്കരമായ യാത്രയിൽ, നിർജ്ജലീകരണത്തെയും ഇതര രോഗങ്ങളെയും പട്ടിണിചൂഷണങ്ങളെയും അതിജീവിക്കാൻ കഴിയാതിരുന്ന ശരീരങ്ങൾ നിഷ്കരുണം കടലിലേക്ക് വലിച്ചെറിയപ്പെട്ടു.
അടിമത്തത്തിലേക്ക് ജനിച്ചുവീണ്, പിന്നീട് ക്രൈസ്തവ മതത്തിലെ ആദ്യ പരിഷ്കർത്താക്കളിൽ ഒരാളായി മാറിയ, അമേരിക്കൻ സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായ ഫ്രെഡറിക് ഡഗ്ലസ് തന്റെ ‘വാട്ട് ടു ദി സ്ലേവ് ഈസ് ദി ഫോർത് ഓഫ് ജൂലൈ’, എന്ന പുസ്തകത്തിൽ വലിയൊരു സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു:“സഹ പൗരന്മാരെ,എന്നോട് ക്ഷമിക്കൂ,ചോദിക്കാൻ എന്നെ അനുവദിക്കുക, എന്തുകൊണ്ടാണ് ഇന്നിവിടെ സംസാരിക്കാൻ ഞാൻ ക്ഷണിക്കപ്പെട്ടത്? നിങ്ങളുടെ ദേശീയ സ്വാതന്ത്ര്യവുമായി എനിക്ക് അല്ലെങ്കിൽ ഞാൻ പ്രതിനിധീകരിക്കുന്നവർക്ക് എന്ത് ബന്ധമാണുള്ളത് ? ‘Declaration of independence’ ൽ ഉൾകൊണ്ടിട്ടുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും സ്വാഭാവിക നീതിയുടെയും മഹത്തായ തത്ത്വങ്ങൾ ഞങ്ങളെയും ഉൾക്കൊള്ളുന്നുണ്ടോ? തന്റെ പ്രസംഗം തുടർന്നുകൊണ്ട് ഡഗ്ലസ് താൻ ഇന്ന് എത്തിനിൽക്കുന്ന അവസ്ഥയും, ഒരിക്കൽ താൻ രക്ഷപ്പെട്ടുവന്ന അടിമത്തവ്യവസ്ഥയും തമ്മിലെ അന്തരം അഭിസംബോധിതർക്ക് വ്യക്തമാക്കികൊടുക്കുന്നുണ്ട്.
ഒപ്പം, വെള്ളക്കാർ കറുത്ത വംശജരെ മനപ്പൂർവം അമേരിക്കൻ ദേശീയവാദത്തിന്റെ ചട്ടക്കൂടിലേക്ക് വലിച്ചിഴച്ചതിനെ എതിർത്തുകൊണ്ട് അദ്ദേഹം തന്റെ വംശത്തിലെ ആളുകൾക്കും അമേരിക്കൻ ജനതയുടെ ജൂലൈ 4 ആഘോഷങ്ങൾക്കും ഇടയിലുള്ള അന്തരം വ്യക്തമാക്കുകയും ചെയ്യുന്നു.
