മലയാള സിനിമയും വരേണ്യ മതേതര പൊതുബോധവും

‘വാരിയൻകുന്നൻ’ സിനിമ പ്രഖ്യാപനവും അതിനെ തുടർന്നുണ്ടായ ചർച്ചകളൊക്കെയും മുസ്‌ലിം വിരുദ്ധ പൊതുബോധത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ്.

എന്നാൽ ഇത്തരമൊരു ഘട്ടത്തെ വിശകലനം ചെയ്യുന്ന സന്ദർഭത്തിൽ കേവലം സംഭവവികാസങ്ങളിൽ കേന്ദ്രീകരിച്ചു മനസിലാക്കുന്നതിന് പകരം ചരിത്രപരമായി മുസ്‌ലിം വിരുദ്ധത എങ്ങനെ നിലനിൽക്കുന്നു എന്നും വ്യവസ്ഥാപിതമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നുമാണ് നമ്മൾ മനസിലാക്കാൻ ശ്രമിക്കേണ്ടത്.

കേരളത്തിന്റെ പശ്ചാത്തലത്തിൽ എന്താണ് ഇസ്‍ലാമോഫോബിയ അല്ലെങ്കിൽ മുസ്‌ലിം വിരുദ്ധത എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഡോ.കെ അഷ്റഫ് തന്റെ ഒരു പഠനത്തിൽ ചൂണ്ടികാണിക്കുന്നത് പോലെ കേരളത്തിൽ മുസ്‌ലിം വിരുദ്ധത എന്നത് ആധുനിക മതേതരത്വത്തിന്റെ ഉൽപന്നമാണ്. സാമ്രാജ്യത്വ അനുകൂല വലതുപക്ഷം ഇത്തരമൊരു വ്യവസ്ഥയുടെ ഭാഗമാകുക എന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്നില്ല എങ്കിലും ഇടതുപക്ഷം എങ്ങനെ മുസ്‌ലിം വിരുദ്ധത ഉൽപാദിപ്പിക്കുന്നു എന്ന് മനസിലാകുമ്പോഴാണ് ഒരേ സമയം വലതുപക്ഷവും ഇടതുപക്ഷവും അവരാൽ നിയന്ത്രിക്കപ്പെടുന്നതുമായ ആധുനിക മതേതര പൊതുബോധത്തിന്റെ മൊത്തം ഫലമാണ് എന്ന് തിരിച്ചറിയപ്പെടുന്നത്.

 1921-ലെ മാപ്പിള വിപ്ലവത്തിന്റെ തുടക്കത്തിലാണ് കേരളത്തിലെ  മുസ്‌ലിം വിരുദ്ധത ഒരു ആധുനിക മതേതര സ്ഥാപനമായി വികസിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എം.ടി അൻസാരിയെ പോലുള്ളവർ ചരിത്രത്തിനകത്ത് ‘മതഭ്രാന്തൻ’ എന്ന് മുസ്‌ലിങ്ങള വിശേഷിപ്പിക്കുകയും അത് അവരുടെ സാമൂഹികവും രാഷ്ട്രീയവുമായ കർതൃത്വങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതിനെയും കുറിച്ചു പറയുന്നുണ്ട്. അതേ രൂപത്തിൽ തന്നെ മുസ്‌ലിം സ്വയം സംഘടിത/കർതൃത്വങ്ങളെ സാമൂഹികമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തന്നെയാണ്  ഇന്നും മുസ്‌ലിം വിരുദ്ധ വ്യവഹാരങ്ങൾ പ്രവർത്തിക്കുന്നത്.

പൂർവകലത്ത് ‘മതഭ്രാന്തൻ’ എത്രമേൽ ദേശീയ വ്യവഹാരങ്ങളിൽ നിന്ന് അകന്ന് നിന്നുവോ അത്രത്തോളം തന്നെ മുസ്‌ലിങ്ങളെ ആധുനിക മതേതര വ്യവസ്ഥക്ക് പുറത്ത്‌ നിർത്തുകയാണ് ഇത്തരം വ്യവഹാരങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്.

