ഇത് സിനിമാ ഷൂട്ടല്ല കാൽമുട്ടിനു താഴെ ശ്വാസത്തിനായുള്ള പിടച്ചിലാണ്

“അയ്യോ കൊല്ലരുതേ എനിക്ക് ശ്വാസം മുട്ടുന്നു”, പ്രാണന് വേണ്ടിയുള്ള ജോർജ് ഫ്ലോയ്ഡിന്റെ ലോകം കേട്ട നിലവിളിയായിരുന്നു അത്. അമേരിക്കയിലെ മിനിയപോളിസ് നഗരത്തിൽ ഡെറിക് ഷോവിൻ എന്ന വെള്ളക്കാരന്റെ മുട്ടുകാലുകൾക്കടിയിൽ നിന്ന് നിരവധിപേർ നോക്കി നിൽക്കെ “ശ്വാസത്തിനു വേണ്ടിയുള്ള യാചനാനിർഭരമായ രംഗം” ഓർക്കാനെ കഴിയുന്നില്ല. ആ കാൽ ചുവട്ടിലെ മൺതരി പോലും നിലവിളിച്ചിട്ടുണ്ടാവില്ലെ?  പച്ചകരളുള്ള ഒരു മനുഷ്യന് കണ്ട് നിൽക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു അത്. അത്രക്ക് മനസ്സിൽ തോരാത്ത കണ്ണീർമഴ പെയ്യിച്ചു!

കഴിഞ്ഞ ദിവസങ്ങളിൽ ഒരു വരി പോലും എഴുതാൻ കഴിയാതെ ഞാൻ ഏറെ സങ്കടപ്പെട്ടു പോയി. കണ്ണടക്കുമ്പോഴും തുറക്കുമ്പോഴും ആ ചിത്രം മാത്രം. നമ്മളിൽ ഒരാളായി നമ്മോടൊപ്പം ജീവിക്കേണ്ട മനുഷ്യനെയാണ് ഇല്ലാതാക്കിയിരിക്കുന്നത്! നിന്റെയൊക്കെ ജീവന് വില ഇത്രയൊക്കെയെ ഉള്ളൂ എന്ന് സാക്ഷ്യപ്പെടുത്തുകയായിരുന്നു.

 “വെള്ള വംശീയതയിൽ ആ ശ്വാസം നിലയ്ക്കുമ്പോൾ പ്രിയപ്പെട്ടവരെ, ഫ്ലോയിഡ് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.”

വെള്ള ഭരണകൂടത്തിന്റെ സദാ തുടർന്നു കൊണ്ടിരിക്കുന്ന സഹിക്കാനാവാത്ത വിവേചനങ്ങൾക്കെതിരെ നിലക്കാത്ത സമരവുമായി കഴിയുകയാണവർ. ഇതിൽ ഏറ്റവും കൂടുതൽവേദന ഏറ്റുവാങ്ങേണ്ടി വന്നത് തദ്ദേശീയരായ ആദിമജനതക്കും

പിന്നീട് ട്രാൻസ് അറ്റ്ലാന്റിക് അടിമവ്യാപാരത്തിന്റെ സാമ്രാജ്യത്വ നിഷ്ഠൂരതക്ക് ഇരകളായിത്തീർന്ന ആഫ്രിക്കൻ വംശജർക്കുമാണ്. അനുഭവിച്ച നിഷ്ഠൂരതകൾ കൊണ്ട് ലോക ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണവർ. മനുഷ്യ വേട്ടയുടെ ക്രൂരമായ ഇരകൾ.

എങ്ങനെയാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നത് എന്നോർത്ത് അത്ഭുതപ്പെടാറുണ്ട് ഞാൻ. 

ഇവർക്കുമില്ലേ നിലക്കാനുള്ള ശ്വാസം. ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ക്രൂരൻ എന്ന നിലയിൽ ഡെറിക് ഷോവിനോടും ഇതേ ചോദ്യം ചോദിക്കുന്നു ഞാൻ. 

