കോവിഡ് കാലത്തെ മതം: ദേശീയതക്കും സാമൂഹിക ബാധ്യതകൾക്കും മധ്യേ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടും ‘മതം’ വീണ്ടും പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. സാമൂഹ്യ അകലം (social distancing) പാലിക്കാനുള്ള നിരന്തരമായ ആഹ്വാനങ്ങൾ മതസ്വാതന്ത്രവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യപ്പെടുകയും, ചിലയവസരങ്ങളിൽ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാൻ അമാന്തം കാണിച്ചതിന് മതസമൂഹങ്ങൾ വിമർശനവിധേയമാവുകയും ചെയ്തു. മറുവശത്ത്, നിരാശയിലകപ്പെട്ട ആളുകളുടെ സാമൂഹികവും മാനസികവുമായ പുനരധിവാസത്തിന് മുഖ്യപങ്കുവഹിച്ച മതസമൂഹങ്ങൾ പ്രശംസിക്കപ്പെടുകയുമുണ്ടായി.

മഹാമാരിയോടുള്ള മതവ്യവഹാരങ്ങളുടെ ഇടപാടുകളെ ചർച്ചചെയ്യുന്നതിനിടയിൽ ഒരു കാര്യം സുതാര്യം വ്യക്തമാവുന്നുണ്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മതം ഏറെ ‘ദേശീയവൽക്കൃതമായി’ മാറിയിട്ടുണ്ട്. കോവിഡിനു ശേഷം ‘മതം’ കൂടുതൽ പ്രതിരോധാത്മകവും അന്തർമുഖവുമായ ദേശീയ സ്വഭാവം തുടർന്നുപോവുമോ, അതോ സംഘടിത ഐക്യമുന്നേറ്റങ്ങളുണ്ടാക്കിക്കൊണ്ട്, സമസൃഷ്ടിയിലധിഷ്ഠിതമായ പുതിയ സാമൂഹ്യക്രമം രൂപപ്പെടുത്തുമോ എന്നതാണ് നമുക്കു മുന്നിലുള്ള ചോദ്യം. 

മഹാമാരിക്കാലത്തെ രാഷ്ട്രവും മതവ്യവഹാരങ്ങളും

മഹാമാരിയോടുള്ള മതത്തിന്റെ പ്രതികരണങ്ങൾ ദേശീയാടിസ്ഥാനത്തിലാണ് ഉണ്ടായിട്ടുള്ളത്. മറ്റു രാഷ്ട്രങ്ങളിലുള്ള, അതേ മതവിഭാഗങ്ങളുടെ നിലപാടുകളുമായി ഇവ പലപ്പോഴും വ്യത്യാസപ്പെടുന്നതായി കാണാം. ഉദാഹരണത്തിന്, ഫ്രാൻസിലെയും ജർമനിയിലെയും മുസ്‌ലിം സമൂഹം ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പള്ളികൾ അടച്ചിടാൻ തയ്യാറായപ്പോൾ, യു.കെയിലെ മുസ്‌ലിം സമൂഹത്തിനുള്ളിൽ ചില ആഭ്യന്തര സംവാദങ്ങൾക്ക് കാരണമാവുകയും, പാകിസ്താനിലും ഇറാനിലും പള്ളികളടച്ചിടുന്നതിനെതിരിൽ ശക്തമായ പ്രതികരണങ്ങളുയരുകയും ചെയ്തു. സമാനമായി, ഇസ്രായേലിലെ അതിയാഥാസ്ഥികരായ ജൂതവിഭാഗവും ഗ്രീസിലെ ക്രിസ്ത്യൻ സമൂഹവും തങ്ങളുടെ ആരാധനാലയങ്ങൾ അടച്ചിടുന്നതിനെതിരെ പ്രതിഷേധമുയർത്തുകയുണ്ടായി.

വിവിധ മതസമൂഹങ്ങളുടെ പ്രതികരണം ദേശരാഷ്ട്ര അടിസ്ഥാനത്തിലായതിൽ അതിശയമൊന്നുമില്ല. പകർച്ചവ്യാധിയെ തുടർന്നുണ്ടായ സാമൂഹ്യ/സാമ്പത്തിക/ആരോഗ്യ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പ്രാഥമിക രാഷ്ട്രീയ സ്ഥാപനം സ്റ്റേറ്റ് ആണല്ലോ. എന്നാൽ ഈ പ്രവണത നിലവിലെ ആഗോള പ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്നതാണെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ ചലനങ്ങളെ വളരെ കാലമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവർ അഭിപ്രായപ്പെടുന്നു. ചരിത്രപരമായി വളരെ കുറച്ചു മാത്രം സ്റ്റേറ്റ് ഇടപെടലുണ്ടായിരുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പോലും, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പൗരന്മാരെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ (exceptional measures) സ്വീകരിക്കുന്ന പ്രവണത 9/11 സംഭവത്തിനു ശേഷം അധികരിച്ചിട്ടുണ്ട്. ആഗോള പ്രതിസന്ധികളെ (നിലവിൽ ആരോഗ്യ പ്രതിസന്ധി) അഭിമുഖീകരിക്കുന്നതിൽ സ്റ്റേറ്റ് സ്ഥാപനങ്ങളുടെ സ്ഥാനം ഒന്നുകൂടെ ഉറപ്പിക്കുന്നതാണ് നിലവിലെ സാഹചര്യങ്ങൾ. 

