1. SDPI ക്ക് അതിന്റെ രൂപീകരണ കാലം മുതൽ ഇന്ന് വരെ രാഷ്ട്രീയത്തിൽ ചെലുത്താൻ കഴിഞ്ഞിട്ടുള്ള സ്വാധീനത്തെ കുറിച്ച് വിശദീകരിക്കാമോ..?
2009 ജൂണ്‍ 21-നാണ് രാജ്യത്തെ ജനങ്ങളുടെ, വിശിഷ്യാ ദുര്‍ബലരും അവഗണിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ മുന്നേറ്റത്തിനുള്ള രാഷ്ട്രീയ വേദിയായി എസ്.ഡി.പി.ഐ രൂപം കൊള്ളുന്നത്. വിശപ്പില്‍ നിന്ന് മോചനം, ഭയത്തില്‍ നിന്ന് മോചനം, എന്നതാണ് പാര്‍ട്ടി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. പൗരന്മാരുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്നത് പ്രധാനമായും ഭയമാണ്. സംഘപരിവാർ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനങ്ങളെ കുറിച്ചുള്ള ഭയവും ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഭയവും ന്യൂനപക്ഷ _ ദലിത് ജനവിഭാഗങ്ങളെ ഒരേ പോലെ വേട്ടയാടുകയാണ്.
രാജ്യത്തെ ജനങ്ങള്‍ക്ക് പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഭക്ഷണം, ജോലി എന്നീ പ്രാഥമിക ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതും പ്രകൃതിസൗഹൃദപരവും ആയിരിക്കണം വികസനം. എന്നാൽ കോർപ്പറേറ്റുകളുടെ ലാഭക്കൊതിയെ തൃപ്തിപ്പെടുത്താനുള്ള കുറുക്കുവഴിയായി വികസന പ്രവർത്തനങ്ങളെ ഉപയോഗപ്പെടുത്തുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രചരണ പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ രാഷ്ട്രീയമായി ശാക്തീകരിക്കുന്നതിന് ഊന്നൽ നൽകിയും എസ്.ഡി.പി.ഐ അതിൻ്റെ ചരിത്രപരമായ ദൗത്യം നിർവ്വഹിക്കുകയാണ്.
രാജ്യത്തെ നിരവധിയായ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയിലേക്ക് മറ്റൊന്നുകൂടി എന്നതിന് പകരം ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ പുതിയൊരു രാഷ്ട്രീയ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുകയായിരുന്നു എസ്.ഡി.പി.ഐ.
സംഘപരിവാറിൻ്റെ അക്രമണോത്സുക ഹിന്ദുത്വത്തിനു മുന്നിൽ വിറങ്ങലിച്ചു നിന്ന ജനതയിൽ ഐക്യവും നിർഭയത്വവും വളർത്തി കൊണ്ടുവരുവാൻ സാധിച്ചു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഭയം കൊണ്ടോ
ഒളിച്ചോടിയതു കൊണ്ടോ പ്രീതിപ്പെടുത്തിയത് കൊണ്ടോ രക്ഷപ്പെടാവുന്ന
രാഷ്ട്രീയ വ്യവസ്ഥയല്ല ഫാഷിസം എന്ന് ജനങ്ങളെ പ്രത്യേകിച്ച് ഇരകളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. സംഘ പരിവാറിനെതിരെ നിശബ്ദമാവുക മാത്രമല്ല അവരെ വേദികളിലേക്ക് ആനയിച്ച് മാന്യത നൽകുന്നതിൽ മത്സരിക്കുകയായിരുന്ന മത- മതേതര സംഘടനകൾ ആർ എസ് എസിനെ അകറ്റി നിർത്താനും അവർക്കെതിരെ രംഗത്ത് വരാനും എസ്.ഡി.പി.ഐ യുടെ ഇടപെടലുകൾകൂടി കാരണമായിട്ടുണ്ട് . മുഴുവൻ ഭൂ രഹിതർക്കും ഭൂമി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള രണ്ടാം ഭൂസമരവും തുടർ പ്രവർത്തനങ്ങളും ഭൂപരിഷ്ക്കരണത്തിൻ്റെ പൊള്ളത്തരങ്ങൾ തുറന്ന് കാട്ടുക മാത്രമല്ല ഭൂ ഉടമസ്ഥതയുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിന്നുകൂടി കാരണമായി. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങൾ , കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ- ജന വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ ഉൾപ്പെടെ കോവിഡ് – 19 വ്യാപനത്തെ തുടർന്ന് പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവിന് തടസ്സം സൃഷ്ടിക്കുന്ന സർക്കാർ ഇടപെടലുകൾക്കെതിരായ സമരങ്ങൾ വരെ ജനപക്ഷത്തുനിന്നു കൊണ്ടുള്ള പോരാട്ടങ്ങളുടെ അഭിമാനകരമായ 11 വർഷങ്ങളാണ് എസ്.ഡി.പി.ഐ പിന്നിട്ടത്.