ഡഗ്ലസിന്റെ പ്രസ്താവനയെ താരതമ്യപ്പെടുത്താവുന്നത്, ഡോ.ബി.ആർ അംബേദ്‌കറിന്റെ ‘അനിഹിലേഷൻ ഓഫ് കാസ്റ്റിനോടാണ്’. പ്രാരംഭ പ്രസ്താവനയെന്ന നിലക്ക് അദ്ദേഹം എഴുതുന്നു “ആമുഖം — എന്തുകൊണ്ടാണ് ഞാൻ സമ്മേളനത്തിനു അയോഗ്യനായ അധ്യക്ഷനായി മാറിയത് “. ഡഗ്ലസിൽ നിന്ന് ഭിന്നമായി,തങ്ങളുടെ സന്തതികളായ ആര്യ സമാജത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത, ജാ-പട്-തോഡക്-മണ്ഡൽ നടത്തിയ ഹിന്ദുമതത്തിന്റെ സാമൂഹിക പരിഷ്കരണത്തെക്കുറിച്ചുള്ള ഒരു സമ്മേളനത്തെയാണ് അംബേദ്കർ ഇവിടെ അഭിമുഖീകരിക്കുന്നത്. വലിയൊരു വിഭാഗം സവർണരാണ് തന്റെ അഭിസംബോധിതർ എന്നതിനാൽ തന്റെയും അവരുടെയും കാഴ്ച്ചപ്പാടുകളിലെ അന്തരം അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ അവർക്ക് വിശദീകരിച്ചുകൊടുക്കുന്നുണ്ട്. അമേരിക്കയെക്കുറിച്ചുള്ള തങ്ങളുടെ സങ്കല്പത്തിലേക്ക് വെള്ളക്കാരെയും കറുത്തവരെയും (തുല്യരായിരിക്കാൻ വേണ്ടി) നിർബന്ധിതമായി ഉൾക്കൊള്ളിക്കുന്ന, വെള്ളക്കാരനു മാത്രം സ്വീകാര്യയോഗ്യമായ ദേശീയവാദ വിവരണത്തിന്റെ പുനർനിർമ്മാണത്തിനു വേണ്ടി ഡഗ്ലസ് വാദിച്ചപ്പോൾ, ഹിന്ദു-ജാതീയ “പരിഷ്കർത്താക്കളുടെ” ഭാവനയിൽ വിമോചനപരവും അന്തർലീനവുമായ ഒരു ആത്മീയ മതത്തിന്റെ സ്ഥാനം വഹിക്കുന്ന ഹിന്ദു സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ സവർണരെയും അവർണരെയും ഉൾപ്പെടുത്തിക്കൊണ്ട് അംബേദ്കറും അതുതന്നെയാണ് നിർവഹിച്ചത്.
തന്റെ എല്ലാ അമർഷത്തോടും കൂടി അംബേദ്കർ കുറിക്കുന്നു,:“അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലെ ഹൈന്ദവ ശാസ്ത്രവിധികൾ ധിക്കരിച്ചതെന്തിനാണെന്ന ചോദ്യം മണ്ഡൽ നേരിട്ടേക്കാം. ശാസ്ത്രവിധികൾ അനുസരിച്ച്, മൂന്ന് വർണ്ണങ്ങൾക്ക് ഗുരുവാകേണ്ട വ്യക്തി ബ്രാഹ്മണൻ ആയിരിക്കണം. അതിനാൽ,ആരിൽ നിന്ന് ഒരു ഹിന്ദു പാഠങ്ങൾ പഠിക്കണം, ആരിൽ നിന്ന് പാടില്ല എന്ന് മണ്ഡലിനറിയാം”. മണ്ഡൽ ഉയർത്തിപ്പിടിച്ച ധാർമികതയെ വെല്ലുവിളിച്ചുകൊണ്ട്, അവർക്ക് മിശ്രവിവാഹങ്ങളോട് അനുകൂല നിലപാടും അവർക്കിടയിൽപെട്ടവർ മാത്രം ചേർന്ന് ഭക്ഷണം കഴിക്കുന്നതിനോടും തൊട്ടുകൂടായ്മകളോടും വിയോജിപ്പുമുണ്ടായിരിക്കെതന്നെ, ഹിന്ദു വേദഗ്രന്ഥങ്ങളിലെ ധാർമികസദാചാരങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഹിന്ദുമതത്തിൽ നിലനിൽക്കുന്ന ഒരുതരം ക്ലാസിക് വിരോധാഭാസത്തെ അംബേദ്കർ തുറന്നുകാണിച്ചു.
