‘സ്വാഭാവികത’ ‘ഭയം’ ‘മറവി’ ഈ മൂന്ന് മാനസിക അവസ്ഥകളും വിധേയപെടലിന്റെ സൂചനകളാണ്.
ഏകശിലാത്മകമായ വംശീയതയിലേക്കുള്ള പരിവർത്തനങ്ങൾ ത്വരിതമാക്കപ്പെടുമ്പോൾ, അതിന്റെ പ്രകടരൂപങ്ങൾ ധാരാളിത്വത്തിലെത്തുമ്പോൾ അസ്വാഭാവിക കാര്യങ്ങളൊക്കെ സ്വാഭാവിക തോന്നിച്ചലുകളാകുക എന്നത് മാനസിക വിധേയപ്പെടലിന്റെ സൂചനയാണ്.
ആൾക്കൂട്ടകൊലപാതകങ്ങളും, കൃത്യമായ ഉന്മൂലന ലക്ഷ്യങ്ങൾ പേറുന്ന നിയമ നടപടികളും എന്ത് കൊണ്ട് ഭൂരിപക്ഷ ജനതയ്ക്ക് അസ്വാഭാവികമായി തോന്നുന്നില്ല?.
ന്യൂനപക്ഷങ്ങൾ വരെ ഇവരുടെ നിലപാടുകൾക്ക് മുമ്പിൽ വിധേയമനസ്ക്കരായി മാറ്റപ്പെട്ടു എന്നതാണ് ബാബരി മസ്ജിദിന്റെ വിധിയെ തുടർന്നുള്ള സമീപനങ്ങൾ നൽകുന്ന അപകട സൂചനകളിലൊന്ന്.
ഹിംസയല്ലാതെ ഒന്നും പ്രതീക്ഷിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. വേറൊരു പ്രതീക്ഷക്കും വകയില്ലതാനും. രാമക്ഷേത്ര വാദം തീവ്രമായി പൊതുമണ്ഡലത്തിൽ ഉന്നയിച്ച് കൊണ്ട് അതു മുഖേന വോട്ടിംഗ് ബാങ്ക് വർധിപ്പിച്ച് അധികാരത്തിലെത്തിയവരിൽ നിന്ന് കൂടുതലൊന്നും ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
പള്ളിക്ക് അനുകൂല വിധി വന്നാൽപ്പോലും വർധിക്കുന്നത് ബി.ജെ.പിയുടെ വോട്ട് ബാങ്ക് തന്നെയാണ്. ന്യുനപക്ഷ സംരക്ഷണം എന്ന വായാടിത്വത്തിലൂടെ വിജയം അവരുടെ വരുതിയിലാക്കും അല്ലെങ്കിൽ മതകീയ വർണക്കടലാസിൽ പൊതിഞ്ഞ് കൊണ്ട് വർഗീയ കലാപങ്ങൾ അരങ്ങേറും. ശബരിമല കേസ് പോലെ നനഞ്ഞ പടക്കമായി ഒരിക്കലും ഇതിന്റെ പ്രതിഫലനങ്ങൾ മാറില്ല.എങ്ങനെ വീണാലും നാലു കാലിൽ മാത്രം വീഴുന്ന പൂച്ച തന്നെയായിരുന്നു ബാബരി മസ്ജിദ് വിധി.
രാമ ഭക്തിയുമല്ല റഹീം ഭക്തിയുമല്ല രാഷ്ട്രീയ ഭക്തിയാണ് വേണ്ടത് എന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവനയിൽ പതിയിരിക്കുന്ന ഹിന്ദുത്വം നിർവചിച്ചെടുക്കുന്ന വിധേയത്വത്തിന്റെ ദേശീയതയെ ഇന്നും ഭൂരിപക്ഷ ന്യുനപക്ഷ വിഭാഗങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കാത്ത വിധം രാഷ്ട്രം എന്ന സ്ഥാപനത്തിന്റെ വിധേയമനസ്ക്കരാണ് ഓരോ പൗരൻമാരും.
