ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ സമകാലീനരായ രണ്ട് പ്രഗത്ഭ വ്യക്തികൾ സമാഗമിക്കുന്നതും പരസ്പരം സംവദിക്കുന്നതും ചരിത്രത്തിലെ അപൂർവമായ കാഴ്ചകളിലൊന്നാണ്. അങ്ങനെയൊരു വേറിട്ട കൂടിക്കാഴ്ച എ.ഡി 1401-ൽ സിറിയയിലെ ദമസ്കസ് നഗരത്തിന് പുറത്തു വെച്ച് നടക്കുകയുണ്ടായി. ഒരാൾ ചെങ്കിസ്ഖാനു ശേഷം ലോകത്തിന്റെ നല്ലൊരു ഭാഗവും അടക്കിഭരിച്ച അജയ്യനായ സൈന്യാധിപൻ അമീർ തിമൂറും മറ്റേയാൾ അരിസ്റ്റോട്ടിലിന് ശേഷം ലോകം ദർശിച്ച വിശ്രുതനായ ധൈഷണികനും ചരിത്രകാരനുമായ ഇബ്നു ഖൽദൂനുമായിരുന്നു.
എ.ഡി 1400-ലാണ് മംലൂക്ക് കേന്ദ്രമായ ദമസ്കസ് നഗരത്തെ തിമൂറിന്റെ നേതൃത്വത്തിലുള്ള മധ്യേഷ്യൻ സൈന്യം ഉപരോധം ഏർപ്പെടുത്തി കീഴടക്കുന്നത്. കോട്ടമതിലുകൾ ഭേദിച്ച് നഗരം നിലംപരിശാക്കപ്പെടുന്നതിന് മുമ്പ് തിമൂറുമായി സന്ധി സംഭാഷണം നടത്താൻ വേണ്ടിയാണ് ഇബ്നു ഖൽദൂൻ അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ മംലൂക്ക് സുൽത്താനായ നാസിറുദ്ദീൻ ഫർജ് (ഫർജ് ഇബ്നു ബർഖൂഖ്) നിയോഗിക്കുന്നത്. എന്നാൽ, ഇബ്നു ഖൽദൂന്റെ ധൈഷണിക സംഭാവനകളെ കുറിച്ച് കേട്ടറിവുള്ള തിമൂർ അദ്ദേഹം നഗരത്തിലുണ്ടോ എന്ന് നേരത്തെ തന്നെ ചോദിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നിന്റെ സംരക്ഷണാവശ്യാർത്ഥം പേരുകേട്ട ഒരു ചരിത്രകാരൻ ലോകം കണ്ട അജയ്യരായ ഭരണാധികാരികളിലൊരാളെ സന്ദർശിക്കുന്ന ചരിത്ര നിമിഷമായിരുന്നു അത്.
രണ്ടാം മംഗോൾ സാമ്രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പടപ്പുറപ്പാട് തുടങ്ങിയ തിമൂർ ആദ്യകാലത്ത് സമർഖന്ധിലെ ചെറിയൊരു സൈനിക യൂണിറ്റിന്റെ തലവനായിരുന്നു. 1380-കളോടു കൂടി മധ്യേഷ്യൻ പ്രദേശത്ത് വലിയൊരു രാഷ്ട്രീയ ശക്തിയായി ഉയർന്നു വന്ന തിമൂർ 1390-ൽ ദൽഹി സുൽത്താനേറ്റിന് കനത്ത ആഘാതമേൽപിക്കുകയും 1393-ൽ ബഗ്ദാദും മെസപൊട്ടോമിയയും തന്റെ അധീനതയിലാക്കുകയും ചെയ്തു. 1395-ൽ റഷ്യൻ തലസ്ഥാനമായ മോസ്കോ തിമൂറിന്റെ സൈന്യത്തിന് മുന്നിൽ അടിയറവു പറഞ്ഞു. 1400 ആയപ്പോഴേക്കും തിമൂർ ശക്തരായ മംലൂക്കീ സുൽത്താനേറ്റിന് കീഴിലുള്ള ദമസ്കസ് നഗരത്തിന്റെ പടിവാതിലിലും എത്തി. ഒരു കാലത്ത് ആദ്യ അറബ് സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായി ശോഭിച്ച പട്ടണം മംഗോൾ സൈന്യത്തിന്റെ ദയാവായ്പിനായി കാത്തിരുന്ന ഒരു ഘട്ടമായിരുന്നു അത്.
