ചൈനയും നേപ്പാളുമായുള്ള അതിര്‍ത്തി തര്‍ക്കവും അത് രാജ്യത്തുണ്ടാക്കിയ യുദ്ധത്തിന്റെ പ്രതീതിയുമെല്ലാം മോദി ഗവണ്‍മെന്റിന്റെ ‘രാജ്യസുരക്ഷാ’ പ്രശ്‌നത്തിന്റെ കോവിഡ് കാല സംഭവങ്ങളാണ്. ചൈനീസ് ആപ്പുകള്‍ നിരോധിച്ചും കമ്പനികളെ വിലക്കിയും ‘നയതന്ത്രപരമായി’ വിഷയത്തില്‍ ചൈനക്ക് മറുപടി നല്‍കിയെന്ന അവകാശവാദവും ഏതുനേരവും ചൈനക്ക് ആക്രമണത്തിലൂടെ തിരിച്ചടിക്കാന്‍ സജ്ജമാണെന്നുമൊക്കെ ബിജെപി വൃത്തങ്ങള്‍ പ്രചരിപ്പിച്ചു. നരേന്ദ്ര മോദി ലഡാക്ക് വരെ പോയി സ്ഥിരം വാചക- പി. ആര്‍ കസര്‍ത്തുകള്‍ കാഴ്ച്ചവെക്കുകയും ചെയ്തു. ഈ മഹാമാരിക്കിടയിലും യുദ്ധത്തിനു കോപ്പുകൂട്ടുന്ന ചൈനയുടെയും മറ്റും ചെയ്തികള്‍ ഒരുഭാഗത്ത് നില്‍ക്കട്ടെ. ഇന്ത്യയെപ്പോലെ അതിവേഗം വൈറസ് വ്യാപനം രൂക്ഷമാകുന്ന ഒരു രാജ്യത്തിന്റെ രാജ്യസുരക്ഷ ഒന്നാമതായി അതിന്റെ പൗരന്മാര്‍ക്കും അവിടെ അധിവസിക്കുന്നവര്‍ക്കും നല്‍കേണ്ട സമയം, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കുമെല്ലാം ക്ഷാമം നേരിടുന്ന രാജ്യത്തിന്റെ പ്രതിരോധത്തിന് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
ദേശരാഷ്ട്രത്തെ ജനങ്ങള്‍ ഭരണാധികാരികളാല്‍ അടിച്ചമര്‍ത്തലും അക്രമവും നേരിടേണ്ടി വരുന്ന ഘട്ടത്തിലാണ് ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്കിറങ്ങുന്നത്. ജനദ്രോഹ നടപടികളുടെ പേരില്‍ ഏത് അധികാരവര്‍ഗവും ഇത്തരം എതിര്‍സ്വരങ്ങളെ നേരിടേണ്ടി വരും. എന്നാല്‍ ഭരണവര്‍ഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു കൂട്ടത്തിന് (ഇന്ത്യയില്‍ അത് സംഘ്പരിവാര്‍ സംഘടനകളാണ്) ഇത്തരം പ്രതിഷേധങ്ങളുടെ നേര്‍ക്ക് അങ്ങേയറ്റം അസഹിഷ്ണുതാ മനോഭാവവും എതിര്‍സ്വരങ്ങളെ ഇല്ലാതാക്കാനുള്ള ത്വരയുമാണ്ടാവുന്നു. അവര്‍ അത്തരം പ്രതിഷേധങ്ങളെയും വ്യക്തികളെയും നേരിടാന്‍ രാജ്യദ്രോഹം/ദേശദ്രോഹം പോലുള്ള സംജ്ഞകളെയാണ് കൂട്ടുപിടിക്കുന്നത്. അതേ സമയം ഈ കൂട്ടം രാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈന്യത്തിന്റെ ആരാധകരായിരിക്കും. ആ സൈന്യം ചെയ്യുന്ന ജോലി, രാജ്യത്തെ ജനങ്ങളെ ബാഹ്യാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ ആണെന്നാണല്ലോ പറച്ചില്‍ (കശ്മീരിന്റെ കാര്യം ഓര്‍ത്തുകൊണ്ട് തന്നെ). പുറമെ നിന്നുള്ള