എന്തുകൊണ്ട് രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യപ്പെടുന്നു?

‘ഫാഷിസവും സംഘ്പരിവാറും’ എന്ന കൃതിയിൽ എംകെ മുനീർ, തീവ്രവംശീയതയെയും ആര്യവാദത്തെയും ബലപ്പെടുത്തുന്നതിന് വേണ്ടി വിചാരധാരയിൽ ഗോൾവാൾക്കർ ഉദ്ധരിച്ച ഒരു കഥയെ എടുത്തുദ്ധരിക്കുന്നുണ്ട്. വിചാരധാരയിൽ കാണാം: “ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ജനിച്ചതു കൊണ്ടോ വളർന്നതു കൊണ്ടോ കാര്യമില്ല, അതിനനുസൃതമായ മനോഭാവമില്ലെങ്കിൽ ഒരാൾക്ക് അവിടുത്തെ ദേശീയന്റെ പദവി ലഭിക്കുന്നില്ല. ദേശീയതക്ക് സാർവ്വലൗകികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഉപാദി മാനസികമായ കൂറാണ്. നമുക്ക് ഗുണപാടമരുളുന്ന ഒരു പഴങ്കഥയുണ്ട്. കാട്ടിൽ അലയുന്ന പെൺസിംഹം, അരികിൽ ഒരു കുറുനരിയുടെ കുഞ്ഞിനെ കാണുകയും അതിനെ തന്റെ ഗുഹയിലേക്ക് കൊണ്ടു വരികയും ചെയ്തു. ആ പെൺസിംഹത്തിന് കുറേ സിംഹകുഞ്ഞുങ്ങളുണ്ടായിരുന്നു. അവയോടൊപ്പം ഈ കുറുനരിയുടെ കുഞ്ഞിനേയും സിംഹം പാലൂട്ടി വളർത്തി. കുഞ്ഞുങ്ങൾ സഹോദരന്മാരെ പോലെ കളിച്ചു വളർന്നു. ഒരിക്കൽ കാട്ടിൽ വെച്ച് ഒരു ആന ആ വഴിക്കു വരുന്നതായി കണ്ടു. കുറുനരി ആ ഭീമാകാരനായ മൃഗത്തെ കണ്ടതോടെ ഭയപ്പെട്ടു. സ്വന്തം സഹോദരന്മാരോട് ഓടി രക്ഷപ്പെടാമെന്ന് നിർദേശിച്ചു. സിംഹക്കുട്ടികൾ മറുപടി നൽകി: “നീയെന്തൊരു വിഡ്ഢിയാണ്, വളരെ ദിവസങ്ങൾക്കു ശേഷമാണ് ഞങ്ങൾക്ക് ഇത്തരം ഇരകിട്ടുന്നത്, നിനക്ക് ഭയമാണെങ്കിൽ വീട്ടിലേക്ക് പോകൂ, ഞങ്ങൾ ഇതിനോട് മല്ലിടും. കുറുനരിക്കുഞ്ഞ് ഓടിക്കൊണ്ട് പെൺസിംഹത്തിന്റെ അടുത്ത് വന്നു. തന്റെ ഉപദേശം ചെവികൊള്ളാത്ത അനുചൻമാർക്ക് കൊടും വിപത്താണ് വന്നുപെട്ടിരിക്കുന്നതെന്ന് പറഞ്ഞു. പെൺസിംഹം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: “ഇവിടെ എന്റെ പാലു കുടിച്ചാണ് നീ വളർന്നതെന്നതിൽ സംശയമില്ല. പക്ഷെ നിന്റെ സഹജസ്വഭാവം എവിടെ പോകാനാണ്?”.