എന്നാൽ സ്റ്റേറ്റിന്റെ വർധിച്ച ഇടപെടലുകൾ, കഴിഞ്ഞ പതിറ്റാണ്ടുകളിൽ രൂപപ്പെട്ട രാഷ്ട്രീയ പ്രവണതകളായ പ്രാദേശിക വാദങ്ങളോടും, ‘അമേരിക്ക ഫസ്റ്റ്’, ‘ബ്രെക്സിറ്റ്’ പോലുള്ള പരിപാലനവാദങ്ങളോടും (protectionism) സങ്കലനം സാധ്യമാക്കുന്നുണ്ട് എന്നതാണ് ഭയപ്പെടുത്തുന്ന വസ്‌തുത. ദുർബലാവസ്ഥയിൽ തുടരുന്ന യൂറോപ്യൻ യൂണിയന്റെ പദവി പോലും നിലവിലെ കാലുഷ്യങ്ങൾക്കിടയിൽ കൂടുതൽ സങ്കീർണമാവുകയാണ്. അംഗലാ മെർക്കൽ ജർമനിയിൽ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിൽ യൂറോപ്യൻ യൂണിയനെ ഒരിക്കൽ പോലും പരാമർശിക്കുകയുണ്ടായില്ല. രോഗവ്യാപനം തടയുന്നതിന്റെ പേരിൽ അതിർത്തി നിയന്ത്രണം പുനസ്ഥാപിക്കപ്പെട്ടു. ഫ്രാൻസ്, സ്പെയിൻ തുടങ്ങി പകർച്ചവ്യധി വൻതോതിൽ ബാധിച്ച രാഷ്ട്രങ്ങളെ സഹായിക്കുന്നതിൽ കാണിച്ച അവധാനതയുടെ പേരിൽ യൂറോപ്യൻ യൂണിയൻ ഏറെ പഴികേൾക്കുകയുമുണ്ടായി. 

കോവിഡിനെ തുടർന്നുണ്ടായ സ്റ്റേറ്റ് ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതും, വിസമ്മതിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന, ഉപരിസൂചിത അഭിപ്രായ വ്യത്യാസങ്ങൾ തികച്ചും നിരുപദ്രവകരവും, നിഷ്കപടവുമാണെന്നു പറയേണ്ടിയിരിക്കുന്നു. എന്നാൽ, മറുവശത്ത്, മതസമൂഹവും സ്റ്റേറ്റും കൈകോർക്കുന്ന അവിശുദ്ധവും പ്രതിലോമകരവുമായ പ്രതികരണങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയിൽ കൊറോണ വൈറസിന് കാരണമായത് മുസ്‌ലിം സമൂഹമാണെന്നു ധ്വനിപ്പിച്ചുകൊണ്ട് ഹിന്ദു-ദേശീയവാദികൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കൊറോണ-ജിഹാദ് എന്ന ഹാഷ്ടാഗ് നോക്കൂ. അതേസമയം, രാജ്യത്തുടനീളം മുസ്‌ലിം സമൂഹം വിവേചനത്തിനിരയാകുകയും, ചികിത്സ നിഷേധിക്കപ്പെടുകയുമാണെന്ന വസ്‌തുത അദൃശ്യമാക്കപ്പെടുന്നു. മസ്ജിദുകൾ ഇപ്പോഴും സജീവമാണെന്നും, പ്രാർഥനക്കായി മുസ്‌ലിംകൾ ഇപ്പോഴും ഒരുമിച്ചുകൂടാറുണ്ടെന്നുമുള്ള വസ്തുതാവിരുദ്ധമായ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തി, അമേരിക്കയിലും യൂറോപ്പിലും സമാനമായ മുസ്‌ലിംവിരുദ്ധ വ്യവഹാരങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. 