ശത്രുക്കള്‍(പലപ്പോഴും അനാവശ്യ പ്രചരണം നടത്തി സാങ്കല്‍പിക ശത്രുക്കള്‍) രാജ്യത്തെ ജനങ്ങള്‍ക്ക് ചെയ്യുന്ന ഉപദ്രവത്തേക്കാള്‍ പതിന്മടങ്ങ് ദ്രോഹം സര്‍ക്കാര്‍ ഈ ജനത്തോട് ചെയ്യുന്നുണ്ടാകും. പുറമെ നിന്നുള്ള ആക്രമണത്തെ തടുക്കുന്ന അതേ ജോലി തന്നെയാണ്, ആഭ്യന്തരമായ ആക്രമണത്തെ തടുക്കുന്ന പ്രതിഷേധക്കാര്‍ ചെയ്യുന്നതെന്നിരിക്കെ ഇത്തരം ജനങ്ങള്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നത് എന്തുകൊണ്ടായിരിക്കും. ജനത്തെക്കാള്‍ വലുതാണ് രാഷ്ട്രമെന്ന അതിരുകളാല്‍ നിര്‍ണയിക്കപ്പെട്ട ഭൂപ്രദേശമെന്നും അതിനാൽ രാഷ്ട്രത്തെ കാക്കുന്ന സൈനികര്‍ ഹീറോകളും, അതിനുള്ളിലെ അവകാശത്തിന് വേണ്ടി പോരാടുന്നവര്‍ വില്ലന്‍മാരുമാകുന്നു.
സ്‌റ്റേറ്റിന്റെ അധികാരങ്ങളുപയോഗിച്ചു കൊണ്ടുള്ള അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കും പോലീസും ഡ്രാക്കോണിയന്‍ നിയമങ്ങളും പോലുള്ള മര്‍ദകോപകരണങ്ങള്‍ക്കുമെല്ലാം പുറമെ, ഇതേ പോലീസിന്റെയും അധികാരിവര്‍ഗത്തിന്റെയും ഒത്താശയോടെ നടത്തപ്പെടുന്ന ഹിംസയാണ് മറ്റൊരു ഫാസിസ്റ്റ് അജണ്ട. ഫെബ്രുവരിയില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ പോലീസും സംഘപരിവാറും ചേര്‍ന്ന് മുസ്‌ലിംകളെ ലക്ഷ്യം വെച്ച് ആസൂത്രിതമായി നടപ്പിലാക്കിയ ‘കലാപം’ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഏറ്റുമുട്ടല്‍ കൊലകളും വര്‍ഗീയ കലാപങ്ങളും പശുകൊലപാതകങ്ങളുമെല്ലാം ഈ വംശഹത്യാപദ്ധതിയുടെ വ്യത്യസ്ത പേരുകളിലുള്ള രൂപങ്ങളാണ്. ബിജെപി, അവരുടെ നേതാക്കള്‍ മുഖേന വളരെ കൃത്യമായി ആസൂത്രണം ചെയ്ത്, സംഘപരിവാര്‍ തീവ്രവാദികളാല്‍ നടപ്പിലാക്കുന്ന ഇത്തരം ഉന്മൂലന പദ്ധതികളുടെ ചരിത്രം ഇന്ത്യയില്‍ ബാബരി മസ്ജിദ് ധ്വംസനത്തിനും മുമ്പേ തുടങ്ങിയതാണ്. രഥയാത്രയിലൂടെ അന്നത്തെ ബിജെപിയുടെ അതികായന്‍ അദ്വാനി ലക്ഷ്യം വെച്ച ആ ദീര്‍ഘകാലാസൂത്രിത പദ്ധതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍സേവകരാല്‍ നിറവേറുകയായിരുന്നുവല്ലോ. 2020ല്‍ കപില്‍മിശ്രയും അനുരാഗ് ഠാക്കൂറുമെല്ലാം പടര്‍ത്തിയ വിദ്വേഷത്തിന്റെ ബാക്കിപത്രമായിരുന്നു വടക്കു-കിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിം ജീവനുകളും സ്വത്തുക്കളും നശിപ്പിക്കപ്പെട്ടത്.
