കേവലം സ്പോർട്ടിങ് ഇവന്റ് മാത്രമായി രൂപാന്തരം പ്രാപിച്ചു പോയ സൈക്ലിങ്ങ് കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി പ്രായഭേദമന്യേ ആഗോളാടിസ്ഥാനത്തിൽ ഒരു നവ സംസ്കാരത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്. പല രാജ്യങ്ങളിലും Utility സൈക്ലിങ്ങ് എന്ന പേരിൽ പുതിയ സംസ്കാരം രൂപം പ്രാപിച്ചു കൊണ്ടിരിക്കുന്നു. നാഗരികതകളിലേക്ക് വരെ സൈക്കിൾ സ്വാധീനം നീണ്ടു കിടക്കുന്നു. ലോക നഗരങ്ങളിൽ പലയിടത്തും റോഡ് സൈഡിൽ സൈക്ലിങ്ങിന് മാത്രമായി പ്രത്യേക ട്രാക്കുകൾ സജ്ജീകരിക്കപ്പെട്ടു കഴിഞ്ഞു. മുൻ പോളിഷ് സൈക്ളിസ്റ്റും സോഷ്യോളജി പ്രൊഫസ്സറും നിയമജ്ഞനുമൊക്കെയായ ലെസ്സെക്ക് ജെ. സിബൽസ്ക്കിയുടെ ശ്രമഫലമായി 2018 ഏപ്രിൽ 12ന് ലോക ബൈസിക്കിൾ ദിന പ്രമേയം ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി അജണ്ടയിൽ കൊണ്ടുവന്നു. 2018 മുതൽ തന്നെ ജൂൺ 3 അന്താരാഷ്ട്ര സൈക്ലിങ് ദിനമായി ആചരിച്ചു വരുന്നു. സൈക്ലിങ് പ്രമോട്ട് ചെയ്യുന്ന BYCS എന്ന നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന കേരളത്തിലെ 14 ജില്ലകളിലും സൈക്ലിംങ്ങ് പ്രമോഷന് വേണ്ടി ബൈസിക്കിൾ മേയർമാരെ നിയമിച്ചിരിക്കുന്നു. കേവലം രണ്ട് ടയറിനും പെഡലിനും ഹാൻഡിലിനും അപ്പുറത്ത് പലതുമാണ് ഒരു സൈക്കിൾ. മഹത്തായ ഒരു ആശയം കൂടിയാണത്. ബുള്ളറ്റ് ട്രെയിനുകളും ഡ്രോൺ വിമാനങ്ങളും കണ്ടു പിടിക്കപ്പെടുന്ന വേഗതയുടേയും തിടുക്കത്തിന്റേയും കാലത്ത് മെല്ലെ പോക്കിനും വേഗത ഇല്ലായ്മക്കും പ്രസക്തിയുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ആശയം. ശബ്ദ കോലാഹലങ്ങൾക്കിടയിലും നിശബ്ദത മുറുകെ പിടിക്കുന്ന ആശയം. ടെക്നോളജിയുടെ കാലത്തും അത് നൊസ്റ്റാൾജിയയുടെ വാതിലുകൾ തുറന്നിടുന്നു. ചീറി പാഞ്ഞു പോകുന്ന രണ്ടും നാലും ആറും ടയറുള്ള വണ്ടികൾക്കിടയിലൂടെ മെല്ലെ മന്ദമാരുതനെ പോലെ ഇഴഞ്ഞു നീങ്ങുന്ന ഓരോ സൈക്കിളിസ്റ്റും കാലത്തോട് വലിയ സംവാദമാണ് നടത്തുന്നത്.
നമ്മുടെ കേരളത്തിലും ചവിട്ടുവണ്ടി അനിയന്ത്രിതമായി പ്രചാരം കൈകൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയെടുക്കാൻ കണക്കെടുപ്പിന്റേയും ഗ്രാഫുകളുടേയും സഹായമാവശ്യമില്ല എന്ന് തന്നെ പറയാം. ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചാൽ മതിയാവും. നാഷണൽ ഹൈവേയുടെ അരികുകളിൽ സഞ്ചരിക്കുന്ന സൈക്ലിസ്റ്റുകൾ സ്ഥിരം കാഴ്ചയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മലകളും കുന്നുകളും സിംഗിൾ ഗിയർ MTB സൈക്കിൾ ചവിട്ടി കയറ്റി കീഴടക്കിയവർ നിരവധി. ലാൻസ് ആംസ്ട്രോങ്ങിനേയും ഈഗൺ ബെർണലിനേയും പറ്റി കേട്ടിട്ടുപോലുമില്ലാതെ ഓൾ ഇന്ത്യയും ഓൾ കേരളയും ഹിമാലയം വരെയുമൊക്കെ റൈഡ് ചെയ്തവർ അസഖ്യം. മലയാളിക്ക് എന്നും ഗൃഹാതുരനായ വാഹനം കൂടിയാണ് സൈക്കിൾ. കുഞ്ഞുണ്ണി മാഷിന്റെ മനോഹരമായ സൈക്കിൾ എന്ന കവിത കേൾക്കാത്തവരുണ്ടാവില്ല. ന്യൂസ് പേപ്പർ ബോയിയുടെ സൈക്കിൾ ബെല്ലടി കേൾക്കാത്തവർ വിരളം. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ തന്നെ കേരളത്തിലെ നിരവധി രാഷ്ട്രീയ, സാമൂഹിക, വിഷയങ്ങളും സമൂഹ മധ്യത്തിൽ കൊണ്ട് വരുന്നതിൽ സൈക്ലിങ്ങ് ക്ലബുകൾ വഹിച്ച പങ്ക് ചില്ലറയല്ല. പ്രേക്ഷകരിൽ വർധിച്ച സൈക്ലിങ്ങ് ഭ്രാന്തിനെ സ്ക്രീനിൽ പ്രമേയമാക്കുകയായിരുന്നു ഈയടുത്ത കാലങ്ങളിലായി റിലീസ് ചെയ്ത അമ്പിളി, ഫൈനൽസ് തുടങ്ങിയ സിനിമകൾ. “ഇതൊരു കേംമ്പറ്റീഷൻ ഐറ്റം അല്ലാത്തത് കൊണ്ട് കപ്പൊന്നും കിട്ടിയില്ല” എന്ന രാവണപ്രഭു സിനിമയിലെ മോഹൻ ലാലിന്റെ ഡയലോഗ് മലയാളികൾ എങ്ങനെ മറക്കാൻ.