 അതുകൊണ്ട് തന്നെ മതേതര/വർഗീയ ബൈനറിക്ക് പുറത്ത് നിന്ന് കൊണ്ടാണ് നമ്മൾ ഇതിനെ മറികടക്കാൻ ശ്രമിക്കേണ്ടത്. കെ അഷ്റഫ് എഴുതുന്നു:”മുസ്‌ലിങ്ങൾക്ക് നേരെയുള്ള ഹിംസയെ,വർഗീയതയിലേക്കുള്ള വ്യതിയാനമായി മാറ്റി പ്രതിഷ്ഠിച്ചുകൊണ്ട്, മതേതരരാഷ്ട്രീയത്തിന്റെ ഹിംസകളെയും അധികാരത്തെയും, വിമർശനരഹിതമായി സംരക്ഷിക്കുന്ന സമീപനമാണ് മതേതര ഇടങ്ങളിലുളളത്. മതേതരഹിംസയുടെ പരിധികളും ഇടങ്ങളും പ്രവർത്തനങ്ങളും വർഗീയരാഷ്ട്രീയത്തിലേക്ക് ചുരുക്കാതെ ഇസ്‌ലാമോഫോബിയയുടെ അധികാരത്തിന്റെ ഭാഗമായി നാം സൂക്ഷ്മമായി തന്നെ വിലയിരുത്തണം. അങ്ങനെ മതേതരത്വവും വർഗീയതയും എന്ന ബൈനറിയെ പൊളിച്ചു കൊണ്ട്, സമഗ്രമായ അധികാരവിമർശനത്തിലേക്ക് കൊണ്ടുവന്നാണ് ഇസ്‌ലാമോഫോബിയ വിരുദ്ധരാഷ്ട്രീയത്തെ നാം സാധ്യമക്കേണ്ടത്.”

 ‘വാരിയൻകുന്നൻ’ സവിശേഷ സാഹചര്യത്തിൽ വന്നാൽ വലതുപക്ഷം വാരിയംകുന്നത്തിനെ പോലുള്ളവരെ മൊത്തത്തിൽ നിരാകരിക്കുമ്പോൾ ഇടതുപക്ഷം അതിന്റെ മുസ്‌ലിം കാർതൃത്വത്തെ നിരാകരിച്ചു സംരക്ഷക വേഷം കെട്ടി നിൽക്കാനാണ് ശ്രമിക്കുന്നത്. എന്തുകൊണ്ട്  സംവിധായകനും ഗാനരചയിതാവുമായ മുഹ്‌സിൻ പരാരി മതേതര സിനിമ കൾച്ചറിന് അപ്രിയമായി എന്നത് ചിന്തിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ കെ എൽ 10 പത്ത് വരേണ്യ പോപുലർ സിനിമ നരേഷനുകളെ അട്ടിമറിച്ചു കൊണ്ട് മലയാള സിനിമ നിർമിച്ചു വെച്ച മുസ്‌ലിം മുൻധാരണകളെ മുഴുവൻ അട്ടിമറിക്കുകയായിരുന്നു. മുസ്‌ലിം ഭാഷ/വേഷ/ദേശ/ലിംഗ സങ്കൽപ്പങ്ങൾക്ക് പുതിയൊരു മാനിഫെസ്റ്റോ അവതരിപ്പിക്കുകയായിരുന്നു. കെ എൽ 10 പത്ത് എന്ന സിനിമയിലെ ഭാഷയെ കുറിച്ച് ഡോ.ജമീൽ അഹമ്മദ് എഴുതുന്നു:”ഭാഷയെ പൊതുവെയും മലപ്പുറം വാമൊഴിയെ സവിശേഷമായി പരിഗണിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട ആദ്യത്തെ മലയാള സിനിമയാണ് കെ എല്‍ 10 പത്ത്. സിനിമയുടെ പേരിലും അതിന്‍റെ പ്രചരണവാക്യത്തിലും ഈ ഭാഷാപരമായ പ്രത്യേകത അതിന്‍റെ പിന്നണിപ്രവര്‍ത്തകര്‍ തുറന്നുപറയുന്നുമുണ്ട്.”

