1.എന്താണ് വെൽഫെയർ പാർട്ടിയുടെ രൂപീകരണ പശ്ചാത്തലവും സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ലഭിച്ച സ്വീകാര്യതയും ?
വെൽഫെയർ പാർട്ടി 2011 ഏപ്രിൽ 18-ന് ന്യൂഡൽഹി മാവ്ലങ്കർ ഹാളിൽ വെച്ചാണ് പ്രഖ്യാപിക്കപ്പെട്ടത്. സാമൂഹ്യ നീതിയിലും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലും അധിഷ്ഠിതമായ ക്ഷേമരാഷ്ട്രമാണ് പാർട്ടി വിഭാവനം ചെയ്യുന്നത്. രാജ്യത്തെ സ്വതന്ത്ര ജനാധിപത്യ സമൂഹം എന്ന നിലയിൽ രാജ്യം അതിന്റെ 65 കൊല്ലം പിന്നിട്ട ആ സമയത്തും ജാതി-വർഗ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തുല്യനീതി നിഷേധിക്കപ്പെട്ട കോടാനുകോടി ജനങ്ങൾ രാജ്യത്തുണ്ട്. വിശപ്പടക്കാനുള്ള മാർഗമന്വേഷിച്ച് പലായനം ചെയ്യുന്ന വലിയ ജനവിഭാഗങ്ങളുമുണ്ട്. നിയമപരമായി നിർമാർജനം ചെയ്തതായി അവകാശപ്പെടുന്ന അയിത്താചരണവും തൊട്ടുകൂടായ്മയും രാജ്യത്ത് വ്യാപകമാണ്. സംവരണമെന്ന ഭരണഘടനാപരമായ പരിരക്ഷ ഉണ്ടായിട്ടും ദലിത് – ആദിവാസി ജനവിഭാഗങ്ങൾ അധികാരകേന്ദ്രങ്ങളിൽ നിന്നും അകറ്റപ്പെടുന്ന സാമൂഹ്യാവസ്ഥ നിലനിൽക്കുന്നു.
രാജ്യത്തെ വലിയ ന്യൂനപക്ഷമായ മുസ്‌ലിം ജനസമൂഹം പതിതമായ അവസ്ഥ നേരിടുന്നു. നിരവധി മുസ്‌ലിം ചെറുപ്പക്കാർ ഭരണകൂടം ചമച്ച കള്ളക്കേസുകളിൽ ജയിലറക്കുള്ളിലാണ്. അധികാര പങ്കാളിത്തമോ തുല്യ അവസരങ്ങളോ അവർക്കും ലഭ്യമല്ല. മറ്റ് മത ന്യൂനപക്ഷങ്ങളുടെ നിലയും തുലോം വ്യത്യസ്തമായിരുന്നില്ല.
ലോകത്തിലെ അതിസമ്പന്നർക്കും വ്യവസായ ഭീമൻമാർക്കുമിടയിൽ ഇന്ത്യൻ പൗരൻമാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യം കൂടിയായിരുന്നു അക്കാലം. അപ്പോഴും പട്ടിണിയിലായ കർഷകരും തൊഴിലാളികളുമാണ് ഇന്ത്യയിലെ വലിയ സമൂഹം. തൊഴിൽ സുരക്ഷ ഉറപ്പാക്കാനോ പട്ടിണി മാറ്റാനോ കഴിയാത്ത വലിയ വിഭാഗം ഈ രാജ്യത്ത് നിലനിൽക്കുന്നു. രാഷ്ട്രീയ നേതൃത്വമാകെ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന നിലയിലുമാണ്. ഭരണഘടനാ മൂല്യങ്ങൾ പ്രായോഗികമാക്കാനുള്ള നിലപാടോ നയങ്ങളോ രാജ്യത്ത് ഭരണം നടത്തിക്കൊണ്ടിരിക്കുന്നവരിൽ ദൃശ്യമല്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സാഹോദര്യം, സാസ്കാരിക ഫെഡറലിസം, സാമൂഹ്യ നീതി, സമത്വം തുടങ്ങിയ മൂല്യങ്ങളെ മുൻനിർത്തി രാജ്യത്തെ പൗരസമൂഹത്തിലെ സുമനസ്സുകളെ ഒന്നിച്ച് ചേർത്ത് വെൽഫെയർ പാർട്ടി എന്ന രാഷ്ട്രീയ ശക്തി രൂപപ്പെടുത്തുന്നത്.