2. ഫാഷിസ്റ്റ് ശക്തികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ അധികാരത്തിൽ കയറിയിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യയിലെ ഒട്ടുമിക്ക സംരംഭങ്ങളിലും അവർക്ക് പിടിപാടുണ്ട്. ഇതേ സമയം സെക്കുലർ സംഘടനകൾ എന്ന് വിളിക്കുന്ന പലതും ഒരു മൃതു ഹിന്ദുത്വ നിലപാടാണല്ലോ സ്വീകരിക്കുന്നത്. ഈ ഒരു അവസ്ഥയിൽ SDPI എന്തൊരു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്..?
സംഘ പരിവാറിന് അവരുടെ താൽപ്പര്യങ്ങളും ലക്ഷ്യങ്ങളും നടപ്പിലാക്കാൻ സ്വന്തം സംഘടനാ സ്ട്രക്ചറുകളുടെ ആവശ്യം ഒരുകാലത്തും വേണ്ടി വന്നിട്ടില്ല. ബാബരി മസ്ജിദിനുള്ളിൽ വിഗ്രഹം സ്ഥാപിച്ചതും ബാബരിയുടെ തകർച്ചയും ആസൂത്രിതമായ വംശഹത്യകളും വരെ നടന്നത് ഫാഷിസ്റ്റുകൾ അധികാരത്തിന് പുറത്തിരിക്കുമ്പോഴാണ്.
അദൃശ്യമായി ഭരണത്തിൽ ഇടപ്പെട്ടിരുന്ന സംഘപരിവാർ പ്രത്യക്ഷമായി ഭരണം നടത്തുന്ന സാഹചര്യത്തിലെത്തി എന്നത് സംഘപരിവാർ അണികളിലും അനുഭാവികളിലും വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട് . പുരോഗമന വാദികളെന്ന് നമ്മൾ ധരിച്ചിരുന്ന പലരും സംഘപാളയത്തിലേക്ക് തിരക്കിട്ടോടുന്നതും നാം കണ്ടു. ആർ.എസ്.എസ് ഒരു സംഘടനാ സംവിധാനം എന്നതിലുപരി ഒരു മനസ്ഥിതിയായി മാറിയിരിക്കുന്ന ഒരു ദുരന്തകാലത്തേയാണ് നമുക്ക് നേരിടാനുള്ളത്. ഇതിനെ മറികടക്കാൻ മതേതര ജനാധിപത്യ കാഴ്ചപ്പാടുകളെ ഉയർത്തി പിടിക്കുന്നതിലും
മാനവിക വിരുദ്ധമായ മനു വാദത്തെ തുറന്ന് കാണിക്കുന്നതിലും മതേതര പാർട്ടികൾക്ക് വേഗത നഷ്ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. സംഘി മനസ്ഥിതിയുള്ളവരെ കൂടെ നിർത്താൻ വലിയ വീട്ടുവിഴ്ചകൾക്കാണ് ഇത്തരക്കാർ തയ്യാറായത്. സംഘപരിവാറിൻ്റെ അതിക്രമങ്ങൾക്ക് വിധേയമാകുന്ന ദലിത് ന്യൂനപക്ഷ വിഭാഗങ്ങൾ സംഘടിക്കുന്നതിലും ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിലും
ഏറെ അസ്വസ്ഥരാവുന്നത് സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളാണ്.
