1. മുസ്‌ലിം ലീഗ് വിരുദ്ധ രാഷ്ട്രീയം മുസ്‌ലിം ലീഗിനെ ഇന്ത്യ-പാക് വിഭജനവുമായി ചേർത്തുവെക്കാറുണ്ട്. ഇന്ത്യ-പാക് വിഭജനാനന്തരം മുസ്‌ലിം ലീഗ് ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തോട് അവരുടെ ഉന്നമനത്തിനായി എന്ത് നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്?
സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിംകളും മുസ്‌ലിം ലീഗും നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന് അവർ ‘പാകിസ്ഥാൻ വാദികളാ’ണെന്ന ദുഷ് പ്രചരണമാണ്, 1947- മുതൽ വർഷങ്ങളോളം അത് മുസ്‌ലിം ലീഗിൻ്റെ പേരിൽ നിലനിർത്താൻ ബോധപൂർവമായ ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും മുസ്‌ലിം സമുദായത്തിൻ്റെ ഉന്നമനത്തിനു വേണ്ടിയുള്ള മുസ്‌ലിം ലീഗിൻ്റെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കാൻ പോന്നവയായിരിന്നില്ല. കാരണം മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം പല മേഖലകളിലും ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി എല്ലാ സമയത്തും ഇടപെട്ട ശക്തമായ രാഷ്ട്രീയ പാർട്ടിയാണ്. അതിൻ്റെ രൂപീകരണം മുതൽ ഏഴ് പതിറ്റാണ്ടുകൾ പിന്നിടുന്ന ഈ സന്ദർഭത്തിലും അതിശക്തമായ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ട് മുന്നോട്ടുപോയിട്ടുണ്ടെന്നതിന് മുസ്‌ലിം ലീഗിൻ്റെ ചരിത്രം സാക്ഷിയാണ്. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായിരുന്ന ബി.ആർ അംബേദ്കറെ പ്രസ്തുത സഭയിലെത്തിച്ചത് മുസ്‌ലിം ലീഗിന്റെ ഇടപെടൽ കൊണ്ടാണെന്ന് അഭിമാനത്തോടുകൂടി ഇത്തരുണത്തിൽ ഓർത്തെടുക്കാൻ സാധിക്കും. അന്ന് അംബേദ്കറുടെ പാർട്ടിയായിരുന്ന ഹരിജൻ പാർട്ടിക്ക് അദ്ദേഹത്തെ വിജയിപ്പിക്കാൻ പോന്ന ശക്തിയുണ്ടായിരുന്നില്ല, ഇതിനെത്തുടർന്ന് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സ
സർവ്വേന്ത്യാ മുസ്‌ലിം ലീഗ് സംയുക്തമന്ത്രിസഭയിൽ മുസ്‌ലിം ലീഗ് മന്ത്രിയും ദളിത് നേതാവുമായിരുന്ന യോഗേന്ദ്ര മണ്ഡൽ വിഷയത്തിൽ ഇടപെടുകയും അങ്ങനെ ബംഗാളിൽ നിന്ന് അംബേദ്കറെ കോൺസ്റ്റിറ്റുയെന്റ് അസ്സംബ്ലിയിൽ എത്തിക്കുന്നത്തിനു വേണ്ട നിർണായകമായ പങ്ക് വഹിക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ അവരുടെ ഉയർച്ചക്കും വേണ്ടി ലീഗ് എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. മുസ്‌ലിംകളിൽ ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും വിശ്വാസവും ആചാരവും മത പ്രബോധനവും ഭരണഘടനയിൽ ഇന്നുള്ള വിധം സ്ഥാനം പിടിച്ചത് മുസ്‌ലിം ലീഗ് നേതാക്കളുടെ ശക്തമായ ഇടപെടൽ മൂലമാണ്. പൗരന് ഏത് മതവും വിശ്വസിക്കാൻ സ്വാതന്ത്ര്യം ഉണ്ടാവുമെന്ന് നെഹ്‌റു വായിച്ചപ്പോൾ അത് പോരാ മതപ്രബോധനം നടത്താനുള്ള സ്വാതന്ത്ര്യം കൂടി വേണമെന്ന് ഖാഇദേ മില്ലത്ത് വാദിച്ചു. അങ്ങനെയാണ് മതപ്രബോധനത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിൽ സ്ഥാനം പിടിച്ചത്. ഇന്ന് നമ്മൾ നേരിടുന്ന NRC, CAA പോലുള്ള വെല്ലുവിളികളിൽ നമുക്ക് കരുത്തായി നിലനിൽക്കുന്നത് നമ്മുടെ ഭരണഘടനയാണ്. ഇതുപോലെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ശക്തമായ ഇടപെടലുകൾ നടത്താൻ മുസ്‌ലിം ലീഗിന് സാധിച്ചിട്ടുണ്ടെന്നാണ് ആദ്യമായി സൂചിപ്പിക്കാനുള്ളത്. അതോടൊപ്പം 1948-ൽ മുസ്‌ലിം ലീഗ് പാർട്ടി രൂപീകരിച്ചപ്പോൾ തന്നെ ദീർഘവീക്ഷണത്തോട് കൂടി അന്നത്തെ സാമ്പത്തിക നയത്തെ അംഗീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിദ്യാഭ്യാസ രംഗം പരിശോധിച്ചാൽ മുസ്‌ലിം ലീഗ് നടത്തിയ ശക്തമായ ഇടപെടലുകൾ നമുക്ക് ദർശിക്കാനാവും.1948 മാർച്ച് 10നാണ് മുസ്‌ലിം ലീഗ് രൂപീകൃതമായിട്ടുള്ളത്. അതെ വർഷം തന്നെയാണ് ഫാറൂഖ് കോളേജ് രൂപീകരിക്കുന്നത്. 1947ന് മുൻപ് വിദ്യാഭ്യാസരംഗത്ത് തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി മാത്രമാണ് ഉണ്ടായിരുന്നത്.
മലബാറിന്റെ വിദ്യാഭ്യാസ സാഹചര്യം വളരെ ശോചനീയമായിരുന്നു. നിങ്ങൾ ആരാന്റെ വിറക് വെട്ടികളും വെള്ളം കോരികളും ആകരുതെന്ന് സി. എച്ച് സാഹിബ് സമുദായത്തെ ഉൽബോധിപ്പിച്ചിരിന്ന കാലഘട്ടം, അവർക്കിടയിലേക്കാണ് ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബ്, കെ.എം. സീതി സാഹിബ് പോലെയുള്ള നേതാക്കന്മാരുടെ ശ്രമഫലമായി മലബാറിലെ മക്കൾക്കുവേണ്ടി ഫാറൂഖ് കോളേജ് രൂപീകൃതമാവുന്നത്. വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടമുണ്ടാകുന്നത് നമ്മുടെ നേതാക്കന്മാരുടെ ദീർഘവീക്ഷണം കൊണ്ടായിരുന്നു. 1948-ൽ ഫാറൂഖ് കോളജ് രൂപീകരിക്കുമ്പോൾ കേരളം അന്ന് മദ്രാസ് സംസ്ഥാനത്തിന്റ ഭാഗമായിരുന്നു. ആ സ്ഥാപനം നേടിയെടുക്കുന്നതിന് വേണ്ടി മൗലാന അബുസ്സബാഹ് അഹ്മദലി മൗലവിയോടൊപ്പം നിന്ന് ധാരാളം പരിശ്രമങ്ങൾ നടത്തിയത് നമ്മുടെ നേതാക്കന്മായിരുന്നു. ഇങ്ങനെ തുടക്കം കുറിച്ച വിദ്യാഭ്യാസ വിപ്ലവം പിന്നീട് മമ്പാട് എം.ഇ.എസ് കോളേജ്, സർ സയ്യിദ് കോളേജ്, പോലുള്ള ഒരുപാട് കോളേജുകളായി പ്രതിഫലിക്കുകയും ചെയ്തു. ഇത്തരത്തിൽ വിദ്യാഭ്യാസ രംഗത്തെ വലിയൊരു പുരോഗതിയിലേക്കെത്തിക്കാൻ മുസ്‌ലിം ലീഗിന് സാധിച്ചിട്ടുണ്ട്. അതോടൊപ്പം റിസർവേഷൻ പോലുള്ള സംവിധാനങ്ങൾ, കമ്മ്യൂണൽ റൊട്ടേഷൻ തുടങ്ങിയവ നഷ്ടപ്പെട്ടപ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ലീഗ് ശക്തമായ ഇടപെടലാണ് നടത്തിയത്. കേരളത്തിൽ നടപ്പാക്കിയ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടും ഇതിന്റെ ഭാഗമാണ്. ഉദ്യോഗസ്ഥരെ സർവീസുകളിൽ കൊണ്ടുവരുന്നതിനു സംവരണ കാര്യങ്ങളിൽ ശക്തമായ നിലപാടുകൾ കൈകൊണ്ടത്. ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ എത്രമാത്രം പിന്നിലായിരുന്നു നമ്മൾ. (ഇപ്പോഴും അങ്ങനെ തന്നെയാണ്) എങ്കിലും വളരെ ഭയാനകമായ അവസ്ഥയിൽ നിന്ന് കുറച്ചെങ്കിലും മാറ്റം വന്നിട്ടുള്ളത് മുസ്‌ലിം ലീഗിൻ്റെ ഇത്തരം ഇടപെടൽ കൊണ്ടാണ്. അതുപോലെതന്നെ മുസ്‌ലിം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് കൊണ്ടുവരുന്നതിൽ മുസ്‌ലിം ലീഗിൻ്റെ മന്ത്രിമാരും നേതാക്കന്മാരും നടത്തിയ ഇടപെടലുകൾ നിർണായകമായിരുന്നു. അതോടൊപ്പം തന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കൂടാതെ കണ്ണൂർ, കാലടി സംസ്‌കൃത സർവകലാശാല,കൊച്ചിയിലെ നിയമ സർവകലാശാല, മലയാള സർവകലാശാല, പെരിന്തൽമണ്ണയിലെ അലിഗഡ് സർവകാലശാലയുടെ ഓഫ് ക്യാമ്പസ് എന്നിവയൊക്കെ സ്ഥാപിച്ചത് ലീഗ് മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ്.
കേരളത്തിന് പുറത്തും മുസ്‌ലിം ലീഗിന് ശക്തമായ സാന്നിധ്യമുണ്ടായിരുന്നു.
ലീഗിന്റെ സമ്മുന്നതനായ നേതാവും ദീർഘകാലം മുസ്‌ലിം ലീഗിന്റെ പാർലമെന്റ് അംഗവും മികച്ച പാർലമെന്റേറിയനുമായ ജി.എം ബനാത്ത്‌വാല സാഹിബിന്റെ തട്ടകമായ മഹാരാഷ്ട്ര സംസ്ഥാനം, പ്രത്യേകിച്ച് ബോംബെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് 1961ൽ നാല് സീറ്റ് കിട്ടി, അത് പിന്നീട് പന്ത്രണ്ടു സീറ്റ് വരെയായി ഉയർത്തി, ആർ.എസ്.എസിൻ്റെ ആസ്ഥാനമായി അറിയപ്പെടുന്ന നാഗ്പൂർ കോർപ്പറേഷനിൽ രണ്ടുതവണ മുസ്‌ലിം ലീഗ് ഡെപ്യൂട്ടി മെയർ സ്ഥാനം വഹിച്ചുട്ടുണ്ട്. തമിഴ്നാട്ടിലും ബംഗാളിലും യുപി യിലുമൊക്കെ മുസ്‌ലിം ലീഗ് പ്രവർത്തനം ശക്തിപ്രാപിച്ചു. വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക-സാമ്പത്തിക രംഗങ്ങളിലെല്ലാം മുസ്‌ലിം ലീഗിന് അതിൻ്റെതായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. മാധ്യമ രംഗത്ത് 1934 മുതൽ ആരംഭിച്ചതും ഇന്നേ വരെ മുടങ്ങാതെ പത്ര രംഗത്ത് നിലനിക്കുന്നതുമായ “ചന്ദ്രിക” ദിനപത്രം എടുത്തു പറയേണ്ടതാണ്. ന്യൂനപക്ഷങ്ങളുടെയും മുസ്‌ലിംകളുടെയും അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ അവരുടെ ശബ്ദമായി മാറാനും ചന്ദ്രികക്ക് എന്നും സാധിച്ചു. ഇത്തരത്തിൽ കരുത്തരായി മുന്നോട്ടുപോയ പാരമ്പര്യവും ചരിത്രവും തന്നെയാണ് മുസ്‌ലിം ലീഗിന് പറയാനുള്ളത്.