ആഗോള മാനവികതയെ കുറിച്ചുള്ള കാഴ്ച്ചപാടുകളെ അപ്രസക്തമാക്കുകയും മനുഷ്യരെ കുറിച്ചുള്ള ചർച്ചകളേക്കാൾ, പട്ടിണി പോലുള്ള ജീവിത വിഷയങ്ങളേക്കാൾ കൂടുതൽ അതിർത്തികളും അധികാരങ്ങളും ചർച്ചാ വിധേയമാകുന്നു എന്നതാണ് ദേശീയതയുടെ ഒന്നാമത്തെ അപകടം. ബ്രിട്ടീഷ് വിരുദ്ധതയാണ് ആദ്യകാലത്ത് ദേശീയതയെ രൂപപ്പെടുത്തിയെടുത്തത് പക്ഷേ ആ സ്ഥാനത്ത് ഇന്ന് അധീശത്വ വിഭാഗങ്ങൾ നിർമിച്ചെടുത്ത ബ്രാഹ്മണിസത്തിൽ വേരൂന്നിയ പൗരൻമാരെ മുഴുവൻ അടിമകളാക്കിയ രാഷ്ട്ര വിധേയതത്തിന്റെ ദേശീയതയാണ്. എത്ര ദളിത് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപെട്ടാലും, പശുവിന്റെ പേരിൽ ആരൊക്കെ അടിച്ച് കൊല്ലപെട്ടാലും, ആരൊക്കെ പൗരഭ്രഷ്ട്ടരാക്കപ്പെട്ടാലും, അതിനെ കുറിച്ചുള്ള ചർച്ചകൾകൊക്കെ
അതിർത്തിയിൽ ഒരു ബോംബ് പൊട്ടുന്നത് വരയെ ആയുസുള്ളൂ എന്നതാണ് യാഥാർത്യം.
ഇങ്ങനെയുള്ള ദേശത്തിൽ ഒരു വിഭാഗം അതിർത്തിക്കപ്പുറത്തും അതേ വിഭാഗം തന്നെ അതിർത്തിക്കുള്ളിലും അപരൻമാരായി മാറും എന്നതാണ് ദേശീയതയുടെ രണ്ടാമത്തെ അപകടം. ഈ ഒരു വിഭാഗത്തെ നിർണയിക്കുന്നത് സമൂഹത്തിൽ വേരൂന്നിയ സവർണ അധീശത്വ മനോഭാവം ആണ്. ഈ ഒരു പ്രസ്തുത വിഭാഗത്തിന് തങ്ങളുടെ ദേശ സ്നേഹവും മതേതരത്വ കാഴ്ച്ചപ്പാടുകളും നിരന്തരം പൊതുബോധത്തിന് മുമ്പിൽ ബോധിപിച്ച് കൊണ്ടേയിരിക്കേണ്ടി വരും.
ഈ ഒരു ദേശത്തിൽ പൗരൻമാർ രാഷ്ട്രവുമായി നിരന്തരം വിധേയപെടേണ്ടി വരും ചിലപ്പോൾ അടിമപാവകളായി മാത്രം വിമർശനങ്ങൾ പോലും ഉന്നയിക്കാനാകാതെ അവകാശങ്ങളെകുറിച്ച് പോലും ബോധമില്ലാതെ രാഷ്ട്രം തെളിക്കുന്ന പാതകളിലൂടെ മാത്രം സഞ്ചരിക്കപ്പെടേണ്ടി വരും. ഈ ഒരു വിധേയപ്പെടലാണ് ദേശീയതയുടെ മൂന്നാമത്തെ അപകട സൂചന.
ഒരു ജനതയുടെ അവകാശങ്ങൾ ധ്വംസിച്ച് കൊണ്ട് അവിടം തുറന്ന ജയിലുകളായി മാറ്റപ്പെട്ടപ്പോൾ അതൊക്കെ ദേശത്തിന് വേണ്ടി ആണ് എന്ന പ്രസ്താവനയിൽ ആ നിലപാട് പവിത്രീകരിക്കപ്പെടുന്നു എന്നതാണ് യാഥാർത്യം.
മതചിഹ്നങ്ങുടെ പേരിലുള്ള കൊലപാതകങ്ങൾ തീർത്തും എതിർക്കപെടേണ്ടതും പ്രതിഷേധിക്കേണ്ടതുമായ അസ്വഭാവിക കാര്യമായിട്ട് തന്നെയായിരിക്കും നമ്മുടെ ബോധമണ്ഡലത്തെ സ്വാധീനിക്കുക. പക്ഷേ സ്ഥിരമായി ഇത്തരം വാർത്തകൾ ബോധ മണ്ഡലത്തിൽ പ്രതിഷ്ഠ നേടുമ്പോൾ അതിന്റെ ഭീകരത കുറഞ്ഞ് വരും ചിലപ്പോൾ തീർത്തും സ്വഭാവിക കാര്യമായി മാറും, അവസാനം ഭയം കൊണ്ട് ഓർമകൾ വരെ നിർജീവമാകും,
പ്രതിരോധം വരെ മറന്ന് പോകും,
അങ്ങനെ മാപ്പു സാക്ഷികളായ തീർത്തും രാഷ്ട്ര വിധേയത്വം മാത്രം കൈമുതലുള്ള ജനതയായി ദേശീയതയിൽ അഭയം തേടപ്പെട്ടവരായി മാറും.