താൻ നിശ്ചയിക്കുന്ന ഗവർണറെ അംഗീകരിക്കുകയാണെങ്കിൽ നഗരവും നഗരവാസികളും രക്ഷപ്പെടുമെന്ന് തിമൂർ ചർച്ചക്ക് വന്ന മംലൂക്ക് പ്രതിനിധികളെ അറിയിച്ചിരുന്നു. തിമൂറിന്റെ ഈ ഓഫർ സ്വീകരിക്കണമോ വേണ്ടയോ എന്ന് ദമസ്കസിലെ ഗ്രാന്റ് മോസ്ക്കിൽ ഇരുന്ന് നേതാക്കന്മാർ തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് തിമൂർ എന്ന കേട്ടറിവ് മാത്രമുള്ള ആ സംഹാരകനെ നേരിട്ട് കാണാൻ അപ്പോഴേക്കും എഴുപതിലധികം പ്രായമുണ്ടായിരുന്ന ഇബ്നു ഖൽദൂൻ തീരുമാനിക്കുന്നത്. മംഗോളുകളുടെ ചരിത്രം പഠിക്കാനും അവർക്കിടയിലെ പ്രശസ്തനായ ഒരു ഭരണാധികാരിയെ നേരിൽ കണ്ട് സംസാരിക്കാനുമുള്ള അവസരം അദ്ദേഹം പാഴാക്കിയില്ല. പ്രതിനിധി സംഘത്തിന്റെ ഭാഗമായല്ലാതെ വ്യക്തിപരമായാണ് അദ്ദേഹം തിമൂറിനെ കണ്ടത് എന്നാണ് ഇബ്നു ഖൽദൂന്റെ എഴുത്തുകളിൽ നിന്ന് വ്യക്തമാകുന്നത്. ആദ്യം പണ്ഡിതന്മാർ അടങ്ങുന്ന ഒരു സംഘം തിമൂറിന്റെ അടുക്കൽ ചെന്നിരുന്നു. അവരുടെ മുമ്പിലാണ് തിമൂർ തന്റെ ഓഫർ അവതരിപ്പിച്ചതും ഇബ്നു ഖൽദൂനിനെ കുറിച്ച് ആരാഞ്ഞതും. തിമൂറുമായുള്ള കൂടിക്കാഴ്ചയുടെ എല്ലാ വിശദാംശങ്ങളും ഇബ്നു ഖൽദൂൻ തന്റെ പ്രശസ്തമായ “കിതാബുൽ ഇബറി”ന്റെ ആത്മകഥാ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
കോട്ടവാതിലുകൾ മംഗോൾ സൈന്യത്തിന് പഴുതു നൽകാതെ ഭദ്രമായി അടച്ചിരുന്നതിനാൽ തന്നെ ഒരു തൊട്ടിയിൽ കയറുകെട്ടി ഇറക്കിയാണ് ഇബ്നു ഖൽദൂനിനെ പാറാവുകാർ മതിലിന് അപ്പുറത്ത് എത്തിച്ചത്. ദമസ്കസ് നഗരത്തിന് പുറത്ത് തിമൂർ വിശ്രമിക്കുന്ന കൂടാരത്തിന് മുന്നിലെത്തിയ ഇബ്നു ഖൽദൂന് കുറച്ചു സമയം കാത്തു നിൽക്കാനുള്ള നിർദേശമാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തിന്റെ കുറച്ച് അനുചരന്മാരും ഉണ്ടായിരുന്നു. “മഗ്രിബ്രീ മാലികി ഖാളിയായ ഇബ്നു ഖൽദൂൻ…” എന്ന് കൂടാരത്തിന് പുറത്തുള്ള മംഗോൾ പാറാവുകാരൻ വിളിച്ചുപറഞ്ഞപ്പോഴാണ് ഇബ്നു ഖൽദൂന് തിമൂറിന്റെ കൂടാരത്തിനകത്തേക്ക് പ്രവേശനം ലഭിച്ചത്. ഇബ്നു ഖൽദൂൻ ആ സന്ദർഭം വിവരിക്കുന്നു: ” ഞാൻ കൂടാരത്തിനകത്ത് പ്രവേശിച്ചപ്പോൾ അദ്ദേഹം കൈമുട്ട് ഇരിപ്പിടത്തിൽ ഊന്നി ഇരിക്കുകയായിരുന്നു. മുമ്പിൽ ഭക്ഷണത്തളികകൾ നിരത്തിയിട്ടിരുന്നു. അകത്ത് കയറി ഞാൻ അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ചു. അപ്പോൾ അദ്ദേഹം എനിക്ക് നേരെ തന്റെ കൈ നീട്ടി, ഞാൻ അതിൽ ചുംബിച്ചു. അതിന് ശേഷം എന്നോട് ഇരിക്കാനായി ആംഗ്യം കാണിച്ച് പുറത്ത് നിന്ന ഒരു പണ്ഡിതനെ ഞങ്ങൾക്കിടയിൽ ദ്വിഭാഷിയായി പ്രവർത്തിക്കുന്നതിനായി അദ്ദേഹം വിളിപ്പിച്ചു.”