മുസ്‌ലിം ലീഗ് എന്തു ചെയ്തു എന്നതിന് ഒരു ലിവിങ് എക്സാമ്പിളായി സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ കാണിക്കാവുന്നതാണ്. അതിൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഏറ്റവും നല്ല രീതിയിൽ മുസ്‌ലിങ്ങൾ ജീവിക്കുന്നുണ്ടെങ്കിൽ അത് കേരളത്തിൽ മാത്രമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ മുസ്‌ലിം ലീഗുണ്ടാക്കിയെടുത്ത ഒരു പൊളിറ്റിക്കൽ എംപവർമെന്റ് കൊണ്ട് തന്നെയാണ് കേരളത്തിലെ മുസ്‌ലിംങ്ങൾ ഈ ഒരു നേട്ടം കൈവരിച്ചിട്ടുള്ളത്. ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിനെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെങ്കിൽ അത് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനെയാണ്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയെ അതിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മുസ്‌ലിം ലീഗിനെ മാത്രമാണ്. വളരെ ഭീതിതമായ അവസ്ഥയിലാണ് നമ്മളുടെ രാജ്യമുള്ളത്. ഈ ഒരു സന്ദർഭത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം രാഷ്ട്രീയപരമായ ഉന്നമനത്തിനുവേണ്ടി അവരെയെല്ലാം സംഘടിപ്പിച്ചുകൊണ്ട് നാളെയുടെ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുക എന്നതാണ് മുസ്‌ലിം ലീഗ് മുന്നോട്ട് വെക്കുന്നത്. സമീപകാലത്തെ നമ്മുടെ വിദ്യാർത്ഥി യുവജന സംഘടനകളും മറ്റു പോഷക സംഘടനകളും നടത്തുന്ന ഇടപെടലുകൾ നമുക്കൊരു ശുഭസൂചനയാണ്.
2.1992-ലെ ബാബരി മസ്ജിദ് ധ്വംസനത്തോടെ മുസ്‌ലിം രാഷ്ട്രീയം ശക്തമാവുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ വിള്ളലുകൾ സംഭവിക്കുന്നത്. ഇതിനെ തുടർന്ന് സൗത്ത് ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തിൽ മാത്രമായി മുസ്‌ലിം ലീഗ് ഫോക്കസ് ചെയ്യുന്ന സാഹചര്യമുണ്ട്. അപ്പോൾ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്ന് പറയുന്നതിന്റെ ഒരു പ്രസക്തിയെന്താണ്? ഈ ഒരു സാഹചര്യത്തിൽ ഇന്ത്യൻ പൊതുസമൂഹത്തോടുള്ള മുസ്‌ലിം ലീഗിന്റെ ഇടപെടൽ എങ്ങനെയാണ്?
സ്വാതന്ത്ര്യാനന്തരം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മുസ്‌ലിം ലീഗിന്റെ പ്രവർത്തനം ശക്തിപ്പെട്ടിട്ടുണ്ട്. കേരളം, കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആസാം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിൽ മുസ്‌ലിം ലീഗിന് എം.എൽ.എ മാരുണ്ടായിരുന്നു. കോൺഗ്രസ്, സി.പി.എം, ലോക്ദൾ പോലെയുള്ള ദേശീയ കക്ഷികൾ മുസ്‌ലിം ലീഗുമായി സഖ്യത്തിലേർപ്പെട്ട് മത്സരിച്ച കാലമുണ്ടായിരുന്നു.