ഐക്യത്തിന്റെ ബദൽമാർഗം

‘സംഘടിത രാഷ്ട്രീയ സ്വത്വം’ എന്ന നിലയിൽ വർത്തിക്കുന്ന ദേശീയ സമൂഹങ്ങൾ (national community) കൊറോണവൈറസിനു പിന്നാലെ ഇല്ലാതാവും എന്നു കരുതാൻ വയ്യ. കോവിഡിനു മുൻപുതന്നെ ‘പോപ്പുലിസ്റ്റ് പ്രസ്ഥാനങ്ങൾ’ ഈ പ്രവണത പ്രകടമാക്കിയിരുന്നു. കൊറോണവൈറസിനു ശേഷം കൂടുതൽ അന്തർമുഖത്വത്തിലേക്കും, മറ്റു സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക സംഘർഷങ്ങളിലേക്കുമാണ് നാം നീങ്ങുന്നത് എന്നതിന്റെ സൂചനകളാണിവ. 

അക്ദസ് യൂണിവേർസിറ്റിയിലെ പള്ളി ( തുർക്കി)

എന്നാൽ, മതചിന്തകൾ വൈയക്തികവും സാമൂഹികവുമായ ഉത്തരവാദിത്വബോധത്തിന്റെയും സഹാനുഭൂതിയുടെയും പുതിയ തുറസ്സുകൾ നിർമിക്കാൻ സജ്ജീകരിക്കപ്പെട്ടിട്ടുള്ളതാണ്. കൊറോണവൈറസ് നമ്മിൽ ഭയം ജനിപ്പിക്കുകയും, ചിലരെയെങ്കിലും സ്വാർഥമതികളായി തീർക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ അപായപ്പെടുത്തുന്ന സ്വാർഥമനോഭാവത്തെ സൂചിപ്പിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് ‘ഹെർബെർട്ട് ഹൂവർ’ ‘ഇടുങ്ങിയ വൈയക്തികവാദം’ (rugged individualism) എന്ന പ്രയോഗം ഉപയോഗിക്കുന്നുണ്ട്. മതസമൂഹങ്ങളാകട്ടെ, വൈയക്തികമായ താൽപര്യസംരക്ഷണങ്ങൾക്കും സാമൂഹിക പരിരക്ഷകൾക്കുമിടയിൽ ഗുണപരമായ സങ്കലനം സാധ്യമാക്കികൊണ്ട് നിലനിന്നിട്ടുള്ളവയുമാണ്. ‘ആരും ഒറ്റപ്പെട്ട തുരുത്തുകളല്ല’ എന്ന അർഥത്തിലുള്ള ബോധവൽക്കരണങ്ങൾ മതസമൂഹങ്ങളിൽ നിന്നുണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. 

മിക്ക മതസമൂഹങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം ‘ജീവന് സംരക്ഷണമേർപ്പെടുത്തുക എന്നതായതുകൊണ്ടു തന്നെ, ലോക്ക്ഡൗൺ നിർദ്ദേശങ്ങളോട് സഹിഷ്ണുതാപരമായ നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളത്. അതേസമയം, സാമുദായിക ഐക്യം നിലനിർത്തുന്നതിനും, ജനങ്ങളെ ഏകാന്തതയിലും നൈരാശ്യത്തിലും അകപ്പെട്ടുപോവാതെ കാക്കുന്നതിനും ബഹുമുഖ പരിപാടികൾ ആവിഷ്ക്കരിക്കുകയുണ്ടായി. ശാരീരികമായ അകലം പാലിക്കുമ്പോൾ തന്നെ, സാമൂഹ്യ ഐക്യം നിലനിർത്തേണ്ടതിന്റെ ആവശ്യകത മതസമൂഹങ്ങൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ആരാധനക്കും പ്രാർഥനകൾക്കും, സമുദായത്തിനകത്തും പുറത്തുമുള്ള ദുരിതമനുഭവിക്കുന്ന ആളുകളുടെ മാനസികവും സാമ്പത്തികവുമായ പുനരധിവാസത്തിനും നിരവധി ഓൺലൈൻ സംരംഭങ്ങൾ അവർ ആവിഷ്കരിക്കുകയുണ്ടായി.

മതവും കോവിഡാനന്തര ലോകക്രമവും

കോവിഡാനന്തര ലോകക്രമം എങ്ങനെയായിരിക്കും എന്നത് ഇപ്പോഴും അവ്യക്തമാണ്. മതത്തിന്റെ/മതങ്ങളുടെ ഗുണപരമായ സാന്നിധ്യം ഇതിനോടകം ദൃശ്യമായിട്ടുണ്ട്. സമീപകാല സാമൂഹ്യ-മനഃശാസ്ത്രസംബന്ധിയായ ഗവേഷണങ്ങൾ, പൊതുനന്മക്കും സാമൂഹ്യതാൽപര്യങ്ങൾക്കും മുൻഗണന നൽകുന്ന മതസമൂഹങ്ങളെ ദൃശ്യപ്പെടുത്തുന്നുണ്ട്. ഇപ്രകാരം, നിലവിൽ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ സമൂഹങ്ങളെ പുനരുദ്ധരിക്കാനുള്ള നൈതിക മൂലധനം പ്രദാനംചെയ്യാൻ മതസമൂഹങ്ങൾക്കു സാധിച്ചേക്കും.