ഹിന്ദു സമൂഹം എന്നത് ജാതികളുടെയും ഉപജാതികളുടെയും ശേഖരം ഉൾക്കൊള്ളുന്ന കേവലമൊരു മിഥ്യയാണെന്ന അംബേദ്കറുടെ വാദത്തിൽ നിന്ന് വിഭിന്നമായി,( “ഹിന്ദുമതം ഭയാനകമായ ഒരു അറയാണ്” എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഉദ്ധരണി ഇവിടെ പ്രത്യേകം പരാമർശിക്കുന്നു), മത പരിഷ്കരണത്തിലൂടെ ക്രിസ്തുമതത്തിന് കൈവരുന്ന വിമോചന സാധ്യതയിലാണ് ഡഗ്ലസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അദ്ദേഹം അടിച്ചമർത്തുന്നവന്റെ കയ്യിൽ നിന്ന് മതത്തെ പിടിച്ചെടുക്കുകയും സഭാവ്യവസ്ഥകളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുകയും ചെയ്തു. “സഭയുടെ ഉത്തരവാദിത്തം” (The church responsible )എന്ന പ്രസംഗത്തിൽ ഡഗ്ലസ് എഴുതുന്നു, “സഭയുടെ വിളക്കുകളായി നിലകൊള്ളുന്ന അതിലെ ഏറ്റവും പ്രഗത്ഭരായ പല ദിവ്യന്മാരും ലജ്ജയില്ലാതെ മതത്തിന്റെയും ബൈബിളിന്റെയും കൈകാര്യകർതൃത്വം മൊത്തം അടിമത്ത സമ്പ്രദായത്തിനും നൽകി. മനുഷ്യൻ ശരിയായ നിലക്കുള്ള അടിമയായിരിക്കണമെന്ന് അവർ പഠിപ്പിച്ചു; യജമാനനും അടിമയുമായുള്ള ബന്ധം ദൈവത്താൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്നുവെന്നും, രക്ഷപ്പെട്ടെത്തിയ ഒരു അടിമയെ യജമാനന്റെ അടുത്തേക്ക് തിരിച്ചയക്കുക എന്നത് കർത്താവായ യേശുക്രിസ്തുവിന്റെ എല്ലാ അനുയായികളുടെയും കടമയാണെന്നും അവർ ധരിപ്പിച്ചു. ഈ ഭയാനകമായ ദൈവദൂഷ്യം ലോകമൊട്ടാകെ ക്രിസ്തുമതത്തെ സാരമായി ബാധിച്ചു”. പ്രധാനമായും അന്ധവിശ്വാസം, ഭയം, വിധേയത്വം എന്നിവയാൽ നയിക്കപ്പെടുന്ന ഒരു സാമൂഹികശ്രേണി ഘടന കെട്ടിപ്പടുക്കാനുള്ള ഉപകരണമായിരുന്നു മതം എന്ന് ഡഗ്ലസ് വിശ്വസിക്കുന്നു. “ഈ ഏറ്റുമുട്ടലിൽ, ഡഗ്ലസിന്റെ വിമോചന ദൈവശാസ്ത്രം, പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ സംസ്കാരത്തിന്റെ പ്രധാന അടിത്തറയായ സാമൂഹിക,സാമ്പത്തിക,രാഷ്ട്രീയ ഘടനകളിലൊന്നായ വൈറ്റ് ക്രിസ്ത്യൻ ചർച്ചുകളുടെ അസ്തിവാരമിളക്കി”.