ഗോൾവാൾക്കറുടെ വിചാരധാരയിൽ നിന്ന് എം.കെ മുനീർ തന്റെ പുസ്തകത്തിൽ ഉദ്ധരിച്ച ഈ കഥ ഇവിടെ പ്രസ്താവിച്ചതിന് ഒരുപാട് അർഥതലങ്ങളുണ്ട്. വംശശുദ്ധിയും ശുദ്ധ ആര്യരക്തവും തീവ്രഹിന്ദുവിനാനുള്ളതെന്നും കുറുനരിയുടെ വേഷമിട്ട ആളുകൾ അഹിന്ദുക്കളാണെന്നും, അവരാകട്ടെ പരദേശത്ത് നിന്ന് കുടിയേറിപ്പാർത്തവരാണെന്നുമാണ് ഗോൾവാൾക്കർ ഈ കഥ ഉദ്ധരിക്കുന്നതിലൂടെ പറയാൻ ശ്രമിക്കുന്നത്. അത്തരം ആളുടെ സഹജസ്വഭാവം ഭീരുത്വമായിരിക്കുമെന്നും അവർ എത്രയൊക്കെ ഇന്ത്യൻ വംശജരാകാൻ ശ്രമിച്ചാലും അവരുടെ സഹജമായ സ്വഭാവഗണങ്ങൾ എപ്പോഴെങ്കിലുമൊക്കെയായി പുറത്തെടുക്കുമെന്നും ഗോൾവാൾക്കർ പറയാൻ ശ്രമിക്കുന്നു. സനാതന ഹിന്ദുത്വത്തെ ഊട്ടിയുറപ്പിക്കുക, ആർഷഭാരത സംസ്കാരം നടപ്പാക്കുക, ഇങ്ങനെ തുടങ്ങിയ വിഷമയമായ സംസ്ക്കാരം വിഭാവന ചെയ്തെടുക്കാനുള്ള ശ്രമങ്ങൾ കൂടിയാണ് ‘വിചാരധാരയിലും’ (bunch of thoughts) ‘നാം അല്ലെങ്കിൽ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു ‘ (we or our nationhood defined) എന്ന ഗ്രന്ധത്തിലും ഗോൾവാൾക്കൾ എഴുതി പിടിപ്പിച്ചിട്ടുള്ളത്‌.

ഇത്തരം പുസ്തകങ്ങളെ വേദപുസ്തകങ്ങളായി പരിഗണിച്ച നരാധമൻമാരുടെ കരങ്ങളാലാണ് 1992 ഡിസംബർ 6ന് സ്വതന്ത്ര ഇന്ത്യ അതിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ ബാബരി ധ്വംസനത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോധ്യയിൽ എത്തിച്ചേർന്ന സംഘ്പരിവാർ ഭീകരർ ബാബരി മസ്ജിദ് തകർത്തു തരിപ്പണമാക്കിയപ്പോൾ നിലംപൊത്തിയത് ഒരു മതവിഭാഗത്തിന്റെ ആരാധനാലയം മാത്രമായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തേയും കുറിച്ച പ്രത്യാശയും പ്രതീക്ഷയും കൂടിയായിരുന്നു. പിന്നീട് ഇരുപത്തിയേഴു വർഷങ്ങൾക്കു ശേഷം 2019 നവംബർ 9ന് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് നടത്തിയ ബാബരി ധ്വംസനത്തിന്റെ അന്തിമ വിധിപ്രസ്താവം, ജനാധിപത്യത്തിന്റെ ‘നീതിസങ്കൽപ്പങ്ങളുടെ കടക്കൽ കത്തി വെക്കുന്നതായിരുന്നു.

