ആധുനിക സ്ഥാപനങ്ങളുടെ പ്രധാന പോരായ്മകളിൽ ഒന്ന് അത് മനുഷ്യന്റെ നിലനിൽപ്പിനെയും വ്യവഹാരങ്ങളെയും പരിമിതപ്പെടുത്തുന്നു എന്നതാണ്. ദേശരാഷ്ട്രത്തെ കുറിച്ചുള്ള സങ്കൽപ്പം ആയാലും സ്റ്റേറ്റിനെ കുറിച്ചുള്ളതയാലും അതൊക്കെയും ‘പൗരനെ’ പ്രത്യേക അതിർവരമ്പുകളെ ഭേദിക്കാൻ അനുവദിക്കാത്തതാണ്.
ഇത്തരത്തിൽ നിർമിച്ചെടുക്കുന്ന പരിമിതിക്കിടയിൽ വെച്ചാണ് സ്റ്റേറ്റ്, വയലൻസ് എന്നീ വ്യവഹാരങ്ങളെ വായിക്കാൻ ശ്രമിക്കുന്നത്/ശ്രമിക്കേണ്ടത്.
ഒരു സ്റ്റേറ്റ് തന്നെ അതിനകത്ത് ‘include’ ചെയ്യപ്പെട്ടു കിടക്കുന്ന ജനസമൂഹത്തിന് മേൽ നടത്തുന്ന നിയമനിർധാരണം കേവലം അനുസരണയുള്ള പൗരസമൂഹത്തെ വാർത്തെടുക്കാൻ മാത്രമാകുമ്പോൾ അതിന്റെ പ്രായോഗികതയിൽ വയലൻസ് ഉൾച്ചേർന്നിരിക്കുക സ്വാഭാവികം. അത്കൊണ്ട് തന്നെ ഒരു നൈതീകരാഷ്ട്ര സങ്കല്പം വികസിപ്പിച്ചെടുക്കുവാൻ സാധിക്കാതെ വരുന്നു.
നിലവിൽ ലോക്ക്ഡൗണ് സാഹചര്യത്തിൽ പോലീസ് വയലൻസുകളെ മറ്റൊരു ആങ്കിളിൽ കൂടി കാണേണ്ടതുണ്ട്. കാരണം പതിവില്ലാത്ത തരം ഹീറോ പരിവേഷം പോലീസ് ലാത്തിയടികൾക്ക് ഇപ്പൊ നൽകപ്പെടുന്നുണ്ട്. ലോക്ക്ഡൗണ് ലംഘിച്ചു പുറത്തിറങ്ങുന്ന ആൾക്കാരെ പോലീസ് ക്രൂരമായി നേരിടുന്നത് കാണുമ്പോഴും അവർക്കത് കിട്ടേണ്ടതാണ് എന്ന നമ്മുടെ മനസ്ഥിതി തന്നെ ഇത്തരം പരിമിതികൾക്കകത്ത് വെച്ചുണ്ടാക്കുന്നതിന്റെ പരിമിതിയാണ്.
ഈ പരിവേഷങ്ങൾക്കിടയിൽ നിന്ന് അതിനെതിരെയുള്ള രാഷ്ട്രീയം വികസിപ്പിക്കുമ്പോൾ തന്നെ വലിയൊരളവിൽ ഇവിടെ നിർമിച്ചു വെച്ചിട്ടുള്ള കാല്പനിക വ്യവഹാരങ്ങളെ തകർത്തു കൊണ്ടാവേണ്ടതുണ്ട്. അതിനപ്പുറം അത് നൈതീകരാഷ്ട്ര സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുകയും ചെയ്യണം.
ആത്തിക്ക് ഹനീഫ്