ബംഗാൾ കോളനി

വേനലായതു കൊണ്ട് പച്ചപ്പും ഊഷ്മളതയും ഹരിതാഭവും പുണ്ണാക്കൊന്നുമില്ലേലും ഈ കേരളാന്തരീക്ഷത്തിൽ ഒന്നു രണ്ടു ദിവസം കൂടി ജീവിക്കാമെന്നാണ് കരുതിയത്. പക്ഷേ എന്റെ സങ്കൽപ്പങ്ങളെയെല്ലാം തകർത്തെറിയുന്നതായിരുന്നു എസ്-10ലെ കാഴ്ച്ചകൾ. പണ്ട് കണ്ണൂർ പഠന കാലത്ത് മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്ത് അതിരാവിലെ വന്നിറങ്ങി (രാവിലെ 7 മണിക്ക്) തമ്പാനൂർ സ്റ്റാന്റിൽ പോയ ഫീൽ ആയിരുന്നു. ചുരുക്കത്തിൽ എസ്-10 ഒരു ബംഗാൾ കോളനി ആയിരുന്നു. ദേശാടന പക്ഷികൾ എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത് അവരെയാണ്. അവർ ഒരോരുത്തരുടെയും ലൈഫ്സ്റ്റൈലും ലഗേജിന്റെ വലുപ്പവും തന്നെയാണ് അതിനു കാരണം. ഉപ്പു തൊട്ട് കർപൂരം വരെ എന്നു പറയുന്നതുപോലെ, ചായ ഇടുന്ന അടുപ്പു മുതൽ കുളിക്കാനുള്ള ബക്കറ്റ് വരെ അവരുടെ പക്കലുണ്ട്. അതുകൂടാതെ തുണി ആറി ഇടാനുള്ള അഴകൾ, കുഞ്ഞുങ്ങളെ ഉറക്കാൻ സാരിത്തുമ്പിൽ മെയ്ത തൊട്ടിലുകൾ, ചീട്ടുകളിക്കാൻ ബക്കറ്റ് കമിഴ്ത്തി വെച്ചുണ്ടാക്കിയ മേശകൾ എന്നിങ്ങനെ ഒരു ആഘോഷം തന്നെയായിരുന്നു എസ്-10. ഒരു അന്ധന് കാഴ്ച്ച തിരിച്ചു കിട്ടിയ കൗതുകത്തോടെ ഞാനാ ബോഗിയിലൂടെ നടന്ന് എൻ്റെ സീറ്റിൽ എത്തി.

7-8 ഡയറീസ് ചിത്രം

എന്തോ ഭാഗ്യത്തിന് എന്റെ ചുറ്റുമിരിക്കുന്നവർക്ക് ബംഗാളിത്വത്തിന്റെ ബല്യ സ്വാധീനം ഇല്ലായിരുന്നു. സഹയാത്രികരെ കണ്ടപാടെ ചാടിക്കേറി പരിചയപ്പെടാൻ പോയില്ല. അൽപം ഹിക്മത്തോടെ, (യുക്തി ദീക്ഷയോടെ) മെല്ലെ ആവാമെന്നു കരുതി. എന്റെ മുന്നിലുള്ള സീറ്റിൽ ഒരു ബംഗാളി കിഴവിയാണ്. സൈഡിൽ ഒരു ചുള്ളൻ (യുവാവ്), പിന്നെ മുകളിലും ഓനെപ്പോലൊരുത്തൻ (കിടക്കുന്നു). ഞാൻ ബാഗിൽ നിന്നും ചേതൻ ബഗത്തിന്റെ ‘വൺ നൈറ്റ് അറ്റ് കോൾ സെന്റർ’ (one night at call center) എന്ന നോവൽ വായിക്കാൻ തുടങ്ങി. ഒരു പേജ് തീരും മുന്നേ വായനക്ക് തടസ്സം വെച്ച് ഒരു മാമൻ നല്ല ഫ്രഷ് കായവറുത്തത് കൊണ്ടുവന്നു. ഒരു കിലോ നൂറു രൂപ. സാധനം കണ്ടാൽ തന്നെ മനസ്സിലാകും കൊലകൊല്ലി ഐറ്റമാണെന്ന്. പിന്നെ കൂടെയുള്ളവരെ പരിചയപ്പെടാൻ ഒരു ഉപാധി എന്ന നിയ്യത്തിൽ (ഉദ്ദേശ്യത്തിൽ) ഞാൻ അര കിലോ അങ്ങ് വാങ്ങി. പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ആ കിഴവി ഉറങ്ങിയത് ഞാൻ ശ്രദ്ധിച്ചത്. പിന്നെ ഞാനാ ചുള്ളനു കൊടുത്തു. ആദ്യം നിരസിച്ചെങ്കിലും എന്റെ ഹിന്ദി കേട്ട് അയാൾ വാങ്ങിപ്പോയി. “ഭായ്, യെ ഹമാരാ കേരളാ കാ സ്‌പെഷ്യൽ ഹൈ, ഓർ ബഹുത്ത് അച്ചാ ടേസ്റ്റ് ബീ ഹൈ, ഖാവോ നാ…”