ഇത്തരം മനശാസ്ത്രങ്ങളുടെ നിർമിതിയിൽ തീർത്തും അസ്വാഭാവിക പ്രവർത്തനങ്ങൾക്കും സ്വാഭാവിക ഫലം ആയിരിക്കും. പ്രതിരോധശേഷി നഷ്ട്ടപെട്ട ഒരു ജനതയുടെ ഓടി ഒളിക്കൽ പ്രവണത അവസാനിക്കുക ശ്മശാനങ്ങളിൽ മാത്രമായിരിക്കും.‘ഭയം’ ‘സ്വാഭാവികത’ ഈ രണ്ട് വികാരങ്ങളും മസ്‌തിഷ്കത്തെ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷത്തിൽ രാഷ്ട്രത്തെ ഭയപ്പെടുന്ന വിധേയമനസ്ക്കരായ ജനങ്ങൾ നിർമിക്കപ്പെടും.
‘മറവി’ എന്നത് പരാജയപ്പെടാൻ തയ്യാറാകുന്നു എന്നതിന്റെ സൂചനയാണ്.
ഒന്നും മറവിക്ക് വിട്ട് കൊടുക്കരുത് ഓർമിക്കുക എന്നത് തന്നെ വലിയ പോരാട്ടമാണ്. ഓർമകൾ സമൂഹത്തിലൂടെ സഞ്ചരിക്കണം. അനുഭവിക്കുന്ന ക്രൂരതകൾ സമുഹം കാലത്തിന്റെ കുത്തൊഴുക്കിൽ മറവികൾക്ക് വിട്ട് കൊടുത്താൽ
അക്രമണങ്ങൾ വർധിച്ച് കൊണ്ടേയിരിക്കും.
‘ഭയം’, ‘മറവി’, ‘സ്വാഭാവികത’ ഈ മൂന്നും ഒരു ജനതയുടെ തലച്ചോറിനെ ആമൂലം ഗ്രസിച്ചാൽ അത് മാനസിക വിധേയത്വത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളാണ്.
ഭയപ്പെടരുത്, മറക്കരുത്, സ്വഭാവിക വൽക്കരിക്കരുത് ഒന്നിനെയും പേടിക്കാതെ അന്തസോടെ ജീവിക്കുന്ന, ഒന്നും മറവിക്ക് വിട്ട് കൊടുക്കാതെ നിരന്തരം ഓർമിയിൽ സൂക്ഷിക്കുന്ന, ഒന്നും സ്വാഭാവിക കാര്യങ്ങളല്ല എല്ലാ ഹിംസാത്മക പ്രവർത്തനങ്ങളും അസ്വഭാവികമെന്ന് കരുതുന്ന ജനതക്ക് മാത്രമെ അതിജീവനശേഷി ഉണ്ടാവുകയുള്ളൂ. നന്നേ ചുരുങ്ങിയത് പ്രതിരോധ മനോഭാവം എങ്കിലും ഉണ്ടാവുകയുള്ളൂ. തിന്മകൾ നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ ആണ് ഈ മൂന്ന് മാനസികാവസ്ഥകളും നിർമിക്കപ്പെടുക. സമൂഹം ബോധപൂർവം ഇത്തരം മാനസിക അവസ്ഥകൾ വൈകൃതമായി മനസ്സിലാക്കുകയും ഇത്തരം മാനസിക വൈകൃതങ്ങളോട് ആസൂത്രിത കലഹം പ്രഖ്യാപിക്കുവാൻ തയാറാവേണ്ടതുമാണ്.
ആത്മാഭിമാനം അടിയറവെക്കാതെ ചരിത്ര ബോധമുള്ള സമൂഹത്തിന് മാത്രമേ വിജയം കൈവരിക്കുവാൻ സാധിക്കുകയുള്ളൂ .
മുഹമ്മദ് ഷഹനാദ്