വലിയ ചരിത്രം പേറുന്ന വാഹനം കൂടിയാണ് സൈക്കിൾ. മോട്ടോർ എഞ്ചിനുകളുടെ കണ്ടുപിടിത്തത്തിന് മുമ്പ് മനുഷ്യന്റെ പ്രധാന വാഹനം. 1847-ൽ ഫ്രാൻസിൽ ചക്രങ്ങളുള്ള ഒരു വാഹനത്തെ വിവരിക്കാനാണ് ബൈസിക്കിൾ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 19-ാം നൂറ്റാണ്ടിലാണ് ആദ്യമായി ഇന്നു കാണുന്ന രീതിയിലുള്ള സൈക്കിൾ നിർമ്മിച്ചത്. പിന്നീട് 21-ാം നൂറ്റാണ്ടോടു കൂടിയാണ് സൈക്കിൾ ലോകത്ത് വ്യാപകമാവുന്നത്. 1855 ൽ സൈക്കിളുകളിൽ ചങ്ങല വന്നതോട് കൂടി സൈക്കിളുകളുടെ മോഡലുകളിൽ വലിയ വ്യത്യാസം ദൃശ്യമാവാൻ തുടങ്ങി. 21-ാം നൂറ്റാണ്ടിലെ സൈക്കിളിന്റെ വ്യാപനം ലോകത്ത് സാമ്പത്തികമായും, സാമൂഹികമായും സാംസ്കാരികമായുമൊക്കെ മാറ്റങ്ങൾ ഉണ്ടാക്കി. ചരിത്രത്തിൽ മറ്റു പല ആവശ്യങ്ങൾക്കു വേണ്ടിയും സൈക്കിൾ ഉപയോഗിച്ചതായി കാണാം. യൂറോപ്പിൽ റോയൽ ബ്രിട്ടീഷ് എന്ന പേരിൽ പോസ്റ്റ്മാൻമാരും കൂടാതെ മൊബൈൽ ആവശ്യങ്ങൾക്ക് പോലിസും സൈക്കിൾ ഉപയോഗിച്ചതായി കാണാം. ചുരുക്കത്തിൽ മോട്ടോർ വാഹനങ്ങളുടെ, വിശിഷ്യാ ഇന്ന് കണ്ടു വരുന്ന മോട്ടോർ സൈക്കിളുകളുടെ ആദ്യ രൂപമായിരുന്നു സൈക്കിൾ. ആദ്യകാലങ്ങളിൽ പണക്കാരും പ്രൊഫഷനൽസും മാത്രമാണ് സൈക്കിൾ ഉപയോഗിച്ചിരുന്നത്. പിന്നീട് പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ സൈക്കിളിനെ ഓവർ ടേക്ക് ചെയ്യുകയായിരുന്നു.
ആധുനിക മനുഷ്യൻ സൈക്ലിങ്ങിന്റെ മേന്മകൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു, അത് മനുഷ്യനെ പലതും പഠിപ്പിച്ചു. ആഗോളതാപനത്തിനും, അന്തരീക്ഷ – ശബ്ദമലിനീകരണത്തിനുമെല്ലാം സൈക്കിൾ ഒരു പരിധിവരെ പ്രതിവിധിയാണ്. നമ്മുടെ അടിസ്ഥാന വികസന കാഴ്ച്ചപ്പാടുകളെ കുറിച്ചും സുസ്ഥിര വികസന കാഴ്ച്ചപ്പാടുകളെ കുറിച്ചും സാമൂഹിക ജീവിതരീതികൾ അഴിച്ചുപണിയേണ്ട ആവശ്യകതകളെ സംബന്ധിച്ച ആലോചനകളും സൈക്കിൾ സാധ്യമാക്കി. ഒരു ഹോബി എന്നതിനോടൊപ്പം ജോഗിങ്ങും ജിംനാസ്റ്റിക്സും പോലെ നല്ല ഒരു എക്സസൈസ് രീതി കൂടിയാണ് സൈക്ലിങ്ങ്. വ്യായാമത്തിനായി സൈക്ലിങ്ങ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്.
സൈക്ലിങ്ങും ഒരു എയ്റോബിക് വ്യായാമം ആണ്. അഥവാ ഓക്സിജൻ കൂടുതൽ ഉപയോഗിക്കുന്ന വ്യായാമം. ഹൃദയ ധമനികൾക്ക് ഏറ്റവും നല്ലതാണ് സൈക്ലിങ്ങും ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിന്റെ വർധനവ് പുത്തനുണർവും ഉന്മേഷവും നൽകുന്നു. പ്രമേഹം, ഹൃദയരോഗങ്ങൾ, മാനസിക സമ്മർദങ്ങൾ തുടങ്ങിയ പല മാരക രോഗങ്ങൾക്കും സൈക്കിൾ പെഡലുകൾ ഒരു പരിഹാരമാണ്.
~ ടി.എം ഇസാം
Superb