ഭായീടെ റെസ്പോൺസ് കണ്ടപ്പോൾ ഉള്ളിൽ ഒരു ലഡു പൊട്ടി. കാരണം എന്റെയീ മുറിമൂക്കൻ ഹിന്ദി മനസ്സിലാവുന്നുണ്ടല്ലോ. “പടച്ചവനെ ഇനി ഈ ഭാഷയും കൊണ്ടാണല്ലോ ഞാൻ ജീവിക്കേണ്ടത്” എന്ന് അറിയാതെ ഉള്ളിൽ പറഞ്ഞു പോയി. ഞാൻ പതുക്കെ അയാളുമായി സൗഹൃദ സംഭാഷണത്തിലായി. ലക്നൗ കഴിഞ്ഞുള്ള ഏതോ ഒരു സ്റ്റോപ്പിൽ താമസിക്കുന്ന ഒരു ‘അവിവാഹിത-മിണ്ടാപൂച്ചയായിരുന്നു’ അയാൾ. പേര് അബ്ദു. ആളുടെ സൈലന്റ് കഥാപാത്രം സംഭാഷണത്തിന്റെ ദൈർഘ്യത്തെ തീരെ ബാധിച്ചില്ല. എങ്കിലും ഭാഷ ഒരു വലിയ ചോദ്യചിഹ്നമായി മാറി.
ഒടുവിൽ നമസ്കാരത്തിനായി ഞാൻ വുദു (അംഗശുദ്ധി) ചെയ്ത് മുകളിലത്തെ സീറ്റിൽ കയറി നമസ്കരിച്ച ശേഷം ഭക്ഷണവും അവിടെ നിന്നുതന്നെ കഴിച്ചു. രണ്ട് സ്വീറ്റ് പോറോട്ടയും പച്ച വെള്ളവും.പിന്നെ ടച്ചിംഗ്സിന് ചിപ്സും. സംഗതി കുശാൽ. അപ്പോഴേക്കും ആ കിളവി എഴുന്നേറ്റു. എന്തോ അന്തം വിട്ടു നോക്കുന്ന പോലെ അവർ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു. അതെന്താണെന്നു കാണാൻ ഞാൻ പതിയെ താഴെയിറങ്ങി ഇരുന്നു. ഞാൻ ആദ്യമൊന്ന് ഞെട്ടി. കാരണം നാലു വർഷമായി സ്ഥിരമായി ട്രെയിൻ യാത്രകൾ നടത്തിയിട്ടും ഇതുവരെ ഇതൊന്നും ഞാൻ കണ്ടില്ലല്ലോ. ആ കുറ്റബോധം എന്നെ വല്ലാതെ അലട്ടി. ഷൊർണൂർ കഴിഞ്ഞാൽ പിന്നെ മലപ്പുറത്തെ വരിവരിയായി നിൽക്കുന്ന തേക്കിൻ തോട്ടത്തിലൂടെ, മുഹബത്തൂറും കോയിക്കോട്, അവിടെന്ന് പലഹാരങ്ങളുടെ കണ്ണൂരേക്കും പിന്നെ നമ്മുടെ ഫ്രീക്കൻ ഇച്ഛമാരുടെ കാസർകോട്ടേക്കും!. എന്നാൽ ഇതാദ്യമായാണ് ഒരു വഴിത്തിരിവ്. പാലക്കാട്ടേക്ക്. മാനംമുട്ടേ ഉയർന്നു നിൽക്കുന്ന മലമേടുകളും, വേനൽ കരിച്ചു കളഞ്ഞ കുറ്റിക്കാടുകളും, വർണ്ണിക്കാനാവാത്ത മനോഹര കാഴ്ച്ചകളും. എന്തുകൊണ്ടും പാലക്കാട് ഒരു സംഭവമാണെന്ന് അപ്പോൾ മനസ്സിലായി. പക്ഷേ ഉച്ചവെയിൽ ആസ്വാദനത്തിന്റെ മാധുര്യം നശിപ്പിച്ചു കളഞ്ഞു. ഞാൻ വീണ്ടും മുകളിൽ കയറി കിടന്നു. എന്നിട്ട് മൊബൈലിൽ ‘കൽ ഹോനാ ഹോ’ കാണാൻ തുടങ്ങി. എന്നാൽ ഒരു പതിനഞ്ചു മിനിട്ട് ആവുന്നതിനു മുന്നേ ഉച്ചമയക്കം എന്റെ മിഴികളിൽ തിരശ്ശീല ചാർത്തി.
പിന്നെ കോയമ്പത്തൂർ എത്താറായപ്പോഴാണ് ഞാൻ ഉണർന്നത്. പാലക്കാട് നിന്നും കയറിയ ഒരു ‘ഹുസൈൻ ഭായ്’ താഴെ ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ സീറ്റിലാണ് ഞാൻ കിടന്നിരുന്നത്. എന്റെ ബെർത്ത് മിഡിൽ ആണ്. അത് ഉയർത്തിയാൽ താഴെ സീറ്റിൽ ഇരിക്കുന്നവർക്ക് ബുദ്ധിമുട്ടാകും. ഉറക്കത്തിനിടെ ഹുസൈൻ ബായി ബാഗ് വെക്കാൻ മുകളിൽ കയറിയത് ഞാൻ ഓർക്കുന്നു. പക്ഷേ ഉറക്കത്തിന്റെ കാഠിന്യം കാരണം ഞാനതു മൈൻഡ് ആക്കിയില്ല. അയാളെ കിട്ടിയത് വലിയൊരു ആശ്വാസമായിരുന്നു. പുള്ളിക്കാരനും ലക്‌നൗവിലേക്കാണ്. പോരാത്തതിന് ‘നദ്‌വത്തുൽ ഉലൂമിലെ’ പൂർവ്വ വിദ്യാർഥിയും. പാലക്കാട് ‘കാരാ’ എന്ന സ്ഥലത്തെ ഒരു സലഫി സ്ഥാപനത്തിലെ അധ്യാപകനാണ്. വൈകുന്നേരമായതുകൊണ്ട് എല്ലാവരും നല്ല ആക്ടീവ് ആയിരുന്നു. ആരും കിടക്കുന്നില്ല. സകലരും സീറ്റിൽ വട്ടത്തിലിരുന്നു കുശലം പറയുകയാണ്. കൂട്ടത്തിൽ ഞാനും കൂടി. കേരളം കഴിഞ്ഞതിൽപിന്നെ ട്രെയിൻ ഒരു പാളയം മാർക്കറ്റായി മാറി. പലതരം ചായകൾ, കടികൾ, പലഹാരങ്ങൾ, ചോക്ലേറ്റുകൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങി മൊട്ടുസൂചി വരെ ചെറുകിട ചില്ലറ വിൽപ്പനക്കാർ കൊണ്ടുവന്നുകൊണ്ടേയിരുന്നു.