ആഫ്രോ അമേരിക്കക്കാരനായ ഫ്ലോയ്ഡ്, വർണ വിവേചനത്തിനിരയായി കൊല്ലപ്പെടുന്ന അമേരിക്കയിലെ കറുത്ത വർഗക്കാരിൽ ഒരാൾ മാത്രം. കറുത്തവരുടെ ജീവനും വിലയുണ്ട് എന്ന പ്രസ്ഥാനം രൂപീകരിച്ചിട്ടും ഇല്ലെന്ന് തെളിയിച്ച് തരുകയാണൊ

 നിങ്ങളൊക്കെ ചെയ്യുന്നത്? 

“എല്ലാ ശ്വാസവും അടക്കിപിടിച്ചാൽ മുട്ടുമെന്ന് ഓർത്തിരിക്കുന്നത് നല്ലപാഠമാകും”. നിയമപാലകൻ കൊലയാളിയാകുന്ന ഒരു രാജ്യത്ത് എന്ത് സമാധാനമാണ് ഇനി പുലരാൻ പോകുന്നത്. അടിച്ചമർത്തപ്പെട്ട ഈ പാവങ്ങളുടെ സംരക്ഷണത്തിന് ലോകം മുഴുവൻ കൈകോർത്ത് പ്രതിഷേധിക്കണം. 

ഒപ്പം ഡെറിക് ഷോവിനെ തൂക്കിലേറ്റണം. എന്നാൽ ഒരു കൊലയാളിയും ഇനി ഉണ്ടാവില്ല. പൊലീസിന്റെ നീരാളി പിടിത്തത്തിൽ ഇങ്ങനെ നിഷ്ഠൂരം കൊല്ലപ്പെട്ട എത്രയോ പാവം മനുഷ്യരുണ്ട്. മനുഷ്യനെന്ന നിലയിൽ എല്ലാ അവകാശങ്ങളും അർഹിക്കുന്നുണ്ട്. എങ്കിലും  ഭരണസംവിധാനത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ സംരക്ഷിക്കാനുള്ളതായി ഒന്നുമില്ല എന്ന് വിശ്വസിപ്പിക്കുകയാണോ? ഈ മൃഗീയവേട്ടയിലൂടെ നിങ്ങൾ ചെയ്യുന്നത്? മുട്ടുകൾക്കിടയിൽ പിടയുന്ന ജീവനു വേണ്ടി ആ പാവം എത്ര  നിലവിളിച്ചിട്ടുണ്ടാവും!!! 

“സിനിമാ ഷൂട്ടിനെ വെല്ലുന്ന കാഴ്ച്ച. ഒരു നടന് പോലും അഭിനയിച്ചു ഫലിപ്പിക്കാനാവാത്തത്” കാണിച്ചു തന്ന്  വർണവെറി തീർക്കുകയായിരുന്നു. നമ്മുടെയൊക്കെ മനസ്സിൽ ഒരിക്കലും മാറാലമൂടാത്ത ചിത്രമായി ജോർജ് ഫ്ലോയ്ഡ് എന്നുമുണ്ടാകും! നഗരത്തിലെ കടയിൽ നിന്ന് സിഗരറ്റ് വാങ്ങാൻ 20 ഡോളറിന്റെ കള്ളനോട്ട് നൽകി അതായിരുന്നു കൊല്ലാനുള്ള കാരണം. ജോർജിന് മുൻപും കറുത്ത വർഗക്കാരനായി ജനിച്ചു പോയതിന്റെ പേരിൽ നിസ്സഹായരായി അമേരിക്കയിൽ എത്രയോ യുവാക്കൾ മരിച്ചിരുന്നു. 6 വർഷം മുമ്പ് ന്യൂയോർക്ക് സിറ്റിയിൽ ഒരു പോലീസുകാരന്റെ നീരാളി പിടുത്തത്തിൽ പിടയുമ്പോൾ 11 തവണയാണ് എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് എറിക് ഗാർനർ വിളിച്ചു പറഞ്ഞത്! ഇങ്ങനെ നിസാര കാരണങ്ങളുടെ പേരിൽ എത്രയോ ജീവനുകൾ പൊലിഞ്ഞു …