പിന്നീട് കാലക്രമേണ ഇതിൽ ചില മാറ്റങ്ങൾ ഉണ്ടായി, എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ 1961-ൽ ബോംബേ കോർപറേഷനിൽ മുസ്‌ലിം ലീഗിന് നാലു സീറ്റ് കിട്ടിയ ഒരു കാലമുണ്ടായിരുന്നു. അത് പിന്നീട് പന്ത്രണ്ടു സീറ്റ് വരെ ഉയർന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കർണാടകയിലും ആന്ധ്രയിലും മുസ്‌ലിം ലീഗിന്റെ പ്രവർത്തനം വളരെ സജീവമായി നിലനിന്നിരുന്നു. തമിഴ്നാട്ടിൽ പൊതുവെ സ്ഥാപക നേതാവിന്റെ ജന്മദേശം എന്ന നിലയിൽ തുടക്കം മുതൽക്കേ അവിടെ വേരോട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ പ്രത്യേകിച്ച് മുസ്‌ലിം ലീഗിന്റെ പോഷക ഘടകങ്ങളായ യുത്ത് ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ്, എസ്.ടി.യു പോലെയുള്ളവ വളരെ ശക്തമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. യൂത്ത് ലീഗിനും എം.എസ്.എഫിനും വിവിധസംസ്ഥാനങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. എം.എസ്.എഫിനെ പരിശോധിക്കുകയാണെങ്കിൽ പതിനാലോളം സംസ്ഥാനങ്ങളിൽ കമ്മിറ്റികൾ നിലവിൽ വന്നിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന സർവകലാശാലകളായ ജെ.എൻ.യു, ജാമിഅ മില്ലിയ, ഡൽഹി യൂണിവേഴ്സിറ്റി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, മൗലാനാ ആസാദ് ഉർദു യൂണിവേഴ്സിറ്റി, ഇഫ്ലു തുടങ്ങിയ സർവകലാശാലകളിൽ എം.എസ്.എഫിന്റെ സാനിധ്യം നമുക്ക് ഇന്ന് കാണാൻ കഴിയും. ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങൾ പ്രത്യേകിച്ചു രോഹിത് വെമുലയുടെ കുടുംബത്തിനും സംഘപരിവാറുകളാൽ കൊല ചെയ്യപ്പെട്ട ജുനൈദിൻ്റെ കുടുംബത്തിനും അവരുടെ പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കുമൊപ്പം എന്നും കൂടെയുണ്ടായിരുന്നത് മുസ്‌ലിം ലീഗാണ്. കശ്മീരിലെ ആസിഫ എന്ന പെൺകുട്ടിയുടെ നീതിക്കുവേണ്ടിയുള്ള നിയമപോരാട്ടത്തിൽ മുന്നിൽ നിന്നതും ലീഗ് തന്നെയാണ്. കൂടാതെ ജെ.എൻ.യു വിലെ നജീബിന്റെ തിരോധാനത്തിലും അവർക്ക് താങ്ങും തണലുമായി നിന്നതും മുസ്‌ലിം ലീഗ് തന്നെയായിരുന്നു. ഒടുവിൽ സഫൂറ സർഗാർ, ഉമർ ഖാലിദ്, മീരാൻ ഹൈദർ തുടങ്ങിയ വിദ്യാർത്ഥികളെ യു.എ.പി.എ ചാർത്തി തുറങ്കിലടച്ചപ്പോൾ അവർക്ക് വേണ്ട നിയമസഹായം പ്രഖ്യാപിച്ചതും ലീഗല്ലാതെ മറ്റാരുമല്ല. ഇതിനോട് ചേർത്തു പറയാനുള്ളത് ഇന്ത്യൻ പാർലമെന്റിനകത്തും പുറത്തും ഒരു പോലെ പൗരത്വ ബില്ലിനെതിരെ ശക്തമായ ഭാഷയിൽ എതിർക്കുകയും കോടതിയിൽ ആദ്യമായി അതിനെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗാണ്. പാർലമെന്റ് അംഗങ്ങളായ ശ്രി. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, തമിഴ്നാട്ടിൽ നിന്നുള്ള നാവാസ് ഖനി എന്നിവർ ലോക്സഭയിലും പി.വി. അബ്ദുൽ വഹാബ് രാജ്യ സഭയിലും ഇത്തരം വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരിൽ ഉയർന്നു വരുന്ന ഏത് വെല്ലുവിളികളെയും പ്രതിസന്ധികളെയും ശക്തിയുക്തം ചെറുത്ത് തോല്പിക്കാൻ ലീഗ് എന്നും പ്രതിജ്ഞാബദ്ധമാണ്.
3. ഫാസിസം ശക്തിയാർജിക്കുകയും സെക്കുലർ ശക്തികൾ ദുർബലപ്പെടുകയും ചെയ്യുന്ന നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പൊതുവെ ഇന്ത്യയിൽ ശക്തിയാർജ്ജിച്ചു വരുന്ന ദളിത്-ആദിവാസി-മുസ്‌ലിം സഖ്യത്തോട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സമീപനം എന്താണ്?