ആ സംഘടിത ആക്രമണത്തിന്റെ ഇരകളായ മുസ്‌ലിംകളെത്തന്നെ തെരഞ്ഞുപിടിച്ച്, കലാപത്തിനുത്തരവാദികളാക്കി ജയിലിലടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് കോവിഡ് കാലത്തെ ഇന്ത്യ സാക്ഷ്യം വഹിച്ചത്. അതില്‍ പൗരത്വ സമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ട് അറസ്റ്റുകളും, കള്ളക്കേസുകള്‍ ചുമത്തലും ഡല്‍ഹി പോലീസ് മഹാമാരി കാലത്ത് നടത്തിവരുന്നു. സഫൂറ സര്‍ഗാറെന്ന ഗര്‍ഭിണിയായ ജാമിഅ മില്ലിയ വിദ്യാര്‍ഥിനിയുടെ മാനുഷികമായ അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്ന തരത്തിലായിരുന്നു ഡല്‍ഹി പോലീസിന്റെ നടപടികള്‍. ഇരുപത്തിമൂന്നുകാരനായ അലീഗഢ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും പൗരത്വ സമര നേതാവുമായ ഷര്‍ജീല്‍ ഉസ്മാനിയെ പോലീസുകാരെന്ന് പരിചയപ്പെടുത്തിയ അഞ്ചംഗ സംഘം വീട്ടില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. ഷര്‍ജീല്‍ ഉസ്മാനിയുടെ ശബ്ദവും ജനാധിപത്യപരമായ വിയോജിപ്പും ഫാഷിസ്റ്റ് ഗവണ്‍മെന്റിനെയും അതിന്റെ ബ്രാഹ്മണിക്കല്‍ പോലീസിനെയും എത്ര മാത്രം പേടിപ്പെടുത്തുന്നുവെന്നാണ് ഇത്തരം പിടിച്ചുകൊണ്ടു പോകലുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഷര്‍ജീല്‍ ഇമാമിനെയും അഖില്‍ ഗൊഗോയിയെയും കഫീല്‍ ഖാനെയും ഖാലിദ് സൈഫിയെയും ഇഷ്‌റത് ജഹാനെയും പോലുള്ള വിയോജിപ്പിന്റെ ശബ്ദങ്ങളെ, നേതാക്കളെ, ചിന്തിക്കുന്ന യുവത്വത്തെ എല്ലാ കാലത്തും ഫാഷിസം ഭയപ്പാടോടെ നേരിട്ടിട്ടുണ്ട്. യുപിയിലെ യോഗി സര്‍ക്കാറാണ് ഷര്‍ജീല്‍ ഉസ്മാനിയെ അന്യായമായി അറസ്റ്റ് ചെയ്തിട്ടുള്ളത്. പൗരത്വ സമരത്തിന്റെ പേരില്‍ അലീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെയും യുപിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ജനങ്ങളെയും യോഗിയുടെ പോലീസ് അതിക്രൂരമായി നേരിട്ട അനുഭവങ്ങളാണുള്ളത്.