എറിക് പോയി വർഷം തികയും മുമ്പ് മിനസോട്ടയിൽ ഫിലാൻഡോ കാസിൽ എന്ന 32 കാരന് നേരെ ഗ്രാഫിക് സിഗ്ലിൽ വെച്ച് ജെറോനിമോ യാനസ് എന്ന പോലീസുകാരൻ 7 തവണയാണ് വെടിവെച്ചത് ആൾട്ടൺ സെററർലിങ് എന്ന 37 കാരനും പോലീസിന്റെ കാൽകീഴിൽ ഞെരിഞ്ഞമർന്നു നിലച്ചു. കീത്ത് സ്കോട്ട്, ജൊനാതൻ ഫെറൽ,  ജോർഡൻ എഡ്വാർഡ്സ്, സ്റ്റീഫൻ ക്ലാർക്ക്, അമാഡു ഡിയാലൊ, ആലിയാനാ ജോൺസ്, ജോൺ ക്രഫോർഡ് ഇങ്ങനെ എത്രയോ യുവാക്കളെ നിഷ്ഠൂരം കൊന്നു. കാറിന് വേഗം കൂടി, പിന്നിലെ ലൈറ്റ് പൊട്ടി, കാറിലിരുന്ന് പുസ്തകം വായിച്ചു, തോക്ക് കൈയിൽ വെച്ചു, ഷോപ്പിങ് മാളിൽ വിൽപ്പനയ്ക്ക് വെച്ച എയർഗൺ കൈയിലെടുത്തു നോക്കി, അഹ്മദ് ആർബെറിയെ കണ്ടപ്പോൾ കള്ളനെന്ന് തോന്നിപോയി. നേരം പോക്കിനാണെങ്കിലും ഒരു മനുഷ്യനെ കൊല്ലണമെന്ന് തോന്നിയാൽ സംഗതി ഓക്കെ !!! അതേ സമയം 

“ഒരു മനുഷ്യനെ രക്ഷപ്പെടുത്തുന്ന ദൗത്യമാണെങ്കിൽ അദ്ദേഹം ഒരു രാജ്യത്തിന്റെ സൂപ്പർ  സ്റ്റാറാണ്”…

നമ്മൾ പത്രത്തിൽ  വായിക്കാറില്ലേ ആ നല്ല മനുഷ്യന്റെ മിടുക്കിൽ അത്ഭുതകരമായി ഒരു ജീവൻ രക്ഷപ്പെട്ടു എന്നൊക്കെ.

മനുഷ്യനെ കൊന്നു കൊണ്ട് ഒന്നും ഈ ഭൂമിയിൽ നേടാൻ കഴിയില്ല. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയാൽ തന്നെ അമ്മാവന്റെ മോനായാലും ശരി ഒരു മനുഷ്യനും അടുപ്പിക്കില്ല. അതു കൊണ്ട് ഇനി ഒരു മനുഷ്യനേയും കൊല്ലില്ലെന്ന് പ്രതിജ്ഞ ചെയ്തോ! കൊലയാളി എന്നും എവിടെയും തിരസ്കരിക്കപ്പെട്ടവനാണ്… 

 മേൽ പറഞ്ഞ പദവി ഇവർക്കൊന്നും വാങ്ങാൻകഴിയില്ല. എന്ത് കൊണ്ടെന്നൊ വർണവെറി എന്ന വിഷം ചോരയ്ക്കൊപ്പം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ആ പാവങ്ങൾക്ക് ജീവൻ പൊലിയാൻ

ഇതൊക്കെയായിരുന്നു നിസാരമായ കാരണങ്ങൾ… 

എന്തിനാണ് എന്നെ ഈ അവഗണനകളും പീഢനങ്ങളുമൊക്കെ ഏറ്റുവാങ്ങാൻ കറുത്തവനായി ജനിപ്പിച്ചത്? മാറ്റി നിർത്തപ്പെട്ടവർ ഈ ചോദ്യം ദൈവത്തോടാണണോ രക്ഷിതാക്കളോടാണോ  ചോദിക്കേണ്ടത്???