കഴിഞ്ഞ 9 വർഷക്കാലത്തെ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ 12 സംസ്ഥാനങ്ങളിൽ ഘടകങ്ങളുള്ള രാഷ്ട്രീയ ശക്തിയായി വെൽഫെയർ പാർട്ടിക്ക് മാറാനായിട്ടുണ്ട്. നിയമ നിർമാണ സഭകളിൽ ഇക്കാലയളവിൽ പാർട്ടിക്ക് പ്രതിനിധികളുണ്ടായിട്ടില്ലെങ്കിലും രാജ്യത്ത് രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കേരളം, കർണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിരവധി ജനപ്രതിനിധികളെ സൃഷ്ടിക്കാനായിട്ടുണ്ട്. പാർട്ടി ഉയർത്തിപ്പിടിക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയം, സമൂഹ്യ നീതി തുടങ്ങിയ മുദ്രാവാക്യങ്ങൾ രാജ്യത്ത് ഈ സാഹചര്യത്തിൽ വളരയേറെ പ്രസക്തമാണ്.
2.ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് ഏതൊക്കെ കർമപദ്ധതികളാണ് സ്വീകരിച്ചിരിക്കുന്നത് ?
ഇന്ത്യ ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയാണ് വംശീയ ഫാസിസം. ഇറ്റലിയിലും ജർമ്മനിയിലും നാം കണ്ട മുസോളിനിയുടെയും ഹിറ്റ്ലറുടെയും ഫാസിസ്റ്റു പ്രസ്ഥാനങ്ങളേക്കാൾ പതിന്മടങ്ങ് അപകടകരമാണ് ഇന്ത്യയിൽ സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന സവർണ്ണ വംശീയതയിലധിഷ്ഠിതമായ സംഹാരാത്മക ദേശീയത. രാജ്യത്തിന്റെ സമ്പൂർണ്ണാധികാരം ഭരണഘടനയെയും നിയമസംഹിതകളേയും മറികടന്ന് തങ്ങളിലേക്കെത്തിക്കാൻ ദൗർഭാഗ്യവശാൽ അവർക്ക് ഇന്ന് സാധിച്ചിരിക്കുന്നു.
രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികൾ സംഘ്പരിവാറിനെ നേരിടുന്നതിൽ വലിയ പരാജയമാണ് നേരിട്ടിരിക്കുന്നത്. കേവലം തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ സംഘ്പരിവാറിനെ തടഞ്ഞു നിർത്താമെന്നാണ് അവരൊക്കെ കരുതിയത്. തെരെഞ്ഞെടുപ്പിൽ തുടരെ തോൽവികളേറ്റു വാങ്ങിയ കാലത്തും ആശയപരമായി ഭരണകൂടങ്ങൾക്കുള്ളിൽ വലിയ സ്വാധീനം ചെലുത്താൻ അവർക്ക് സാധിച്ചു. സംഘ്പരിവാറിനെ ആശയപരമായി നേരിടാൻ രാജ്യത്തെ മതനിരപേക്ഷ സമൂഹങ്ങൾക്ക് കഴിഞ്ഞില്ല.