ബ്രഹ്മ സമാജം, ആര്യ സമാജം തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ഹിന്ദുമതം മുൻകാലങ്ങളിൽ നിരവധി മതപരിഷ്കരണ ശ്രമങ്ങൾക്ക് വിധേയമായിട്ടുണ്ട്. ആര്യ സമാജം വേദങ്ങളുടെ അപ്രമാദിത്വം അംഗീകരിക്കുകയും അവയിൽ നിന്ന് ഏകദൈവാരാധനാരീതി ഉരുത്തിരിഞ്ഞെടുക്കുവാൻ ശ്രമിക്കുകയും ജാതിയുടെ പാരമ്പര്യവ്യവസ്ഥകളെ നിലനിൽക്കുന്ന ആചാരങ്ങളിൽ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുകയും ചെയ്തു. ജാതീയത അതിന്റെ സ്വാഭാവിക ചട്ടക്കൂടിൽ നിന്നുകൊണ്ട് വംശീയതയിൽ നിന്നും വ്യത്യസ്തപ്പെടുന്നത് ഇവിടെയാണെങ്കിലും ഘടനാപരമായ അടിച്ചമർത്തലിന്റെ സംവിധാനങ്ങളെന്ന നിലക്ക് അവ സമാനങ്ങളാണ്. വംശീയത, ക്രിസ്തുമത വ്യാഖ്യാനത്താൽ ഒരിക്കൽ അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും, അതിന്റെ വേരുകൾ വംശത്തിൽ തന്നെയാണ് നിലകൊള്ളുന്നത്. എന്നാൽ, ഹിന്ദു മതത്തിലെ ജാതി പ്രശ്നങ്ങൾ പൂർണമായും പടുത്തുയർത്തപ്പെട്ടത് ഹിന്ദുമത ഗ്രന്ഥങ്ങളിലെ വ്യാഖ്യാനങ്ങളിൽ നിന്നാണെന്ന് വ്യക്തമാണ്.
വംശം, ജൈവിക നിർമിതിയാകുമ്പോൾ അത് വെള്ളക്കാരന് തന്റെ മേധാവിത്വം പ്രകടമാക്കാനുള്ള മേഖലയായി മാറുന്നു. ചർമ്മം,മുടി, മറ്റ് ശാരീരിക പ്രത്യേകതകൾ എന്നിങ്ങനെയുള്ള ശരീര
സവിശേഷതകളാൽ ഒരു പുറംനാട്ടുകാരന് രണ്ട് വംശങ്ങളെ തമ്മിൽ തിരിച്ചറിയാൻ സാധിക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കാര്യത്തിൽ ഇത് അങ്ങനെയല്ല. പല പണ്ഡിതരും ശാസ്ത്രജ്ഞരും ഈയിടെ വരെ പ്രതിരോധിച്ച ഹിന്ദു-ജാതീയ വാദത്തിന്റെ (ബ്രാഹ്മണ“വംശ”ത്തിന്റെ വിശുദ്ധിയെ മഹത്വപ്പെടുത്താൻ അത് ഉപയോഗിക്കുന്നു)പ്രധാന വാദങ്ങളിലൊന്ന്: ജാതി വംശത്തിന് തുല്യമാണെന്നതാണ്, ആര്യൻ-അധിനിവേശ സിദ്ധാന്തമാണ് അതിനുള്ള ന്യായീകരണമായി മുന്നോട്ടുവെക്കുന്നത്. അംബേദ്കർ ഈയൊരു വാദത്തെ നേരിട്ടു കൊണ്ട് പറയുന്നു: “വാസ്തവത്തിൽ, ഇന്ത്യയിലെ വിവിധ വംശങ്ങൾ രക്തത്തിലും സംസ്കാരത്തിലും ഒത്തുചേർന്ന് വളരെക്കാലം കഴിഞ്ഞാണ് ജാതി സമ്പ്രദായം നിലവിൽ വന്നത്. ജാതികളുടെ വേർതിരിവ് യഥാർത്ഥത്തിൽ വംശത്തിന്റെ വ്യതിരിക്തതയാണെന്നും, വിവിധ ജാതികളെ വ്യത്യസ്ത വംശങ്ങളാണെന്നതു പോലെ കണക്കാക്കണമെന്നും വാദിക്കുന്നത് വസ്തുതകളോടുള്ള തികച്ചും വികലമായ സമീപനമാണ്… ”
“ഹിന്ദുമതം” എന്ന വേഷത്തിനുള്ളിൽ വംശീയ ചോദ്യങ്ങളൊന്നും തന്നെ മറഞ്ഞുകിടക്കുന്നില്ലെങ്കിൽ, പിന്നെന്തുകൊണ്ടാണ് 3000 വർഷങ്ങൾക്കുശേഷവും ഭയാനകമായ ജാതിവ്യവസ്ഥ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ യാതൊരു കോട്ടവും തട്ടാതെ നിലനിൽക്കുന്നത്?