1992 ഡിസംബർ 6ന് മസ്ജിദ് തകർക്കപ്പെട്ട് കൃത്യം പത്ത് ദിവസത്തിന് ശേഷം 1992 ഡിസംബർ 16ന് ബാബരി ധ്വംസനത്തിന്റെ പ്രേരകഘടകങ്ങളെ അന്വേഷിക്കാൻ സമിതി രൂപീകരിക്കുകയും മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാൻ ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ പലതവണ അവധി നീട്ടിവാങ്ങി എട്ടു കോടിയിലേറെ രൂപ ചിലവിട്ട റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നത് പതിനേഴു വർഷങ്ങൾക്ക് ശേഷം 2009 ജൂൺ 30നാണ്. റിപ്പോർട്ട് പല അരോപണങ്ങൾക്കും വിധേയമായിട്ടുണ്ടെങ്കിലും അതിലെ ചില കാര്യങ്ങൾ ശ്രദ്ധേയമാണ്‌. മസ്ജിദ് തകർക്കാനായി സംഘ്പരിവാർ നടത്തിയ ബോധപൂർവ്വമായ പ്രവർത്തനങ്ങളേയും ദീർഘമായ ആസൂത്രണങ്ങളുടെയും ഉൾവഴികൾ കമ്മീഷൻ സുവ്യക്തമായി വരച്ചുകാട്ടുകയും മസ്ജിദ് തകർത്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനും നേതാക്കളെ കുറ്റ വിമുക്തരാക്കാനുമുള്ള സംഘ്പരിവാർ സംഘടനകളുടെ ശ്രമങ്ങൾക്ക് തടയിടുകയും ‘കപട മിതവാദികൾ’ എന്ന് എ.ബി. വാജ്പെയ് അടക്കമുള്ള ബിജെപി നേതാക്കളെ വിശേഷിപ്പിക്കുന്നതും ഏറെ ശ്രദ്ധേയമാണ്‌.

ഈ ഒരു സവിശേഷമായ സാഹചര്യത്തിൽ നിന്നു കൊണ്ടാണ് ബാബരി ധ്വംസനത്തിന്റെയും അതിനെ തകർക്കാനുള്ള പദ്ധതിയുടെയും ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോധ്യയിലേക്കെത്തിചേർന്ന സംഘ്പരിവാർ

അനുയായികളെ, അതിലേക്ക് നയിച്ച കാര്യകാരണങ്ങൾ അന്വേഷിക്കപ്പെടുന്നത്. പ്രശസ്ത ചലചിത്ര നിരൂപകനും എഴുത്തുകാരനുമായ കെപി ജയകുമാറിന്റെ നിരീക്ഷണങ്ങൾ അത്തരം കാര്യകാരണ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. അദ്ദേഹം പറയുന്നു: ”രാഷ്ടീയമായി എൺപതുകൾ ഒരു ദിശാവ്യതിയാനത്തിന്റെ കാലമായിരുന്നു. പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ സാംസ്കാരിക അനുഭവങ്ങൾ പൊതുമണ്ഡലത്തിൽ ഉന്നയിക്കപ്പെടുന്ന സവിശേഷമായൊരു രാഷ്ട്രീയസന്ദർഭം. മണ്ഡൽ കമ്മീഷനെക്കുറിച്ചുള്ള ചർച്ചകളും സംവരണ സംവാദങ്ങളും സജീവമാകുന്ന ഘട്ടം. രാമാനന്ദ സാഗറിന്റെ രാമായണം സീരിയലൈസ് ചെയ്ത് തുടങ്ങുന്നതും എൺപതുകളുടെ മധ്യത്തിലാണ്. അരുൺ ഗോവലിന്റെ ശ്രീരാമന് മുന്നിൽ ചന്ദനത്തിരിയും കർപ്പൂരവും നെയ് വിളക്കും തെളിയിച്ച് ‘സനാതന ദേശീയ പുരുഷനെ’ വരവേൽക്കാൻ ഇന്ത്യൻ മധ്യവർഗ്ഗ ഭാവനങ്ങൾ ഉടുത്തൊരുങ്ങിയ കാലം. ഇന്ത്യയുടെ പിന്നീടുള്ള രാഷ്ട്രീയ അജണ്ട തീരുമാനിക്കുന്നതിൽ ആ സീരിയൽ നിസ്സാരമായ പങ്കല്ല വഹിച്ചത്. രാമയണവും തുടർന്ന് ബിആർ ചോപ്രയുടെ മഹാഭാരതവും ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ സ്വീകരണമുറികളെ സനാതന ഹിന്ദുത്വത്തിന്റെ പാഠശാലകളാക്കി മാറ്റി. സമാന്തരമായി നവഹിന്ദുത്വവാദം ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയിൽ മതാത്മക ധ്രുവീകരണത്തിന്റെ ശക്തമായ വിത്തുകൾ പാകിക്കഴിഞ്ഞിരുന്നു. ബാബരി മസ്ജിദിന്റെ പൊളിക്കലിലൂടെ ഈ ദ്രുവീകരണം പൂർണതയിലെത്തുന്നു” (ജാതി വ്യവസ്ഥയും മലയാള സിനിമയും- കെപി ജയകുമാർ (ഒലിവ് പബ്ലിക്കേഷൻസ്, ഫസ്റ്റ് എഡിഷൻ, ഡിസംബർ 2014, പേജ്- 110)