ദളിത്-ആദിവാസി-മുസ്‌ലിം സഖ്യത്തോട് മുസ്‌ലിം ലീഗ് എന്നും അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഞാൻ നേരത്തെ സൂചിപ്പിച്ച ഭരണഘടനയുടെ ശില്പിയായിരുന്ന ബി.ആർ അംബേദ്കറെ ഭരണഘടനാ ശില്പിയായി അറിയപ്പെടുന്നതിന് മുസ്‌ലിം ലീഗ് വഹിച്ച പങ്ക് വളരെ ശക്തമാണ്. ബംഗാളിൽ നിന്ന് മുസ്‌ലിം ലീഗിന്റെ നേതാവ് യോഗേന്ദ്ര മണ്ഡലിൻ്റെ ഇടപെടൽ കൊണ്ടാണ് അന്ന് അദ്ദേഹത്തിനു അവിടെ മത്സരിക്കാൻ സാധിച്ചത്. അങ്ങനെയാണ് ദളിതനായ ബി.ആർ അംബേദ്കർ ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ അസംബ്ലിയിൽ എത്തിയത്. ഇത്തരത്തിൽ തുടക്കം മുതൽക്കേ തന്നെ ആദിവാസി-ദളിത്-മുസ്ലിം ഐക്യം വളരെ ശക്തമായി മുസ്‌ലിം ലീഗ് കാത്തു സൂക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ മുസ്‌ലിം ലീഗിനെ എടുത്തു പരിശോധിക്കുകയാണെങ്കിൽ പ്രത്യേകിച്ച് കേരളത്തിൽ ആദിവാസി-ദളിത്-മുസ്‌ലിം സഖ്യത്തിന് വളരെയേറെ പ്രാധാന്യം നൽകിയിട്ടുണ്ട്. 1952-ലെ മദ്രാസ് അസ്സംബ്ലിയിലേക്ക് കേരളത്തിൽ നിന്നും അഞ്ചു പേരെ തിരഞ്ഞെടുത്തപ്പോൾ അതിലൊരാൾ ദളിത് വിഭാഗത്തിൽപ്പെട്ട എം.ചടയൻ ആയിരുന്നു. കണ്ണൂരിൽ നിന്നുള്ള ചടയനെ മലപ്പുറത്ത് മത്സരിപ്പിക്കുകയും 1957-ലും 1960-ലും 1967-ലും ലീഗിനെ പ്രതിനിധീകരിച്ചുകൊണ്ട് കേരള നിയമസഭയിലെത്തി. 1970-ലും 1977-ലും 1980-ലും 1982-ലും ശ്രീ. കെ.പി രാമൻ മാസ്റ്ററും മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. പിന്നീട് അദ്ദേഹം കേരളാ പബ്ലിക് സർവീസ് കമ്മീഷനിലും (പി.എസ്.സി) അംഗമായി. മറ്റാരാൾ ശ്രി. യു.സി രാമനാണ്, അദ്ദേഹം രണ്ടുതവണ മുസ്‌ലിം ലീഗിന്റെ ബാനറിൽ നിയമസഭയിലെത്തി. ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്ത് ശ്രീ. എ.പി. ഉണ്ണികൃഷ്ണനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഇങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ പദവികൾ ഈ വിഭാഗങ്ങൾ വഹിച്ചതായി ചൂണ്ടി കാണിക്കാനാവും. കാമ്പസുകളിലും ഈയൊരു -ദളിത്-മുസ്ലിം ഐക്യം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. കേന്ദ്ര സർവകലാശാലയായ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ എം.എസ്.എഫ് ഒരുതവണ മത്സരിച്ചത് അല്ലെങ്കിൽ യൂണിയനിൽ എം.എസ്.എഫിൻ്റെ പ്രാതിനിത്യമുണ്ടായത് ദളിത് സംഘടനായ അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷൻ ഉൾപ്പെടുന്ന മുന്നണിയിലാണ്. അങ്ങനെ അവരോട് അനുഭാവം പുലർത്തിയിട്ടുള്ള അവരോടൊപ്പം നിന്നിട്ടുള്ള ചരിത്രമാണ് മുസ്‌ലിം ലീഗിനുണ്ടായിട്ടുള്ളത്. ഈ ഐക്യം ഫാസിസ്റ്റ് ശക്തികളെയും അവരുടെ തെറ്റായ നയങ്ങളെയും നേരിടുന്നതിൽ എന്നും ഒപ്പമുണ്ടാകും.