അവഗണനയുടെ പുറമ്പോക്കിൽ എത്രയോ കറുത്തവർ നിഷ്ഠൂരം കൊല്ലപ്പെട്ടെങ്കിലും

 ജനങ്ങൾക്ക് മുമ്പത്തെ കൊലപാതകങ്ങളോടുള്ള പ്രതികരണമായിരുന്നില്ല ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ. ആഫ്രിക്കൻ അമേരിക്കൻ ജനത നേരിടുന്ന വിവേചനത്തിനെതിരെ പ്രക്ഷോഭങ്ങൾ പൊട്ടി പുറപ്പെട്ടത് രാജ്യത്താകമാനം ആയിരുന്നു. ഇതൊരു നല്ല വഴിത്തിരിവാകുമെന്ന് വിശ്വസിക്കാം. ഇനിയൊരു കറുത്തവനും പിടഞ്ഞു വീഴാതിരിക്കാനുള്ള അത്രയും കടുത്ത പോരാട്ടത്തിലാണവർ. പ്രതിഷേധം വൻ വിജയം കാണട്ടെ. “കറുത്തവനും ഈ മണ്ണിന്റെ അവകാശികളാണെന്ന് വെള്ളക്കാരൻ തന്നെ ലോകത്തോട് വിളിച്ചു പറയുന്ന അമേരിക്കയെ അത്രയേറെസ്വപ്നം കണ്ടു പോവുകയാണ് ഞാൻ”. അമേരിക്കൻ പ്രസിഡണ്ട് പദവിയിലെത്തിയിട്ടും  ഒബാമയിലൂടെയും അവസര സമത്വം സ്വപ്നം മാത്രമായിരുന്നു ഫലം.

യുവരക്തം നാടിനെ കിളിർപ്പിക്കാനുള്ള ആണികല്ലുകളാണെന്നൊന്നും മനസിലാക്കാതെ കറുത്തവരെ തുടച്ചു മാറ്റാനുള്ള മുന്നൊരുക്കത്തിലാണവർ. അവർക്ക് ഈ കറുത്തവർ മനുഷ്യർ പോലുമല്ല!

 “ഒരു മൃഗത്തെ ചെയ്യുമൊ ഇങ്ങനെ”?

 ഭക്ഷിക്കാൻ വേണ്ടി പക്ഷികളേയും മൃഗങ്ങളേയും നേരിടുമ്പോൾ എത്ര ആദരവാ അതിനോട് മനുഷ്യൻ കാണിക്കുന്നത് … മറവിലേക്ക് കൊണ്ടുപോയി രണ്ടാൾ ഉള്ളിടം മാത്രമാണ് അറവുശാലയിൽ കൃത്യം നടക്കുക. ഒന്ന് കാതോർത്താൽ ഒരു തേങ്ങലിന്റെ ഈണവും കേൾക്കാം.

1964ൽ പൗരാവകാശ നിയമം പ്രാബല്യത്തിൻ വരുന്നത് വരെ വിദ്യാഭ്യാസ മേഖലയിലും പൊതു ശൗചാലയങ്ങളിലും  മറ്റുമൊക്കെ കറുത്തവർ നിയമപരമായി തന്നെ മാറ്റി നിർത്തപ്പെട്ടിരുന്നു. പൗരാവകാശ നിയമം നിലവിൽ വന്നെങ്കിലും കറുത്തവർ തങ്ങളുടെ കാൽച്ചുവട്ടിലേക്കെ ഉള്ളൂ എന്ന് തെളിയിച്ചു കൊണ്ടിരുന്നു…