കെപി ജയകുമാറിന്റെ നിരീക്ഷണത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന പ്രധാന ഘടകം പ്രചാരണത്തിന്റെ (propoganda) ശക്തിയാണ്. സാധാരണക്കാരന്റെ മനസിനെ ആഴത്തിൽ സ്വാധീനിക്കാൻ എൺപതുകളുടെ മധ്യത്തിൽ ദൂരദർശനിലൂടെ സീരിയലൈസ് ചെയ്യപ്പെട്ട രാമാനന്ദ സാഗറിന്റെ ‘രാമായണത്തിനും’ ബിആർ ചോപ്രയുടെ ‘മഹാഭാരത’ത്തിന്നും കഴിഞ്ഞു എന്നതിന്റെ തെളിവാണ് ബാബരി മസ്ജിദിന്റെ ധ്വംസനം എന്ന് ബിബിസി (BBC) പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇത്തരം പ്രചാരണയുദ്ധങ്ങൾ (Propagada War) ഇറ്റലിയിൽ രൂപം കൊണ്ട ഫാഷിസത്തിലും നിന്നും ജർമ്മനിയിൽ രൂപം കൊണ്ട നാസിസത്തിളും നമുക്ക് ദർശിക്കാനാകും. ഇറ്റലിയിൽ മുസോളനി നടപ്പാക്കിയിരുന്നത് ആറാം വയസ്സിൽ പൗരനെ പിടികൂടുക പതിനാറാം വയസ്സിൽ പുതിയൊരു മനുഷ്യനായി തിരിച്ചേൽപ്പിക്കുക എന്ന നയമായിരുന്നു. ഇത്തരം കുട്ടികളിൽ വിഷലിപ്തമായ ആശയങ്ങൾ പ്രചാരകരായ അധ്യാപകരാലും ഉദ്യോഗസ്ഥരാലും കുത്തിവെക്കപ്പെട്ടു. ജർമനിയിൽ ഗീബൽസും മാർട്ടിൻ ബോർമാനും റുഡോൾഫ് ഹെസ്റ്റും പത്രമാധ്യങ്ങൾ സിനിമകൾ എന്നിവ ഉപയോഗിച്ച് ഹിറ്റ്ലറുടെ പ്രതിഛായ ഊതിവീർപ്പിക്കുന്ന പ്രചാരകരായി മാറുകയായിരുന്നു.

ഇന്ന് കൊറോണ മഹമാരിയുടെ സാഹചര്യത്തിലും അത് പടർന്നുപിടിക്കുന്നതിനാൽ ഇന്ത്യയൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും കർഫ്യൂ ലംഘിച്ച് രാമക്ഷേത്ര നിർമ്മാണ പദ്ധതിക്ക് ഉത്തർപ്രദേശിലെ യോഗി സർക്കാർ ഈ ആഴ്ച്ച തുടക്കമിട്ടപ്പോൾ പ്രധാനമന്ത്രി മംഗളാശംസകളർപ്പിക്കുകയുണ്ടായത് ഏറെ അപലപനീയമാണ്. കൂടാതെ ദുരദർശനിലൂടെ എൺപതുകളിൽ സംപ്രേഷണം ചെയ്ത രാമായണവും അതേ തുടർന്ന് വന്ന മഹാഭാരതവും വർഷങ്ങൾക്ക് ശേഷം പുന:സംപ്രേഷണം ചെയ്യുന്നതിലെ ഒളിയജണ്ടകൾ അന്വേഷിക്കേണ്ടിയിരിക്കുന്നു.