ആദ്യ ജാതി-വിരുദ്ധ, ശൂദ്ര പരിഷ്കർത്താക്കളിൽ ഒരാളായ, മഹാത്മാ ജ്യോതിബ ഫൂലെ, ആര്യൻ- അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പുരാണങ്ങളും നാടോടിക്കഥകളും ഹിന്ദു മത ഗ്രന്ഥങ്ങളിലേക്ക് കൂടിക്കലർന്നതിനെ കുറിച്ച് പറയുന്നുണ്ട്. അംബേദ്കർ ആര്യൻ -അധിനിവേശ സിദ്ധാന്തത്തെ നിരാകരിക്കുന്നുണ്ടെങ്കിലും, “ഹു വെർ ദ ശൂദ്രാസ്” എന്ന തന്റെ പുസ്തകം അദ്ദേഹം മഹാത്മക്ക് തന്നെ സമർപ്പിക്കുന്നുണ്ട്. ഫൂലെ തന്റെ “അടിമത്തം”എന്ന ഗ്രന്ഥത്തിൽ എഴുതുന്നു, “ആദ്യം അവർ ഗംഗയുടെ തീരത്ത് താമസമാക്കുകയും ക്രമേണ ഇന്ത്യ മുഴുവൻ വ്യാപിക്കുകയും ചെയ്തു.എന്നിരുന്നാലും, ജനങ്ങളെ കീഴടക്കുന്നതിനായി മറ്റു രാജ്യങ്ങളിലൊന്നും കണ്ടെത്താനാകാത്ത രീതിയിലുള്ള അങ്ങേയറ്റം വിചിത്രമായ പുരാണ സമ്പ്രദായവും, ജാതി ക്രമീകരണവും, ക്രൂരവും മനുഷ്യത്വരഹിതവുമായ നിയമങ്ങളും അവർ ആവിഷ്കരിച്ചെടുത്തു. പ്രവണതയിലും പ്രവർത്തനത്തിലും ‘ഡ്രോയിഡ്’കളുടെ കാലശേഷം പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്തവിധം മർമ്മഭേദകമായ ഒരു പൗരോഹിത്യതന്ത്രത്തെ അവർ സ്ഥാപിച്ചു.” ഫൂലെ പരാമർശിച്ച ഈ രീതി, പുരാതന ജനതയുടെ സംസ്കാരങ്ങളിൽ സ്വാധീനം ചെലുത്തുന്നതിനു വേണ്ടി പുരാണങ്ങളെയും പുരോഹിതന്മാരെയും ഉപയോഗപ്പെടുത്തുകയും, ജാതിവ്യവസ്ഥയെ രൂപപ്പെടുത്തുന്നതിനും, ഉയർന്ന ജാതിക്കാരായ ദേവന്മാരെ മാത്രം ആരാധിക്കുന്നതിനുമായി, തികച്ചും അതിശയോക്തിപരമായ ഇതിഹാസങ്ങൾ കെട്ടിച്ചമച്ച് അവരിൽ മതവിശ്വാസം വളർത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. സ്വാഭാവികമായും ജാതി സംസ്കാരങ്ങൾ തഴച്ചുവളരുന്ന ഒരു സമൂഹത്തെ അത് സൃഷ്ടിച്ചെടുത്തു. ഈ “ദേവന്മാരെ” സ്തുതിച്ചുകൊണ്ടാണ് പ്രാർത്ഥനകളും സ്തുതിഗീതങ്ങളും കവിതകളും രചിക്കപ്പെട്ടത്. ഈ ദേവന്മാരെ മഹത്വപ്പെടുത്തുന്നതിനായി ആചാരങ്ങളും അർപ്പണങ്ങളും ഉത്സവാഘോഷങ്ങളും നടപ്പിലാക്കി. പടച്ചെടുക്കപ്പെട്ട