4. കാലങ്ങളായി മാറി മാറി വരുന്ന കേരളാ രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫ് രാഷ്ട്രീയ പ്രതിനിധാനങ്ങളിൽ, മന്ത്രിസ്ഥാനം വീതംവെപ്പിൽ എന്തുകൊണ്ടാണ് മുസ്‌ലിം ലീഗിന് മതിയായ പ്രാമുഖ്യം ലഭിക്കാത്തത്?
1956 നവംബറിലാണ് സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. 1957ലാണ് ആദ്യമായി EMS മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ വരുന്നത്. എന്നാൽ മുസ്‌ലിം ലീഗിന് മന്ത്രി സഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത് 1967-ലെ സപ്തകക്ഷി മന്ത്രിസഭയിലാണ്, ആ കാലഘട്ടത്തിലാണ് മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും രൂപീകരിക്കപ്പെടുന്നത്. കേരളത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ രണ്ട് നാഴിക കല്ലുകളാണ് ഇവരണ്ടും. റവന്യു വരുമാനത്തിന്റെ വലിയ ഒരു ശതമാനം വിനിയോഗിക്കപ്പെടുന്ന വകുപ്പുകളാണ് ലീഗ് എന്നും കൈകാര്യം ചെയ്തിട്ടുള്ളത്.
എം.എൽ.എ, മന്ത്രി, നിയമസഭ സ്പീക്കർ, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നീ പദവികളൊക്കെ ലീഗ് വഹിച്ചിട്ടുണ്ട്. പിന്നെ ഒരു മുന്നണി സംവിധാനത്തിൽ പല തരത്തിലുള്ള വിട്ടുവീഴ്ച്ചകളും മുസ്‌ലിം ലീഗിന് ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും മുസ്‌ലിം ലീഗിന് അവകാശങ്ങൾ ഒരിക്കലും കുറഞ്ഞു പോയിട്ടില്ല. ചിലയിടങ്ങളിൽ അത് ചോദിച്ച് വാങ്ങുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഒരു മുന്നണി സംവിധാനത്തിൽ നിൽക്കുമ്പോൾ അതിനുള്ള ചില മുന്നണി മര്യാദകളും മറ്റും പാലിക്കേണ്ടി വന്നതുകൊണ്ട് മാത്രമാണ്. അല്ലാതെ മുസ്ലീം ലീഗിന് പ്രാമുഖ്യം ലഭിച്ചിട്ടില്ല എന്ന് ഒരിക്കലും പറയുന്നില്ല. അതിന് അർഹമായ പ്രാധാന്യം തന്നെ ലഭിച്ചിട്ടുണ്ട്. പൂർണമായും ലഭിച്ചു എന്നല്ല ഞാൻ പറയുന്നത്. അർഹതപ്പെട്ടത് ഇനിയും കിട്ടാനുണ്ട്. പക്ഷേ നിലവിൽ കിട്ടിയതൊക്കെയും വളരെ ഭംഗിയായി മുസ്‌ലിം ലീഗ് ചെയ്തിട്ടുമുണ്ട്. അതിന് എല്ലാവിധ സഹായങ്ങളും യു.ഡി.എഫ് എന്ന നിലക്ക് മറ്റു കക്ഷികൾ നൽകിയിട്ടുണ്ട്. പക്ഷേ മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഇനിയും ഒരുപാട് പ്രാതിനിധ്യം വേണം. നിയമസഭയിൽ ഇപ്പോഴുള്ള 24 സീറ്റുകളിൽ നിന്നും മാറണം. അതിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനുള്ള ശക്തി മുസ്‌ലിം ലീഗിനുണ്ട്, മുമ്പ് മലബാർ പ്രദേശത്ത് മാത്രമാണ് മുസ്‌ലിം ലീഗിന് സ്വാധീനം ഉണ്ടായിരുന്നതെങ്കിൽ ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും നിർണായകമായ സ്വാധീനവും ശക്തിയും മുസ്‌ലിം ലീഗിനുണ്ട്. അതോടൊപ്പം മുസ്‌ലിം ലീഗിന് പാർലമെന്റിൽ രണ്ട് സീറ്റ് മാത്രമാണെന്ന ഒരു വിഷയവുമുണ്ട്. തീർച്ചയായും അത് രണ്ടിൽ കൂടുതൽ ആളുകളെ മത്സരിപ്പിക്കാനും അതിനെ വിജയിപ്പിച്ചെടുക്കാനുമുള്ള ശക്തി മുസ്‌ലിം ലീഗിനുണ്ട്. കേരളാ നിയമസഭയിൽ 24 സീറ്റുകളിലാണ് മുസ്‌ലിം ലീഗ് മത്സരിക്കുന്നതെങ്കിലും 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളിൽ ഒരു സ്വാധീനം ചെലുത്താൻ മുസ്‌ലിം ലീഗിന് സാധിക്കുന്നുണ്ട്. തീർച്ചയായും സമീപഭാവിയിൽ ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.