ജോർജ് ഫ്ലോയ്ഡിന്റെ അന്ത്യനിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ ഒരു കാര്യം പറയാതെ വയ്യ.എന്തായാലും 10 വർഷം എത്ര വിദഗ്ദ പരിശീലനം കൊടുത്താലും ഡെറിക് ഷോവിനൊപ്പമെത്താൻ ഒരു മൃഗത്തിനും കഴിയില്ല. ഫ്ലോയ്ഡൊക്കെയായിരുന്നു ജീവിച്ചിരിക്കേണ്ടത്. അത് ലോകത്തിന്റെ ആവശ്യമായിരുന്നു. വർണവെറിക്കിരയായി അവഗണിക്കപ്പെട്ട ജനത്തിനു മുന്നിൽ ജീവിതം നയിക്കുന്നവരുടെ ഉള്ളിലാണ് അളവറ്റ സ്നേഹവും കരുണയും കരുതലും ഒക്കെ ഉണ്ടാവുക. നിസ്സഹായരായി പോകുകയാണ് പാവം മനുഷ്യർ. ജോർജ് ഫ്ലോയ്ഡിന്റെ വേദനാജനകമായ അന്ത്യം വിറയ്ക്കുന്ന കൈകളോടെ കുറിച്ചിടുമ്പോൾ ലോകത്തിന്റെ മുന്നിലെ കണ്ണീർ ചിത്രമായ ഫലസ്തീനെ കുറിച്ച് പറയാതിരിക്കുന്നത് വൻകുറ്റമാകും!!!

 ഏത് നിമിഷവും എന്തും സംഭവിക്കുമെന്ന ഭീതിയിൽ ആനന്ദങ്ങളില്ലാത്ത ജീവിതത്തിനു മുന്നിൽ പിടിവള്ളി അറ്റ ഹതഭാഗ്യരാണല്ലൊ ഫലസ്തീനികൾ! അവരുടെ നാളെകൾ എന്താകും എന്നോർത്ത് വ്യാകുലപ്പെടുകയാണല്ലൊ നമ്മളും!!! കടന്നു വന്ന വഴിയിൽ കണ്ണടക്കാൻ പോലും കഴിയാതെ നെഞ്ച് പിളർത്തുന്ന എത്രയോ ചോര ചിത്രങ്ങൾ നമ്മൾ കാണേണ്ടി വന്നു.  നിസ്സഹായരായി പിടഞ്ഞു വീണ കുഞ്ഞുങ്ങൾ, കൈയിൽ കിട്ടുന്ന കുട്ടികളേയും കൊണ്ട് നെട്ടോട്ടമോടുന്ന മാതാപിതാക്കൾ, ഓടി രക്ഷപ്പെടാൻ കഴിയാതെ തോക്കിനു മുന്നിൽ വീണുപോയ വൃദ്ധ ജനങ്ങൾ, ഗർഭിണികൾ, കുഞ്ഞുമക്കൾ, രോഗികൾ അങ്ങനെ എത്രയോ മനുഷ്യർ… 

എങ്ങനെയാണ് മനുഷ്യനിതിന് കഴിയുന്നത്? 

ഒരു ഭടൻ കൊല്ലപ്പെടുമ്പോൾ അത് രാജ്യത്തിനു വേണ്ടിയുള്ള ആക്രമണത്തെ ചെറുത്തപ്പോൾ സംഭവിച്ചതാണ്.

വംശീയ ഉന്മൂലനത്തിന്റെ ഭാഗമായി ഞങ്ങൾ കുറേ മനുഷ്യരെ കൊന്നു.

“ഹായ് നല്ല രസാല്ലേ ചോര പുഴയിൽ മനുഷ്യൻപിടഞ്ഞു വീഴുന്നത് കാണാൻ?????”

 എനിക്ക് തോന്നുന്നു ഒരു പക്ഷെ ഈ ലോകത്ത് ഏറ്റവും കൂടുൽ എഴുത്തുകാർ പ്രതിഷേധിച്ചത് അവർക്ക് വേണ്ടിയാകും.