ബ്രാഹ്മണിക്കൽ സംസ്കാരത്തെയും വഹിച്ചുകൊണ്ടാണ് സാഹിത്യങ്ങളും ഇതര കലാരൂപങ്ങളും നിർമ്മിക്കപ്പെട്ടത്. അംബേദ്കർ തന്റെ “എൻഷ്യന്റ് ഇന്ത്യ ഓൺ എക്സ്ഹുമേഷൻ”, “റെവല്യൂഷൻ ആന്റ് കൗണ്ടർ റെവല്യൂഷൻ ഇൻ ഇന്ത്യ ” എന്നിവയിൽ പോലും ബുദ്ധമൗര്യ സാമ്രാജ്യങ്ങളുടെ മേൽ ബ്രാഹ്മണിസം നേടിയെടുത്ത വിജയത്തിനുശേഷം മനുസ്മൃതി, ഗീത, പുരാണങ്ങൾ, മഹാഭാരതം, രാമായണം എന്നീ ഗ്രന്ഥങ്ങൾ എങ്ങനെയാണ് വിപ്ലവകരമായ ദൈവശാസ്ത്രമെന്ന നിലക്ക് എഴുതപ്പെട്ടതെന്ന് വിശദമായി വിവരിക്കുന്നുണ്ട്. “തങ്ങളുടെ മഹത്തായ വിജയത്തിനുശേഷം ബ്രാഹ്മണിസം പ്രധാനമായും വ്യാപൃതമായ, ഏറ്റവും വിജയകരവും സ്വാർത്ഥവുമായ ലക്ഷ്യമായിരുന്ന, വർണ്ണത്തെ ജാതിയിലേയ്ക്ക് പരിവർത്തനം ചെയ്തെടുത്തത് ” എങ്ങനെയാണെന്നും അദ്ദേഹം വിവരിക്കുന്നു. ഇന്ത്യൻ ജനതയുടെ ജീവിതത്തെ നശിപ്പിക്കുന്നതിൽ ബ്രാഹ്മണരുടെ സാംസ്കാരിക മേധാവിത്വവും മതം ആവിഷ്കരിച്ചെടുത്ത ജാതിവ്യവസ്ഥയും എത്രത്തോളം വിജയിച്ചു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഇപ്പോഴത്തെ ഇന്ത്യ.
വ്യത്യസ്ത വംശങ്ങളുടെ നിലനിൽപ്പ് കാരണം അമേരിക്കയിൽ വംശീയത പ്രകടമായിരിക്കെ, അന്യായമായ വ്യവസ്ഥയും ഘടനാപരമായ അടിച്ചമർത്തലും പുറംനാട്ടുകാരനു വരെ മനസ്സിലാക്കാവുന്നതേയുള്ളൂ. ക്രിസ്തുമതത്തിനകത്ത് തന്നെ ഒരു വിമോചന ദൈവശാസ്ത്ര വായനയ്ക്കുള്ള സാധ്യതകളുണ്ട്. ജാതി, മതത്തിന്റെ മൂടുപടത്തിനു പിന്നിൽ ഒളിച്ചിരുന്നുകൊണ്ട് തന്റെ കടമ ഭംഗിയായി നിർവഹിക്കുന്നതു കൊണ്ടും, ഒരു ജാതിയെ മറ്റൊന്നിൽ നിന്നും വേർതിരിച്ചറിയാൻ പ്രത്യേക വ്യത്യാസങ്ങളൊന്നുമില്ലാത്തതിനാലും,(ജാതി എന്ന ആശയം തന്നെ നിലവിലില്ലാത്ത ഒരു സാമൂഹിക നിർമിതിയാണെന്നത് വേറെ കാര്യം) ബ്രാഹ്മണ പുരോഹിതവർഗത്തിന്റെ യോഗ, അഹിംസ, ആത്മീയത, വെജിറ്റേറിയനിസം എന്നിങ്ങനെയുള്ള സുന്ദരമായ വേഷംകെട്ടലുകളിൽ പുറംനാട്ടുകാരൻ പോലും സ്വാധീനിക്കപ്പെടുന്നു.