ആർ.എസ്.എസിനെ ഭൂരിപക്ഷ വർഗീയത ഉയർത്തിപ്പിടിക്കുന്ന കക്ഷിയായാണ് മതേതര പാർട്ടികൾ നിർവചിച്ചത്. ആ സന്ദർഭത്തിലും ഭൂരിപക്ഷ വോട്ട് ബാങ്കിൽ നഷ്ടം സംഭവിക്കാതിരിക്കാൻ ന്യൂനപക്ഷ വർഗീയത എന്ന, ഇന്ത്യയിൽ യതാർത്ഥത്തിൽ ഇല്ലാത്ത സാങ്കൽപിക ശത്രുവിനെയും മതനിരപേക്ഷ കക്ഷികൾ ഉയർത്തിക്കാട്ടി. മത നിരപേക്ഷ പാർട്ടികളുടെ ഈ പ്രയോഗം യഥാർത്ഥത്തിൽ ആർ.എസ്.എസ് പറയുന്നതിനെ ശരിവെക്കുന്നതായി. എന്നു മാത്രമല്ല ഭൂരിപക്ഷ സമൂഹത്തിൽ ന്യൂനപക്ഷ വർഗീയതയുണ്ട് എന്ന സാങ്കൽപിക കഥ ജനിപ്പിച്ച ഭയം ന്യൂനപക്ഷ വർഗീയതയിൽ നിന്ന് തങ്ങളെ രക്ഷിക്കും എന്ന് വിശ്വസിക്കുന്ന ആർ.എസ്.എസിലേക്കടുപ്പിച്ചു. ഭൂരിപക്ഷ വർഗീയത ഭൂരിപക്ഷത്തിന് അപകടകരമല്ലല്ലോ.
യഥാർത്ഥത്തിൽ ആർ.എസ്.എസ് അത്തരം ഒരു മത വർഗീയ സംഘടനയല്ലെന്നും അവർ സവർണ്ണ വംശീയതയിലിധിഷ്ഠിതമായ ഭീകരസംഘമാണ് എന്നുമുള്ള കൃത്യമായ ആശയ സംവാദത്തിന് രാജ്യത്തെ മതേതര സമൂഹം മുന്നോട്ട് വന്നില്ല. രാജ്യത്തിലെ കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങൾക്കും അപകടകരമായ കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയസമീപനങ്ങളും ദലിതർ-ആദിവാസികൾ-പിന്നാക്ക ജനവിഭാഗങ്ങൾ, മത ന്യൂനപക്ഷങ്ങൾ, ഭാഷാ ന്യൂനപക്ഷങ്ങൾ, മറ്റ് വിവിധ സ്വത്വങ്ങൾ, സ്ത്രീകൾ തുടങ്ങിയ ജന വിഭാഗങ്ങൾക്കെതിരായ സംഹാരാത്മകവും സവർണ്ണ വംശീയാധിഷ്ടിതവുമായ രാഷ്ട്രീയ ഉള്ളടക്കവുമാണ് ആർ.എസ്.എസിനുള്ളത് എന്നത് പ്രചാരണ വിഷയമാക്കാൻ രാജ്യത്തെ മതേതര സമൂഹം മുതിർന്നില്ല. ഗാന്ധിവധത്തിന് ശേഷമെങ്കിലും അത്തരം നീക്കം രാജ്യം നടത്തേണ്ടിയിരുന്നു.
ഇന്ന് സംഘ്പരിവാർ ഫാസിസം രാജ്യത്തിന്റെ സമഗ്ര മേഖലകളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ആശയ പ്രചരണം കൊണ്ട് മാത്രം സംഘ്പരിവാറിനെ പ്രതിരോധിക്കാനാവില്ല. അതിനാകട്ടെ ദീർഘകാലം ആവശ്യമായി വരുകയും ചെയ്യും. അധികാരത്തിൽ നിന്ന് ജനാധിപത്യത്തിന്റെ സാദ്ധ്യതകളെ ഉപയോഗിച്ച് സംഘ്പരിവാറിനെ പുറത്തിറക്കുക എന്നതാണ് ഇപ്പോഴുള്ള സാദ്ധ്യത. തെരെഞ്ഞെടുപ്പ് രീതികളെയും ഭരണഘടനാ തത്വങ്ങളെയും തങ്ങൾക്കനുകൂലമായി വളഞ്ഞ മാർഗങ്ങളിലൂടെ മാറ്റിയെടുക്കുന്ന സംഘ്പരിവാർ സ്ട്രാറ്റജിയെ എങ്ങനെ മറികടക്കും എന്നതും അടിസ്ഥാനമാണ്.