തിമൂറിനെ കുറിച്ച് ഇബ്നു ഖൽദൂൻ പറയുന്നത്, ” അതീവ ബുദ്ധിമാനും വിജ്ഞാന കുതുകിയുമാണ് അദ്ദേഹം. തനിക്ക് അറിയാത്ത കാര്യങ്ങൾ ചോദിച്ചറിയാനും അറിയുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനും അഭിനിവേശമുള്ളയാളാണ്”. താങ്കൾ എവിടെ നിന്നാണ് വരുന്നത് എന്ന് ആരാഞ്ഞു കൊണ്ടാണ് തിമൂർ സംഭാഷണത്തിന് തുടക്കമിട്ടത്. ഉത്തരാഫ്രിക്കയാണ് തന്റെ ജന്മദേശമെന്നും ഹി.വ 784-ൽ (ക്രി.വ 1382) ആണ് താൻ ഈജിപ്തിൽ എത്തിയതെന്നും അന്ന് സുൽത്താൻ അസ്സാഹിർ ബർഖൂഖ് ആണ് ഈജിപ്ത് ഭരിച്ചിരുന്നതെന്നും പ്രതിവചിച്ചപ്പോൾ തിമൂറിന്റെ അടുത്ത ചോദ്യം: “എന്താണ് ബർഖൂഖ് താങ്കൾക്ക് വേണ്ടി ചെയ്തത്?”. “എനിക്ക് എല്ലാം അദ്ദേഹം നൽകി. എന്റെ പദവിയെ മാനിക്കുകയും ആദരിക്കുകയും ചെയ്തു. ഹജ്ജിനായി എനിക്ക് എല്ലാ ഒരുക്കങ്ങളും അദ്ദേഹം ചെയ്തു തന്നിരുന്നു. ഞാൻ തിരിച്ച് ഈജിപ്തിലെത്തിയപ്പോൾ എനിക്ക് നല്ലൊരു തുക വേതനവുമേർപ്പെടുത്തി. അതുകൊണ്ട് അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ തന്നെ കഴിയാൻ ഞാൻ തീരുമാനിച്ചു,” ഇബ്നു ഖൽദൂൻ മറുപടി നൽകി.