നമ്മുടെ കൂട്ടത്തിൽ ഒരു ബംഗാളി ടച്ച് ആ കിഴവിക്ക് മാത്രമായിരുന്നു. എന്നാൽ അവർ ഒരു എന്റർടൈന്മെന്റ് ആയിമാറിയത് ഈ കച്ചവടക്കാർ കാരണമാണ്. ബോഗിയിൽ വരുന്ന ഒരു കച്ചവടക്കാരേയും വെറുതെ വിടില്ല. എല്ലാ കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ നോക്കാൻ വാങ്ങും. എന്നിട്ടോ, അതിന്റെ വില വല്ലാതെ കുറച്ച് ബാർഗൈൻ ചെയ്യും. എപ്രകാരമെന്നാൽ ഒരു ഫ്രൂട്ടിക്ക് ഇരുപതു രൂപ പറഞ്ഞാൽ അവരത് എട്ടു രൂപക്ക് ബാർഗൈൻ ചെയ്യും. തീരെ യോജിക്കാൻ പറ്റാത്ത വില മാത്രമേ പറയുകയുള്ളു. അങ്ങനെ ഇരിക്കെ, ഒരു ബംഗാളി യുവതി വളകൾ വിൽക്കാൻ വന്നു. ആ കിഴവി അവരുടെ പണിയും തുടങ്ങി. ഒരോരോ സെറ്റ് വീതം നോക്കി. പതിവ് പോലെ ഒരു ചീപ്പ് വില പറഞ്ഞു. വള വില്പനക്കാരി തിരിച്ചു ചൂടായി. പിന്നെ അതൊരു ചെറിയ വാക്കുതർക്കമായി. ഒടുവിൽ ആ വളക്കാരി നീട്ടി തെറി പോലെ എന്തോ പറഞ്ഞു. തുടർന്ന് തന്റെ നിതംബം കുലുക്കിക്കാട്ടിയിട്ടു പോയി. ഇതു കണ്ട് അബ്ദുബായിയും ഹുസൈൻ ബായിയും നിയന്ത്രണം വിട്ട് ചിരിക്കാൻ തുടങ്ങി. ആ കിഴവിയാകട്ടെ, അതിന്റെ നാലിരട്ടി തെറിയും ആട്ടവും ആടി. എല്ലാം കഴിഞ്ഞിട്ട് അന്തംവിട്ടിരിക്കുന്ന എന്നെ നോക്കി ഒരു പൊട്ടിച്ചിരി…

Leave a Reply

Your email address will not be published. Required fields are marked *