ചിരാഗ് ഡൽഹി; ഡൽഹിയിലെ വിളക്കുനഗരം

നിരവധി സൂഫിവര്യന്മാരുടെ പാദസ്പർശമേറ്റ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന പ്രദേശമാണ് ഡൽഹി. ഖ്വാജാ ഖുത്ബുദ്ധീൻ ബഖ്തിയാർ ഖാകി, ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ തുടങ്ങിയ പേരെടുത്ത പ്രമുഖർ ഡൽഹി കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾ നിർവ്വഹിച്ചവരാണ്. ഡൽഹി സുൽത്താന്മാരുടെ കാലം മുതൽക്ക് ഭരണവ്യവഹാരങ്ങളിൽ പോലും സൂഫി പണ്ഡിതർക്ക് പ്രത്യേകമായ സ്ഥാനം നൽകപ്പെട്ടിരുന്നു. ദർബാറിലെ സുൽത്താൻ്റെ പ്രത്യേക ഉപദേശക സമിതിയുടെ തലവൻ, വിധി കൽപ്പിക്കുന്നവർക്കിടയിലെ അന്നത്തെ അവസാന വാക്കായ ‘ഖാളി ഖുളാത്ത്’ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ സൂഫികളുടെ സാന്നിധ്യം ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. കേവലം ഖാൻഖാഹുകളിൽ ആത്മീയ നിർവൃതിയിൽ കഴിഞ്ഞ് ജനങ്ങളെ ബോധവത്കരിച്ചവരല്ല അവരെന്നു സാരം.

ഡൽഹിയിൽ പ്രബോധന പ്രവർത്തനങ്ങൾ നടത്തുക വഴി നിരവധി ആളുകളുടെ ജീവിതത്തിൽ വെളിച്ചം എത്തിച്ച് അവരിലൊരാളായി ജീവിച്ച വ്യക്തിയാണ് നിസാമുദ്ധീൻ ഔലിയയുടെ ശിഷ്യനായ നാസിറുദ്ധീൻ മഹ്മൂദ്. എന്നാൽ ചരിത്രത്തിൽ ഇദ്ദേഹം അറിയപ്പെട്ടത് ‘ഡൽഹിയിലെ കത്തിച്ച് വെച്ച വിളക്ക്’ എന്ന പേർഷ്യൻ വാചകമായ ‘ചിരാഗ് സൽഹി’ എന്ന തലക്കെട്ടോടെയാണ്. ‘ചിരാഗ് ഡൽഹി’ എന്ന പ്രദേശം ഇന്ന് ഡൽഹിയിലെ അറിയപ്പെടുന്ന, ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നാണ്. നാസിറുദ്ധീൻ മഹ്മൂദിന് ‘ചിരാഗ് ഡൽഹി’ എന്ന സ്ഥാനപ്പേര് കിട്ടിയതിന് പിന്നിലെ ചരിത്രം പരാമർശിക്കപ്പെടേണ്ടത് തന്നെയാണ്. 

ഗിയാസുദ്ധീൻ തുഗ്ലക്കിൻ്റെ ഭരണകാലത്ത് ഡൽഹിയിലെ തുഗ്ലക്ക് കോട്ടക്കകത്ത്  നിർമ്മിക്കപ്പെട്ട വലിയ ജലസംഭരണിയുമായി ബന്ധപ്പെട്ടാണ് നാസിറുദ്ധീൻ മഹ്മൂദിന് ‘ചിരാഗ് ഡൽഹി’ എന്ന സ്ഥാനപ്പേര് ലഭിച്ചതെന്ന് പല ചരിത്ര രേഖകളിലും കാണാം. ജലസംഭരണിയുടെ പണികൾ വേഗത്തിൽ  പൂർത്തികരിക്കാൻ ജോലിക്കാർക്ക് രാത്രിയിലും വിശ്രമമില്ലാതെ പണികൾ ചെയ്യേണ്ടി വന്നതിനാൽ വെളിച്ചം ആവശ്യമായി വന്നു. വിളക്കുകളിൽ ഒഴിക്കാനുള്ള എണ്ണയുടെ അപര്യാപ്തത പരിഹരിക്കാൻ അന്നത്തെ തുഗ്ലക്ക് ഭരണാധികാരികൾക്ക് കഴിയാതെ വന്നപ്പോൾ, ജോലിക്കാർ അന്നത്തെ പ്രധാന സൂഫീവര്യനായ നിസാമുദ്ധീൻ ഔലിയയെ വിവരം അറിയിക്കുകയും, തുടർന്ന് തൻ്റെ ഏറ്റവും അടുത്ത ശിഷ്യനായ നാസിറുദ്ധീൻ മഹ്മൂദിനോട് ജലസംഭരണയിൽ നിന്ന് കുറച്ച് വെള്ളം ശേഖരിക്കാനും അത് വിളക്കിലൊഴിച്ച് തീ കത്തിക്കാനും ആവശ്യപ്പെട്ടു. എണ്ണക്ക് പകരമായി ജലസംഭരണിയിൽ നിന്നെടുത്ത വെള്ളത്തിൽ നിന്ന് വിളക്ക് കത്തിച്ച  നാസിറുദ്ധീന് മഹ്മൂദിന് നിസാമുദ്ധീൻ ഔലിയ കൽപ്പിച്ചു കൊടുത്ത സ്ഥാനപ്പേരാണ് ‘ചിരാഗ് ഡൽഹി’. ഡൽഹിയിലെ എക്കാലത്തെയും വെല്ലുവിളിയും പ്രതിസന്ധിയുമായ ജലദൗർലഭ്യം ഡൽഹി സുൽത്താന്മാരെ കാര്യമായി ബാധിച്ചിരുന്നു. കൊട്ടാരത്തിലേക്കും നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിലേക്കും ജലമെത്തിക്കാൻ ഡൽഹി സുൽത്താന്മാർ പല കാലഘട്ടങ്ങളിൽ നിർമ്മിച്ച വ്യത്യസ്ത വലിപ്പത്തിലുള്ള ജലസംഭരണികൾ ഡൽഹിയുടെ വിവിധ പ്രദേശങ്ങളിൽ സന്ദർശകർക്ക് ഇന്നും കാണാം. ഡൽഹിയിലെ ‘ഹൗസ് ഖാസ്’ എന്ന പ്രദേശത്തിൻ്റെ ചരിത്രം ഈ വിഷയത്തിലെ കൂടുതൽ വായനക്കായി ഇവിടെ പറഞ്ഞു വെക്കട്ടെ.