അമേരിക്കയില്‍ 2014ല്‍ രൂപംകൊണ്ടതും ജോര്‍ജ് ഫ്ലോയിഡിന്റെ വംശീയ കൊലയോടെ കഴിഞ്ഞ മാസങ്ങളില്‍ ആളിപ്പടര്‍ന്നതുമായ ബ്ലാക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റിന് സമാനമായാണ് ഇന്ത്യയിലെ പൗരത്വ സമരം നടന്നത്. സുപ്രധാന വ്യത്യാസം അമേരിക്കയിലേത് ചരിത്രരപരമായ അനീതിക്കെതിരെ രോഷം പൂണ്ട് ഹിംസാത്മകമായി മാറിയ പ്രക്ഷോഭവും ഇന്ത്യയിലേത് ജനാധിപത്യപരവും സമാധാനപൂര്‍ണവുമായ സമരങ്ങളുമായിരുന്നു എന്നതാണ്. നീതിയില്ലെങ്കില്‍ സമാധാനവും വേണ്ട എന്ന മുദ്രാവാക്യം മിനിയപോലീസ് മുതല്‍ എല്ലാ യുഎസ് നഗരങ്ങളെയും പ്രക്ഷുബ്ധമാക്കിയ കണക്കെ, പൗരത്വ സമരം യൂണിവേഴ്‌സിറ്റികളില്‍ നിന്നും, നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ സംഘടിതമായി അരങ്ങേറി. രണ്ടുസമരത്തിലും പ്രതിസ്ഥാനത്ത് ജനാധിപത്യ ഭരണകൂടവും അതിന്റെ ടൂളുകളും ആണെങ്കില്‍ ഇരയാക്കപ്പെട്ടതും ശബ്ദമുയര്‍ത്തിയതും അരികുവല്‍ക്കരിക്കപ്പെട്ട, സാധാരണ ജനങ്ങളാണ്. എന്നാല്‍ കോവിഡ് കാലത്തെ സാഹചര്യങ്ങളാല്‍ താല്‍കാലികമായി നിറുത്തി വെച്ച പൗരത്വസമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന യുവജനങ്ങളെയും വിദ്യാര്‍ഥികളെയും ആസൂത്രിതമായി വേട്ടയാടുന്നത് ഫാഷിസ്റ്റു സര്‍ക്കാറിന്റെ പ്രതികാര നടപടിയാണ്. സ്റ്റേറ്റിന്റെ ഈ വിച്ച് ഹണ്ടിനടിസ്ഥാനം ഭയപ്പെടുത്തലാണ്, അതിലൂടെ വ്യക്തമായൊരു പ്രതിപക്ഷമില്ലാത്ത മോദിയുടെ ഫാഷിസ്റ്റു സര്‍ക്കാരിന്റെ പ്രതിപക്ഷമായി വര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളെയും മുസ്‌ലിം- കീഴാള സംഘങ്ങളെയും നിശബ്ദമാക്കലാണ്. 1940-50 കളില്‍ അമേരിക്കയിലെ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരില്‍ സെനറ്ററായിരുന്ന ജോസഫ് മക്കാര്‍ത്തിയുടെ നേതൃത്വത്തിലെ വിച്ച്ഹണ്ടിനു സമാനമാണ് മോദി സര്‍ക്കാര്‍ മുസ്‌ലിം- കീഴാള സമരനായകര്‍ക്കെതിരെ നടത്തുന്ന വേട്ട.
യഥാര്‍ഥത്തില്‍ ഇത്തരം ഭരണകൂട അടിച്ചമര്‍ത്തലുകള്‍, ആശയാദര്‍ശങ്ങളുടെ കരുത്തില്‍ സമരരംഗത്തിറങ്ങിയ വിപ്ലവനായകരെയും പ്രസ്ഥാനങ്ങളെയും കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഇസ്‌ലാമിന്റെ വിമോചനാദര്‍ശങ്ങളുടെ പിന്‍ബലമുള്ള ഷര്‍ജീല്‍ ഇമാമിനെയും ഷര്‍ജീല്‍ ഉസ്മാനിയെയും പോലുള്ള ചിന്തിക്കുന്ന യുവമനസുകള്‍ക്ക് കരുത്ത് പകരുന്നതാണ് അവരനുഭവിക്കുന്ന മര്‍ദനമുറകള്‍. ചരിത്രം എല്ലാക്കാലത്തും നീതിയുടെ മുന്നേറ്റങ്ങളെ വിജയത്തിലെത്തിച്ച കഥകള്‍ കൊണ്ട് സമ്പന്നമാണെന്നിരിക്കെ വരാനിരിക്കുന്നത് മര്‍ദിതന്റെ നാളുകളാണ്.
റമീസുദ്ധീൻ വി.എം