ഇത് കേവലം മുഹ്‌സിൻ പരാരിയിൽ തുടങ്ങി അദ്ദേഹത്തിൽ അവസാനിക്കുന്ന ഒന്നല്ല മറിച്ച് മുഹ്‌സിൻ പരാരി,സകരിയ എടയൂർ തുടങ്ങിയ നവാഗത സംവിധായകരാൽ മലപ്പുറം, കോഴിക്കോട്‌,കണ്ണൂർ ദേശാതിർത്തി ഭാഷ വ്യവഹാരങ്ങൾക്ക് മേൽ മലയാള സിനിമക്ക് ഒരു കൗണ്ടർ നരേഷൻ രൂപപ്പെടുന്നു എന്ന് വേണം മനസിലാക്കാൻ.

മുഹ്സിൻ പരാരി & സക്കരിയ

സകരിയ എടയൂരിന്റെ സുഡാനി ഫ്രം നൈജീരിയ  മലപ്പുറത്തിന്റെ ഫുട്‌ബോൾ പാഷനെ അതിന്റെ ആത്മാവോടുകൂടി അവതരിപ്പിച്ച സിനിമയാണ്. ഫുട്ബോൾ എന്ന കായികവിനോദം കളിമൈതാനത്തിന്റെ അതിർത്തികൾ ഭേദിച്ചു നിയന്ത്രിക്കപ്പെടാത്ത മനുഷ്യമനസ്സിന്റെ സാകല്യത്തെ മലപ്പുറം പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് സുഡാനി ഫ്രം നൈജീരിയയിൽ സകരിയ. മലപ്പുറം എന്ന ദേശത്തെ ‘ബോംബ്’ കിട്ടുന്നതും ‘കലാപകാരി’കളുമുള്ള നാട് എന്ന നമ്മുടെ പോപുലർ സിനിമ വ്യാഖ്യാനത്തിൽ നിന്ന് വ്യതിരിക്തമായി പ്രദേശത്തിന്റെ സൗന്ദര്യശാസ്ത്രവും ആളുകളുടെ സ്നേഹാശ്ലേഷണങ്ങളെയും യാഥാർത്ഥ്യബോധ്യത്തോട് കൂടി പകർത്തുകയാണ് സുഡാനി ഫ്രം നൈജീരിയ. കുടിയേറ്റ/അഭയാർത്ഥി പ്രശ്നങ്ങളിലെ സങ്കീർണതകളെ കൂടി വ്യത്യസ്തമായി അഭിമുഖീകരിക്കുക കൂടി ചെയ്യുന്നുണ്ട് സിനിമ.

ചുരുക്കത്തിൽ, മുസ്‌ലിങ്ങളുടെ സ്വയംസംഘടിത/രാഷ്ട്രീയ കർതൃത്വത്തെ നിയന്ത്രിക്കുന്ന മുസ്‌ലിം വിരുദ്ധവ്യവഹാരങ്ങൾ എല്ലാ മേഖലകളിലും നിഷ്കളങ്കമായ പൊതുബോധ ഉൽപന്നമല്ലെന്നും കൃത്യമായ സ്ഥാപനവൽകൃത ഹിംസാത്മക രൂപമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ വ്യവസ്ഥാപിതമായ വിമർശനരൂപത്തിലൂടെ മാത്രമേ അതിനെ മറിക്കടക്കാൻ സാധിക്കുകയുള്ളു എന്ന തിരിച്ചറിവാണ് നമ്മുടെ തുടർന്നുള്ള ഇസ്‌ലാമോഫോബിയ വിരുദ്ധ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കേണ്ടത്.

 

ആത്തിക്ക് ഹനീഫ്

Leave a Reply

Your email address will not be published. Required fields are marked *