കണ്ടേജിയൻ; ഫ്രയിമുകൾക്കപ്പുറം വൈറസ് വ്യാപരിക്കുമ്പോൾ

“ഭയം പോലെ പടർന്നുപിടിക്കുന്ന മറ്റൊന്നില്ല” എന്ന തലവാചകത്തോടു കൂടിയാണ് കണ്ടേജിയൻ (contagion, 2011) പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. സ്‌കോട്ട് സി ബർണസിന്റെ തിരക്കഥയിൽ സ്റ്റീവൻ സോഡൻബർഗ് സംവിധാനം നിർവഹിച്ച ചിത്രം, പുറത്തിറങ്ങിയ കാലത്തുതന്നെ ആഗോള വ്യാപകമായി പടർന്നുപിടിക്കുന്ന വൈറസിന്റെയും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുടെയും റിയലിസ്റ്റിക് അവതരണത്തിന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 2019 ന്റെ അവസാന പാദത്തിൽ പൊട്ടിപ്പുറപ്പെട്ടതും ചിത്രത്തിന്റെ കഥാഗതിയോട് സാമ്യമുള്ളതുമായ കോവിഡ്19 വൈറസിന്റെ പശ്ചാത്തലത്തിൽ, ചിത്രം പുനഃസന്ദർശിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. വൈറസിന്റെ വ്യാപനവും പകർച്ചവ്യാധിയും കേവല സംഭവങ്ങൾ എന്നതിലുപരി, സാമൂഹികവും രാഷ്ട്രീയപരവും മാനവികവുമായ മാനങ്ങളുള്ള ഇവെന്റുകളാണെന്ന് റോക്കോ റോഞ്ചി (rocco ronchi) അഭിപ്രായപ്പെടുന്നുണ്ട്. എന്നിരിക്കെ, ഇത്തരം ഘടകങ്ങളുടെ സാധ്യതകളെ മുന്നിൽ വെച്ചുകൊണ്ടു കൂടിയാകണം വൈറസ് ബാധയുടെ പശ്ചാതലത്തിലിറങ്ങിയ സിനിമയെ മനസ്സിലാക്കാൻ. കോറോണയുടെ പശ്ചാത്തലത്തിൽ ഫ്രെയിമിന് പുറത്തേക്കുകൂടി വ്യാപിക്കുന്ന വൈറസ് ഇവന്റിനെ കുറിച്ച് ചർച്ച ചെയ്യാതെയും വയ്യ.

 

 

 

സിനിമ അതിന്റെ കഥാകഥനത്തിൽ ഫിക്ഷണലായ ചില പ്ലോട്ടുകളെ കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്. MEV-01 എന്നാണ് ചിത്രത്തിലെ രോഗകാരിയായ വൈറസിന്റെ പേര്. കോവിഡ്19നെ പോലെ, MEV-01 ഉം നോവൽ വൈറസ് (Novel virus) ഇനത്തിൽ പെട്ടതാണ്. മനുഷ്യരാശി ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തതും, അതിനാൽ തന്നെ ജൈവികമായി അതിനെതിരിൽ രോഗപ്രതിരോധ ശേഷി രൂപപ്പെട്ടിട്ടുമില്ലാത്ത വൈറസുകളാണ് നോവൽ വൈറസുകൾ. കോവിഡിന് സമാനമായി ചൈനയിൽ നിന്നുതന്നെ ഈ വൈറസും ഉത്ഭവിക്കുന്നതായിട്ടാണ് ചിത്രത്തിൽ കാണിക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ പരസ്പരവും വൈറസ് പടർന്നുപിടിക്കുന്നു. കോറോണയേക്കാൾ പത്തിരട്ടി സംഹാരശേഷിയുള്ളതും, കോറോണയിൽ നിന്നു ഭിന്നമായി ശ്വാസകോശത്തെയും തലച്ചോറിനെയും ഒരേസമയം ബാധിക്കുന്ന  വൈറസ് ആയിട്ടുമാണ് MEV-01 ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗ്വാനത് പാൽത്രോ അവതരിപ്പിക്കുന്ന ബെത് അഡോർഫ് എന്ന കഥാപാത്രത്തിലൂടെയാണ് വടക്കൻ തീരദേശ ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് വൈറസ് എത്തുന്നത്.

കഥാവസരങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും സമാന്തര ആഖ്യാനം വളരെ തന്മയത്വത്തോടെ ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. ബെത്തിന്റെ കഥാപാത്രം മിന്നെപോളിസിൽ (minneapolis) വെച്ച് കുടുംബവുമായി ഒന്നിക്കുകയും അവരറിയാതെ ഭർത്താവിലേക്കും മകനിലേക്കും വൈറസ് പകരുകയും ചെയ്യുന്നു. അതേസമയം ലണ്ടനിൽ ഒരു യുവതി കുളിമുറിയിൽ മരിച്ചുവീഴുന്നതും, ഹോങ്കോങ്ങിൽ ഒരു യുവാവ് ട്രാക്കിനുമുന്നിലേക്ക് കുഴഞ്ഞുവീഴുന്നതും സമാന്തരമായി ഫ്രെയിമിൽ നിറയുന്നു.