5. കേരളത്തിൽ തന്നെ മലബാർ മേഖലകളിലാണ് മുസ്‌ലിം ലീഗിന് ആധിപത്യമുള്ളത്. ഇവിടങ്ങളിലെ മറ്റു മുസ്‌ലിം സംഘടനകളോടുള്ള മുസ്‌ലിം ലീഗിന്റെ അടിസ്ഥാനപരമായ നിലപാട് എന്താണ്?
മുസ്‌ലിം ലീഗ് ന്യൂനപക്ഷ-ഭൂരിപക്ഷ തീവ്രവാദ നിലപാടുകളെ എല്ലാ കാലത്തും എതിർത്ത് പോന്നിട്ടുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. ഈ നിലപാടുകളുടെ പേരിൽ പാർട്ടി ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചില പ്രവർത്തകരുടെ ജീവൻ പോലും ബലിയർപ്പിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലഘട്ടത്തിൽ കേരളത്തിൽ മുസ്‌ലിം ലീഗ് കൈകൊണ്ട നിലപാടുകളാണ് അന്ന് കേരളക്കരയെ സംഘർഷങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും സംരക്ഷിച്ചത്. ലീഗിന്റെ നിലപാടിൽ തീവ്രത പോരാ എന്നു പറഞ്ഞ് പാർട്ടി വിട്ടവർ പിന്നീട് മുസ്‌ലിം ലീഗ് എടുത്ത നിലപാടായിരുന്നു ശരിയെന്ന് തിരുത്തിക്കുറിക്കേണ്ടി വന്ന സന്ദർഭമുമുണ്ടായിരുന്നു. മുസ്‌ലിം ലീഗ് എല്ലാ മുസ്‌ലിം സംഘടനകളുടെയും ഒരു പൊതു പ്ലാറ്റ്ഫോം എന്ന നിലക്കാണ് നിലകൊള്ളുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശിഷ്യാ മുസ്‌ലിങ്ങളുടെ പ്രശ്നങ്ങൾ വരുമ്പോൾ പരമാവധി വിട്ടുവീഴ്ച്ച ചെയ്‌ത് എല്ലാവരേയും ലീഗ് ഒരുമിച്ച് നിർത്തിയിട്ടുണ്ട്. ശരീഅത്ത് വിവാദ കാലഘട്ടം, അറബി ഭാഷ സംരക്ഷണത്തിനായി 1980ലെ ഭാഷാസമരം എന്നിങ്ങനെ ഒട്ടനവധി ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കാനാവും. എന്നാൽ ഒന്നിച്ചു നിൽക്കുമ്പോഴും മുസ്‌ലിം ലീഗിന്റെ നിലപാട് ഉറക്കെ പറയുകയും ചെയ്തിട്ടുണ്ട്. മതേതരത്വവും മത സൗഹാർദ്ദവും ഉയർത്തി പിടിക്കുന്ന സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കുന്നതിന് ലീഗ് ഒരു കാലത്തും വൈമനസ്യം കാണിച്ചിട്ടില്ല, പക്ഷേ അതിനിടയിൽ തന്നെ തീവ്രചിന്തകളോടും നിലപാടുകളോടും മുസ്‌ലിം ലീഗ് ശക്തമായ വിയോജിപ്പും പ്രകടിപ്പിച്ചിട്ടുണ്ട്.