മതേതര കക്ഷികളുടെ വിശാലമായ ഐക്യം അനിവാര്യമാണ്. നിർഭാഗ്യവശാൽ അതിൽ പരസ്പരം പുറം തള്ളാനാണ് ഇന്ന് മത്സരിക്കുന്നത്. വെൽഫെയർ പാർട്ടിക്ക് ഇക്കാര്യത്തിൽ തുറന്ന സമീപനമാണുള്ളത്. കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിന് മുന്നോടിയായി വിശാല മതേതര പ്ലാറ്റ്ഫോം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ പാർട്ടി നടത്തിയിരുന്നു. പക്ഷേ മതേതര പക്ഷത്തെ ശൈഥില്യം മൂലം അതുണ്ടായില്ല. അപ്പോഴും പാർട്ടി വോട്ടുകൾ ഭിന്നിക്കുന്നത് പരമാവധി ഒഴിവാക്കാനായി മത്സരം ദേശീയ പ്രസിഡന്റ് മത്സരിച്ച ജംഗീപ്പൂരിൽ മാത്രമൊതുക്കി. അവശേഷിച്ചിടങ്ങളിൽ കോൺഗ്രസും ഇടതുപക്ഷവും ആർ.ജെ.ഡി അടക്കമുള്ള മതനിരപേക്ഷ കക്ഷികൾക്കാണ് ആശയപരമായ എതിർപ്പുള്ളപ്പോഴും വോട്ട് ചെയ്തത്.
പാർലമെന്റിൽ പോലും ബി.ജെ.പി ഇതര കക്ഷികൾക്ക് ഒന്നിച്ചൊരു നിലപാടെടുക്കാൻ സാധിക്കുന്നില്ല എന്നത് ഖേദകരമായ കാര്യമാണ്. ഭരണപക്ഷം ന്യൂനപക്ഷമായിരുന്ന രാജ്യസഭയിൽ പോലും എല്ലാ വിവാദ ഭേദഗതികളും അനായാസം പാസ്സാക്കിയെടുക്കാൻ ബി.ജെ.പിക്ക് സാധിക്കുന്നു. ഈ സാഹചര്യത്തിൽ ജനകീയ പ്രക്ഷോഭങ്ങളെ ഏകോപിപ്പിച്ച് വിശാല പ്രതിരോധം സംഘടിപ്പിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്.
രാജ്യത്ത് ഉയർന്നു വന്ന പൗരത്വ പ്രക്ഷോഭം ആ നിലക്ക് വലിയൊരു സാധ്യതയാണ്. രാജ്യത്തെ എല്ലാ മതനിരപേക്ഷ കക്ഷികളുമായും പൗര സമൂഹവുമായും വിദ്യാർത്ഥി സമര പോരാളികളുമായും കൈകോർത്ത് വലിയ സമര മുന്നണി രൂപപ്പെടണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഇടതുപക്ഷവും കോൺഗ്രസും പ്രാദേശിക കക്ഷികളുമടങ്ങിയ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂടി ഇക്കാര്യത്തിൽ തുറന്ന സമീപനം പുലർത്തണം.
3.ദളിത് – ന്യൂനപക്ഷ രാഷ്ട്രീയ സഖ്യം അനിവാര്യമായിത്തീർന്നു എന്നു പറഞ്ഞല്ലോ, എന്താണ് ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ വെൽഫയർ പാർട്ടി സ്വീകരിച്ചിരിക്കുന്ന സമീപനം?