തുടർന്ന് തിമൂർ അറിയാൻ ആഗ്രഹിക്കുന്നത് ഉത്തരാഫ്രിക്കയുടെ ഭൂപ്രകൃതിയാണ്. അതിലേക്ക് വെളിച്ചം വീശുന്ന തരത്തിൽ ഇബ്നു ഖൽദൂനോട് തിമൂർ ചോദിക്കുന്നത്, “താങ്കളുടെ ജന്മദേശം എവിടെയാണ്?”. തന്റെ ജന്മദേശം ഉത്തരാഫ്രിക്കയുടെ ഉൾപ്രദേശത്താണ് എന്ന് ഇബ്നു ഖൽദൂൻ മറുപടി കൊടുത്തപ്പോൾ ഉത്തരാഫ്രിക്കയുടെ “ഉൾപ്രദേശം” എന്നത് കൊണ്ട് താങ്കൾ എന്താണ് അർത്ഥമാക്കുന്നത് എന്ന് ജിജ്ഞാസ പ്രകടിപ്പിക്കുകയാണ് ആ മധ്യേഷ്യക്കാരൻ. “മെഡിറ്ററേനിയൻ കടലിന്റെ തെക്കൻ തീരമാണ് ഉത്തരാഫ്രിക്ക. അപ്പോൾ ഫെസ് പട്ടണവും മറാക്കിഷും കടലിൽ നിന്നും കൂടുതൽ വിദൂരസ്ഥമായി ഉത്തരാഫ്രിക്കയുടെ തെക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് ആ പ്രദേശങ്ങളെ ഉത്തരാഫ്രിക്കയുടെ ഉൾപ്രദേശം എന്ന് ഞാൻ വിശേഷിപ്പിച്ചത്” ഇബ്നു ഖൽദൂൻ വിശദീകരണം നൽകി. “അപ്പോൾ ടാൻജിയേഴ്സ് പട്ടണം എവിടെയാണ് സ്ഥിതിചെയ്യുന്നത്?”. “അത് അറ്റ്ലാന്റിക് മഹാസമുദ്രത്തിനും മെഡിറ്ററേനിയൻ കടലിനും ജിബ്രാൾട്ടർ കടലിടുക്കിനും ഇടയിലാണ്” ഭൂമിശാസ്ത്രത്തിലുള്ള തന്റെ പരന്ന അറിവ് പ്രകടമാക്കി ഇബ്നു ഖൽദൂൻ പറഞ്ഞു. പിന്നെയും രണ്ടു മൂന്ന് ഉത്തരാഫ്രിക്കൻ പട്ടണങ്ങളുടെ സ്ഥാനം കൂടി തിമൂർ തന്റെ അതിഥിയോട് ചോദിച്ചറിഞ്ഞു. എന്നാൽ, ഇതുകൊണ്ടൊന്നും തൃപ്തി വരാതെ ഉത്തരാഫ്രിക്കയുടെ ഭൂപ്രകൃതി വിശദീകരിച്ചുകൊണ്ട് തനിക്ക് വേണ്ടി ഒരു കുറിപ്പ് തയ്യാറാക്കണമെന്നും അതിൽ പട്ടണങ്ങളുടെയും നദികളുടെയും പർവതങ്ങളുടെയും സ്ഥാനം കൃത്യമായി രേഖപ്പെടുത്തണമെന്നും തിമൂർ ഇബ്നു ഖൽദൂനിനോട് ആവശ്യപ്പെട്ടു.
സംഭാഷണത്തിനിടയ്ക്ക് തിമൂറിന്റെ പെരുമയെ വാഴ്ത്താനും ഇബ്നു ഖൽദൂൻ മറന്നില്ല. “മുപ്പത് നാൽപ്പത് വർഷമായി ഞാൻ താങ്കളെ കാണണമെന്ന് ആഗ്രഹിക്കുന്നു. കാരണം, അവിടുന്ന് ഈ ലോകത്തിന്റെ സുൽത്താൻ ആണ്. ആദമിന്റെ കാലം മുതൽ ഇതുവരെ താങ്കളെ പോലെ ഒരു ഭരണാധികാരി ഉണ്ടായിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്”. ഇതിനോട് ചേർത്തു കൊണ്ട് “അസബിയ്യാ” എന്ന തന്റെ വിഖ്യാതമായ സിദ്ധാന്തവും ഇബ്നു ഖൽദൂൻ തിമൂറിന് മുന്നിൽ അവതരിപ്പിക്കുന്നു. ഒരു സമൂഹത്തിനകത്ത് മാനസികമായ ഐക്യവും സംഘബോധവും വർധിക്കുന്നതിനനുസരിച്ച് അവരുടെ രാഷ്ട്രീയ ശക്തിയും വർധിക്കുമെന്നതാണ് അസബിയ്യാ സിദ്ധാന്തത്തിലൂടെ ഇബ്നു ഖൽദൂൻ വിശദീകരിക്കുന്നത്. അദ്ദേഹം തുടർന്നു: “പ്രവാചകന് കീഴിൽ അണിനിരന്ന അറബികൾ എങ്ങനെയാണ് ലോകത്ത് വിജയശ്രീലാളിതരായതെന്ന് താങ്കൾക്കറിയാം. സംഘബോധം പരിഗണിക്കുമ്പോൾ, തുർക്കുകൾക്ക് മുന്നിൽ ഖുസ്രുവും സീസറും അലക്സാണ്ടറും ബാബിലോണിയൻ രാജാവ് നെബുഖദ്നെസറും ഒക്കെ അപ്രസക്തരാണ്.”