 വർണവിവേചനത്തിന്റെ ക്രൂര വേട്ട പിറന്ന മണ്ണിൽ അവർ അനുഭവിക്കാൻ തുടങ്ങിയിട്ട് 100 വർഷം ആവുകയാണ്. ഒന്നാം ലോകയുദ്ധ ശേഷം ഇസ്രായേലികൾക്ക് സ്വന്തമായൊരു രാജ്യം വേണമെന്ന ബ്രിട്ടനും ഫ്രാൻസും അമേരിക്കയും ചേർന്നൊരുക്കിയ കെണിയുടെ ബാക്കിയാണ് ഫലസ്തീനികൾ ഇന്നീ അനുഭവിക്കുന്നത്. ഇസ്രായേലിന്റെ താണ്ഡവമാടലിൽ ഞെരിഞ്ഞമരുകയാണവർ. പതിറ്റാണ്ടുകളായുള്ള അവരുടെ പ്രതിഷേധങ്ങൾ ഒന്നും ഫലവത്തായില്ല. “70 വർഷങ്ങളായി സമാധാനത്തോടെ ഒന്ന് കിടന്നുറങ്ങാൻ പോലും ഭാഗ്യമില്ലാത്ത പാവങ്ങൾ”! ഒന്നോർത്ത് നോക്കണം വിവേചനത്തിന്റെ ക്രൂരമായ വേട്ടയാണ് ഫലസ്തീനികൾ അവരുടെ പിറന്ന മണ്ണിൽ അനുഭവിക്കുന്നത്.

1967ലെ ആറു ദിവസത്തെ യുദ്ധത്തോടു കൂടി തന്നെ ഫലസ്തീൻ ഏതാണ്ട് തകർന്നിരുന്നു. ക്യാമ്പ് ഡേവിഡ്  ഉടമ്പടിയും ഓസ്ലോ കരാറുമൊക്കെ പാവങ്ങളെ പറ്റിക്കുകയായിരുന്നു. ഇസ്രയേൽ വിചാരിച്ചാലല്ലാതെ മറ്റൊരു രാജ്യത്തിനും ഫലസ്തീനികളെ രക്ഷപ്പെടുത്താനാവില്ല. ഇസ്രയേലി സൈന്യം പിൻമാറി ഫലസ്തീനികൾക്ക് അവരുടെ രാജ്യത്തിനുമേൽ പരമാധികാരം വകവെച്ചു കൊടുക്കാൻ ഫലസ്തീൻ നേതാക്കൾ നിരന്തരം പറഞ്ഞു കൊണ്ടിരുന്നിട്ടും വിലപോയില്ല. ഫലസ്തീനികളുടെ പോരാട്ടത്തിന്റെ ഫലമാണ് 1987 ൽ ഒന്നാം ഇൻതിഫാദയിലൂടെ മുന്നേറി ഇസ്രയേലിന്റെ ഉറക്കം കെടുത്തിയത്. അങ്ങനെയാണ് പടിഞ്ഞാറെ കരയിലും ഗസ്സ മുനമ്പിലും ഫലസ്തീൻ അതോറിറ്റി രൂപീകരിക്കാൻ കാരണമായ ഓസ്ലോ കരാർ 1990ൽ ഒപ്പുവെക്കുന്നത്. 