വെൽഫെയർ പാർട്ടി ഉയർത്തുന്ന വലിയ രാഷ്ട്രീയ മുദ്രാവാക്യമാണ് സാഹോദര്യം. അതിന് വലിയ പ്രസക്തി ഇപ്പോഴുമുണ്ട്. ഇന്നും ഈ രാജ്യത്തെ പിന്നോട്ട് നയിക്കുന്നതിന് കാരണമായ അടിസ്ഥാന പ്രശ്നം ജാതീയതയാണ്. വലിയ വിഭാഗം ജനങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനും ഭരണപങ്കാളിത്തത്തിൽ നിന്ന് അകറ്റപ്പെടുന്നതിനും കാരണം ഇന്നും രൂഢമൂലമായി നിൽക്കുന്ന ജാതീയത തന്നെയാണ്. ഇത് തകർത്തെറിയപ്പെടേണ്ട ഒന്നാണ്. പക്ഷേ പുരോഗമനവാദികൾ എന്നു പറയപ്പെടുന്ന ഇടതുപക്ഷം പോലും സാമ്പത്തിക സംവരണത്തിന്റെ വക്താക്കളായി നിലകൊള്ളുന്ന കാലത്താണ് ഇത് നാം പറയുന്നത്.
ദലിത് ആദിവാസി മുസ്ലിം ഗോത്ര വർഗ ജനതകൾ തങ്ങളുടെ സ്വത്വം കൊണ്ട് തന്നെ പ്രതിസന്ധി നേരിടുന്നു. ഓരോ സ്വത്വങ്ങളും നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തവുമാണ്. ഓരോ ജനവിഭാഗവും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടത് രാഷ്ട്രീയപരമായാണ്. എല്ലാ വിഭാഗങ്ങളുടെയും ഐഡന്റിറ്റികളെ അംഗീകരിക്കുന്ന, ഓരോരുത്തരുടെയും അവകാശങ്ങൾക്ക് രാഷ്ട്രീയമായ മാനം നൽകുന്ന, സാഹോദര്യ രാഷ്ട്രീയമാണ് പാർട്ടി ഉയർത്തിപ്പിടിക്കുന്നത്.
4.കേരളീയ രാഷ്ട്രീയത്തിൽ വെൽഫെയർ പാർട്ടിയുടെ സാന്നിധ്യത്തെയും ഭാവിയെക്കുറിച്ചും വിശദമാക്കാമോ?
കേരളാ രാഷ്ട്രീയത്തിൽ വെൽഫെയർ പാർട്ടി നിർണായക സ്വാധീനമുള്ള പാർട്ടിയാണ്. തദ്ദേശ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന ചർച്ചകൾ തന്നെ പാർട്ടിയുടെ സ്വാധീനത്തിന്റെ സൂചകമാണ്. 2019 ഏപ്രിലിൽ നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിച്ച നിലപാട് കാര്യമായ ചർച്ചയായിരുന്നല്ലോ. കേരളീയ സമൂഹത്തെ ആ നിലപാട് ബോധ്യപ്പെടുത്താൻ പാർട്ടിക്ക് സാധിച്ചിരുന്നു. പാർട്ടി കേരളത്തിൽ ഉയർത്തിയ വലിയ പ്രക്ഷോഭമാണ് ഭൂപ്രക്ഷോഭം. മുൻ യു.ഡി.എഫ് സർക്കാരിന്റെയും ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു സർക്കാരിന്റെയും പല തീരുമാനങ്ങളെയും പാർട്ടി ഉയർത്തിയ ഭൂ പ്രക്ഷോഭം സ്വാധീനിച്ചിട്ടുണ്ട്. പാർട്ടിയുടെ ഭൂപ്രക്ഷോഭങ്ങളുടെ ഫലമായി രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ലക്ഷക്കണക്കിന് ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കാൻ സമഗ്രമായ ഭൂനിയമം അനിവാര്യമാണ്. അത്തരത്തിൽ നിയമ നിർമ്മാണത്തിന് കേരളാ നിയമസഭക്ക് മുന്നിൽ വഴികാട്ടിയായി പാർട്ടി സമഗ്ര ഭൂനിയമം തയ്യാറാക്കുന്നുണ്ട്.