അപ്പോൾ തിമൂർ ഒരു തിരുത്ത് രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു: “നെബുഖദ്നെസർ ഒരു രാജാവായിരുന്നില്ല, പേർഷ്യൻ സൈന്യാധിപന്മാരിൽ ഒരാൾ മാത്രമായിരുന്നു. എന്നെ പോലെ. ഞാനും നിലവിലുള്ള സുൽത്താന്റെ ഒരു പ്രതിനിധി മാത്രമാണ്”. ചൈന മുതൽ യുറോപ്പു വരെ പരന്നു കിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു തിമൂർ എങ്കിലും ചെങ്കിസ് ഖാന്റെ പിന്മുറക്കാരിൽ ഒരാൾ അല്ലാത്തത് കൊണ്ട് തന്നെ “ഖാൻ” പദവി സ്വീകരിക്കാൻ രണ്ടാം മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപക പദവി അവകാശപ്പെടുന്ന തിമൂറിന് കഴിയുമായിരുന്നില്ല. അതിനായി ചെങ്കിസ് ഖാന്റെ വംശപരമ്പയിൽ പെട്ട സൊയൂർഗത്മിഷി (Soyurgetmish) നെ ഒരു പാവ ഭരണാധികാരിയായി തന്റെ സാമ്രാജ്യത്തിന്റെ സിംഹാസനത്തിൽ അവരോധിക്കുകയും ബൽഖിലെ അമീർ ഹുസൈന്റെ വിധവയും ചെങ്കിസ് ഖാന്റെ നേരിട്ടുള്ള താവഴിയിലുമുള്ള സരായ് മുൽക്ക് ഖാന (Saray Mulk Khanum) യെ തിമൂർ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ചെങ്കിസ് ഖാന്റെ വംശപരമ്പര അവകാശപ്പെടാനും അതിലൂടെ തന്റെ ആധിപത്യത്തെ സാധൂകരിക്കാനുമാണ് തിമൂർ അതിലൂടെ ലക്ഷ്യമിട്ടത്. നെബുഖദ്നെസറിന്റെ കാര്യത്തിലാകട്ടെ ആധുനിക ചരിത്ര പഠനങ്ങൾ തിമൂറുമായി ഇടയുകയും ഇബ്നു ഖൽദൂനിനെ ശരിവെക്കുകയും ചെയ്യുന്നു. നവീന-ബാബിലോണിയൻ സാമ്രാജ്യത്തിൽ നെബുപോളാസറിന് ശേഷം അധികാരത്തിലേറിയ ശക്തനായ ഭരണാധികാരി എന്നാണ് നെബുഖദ്നെസറിനെ ആധുനിക ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ജറുസലേം ആക്രമിച്ച് വിശുദ്ധ ദേവാലയം പൂർണമായും തകർത്ത രാജാവ് എന്ന നിലക്ക് ബൈബിളിലും നെബുഖദ്നെസറിന്റെ പേര് സ്ഥാനം പിടിച്ചിട്ടുണ്ട്.