മെഡിക്കൽ ത്രില്ലർ ജോണറിൽ വരുന്ന ഈ സിനിമ തുടരുന്നത്, വൈറസ് വ്യാപനത്തെയും ബാധയെയും ചെറുക്കാനുള്ള ആരോഗ്യ/സാമൂഹ്യ പ്രവർത്തകരുടെ പ്രയത്നങ്ങളെയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളെയും പ്രമേയമാക്കികൊണ്ടാണ്. ‘കോണ്ടാക്ട് ട്രേസിങ്’ എന്ന സാങ്കേതികത ഉപയോഗിച്ചു കൊണ്ട്, അസുഖം ബാധിച്ചവരെ തിരിച്ചറിയുന്ന രീതയെക്കുറിച്ച സൂചനകൾ ചിത്രം നൽകുന്നുണ്ട്. കഥയുടെ മുന്നോട്ടുപോക്കിനിടക്ക്, സാമൂഹിക ധർമങ്ങളെയും (social morale) നിയമങ്ങളെയും വെല്ലുവിളിക്കുന്ന കഥാപാത്രങ്ങൾ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രവണതയെ കുറിച്ച വിധിപറച്ചിലിന് (value judgement) ചിത്രം മുതിരുന്നില്ലെങ്കിലും, സമകാലിക സാഹചര്യങ്ങൾ കൂടി മുന്നിൽ വെച്ചുനോക്കുമ്പോൾ മോശം പ്രവണതയെന്ന് പ്രേക്ഷകന് തോന്നുംവിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകന്റെ മനോനിലയെ (psyche) സ്വാധീനിക്കും വിധം ആളുകളുടെ സ്വാർത്ഥതയും (selfishness) നിസ്സ്വാർത്ഥതയും/അഭ്യുദയകാംക്ഷിത്വവും (altruism) വിഭജിച്ചു കാണാനുള്ള ശ്രമം കഥാവസരങ്ങളിലുണ്ട്. സി.ഡി.സി വൈറോളജിസ്റ്റായ ഡോ. അല്ലി ഹെക്സോൾ വൈറസിനെതിരെയുള്ള വാക്‌സിൻ തന്റെ ദേഹത്തു പരീക്ഷിക്കാനുള്ള അനുമതി നൽകുന്നുണ്ട്. വാക്‌സിന്റെ പേറ്റന്റ് സ്വന്തമാക്കാനുള്ള ആൾട്രൂയിസത്തിന്റെ സ്വാധീനങ്ങളും ഈ ചെയ്‌തിയുടെ മറുപുറത്തു കാണാം. ഇങ്ങനെ നിരവധി (അ)മാനവ സംഘർഷങ്ങൾ ചിത്രത്തിന്റെ പ്രമേയമായി വരുന്നുണ്ട്. 

 

 

 

 

ചിത്രത്തിന്റെ മാനവികവും മനഃശാസ്ത്രപരവുമായ നിരൂപണങ്ങളിൽ ഇത്തരം കാര്യങ്ങളാണ് ഏറെയും വന്നിട്ടുള്ളത്. ചിത്രം മുന്നോട്ടുവെക്കുന്ന കഥയിൽ നിന്നുകൊണ്ട്, കോറോണയുടെ സമകാലിക പശ്ചാത്തലങ്ങളിലേക്ക് കടന്നുചിന്തിക്കുമ്പോൾ, ചില കാര്യങ്ങൾ കൂടി ചാർച്ചാമണ്ഡലത്തിലേക്ക് കടന്നുവരുന്നുണ്ട്. അവിടെയാണ് “ഭയം പോലെ പടർന്നുപിടിക്കുന്ന മറ്റൊന്നില്ല” എന്ന തലവാചകത്തിന്റെ പ്രസക്തി ദൃശ്യപ്പെടുന്നത്. ഭയം/പരിഭ്രാന്തി (collective panic) സൃഷ്ടിക്കുക എന്നത്, സ്വേച്ഛാധിപതികളുടെയും ഫാഷിസ്റ്റുകളുടെയും എക്കാലത്തെയും വലിയ ആയുധങ്ങളിൽ ഒന്നാണ്. ബെനിറ്റോ മുസോളിനി, തന്റെ അധികാരക്കസേരയിൽ ‘അമർന്നിരുന്നത്’ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ രാഷ്ട്രത്തിന് അസ്ഥിരതയുണ്ടാക്കുന്നു എന്ന ഭയം/പരിഭ്രാന്തി ജനങ്ങൾക്കിടയിൽ പരത്തികൊണ്ടാണ്. സമാനാർത്ഥത്തിൽ ഹിറ്റ്‌ലറും ഇത്തരം പ്രചാരങ്ങൾ നടത്തിയതായി ചരിത്രരേഖകളിൽ കാണാം. ഈ പ്രചരണങ്ങൾ ഒരേസമയം, ബഹുജനത്തിനിടയിൽ രാഷ്ട്രീയപരവും സാമൂഹികവും മാനസികവുമായ ആഘാതങ്ങളുണ്ടാക്കാൻ ഉതകുന്നതാണ്. ആധുനിക സ്റ്റേറ്റുകളുടെ അടിയന്തരാവസ്ഥാ പ്രയോഗങ്ങളെ (state of exception) കുറിച്ച് പഠനം നടത്തിയ ഇറ്റാലിയൻ ചിന്തകൻ ജോർജിയോ അഗമ്പൻ, കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നടത്തിയ ചില പ്രതികരണങ്ങൾ പ്രതിപാദ്യാർഹമാണ്. കോറോണയുമായി ബന്ധപ്പെട്ട് ഭരണകൂടങ്ങൾ സ്വീകരിച്ച ലോക്ക്ഡൗൺ നിലപാടിനെ വിമർശിച്ചുകൊണ്ട് അഗമ്പൻ പറയുന്നത്, അടിയന്തരാവസ്ഥയെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ്. മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ തത്വശാസ്ത്രത്തിൽ നിന്നും കടമെടുക്കപ്പെട്ട ഈ നടപടി, മനുഷ്യമനസ്സിനുള്ളിൽ ഭയം കുടിയിരുത്താനുള്ള സൽവിനിയുടെ തന്ത്രമാണെന്നും വിമർശിക്കുന്നുണ്ട്. 