സംവരണ പ്രശ്നങ്ങളെ കൃത്യതയോടെ ഫോളോഅപ്പ് ചെയ്യുകയും അതിനെ മുഖ്യധാരയിലെത്തിക്കുന്നതിൽ പാർട്ടി വഹിക്കുന്ന പങ്ക് ചെറുതല്ല. കെ.എ.എസിലെ രണ്ട് സ്ട്രീമുകളിലെ സംവരണ നിഷേധം രാഷ്ട്രീയമായി ഉയർത്തിയത് വെൽഫെയർ പാർട്ടിയാണ്. ഒടുവിൽ സർക്കാരിന് എല്ലാ സ്ട്രീമുകളിലും സംവരണം അനുവദിക്കാമെന്ന് സമ്മതിക്കേണ്ടി വന്നു.
കേരളത്തിലെ സമകാലിക രാഷ്ട്രീയത്തിൽ എപ്പോഴും കൃത്യതയോടെ, തിരുത്തൽ ശക്തിയായി ഇടപെടുന്നതിന് കഴിഞ്ഞ 9 വർഷം കൊണ്ട് പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. പ്രളയ കാലത്തെ രക്ഷാ സേവന പ്രവർത്തനങ്ങളിൽ പാർട്ടി മുന്നിലുണ്ടായിരുന്നു. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമിതിക്കായുള്ള സമഗ്രനിർദ്ദേങ്ങളും മുന്നോട്ട് വെക്കാൻ പാർട്ടിക്കായിട്ടുണ്ട്. കോവിഡ് കാലത്തും പ്രവാസി പ്രശ്നങ്ങളിലടക്കം ജനപക്ഷത്ത് നിന്ന് ആർജ്ജവത്തോടെ പാർട്ടി ഉയർത്തിയ ശബ്ദങ്ങൾ കേരളത്തിൽ അടയാളപ്പെടുത്തുക തന്നെ ചെയ്യും.
കേരളാ രാഷ്ട്രീയത്തിൽ സ്ഥിരമായി രണ്ടു മുന്നണികളുടെ ആധിപത്യമാണ് കാണുന്നത്. മുന്നണി രാഷ്ട്രീയത്തിൽ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമല്ല പാർട്ടി. അങ്ങനെ ഏതെങ്കിലും മുന്നണിയിൽ കയറാൻ പാർട്ടി ആഗ്രഹിക്കുന്നുമില്ല. പക്ഷേ തദ്ദേശ തെരെഞ്ഞെടുപ്പിൽ പ്രാദേശിക വികസനം മുന്നിൽ വെച്ച് നടക്കുന്ന തെരെഞ്ഞെടുപ്പ് എന്ന നിലയിൽ പ്രാദേശികമായി ധാരണകൾ മുന്നണികളുമായി പാർട്ടി നേരത്തെ നടത്തിയിട്ടുണ്ട്. 2015 ലെ തെരെഞ്ഞെടുപ്പിൽ പലയിടത്തും സി.പി.എമ്മുമായും ചിലയിടത്ത് യു.ഡി.എഫുമായും ധാരണിയിലാണ് പാർട്ടി മത്സരിച്ചത്. ആ ധാരണയുടെ അടിസ്ഥാനത്തിൽ ചില പഞ്ചായത്തുകളിൽ ഇടതുപക്ഷവുമായി ഭരണം പങ്കിടുന്നുമുണ്ട്. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിലും അത്തരം ധാരണകളുണ്ടായേക്കാം. കേരളത്തിൽ പാർട്ടി മുന്നോട്ട് വെക്കുന്ന സാമൂഹ്യനീതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ച വലിയ ബഹുജന മുന്നേറ്റം രൂപപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതൊടൊപ്പം സംഘ്പരിവാർ ഭീകരതയ്ക്കെതിരെ നടക്കുന്ന ബഹുജന സമരങ്ങളിൽ സാദ്ധ്യമാകുന്നത്ര ഐക്യത്തോടെ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കുന്നതിൽ മുൻപിലുണ്ടാകും.