നാളിതുവരെയുള്ള അനുഭവങ്ങൾ രാജ്യത്തെ പിന്നാക്ക ജന വിഭാഗങ്ങളെ ബോധ്യപ്പെടുത്തുന്നത് മതേതര കക്ഷികളെന്ന് സ്വയം അവകാശപ്പെടുന്നവർ ഒരിക്കലും തങ്ങളുടെ രക്ഷക്കെത്തില്ല എന്നു തന്നെയാണ്. സംഘ പരിവാറിൻ്റെ പ്രത്യക്ഷവും പരോക്ഷവുമായ കടന്നാക്രമണങ്ങൾക്ക് വിധേയമാകുന്ന ന്യുനപക്ഷങ്ങൾ, ദലിതുകൾ ,ആദിവാസികൾ,തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങി മുഴുവൻ മർധിത ജനവിഭാഗങ്ങളും സംഘടിക്കുകയും പരസ്പരം ഉൾക്കൊളളാൻ തയ്യാറാവുകയും ചെയ്താൽ മാത്രമേ രാജ്യത്തെയും ഭരണഘടനയേയും രക്ഷപ്പെടുത്താൻ കഴിയുകയുള്ളു. ഇത്തരമൊരു യോജിപ്പിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് പാർട്ടി ഏറെ പ്രധാന്യം നൽകുന്നത്.
3. ഇന്ത്യയിൽ ചെറുതും വലുതുമായ വിവിധ മുസ്‌ലിം രാഷ്ട്രീയ സംഘടനകളുണ്ട്. ഒരു മുസ്‌ലിം രാഷ്ട്രീയ പശ്ചാത്തലമുള്ളത് കൊണ്ട് SDPI എങ്ങനെയാണ് ഇത്തരം സംഘടനകളുമായി ഇടപെടുന്നത്..?
ന്യുനപക്ഷങ്ങൾ, ദലിതുകൾ, ആദിവാസികൾ
തുടങ്ങിയ പാർശ്വവൽകൃത വിഭാഗങ്ങളെ ഉൾക്കൊള്ളാൻ സാമ്പ്രദായിക രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ന്യുനപക്ഷ കോൺഗ്രസും, ആദിവാസി ക്ഷേമ സമിതിയും, പട്ടികജാതി മോർച്ചയുമെല്ലാം ഒരർത്ഥത്തിൽ ഉൾകൊള്ളാനുള്ള വൈമനസ്യത്തിൻ്റെ ഉദാഹരണങ്ങളാണ്. എസ് ഡി പി ഐ, മുസ്ലിം,ദലിത് , ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുന്നത് നിരന്തരമായ പീഢനങ്ങൾക്ക് വിധേയമാകുന്നവർക്കൊപ്പം ചേർന്ന് നിൽക്കണമെന്ന മാനവിക ബോധത്തിൻ്റെ അടിസ്ഥാനത്തിലാണ്. സോഷ്യൽ ഡമോക്രാറ്റുകൾ എന്ന നിലക്ക് അത് ഞങ്ങളുടെ ബാധ്യതയും ഭൗത്യവുമായി തിരിച്ചറിയുന്നു. ഇന്ത്യയുടെ ഭരണഘടനക്കും ബഹുസ്വരതക്കും ഭീഷണി ഉയർത്തുന്ന സംഘ പരിവാരമല്ലാത്ത മുഴുവൻ രാഷ്ട്രീയ പാർട്ടികളുമായും അവരുടെ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് യോജിപ്പുകളും വിയോജിപ്പുകളും രൂപപ്പെടുക.
അതേസമയം സംഘപരിവാർ സർക്കാരിൻ്റെ പ്രകടമായ അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും വിധേയമാകുന്ന വിഭാഗങ്ങൾ സഹകരണത്തിൻ്റെ മേഖലകൾ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം മാത്രമല്ല അനിവാര്യത കൂടിയാണ്.