 1995ൽ കരാറിലൊപ്പിട്ട യിഷാക് റാബിൻ കൊല്ലപ്പെട്ടതോടെ കരാറിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് യുക്തിയ്ക്ക് നിരക്കാത്ത കാരണം പറഞ്ഞ് ഇസ്രയേൽ ആക്രമണം തുടങ്ങി. കഴിഞ്ഞ 70 വർഷങ്ങളായി ഇസ്രയേൽ ഫലസ്തീനികൾക്കെതിരെ ക്രൂരത തുടർന്ന് കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ചില മർധന മുറകൾ. ക്രവുമെഗാമർദ്ദസ്വല രീതികൾ,  നാഡി തളർത്തൽ എന്നിവ. എങ്ങനെ ആയുധം വെച്ച് കീഴ്പ്പെടുത്താം, ഷർട്ടിൽ പിടിച്ചൊരാളെ എങ്ങനെ കൈ പിടിയിലൊതുക്കാം, ശത്രുവിനെ കുറഞ്ഞ ബലം പ്രയോഗിച്ച് മുട്ടുകുത്തിക്കാം തുടങ്ങിയ പരിശീലനങ്ങൾ ഇതിന്റെ ഭാഗമാണ്. ചുരുക്കം ഏത് ശക്തനേയും നിഷ്പ്രയാസം നിസ്സഹായനാക്കാം. ഒരു മനുഷ്യനെ മറിച്ചിടാൻ പ്രയോഗിക്കുന്ന ബുദ്ധി  നോക്കണം! ഇതിനോടൊക്കെ പ്രതിഷേധിക്കുന്നവർ ആഴത്തിൽ ചിന്തിച്ചു നോക്കണം. ഇത്തരം ആക്രമണമുറകൾ ഇസ്രയേൽ ഫലസ്തീനെയൊക്കെ ലക്ഷ്യം വെച്ച് അമേരിക്കൻ പോലീസുകാരെ പരിശീലിപ്പിക്കുന്നുണ്ട്. മിനി സോട്ടയിലും ഡൽഹിയിലും ഫലസ്തീനിലും സിറിയയിലും രോഹിങ്കയിലും പോലീസ് തകർത്താടിയത് ഇസ്രയേലിന്റെ പരിശീലനത്തിൽ നിന്നാണ്.

എത്ര ആരോഗ്യവാനായ ആണിനും അവരുടെ ചുഴലിയിൽ നിന്ന് രക്ഷപ്പെടാനാവില്ല. പിടഞ്ഞു വീഴുന്ന ഓരോ ജീവന്റെയും വില മനസിലാക്കാനുള്ള വിവേകം ഇവർക്കൊക്കെ എന്നെങ്കിലും ഉണ്ടാകുമൊ?

 കൈയിൽ മിടിക്കുന്ന ഹൃദയവുമായി ഒരു ജീവൻ നിലനിർത്താൻ   അവിശ്വസനീയമായ ദൂരം താണ്ടി പുതുജീവൻ നൽകി വിസ്മയം തീർത്ത മനുഷ്യരുള്ള ലോകമാണിതെന്ന് നാം  മറക്കരുത്. ഓർക്കാതിരിക്കുന്നതാണ് കുഴപ്പം! തിരസ്ക്കരിക്കുന്നതിനു പകരം എല്ലാ മനുഷ്യരേയും ചേർത്ത് പിടിക്കാനുള്ളൊരു മനസുണ്ടെങ്കിൽ ഒരു മനുഷ്യനേയും വേദനിപ്പിക്കാൻ കഴിയില്ല.

അങ്ങനെ ഇക്കാലമത്രയും ചുറ്റുപാടുകൾ തന്ന ഒരു പാട് മനോഹരമായ ചിത്രങ്ങൾ നെഞ്ചിൽ സൂക്ഷിച്ചു വെക്കേണ്ടതുണ്ട്. പ്രവർത്തന രഹിതമായ ഹൃദയത്തിന് പകരം കിട്ടിയത്  ദളിതന്റെ ഹൃദയമായിരുന്നു. മിടിപ്പിന് ഒന്നും സംഭവിച്ചില്ല. ജീവൻ നിലനിർത്താൻ പെടാപാട് പെടുന്ന വർണനകൾക്ക് ഒതുങ്ങാത്ത മനുഷ്യ സ്നേഹത്തിന്റെ മാതൃകയായ എത്രയോ മനുഷ്യരും നമുക്ക് ചുറ്റിലുമുണ്ടല്ലൊ.

“വിവേചനത്തെ വെള്ളവും വളവും കൊടുത്ത് കിളിർപ്പിക്കുമ്പോൾ പിടഞ്ഞു വീഴാൻ ഇനി എത്ര പേർ” ?

 

 

റസിയ പയ്യോളി

One thought on “ഇത് സിനിമാ ഷൂട്ടല്ല കാൽമുട്ടിനു താഴെ ശ്വാസത്തിനായുള്ള പിടച്ചിലാണ്

Leave a Reply

Your email address will not be published. Required fields are marked *