മണിക്കൂറുകൾ നീണ്ട ഒരു വൈജ്ഞാനിക ചർച്ചയായിരിക്കാം 600 വർഷങ്ങൾക്ക് മുമ്പ് ആ കൂടാരത്തിൽ ഇബ്നു ഖൽദൂനും തിമൂറും തമ്മിൽ നടന്നത്. പക്ഷേ, ചരിത്രപ്രധാനമായ ഇങ്ങനെയൊരു കൂടിക്കാഴ്ചയും സംവാദവും അകത്തു നടക്കുന്ന അതേ സമയം തിമൂറിന്റെ മംഗോൾ സൈന്യം ദമസ്കസ് ആക്രമിക്കുന്നതിനായി വാളുകൾക്ക് മൂർച്ചകൂട്ടുകയായിരുന്നു. കാരണം, തിമൂറിന്റെ നിബന്ധനകൾ പാലിക്കാൻ ദമസ്കസിലെ മംലൂക്ക് നേതാക്കൾ ഒരുക്കമല്ലെന്ന സന്ദേശം അതിനിടയിൽ തിമൂറിന്റെ അടുക്കൽ ലഭിച്ചിരുന്നു. ആ കൂടിക്കാഴ്ച തിമൂർ അവസാനിപ്പിച്ചത് ദമസ്കസിന്റെ കോട്ടമതിലുകൾ കടന്ന് നഗരത്തെ തകർക്കാൻ ആയിരുന്നു എന്നതിന് ഇബ്നു ഖൽദൂൻ എന്ന വിഖ്യാത ചരിത്രകാരൻ തന്നെയാണ് സാക്ഷി. മുടന്തുള്ള തന്റെ കാലിൽ വേച്ചുനടന്ന് ഒരു സൈനികന്റെ സഹായത്തോടെ കുതിരപ്പുറത്തേറിയ തിമൂർ ശരവേഗത്തിൽ ദമസ്കസിനെ ലക്ഷ്യം വെച്ച് തന്റെ സൈന്യവ്യൂഹവുമായി കുതിര പായിച്ച് പോയത് നോക്കി നിന്ന അനുഭവം ഇബ്നു ഖൽദൂൻ കുറിക്കുന്നുണ്ട്. ഉപരോധം നടക്കുന്നതിനാൽ തന്നെ 35 ദിവസത്തോളം മംഗോൾ ക്യാമ്പിൽ തന്നെയാണ് ഇബ്നു ഖൽദൂനും അനുയായികളും ചെലവഴിച്ചത്. പിന്നീട് അദ്ദേഹത്തിന് ഈജിപ്തിലേക്ക് പോകുവാൻ തിമൂർ പ്രത്യേകാനുമതി നൽകുകയായിരുന്നു. തിമൂറുമായുള്ള കൂടിക്കാഴ്ചക്ക് അഞ്ചു വർഷത്തിന് ശേഷം ഈജിപ്തിൽ വെച്ചാണ് വിശ്രുതനായ ആ ചരിത്രകാരൻ ഇഹലോകവാസം വെടിഞ്ഞത്. അതിന് തൊട്ട് മുമ്പത്തെ വർഷം 1405-ൽ കസാഖിസ്താനിൽ വെച്ച് തന്റെ 68ാം വയസ്സിൽ തിമൂറും മരണപ്പെട്ടു.
കേവലം ഒരു ആക്രമണകാരി എന്നതിനപ്പുറം ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും അഗാധമായ അറിവ് തിമൂറിന് ഉണ്ടായിരുന്നതായി ഇബ്നു ഖൽദൂനുമായി നടന്ന സംഭാഷണം വ്യക്തമാക്കുന്നു. അതുപോലെ, വൈജ്ഞാനികമായ സംസാരങ്ങൾക്കപ്പുറം ദമസ്കസ് നഗരത്തെ മംഗോൾ അധിനിവേശത്തിൽ നിന്ന് രക്ഷിക്കാൻ ഇബ്നു ഖൽദൂൻ തിമൂറിനോട് ഏതെങ്കിലും തരത്തിൽ ശുപാർശ ചെയ്തതായി അദ്ദേഹത്തിന്റെ എഴുത്തുകളിൽ നിന്ന് വ്യക്തമല്ല. ആദ്യം വന്ന പ്രതിനിധി സംഘത്തിന് തിമൂർ നൽകിയ മറുപടിയെ കുറിച്ച് ബോധ്യമുള്ളതിനാലും തന്റെ സന്ദർശനം തികച്ചും വ്യക്തിപരമായതിനാലുമാകാം ഇബ്നു ഖൽദൂൻ ദമസ്കസിന്റെ കാര്യത്തിൽ നിശബ്ദത പാലിച്ചത്. ഒരു മംഗോൾ ഗവർണറെ അംഗീകരിക്കാൻ മംലൂക്ക് ഭരണകൂടം കൂട്ടാക്കില്ലെന്നും അത് ആത്യന്തികമായി മംഗോൾ അധിനിവേശത്തിലേക്ക് തന്നെ നയിക്കുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നിരിക്കണം. അത് തന്നെയാണ് സംഭവിച്ചത് എന്നതിന് ചരിത്രം സാക്ഷി.
അനസ് പടന്ന