ജാതീയതയും വംശീയതയും, ഇരു സമൂഹങ്ങളെയും നിയന്ത്രിക്കുന്ന, ഘടനാപരമായ സാമൂഹിക ശ്രേണിയുടെ എഞ്ചിൻ നിലനിർത്തുന്ന, കൂടപ്പിറപ്പുകളായി തന്നെ തുടരുന്നു. അവർ നയിച്ച ജീവിതം, നിർബന്ധിതരായിക്കൊണ്ട് സമൂഹത്തിൽ അവർ നേടിയെടുത്ത ഇടം, ലോകത്തിന്റെ ഏത് കോണിലേക്ക് രക്ഷപ്പെട്ടാലും തിരിച്ചറിയപ്പെടുന്ന അവരുടെ സ്വത്വം, എന്നിവയാൽ ഇരുവരുടെയും ഇരകളായവർക്ക് പരസ്പരം ഒരേ ഭാഷ സംസാരിക്കാൻ കഴിയുന്നു. എന്നിരുന്നാലും, ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം, നിർദ്ദിഷ്ട രൂപമില്ലാത്ത, അദൃശ്യനായ ഒരു ശത്രുവിനെതിരെ പോരാടുന്നത് യു.എസിലെ വംശീയതയ്‌ക്കെതിരായ പോരാട്ടത്തേക്കാൾ കഠിനമാണ്. ബ്ലാക്ക് പ്രസ്ഥാനത്തിൽ നിന്നും വലിയതോതിൽ പ്രചോദനം ഉൾക്കൊണ്ടിരിക്കെ, വിമോചനത്തിനായുള്ള പോരാട്ടത്തിൽ അവർ ഉപയോഗിച്ച അതേ ആയുധങ്ങൾ പയറ്റുന്നത് ഇന്ത്യയിലെ ബഹുജൻ ജനതക്ക് ഫലപ്രദമാവണമെന്നില്ല. നാം അഭിമുഖീകരിക്കുന്ന ജാതിയെന്ന ഭീമാകാരനായ സത്വത്തെ തുരത്തുന്നതിന് നമ്മുടെ സിദ്ധാന്തങ്ങളും തന്ത്രങ്ങളും പരിഷ്കരിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.
എണ്ണത്തിൽ നമ്മൾ ജാതിയെക്കാൾ 3000 വർഷം മുന്നിലാണ്, സംവരണത്തെക്കാൾ അഞ്ച് പതിറ്റാണ്ട് മുന്നിലും. എന്നിട്ടും ഇന്ത്യയിലെ ജാതിയുടെ, പതിയിരിക്കുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞ അംബേദ്കറുടെ വാക്കുകൾ ഓരോ മനസ്സിലും ഇരുണ്ട മഷിയിൽ പതിഞ്ഞിരിക്കുന്നു – “നിങ്ങൾ ഇഷ്ടപ്പെടുന്ന ഏത് ദിശയിലേക്കും തിരിഞ്ഞുകൊൾക, എന്നാൽ നിങ്ങളുടെ പാതയെ മറികടക്കുന്ന സത്വമാണ് ജാതി ”.
ഇസ്സ അഹ്സൻ
വിവർത്തനം : മുംതാസ് ജാഇസാ