എന്നാൽ ഇറ്റലിയിൽ വൈറസ് അനിയന്ത്രിതമായി പടരുകയും അനേകം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത സാഹചര്യത്തിൽ, അഗമ്പന്റെ ഹൈപോത്തിസീസിനെ തള്ളിപറഞ്ഞുകൊണ്ട് ഒരുപാട് സ്കോളർസ് മുന്നോട്ടുവരികയുണ്ടായി. ഈ സമയത്ത് ഇത്തരം ഒരു ഗൂഢാലോചനാ സിദ്ധാന്തത്തിന് (conspiracy theory) പഴുതില്ല എന്നതാണ് ക്രിട്ടിക്കുകളുടെ വാദം.

എന്നാൽ വൈറസിന് ശേഷം എന്ത് എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. സിനിമയിൽ നാം കണ്ട ഭീകരമായ വിജനതയും (seclusion) നിശ്ചലതയും, തീർച്ചയായും മനുഷ്യരാശി അഭിമുഖീകരിക്കാൻ പോകുന്നതു തന്നെയാണ്. നിശ്ചല ജീവിതം (bare life) എന്ന അഗമ്പന്റെ തന്നെ മറ്റൊരു സിദ്ധാന്തം, വൈറസ് അവസാനിച്ചുകഴിഞ്ഞാലും ഓൺലൈൻ മനുഷ്യബന്ധങ്ങൾ ഹാബിചുവലായി (habitual) മാറുന്ന അവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പാണ്. ഇറ്റലിയിൽ നിന്നുമാറി ഇന്ത്യയിലെത്തുമ്പോൾ അഗമ്പന്റെ ചിന്തകൾക്ക് തെളിച്ചം കൂടും. ജാഗ്രത പാലിക്കുക എന്നതിനപ്പുറം, ഭയം ജനിപ്പിച്ചുകൊണ്ടും സ്വയം പരിഹാസ്യരായിക്കൊണ്ടും പ്ലേറ്റ് കൊട്ടി, ദീപം തെളിച്ച് വൈറസിനെ തുരത്തുന്ന പോപ്പുലിസ്റ്റ് ‘ഭരണതന്ത്രങ്ങളിലെ’ നിഗൂഢത അപ്പോൾ ദൃശ്യപ്പെടും. വൈറസ് ഉയർത്തുന്ന സാമൂഹികവും രാഷ്ട്രീയപരവുമായുള്ള ചോദ്യങ്ങളിലേക്ക് സൂചന നൽകുന്നതാണ് കണ്ടേജിയന്റെ ഫ്രെയിമുകൾ. Cinema is a matter of whats in the frames and whats out (ഫ്രെയിമിന് അകത്തും പുറത്തുമുള്ള കാര്യങ്ങൾ ഉള്ളടങ്ങിയ മാറ്ററാണ് സിനിമയുടേത്) എന്ന മാർട്ടിൻ സോർസീസിയുടെ പറച്ചിലിനെ അന്വർത്ഥമാക്കും വിധം വൈറസിനെ (വൈറസ് ഇവന്റിനെ) കുറിച്ച ചർച്ചകൾക്കുള്ള സാധ്യതകൾ കൂടി തുറന്നുവെക്കുന്നു എന്നതാണ് കണ്ടേജിയന്റെ പ്രസക്തി.

Leave a Reply

Your email address will not be published. Required fields are marked *