4. കേരളത്തിൽ നിലവിൽ UDF LDF സഖ്യകക്ഷികളുടെ രാഷ്ട്രീയ ലോകമാണ്. രണ്ട് വിഭാഗത്തിന്റെ ഭരണകാലത്തും മുസ്ലിംകളുടെ കേസ് വരുമ്പോൾ ഭീകരത, UAPA തുടങ്ങിയ കഠിന നിയമ നടപടികൾ ചാർത്തുകയും സംഘ്പരിവാർ പശ്ചാത്തലമുള്ളവർ വരുമ്പോൾ വേണ്ട രീതിയിൽ നിയമനടപടികൾ സ്വീകരിക്കാത്ത ഒരു അവസ്ഥയാണല്ലോ..ഈ ഒരു സാഹചര്യത്തെ SDPI എങ്ങനെയാണ് കാണുന്നത് ? ഇതിനെ ചെറുക്കാൻ എന്ത് നിലപാടാണ് SDPI സ്വീകരിച്ചിരിക്കുന്നത് ?
യു ഡി എഫ് ഭരിച്ചാലും, എൽ ഡി എഫ് ഭരിച്ചാലും കേരളത്തിലെ പൊലീസ് സേനക്കിടയിൽ ആർ എസ് എസിൻ്റെ സ്വാധീനം വളരെ പ്രകടമാണ് . ആഭ്യന്തര വകുപ്പിൽ സർക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത് . ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരെ ശുദ്ധീകരിച്ചെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ലോക്നാഥ് ബഹ്റ കേരളത്തിൻ്റെ ഡി ജി പി യായത് ഇടതു മുന്നണിയിലെ പ്രബല കക്ഷിക്കു പോലും അറിവില്ലാതെയാണ്. സംഘ്പരിവാർ ബന്ധത്തിൻ്റെ പേരിൽ കേരളത്തിൽ തന്നെ ഏറെ ആരോപണങ്ങൾ നേരിട്ട രമൺ ശ്രീവാസ്തവയാണ് ആഭ്യന്തര വകുപ്പിൻ്റെ ഉപദേശകനായി നിയമിതനായത്. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിലെ ആഭ്യന്തര വകുപ്പിൽ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് കാര്യമായ റോളില്ലെന്ന് തന്നെയാണ്. മുസ്ലിങ്ങൾ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ ഭീകരമുദ്ര ചാർത്താനും യുഎപിഎ ചുമത്താനും അമിതാവേശമാണ് പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. എന്നാൽ ആർ എസ് എസ് പ്രതിസ്ഥാനത്ത് വരുന്ന സമാന കേസുകളിലും ഗൗരവ സ്വഭാവമുള്ള കേസുകളിലും പൊലീസ് സ്വീകരിക്കുന്ന സമീപനം ആശങ്കപ്പെടുത്തുന്നതാണ് . പാലത്തായി പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ്. യു എ പി എ തങ്ങളുടെ നയമല്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോൾ തന്നെയാണ് മാവോയിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ രൂപേഷിന് മേല്‍ ചുമത്തിയ യു.എ.പി.എ നിലനില്‍ക്കില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. മുസ്ലിംകൾ പ്രതിയാക്കപ്പെടുന്ന കേസുകളിൽ നിയമവിരുദ്ധമായി യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങൾ ചുമത്തിയാലും കാര്യമായ പ്രതിഷേധങ്ങൾ ഉയർന്ന് വരുന്നില്ല എന്നത് കൂടി നാം കാണണം . കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ പ്രകടമായി കാണുന്ന സംഘടനാ സങ്കുചിതത്വം യോജിച്ചുള്ള പ്രതിഷേധങ്ങൾക്ക് തടസ്സം നിൽക്കുന്നുവെന്നതും ഒരു വസ്തുതയാണ്.
പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള ഇത്തരം വിവേചനങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തിയെടുത്തും , നിയമപരമായും രാഷ്ടീയമായും ഇടപെട്ട് കൊണ്ടും ഈ പ്രതിസന്ധിയെ മറികടക്കാനാകും