നിലവിലെ സാമ്പത്തിക പ്രതിസന്ധികളെയും, സാമൂഹിക അസമത്വങ്ങളെയും മറികടക്കാനുള്ള ഒറ്റമൂലി വിപണിയാണെന്ന ആഖ്യാനങ്ങളാണ് ലിബറൽ-ഡെമോക്രറ്റിക് രാഷ്ട്രങ്ങളിൽ നിന്ന് ഉയർന്നുവന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനു ബദൽ ആഖ്യാനം നിർമിക്കാൻ മതങ്ങൾക്കു കഴിയും. പോപ്പ് ഫ്രാൻസിസ്‌ നിരീക്ഷിക്കുന്നതുപോലെ, ആഗോള സാമ്പത്തിക വ്യവസ്ഥയെയും, വികസന കാഴ്ചപ്പാടുകളെയും നൈതികമായ പുനസംഘാടനത്തിനു വിധേയമാക്കേണ്ടതുണ്ട്. ഭൗതികവികാസം മാത്രമല്ല രാഷ്ട്രീയ ഉന്നതിയുടെ നിദാനം. പൊതുസുരക്ഷയും, എല്ലാ വിഭാഗങ്ങളുടെയും അഭിമാനസംരക്ഷണവും അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതാകട്ടെ, മതങ്ങൾ ചരിത്രപരമായി പ്രഘോഷണം ചെയ്തുവരുന്ന ആശയങ്ങളുമാണ്. 

കഴിഞ്ഞ ജൂൺ ഒന്നിന്, കോവിഡ് ബാധിച്ചു മരണമടഞ്ഞവർക്കു വേണ്ടിയുള്ള ദേശീയ അനുശോചന ദിനത്തിൽ അമേരിക്കയിലെ വിവിധ മതനേതാക്കൾ പങ്കെടുക്കുകയുണ്ടായി. തൊട്ടുടനെ മിനെപൊളിസിലുണ്ടായ ജോർജ് ഫ്ലോയ്ഡ് കൊലപാതകത്തിനു ശേഷം, ഇത്തരം വേദികൾ വംശീയതയുടെയും മഹാമാരിയുടെയും പ്രതിസന്ധികളെ ചർച്ചാമണ്ഡലത്തിൽ ഒരുമിച്ചുചേർത്തിട്ടുണ്ട്. റബി ബക്സ്‌ ജേക്കബ്സ് പറയുന്നതുപോലെ, ഒരുപക്ഷേ രണ്ടു സംഭവങ്ങളും വെവ്വേറെ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളായിരിക്കും, പക്ഷേ അവ തമ്മിൽ സങ്കലനം സാധ്യമാണ് എന്നാണ് എന്റെ പക്ഷം. എന്തുതന്നെയായാലും കോവിഡാനന്തര ലോകക്രമത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക സാന്നിധ്യമായി മതങ്ങൾ മാറിയിരിക്കുന്നു എന്നു പറയാം. മഹാമാരിയെത്തുടർന്ന് ചില മതസമൂഹങ്ങളും സ്റ്റേറ്റും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടുകൾ ക്ഷയിച്ചുവരുന്നതിന്റെ സൂചകങ്ങൾ തുടക്കത്തിലേ ദൃശ്യപ്പെട്ടിരുന്നു. മതആചാരങ്ങൾക്കെതിരെ റഷ്യ സ്വീകരിച്ച വിലക്കുകളെത്തുടർന്ന് റഷ്യൻ ഓർത്തോഡോക്സ് ചർച്ചും വ്ളാദ്മിർ പുട്ടിനും തമ്മിലെ ബന്ധം വഷളായിരിക്കുകയാണ്. അമേരിക്കയിൽ, വൈറ്റ് ഇവാഞ്ചലിസ്റ്റുകൾ ട്രംപിന് നൽകിക്കൊണ്ടിരുന്ന പിന്തുണയിലും ഇടർച്ച സംഭവിച്ചിട്ടുണ്ട്. ദേശീയാതിർത്തികളെയും താൽപര്യങ്ങളെയും ഭേദിച്ചുകൊണ്ട് മതസമൂഹങ്ങളുടെ ആഗോള ഐക്യം രൂപപ്പെടുത്തുന്നതിൽ മതസമൂഹങ്ങൾ  എത്രകണ്ട് വിജയിക്കും എന്നാണ് കോവിഡാനന്തരം അവർ നേരിടുന്ന പ്രധാന ചോദ്യം.

 

 

വിവർത്തനം : അഫ്സൽ ഹുസൈൻ

 

courtesy : https://politicstoday.org/covid-19-and-religion-between-nationalism-and-communal-responsibility/

Leave a Reply

Your email address will not be published. Required fields are marked *