 

 

 

 

 

1356 റമളാൻ 18നാണ് നാസിറുദ്ധീൻ ഈ ലോകത്തോട് വിട പറഞ്ഞത്. പിന്നീട് ഫിറോസ് ഷാ തുഗ്ലക്കാണ് നസിറുദ്ധീന് മഹ്മൂദിന് വേണ്ടി ‘ചിരാഗ് ഡൽഹി’ എന്ന പേരിൽ ശവകുടീരം നിർമ്മിക്കുന്നത്. പിൽക്കാലത്ത് നിരവധി ശവകുടീരങ്ങളും പള്ളികളും ചിരാഗ് ഡൽഹിയിൽ ഉയർന്നു വന്നു. അവയിൽ അധിക നിർമ്മിതികളും ലോധി ഭരണകാലയളവിൽ ഉയർന്നു വന്നതാണ്.  ശവകുടീരത്തിനോട് ചേർന്ന് നിർമ്മിക്കപ്പെട്ടിട്ടുള്ള മെഹ്ഫിൽ ഖാന (Assembly hall) പൊതുപരിപാടികൾക്കായുള്ള ഇടമാണ്. അതും ലോധി കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ്. ആദ്യത്തെ ലോധി ഭരണാധികാരിയായ ബഹ്ലുൽ ലോധിയുടെയും ശവകുടീരം ചിരാഗ് ഡൽഹിയിൽ തന്നെയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

തുഗ്ലക്ക് ഭരണാധികാരികളുടെ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട നിരവധി നിർമ്മിതികളും ചിരാഗ് ഡൽഹിയുടെ സമീപപ്രദേശങ്ങളിൽ സന്ദർശകർക്ക് കാണാൻ സാധിക്കും. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇന്ത്യയിൽ പുതുമകളുടെ കെട്ടഴിച്ച് പ്രശസ്തി നേടിയ മുഹമ്മദ് ബിൻ തുഗ്ലക്ക് നിർമ്മിച്ച ‘സത്പുല’ എന്ന ഡാമിൻ്റെ ചരിത്രം. ഏഴ് സ്തൂഭങ്ങളിലായി കെട്ടിയുയർത്തപ്പെട്ടത് കൊണ്ട് തന്നെയാണ്  ഡാമിന് ‘സത്പുല’ എന്ന പേര് വന്നത്. മഴവെള്ളം ശേഖരിച്ച് തൻ്റെ കൊട്ടാരത്തിലേക്കും നഗരത്തിലേക്കുമാവശ്യമായ ജലമെത്തിക്കാൻ വേണ്ടിയാണ് മുഹമ്മദ് പ്രസ്തുത ഡാം നിർമ്മിച്ചത്. ജഹൻ പനഹ് എന്നാണ് മുഹമ്മദ് ബിൻ തുഗ്ലക്ക് നിർമ്മിച്ച നഗരത്തിൻ്റെ പേര്. മറ്റൊന്ന് കിർക്കി/ഖിഡ്കി (ജനാല) എന്ന പേരിലുള്ള പള്ളിയും അതുൾകൊള്ളുന്ന പ്രദേശങ്ങളുമാണ്. നിരവധി ജനാലകൾ കൊണ്ട് സമ്പന്നമായത് കൊണ്ട് തന്നെയാണ് പ്രസ്തുത പള്ളിക്ക് ഈ പേര് വന്നത്. ഫിറോസ് ഷാ തുഗ്ലക്കിൻ്റെ പ്രധാനമന്ത്രി ഖാൻ-ഇ-ജഹാൻ നിർമ്മിച്ചതാണ് ഈ പള്ളി. 

നിസാമുദ്ധീന് ശേഷം സൂഫി പേരുകളിൽ അറിയപ്പെട്ട ഡൽഹിയിലെ പ്രധാന ഇടമാണ് ചിരാഗ് ഡൽഹി. ഡൽഹി സന്ദർശനവേളകളിൽ സന്ദർശകർ അധികം എത്തിപ്പെടാത്ത പ്രദേശങ്ങളിലൊന്ന്. ഇത്തരത്തിൽ നിരവധിയായ പ്രദേശങ്ങളാണ് പുരാവസ്തു വകുപ്പിൻ്റെ മതിയായ നോട്ടമെത്താതിൻ്റെ പേരിൽ ഡൽഹിയിൽ  കാലഹരണപ്പെട്ട് പോവുന്നത്.

 

സബാഹ് ആലുവ

Leave a Reply

Your email address will not be published. Required fields are marked *