ബാബരി അന്തിമ വിധി വന്നപ്പോൾ അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രം നിർമിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തപ്പെട്ടു. അന്നുമുതൽക്കേ സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്ന് രാമായണ സീരിയൽ പുന:സംപ്രേഷണം ചെയ്യുന്നതിനെ കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. പൊതുജനങ്ങളിൽ നിന്നുയർന്ന ആവശ്യത്തെ തുടർന്നാണ് സീരിയൽ പുന:സംപ്രേഷണം ചെയ്യുന്നതെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കർ ട്വീറ്റ് ചെയ്തിരുന്നു.

ഇത്തരം സംഘ്പരിവാർ താൽപര്യങ്ങൾക്ക് ഓശാനപാടുന്ന ഭരണകൂടത്തിന്റെ പ്രവർത്തനകളിൽ തെല്ലും അത്ഭുതം കൂറുന്നില്ല എങ്കിലും പൊതുജനങ്ങളെ നിർണയിക്കുന്നിടത്ത് പ്രകാശ് ജാവ്ദേക്കറിന്റെ അളവുകോലിന്റെ വളവിനെയും മതേതരത്വത്തിൽ നിന്നുള്ള വ്യതിയാനത്തേയും വ്യതിചലനത്തേയും ന്യൂനപക്ഷ സമൂഹങ്ങൾ ഭയക്കേണ്ടിയിരിക്കുന്നു.

മുസ്ലിംകളെ രാജ്യത്തിന്റെ പുറത്ത് നിന്ന് കടത്തുക എന്ന ഉദ്ദേശത്തോടെ സിഎഎയും എൻആർസിയും നടപ്പാക്കുന്ന സർക്കാർ തീരുമാനങ്ങൾക്ക് കടുത്ത വെല്ലുവിളിയായ ഡൽഹിയിലെ ഷാഹീൻബാഗ് സമരപ്പന്തൽ യാതൊരു പ്രകോപനവുമില്ലാതെ പൊളിച്ചു മാറ്റുമ്പോഴും ബാബരി ആവർത്തിക്കപ്പെടുക തന്നെയാണ്.

ഇന്ത്യൻ ജനത കൊറോണ കാലഘട്ടത്തെ അതിജീവിക്കുന്നതിന് മുമ്പുള്ള ഈ ലോക്ഡൗൺ കാലം ദൂരദർശനിലൂടെ പ്രസ്തുത സീരിയലുകൾ പുന:സംപ്രേഷണം ചെയ്യപ്പെടുമ്പോൾ, സാധാരണക്കാരിൽ പോലും വിഷലിപ്തമായ ഉന്മാദദേശീയതയുടെ മരുന്നിട്ട് കൊടുക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത് എന്നത് വ്യക്തതമാണ്.

ഇറ്റാലിയൻ ഭരണതന്ത്രജ്ഞനും ആധുനിക രാഷ്ട്രമീമാംസയുടെ പിതാവുമായ മാക്കിയവെല്ലിയുടെ ഗ്രന്ധമായ പ്രിൻസിപ്പിയയിലൂടെ, ഭരണം സ്ഥാപിക്കാനും നിലനിർത്താനും ദുഷ്ചെയ്തികളാവാമെന്ന് പറഞ്ഞത് പോലെ ഇന്ത്യൻ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ദുഷ്ചെയ്തികളാണ് രാമായണ/മഹാഭാരത സീരിയലിന്റെ പുനഃസംപ്രേക്ഷണം എന്ന് കരുതേണ്ടിയിരിക്കുന്നു.

ഈ സവിശേഷമായ സത്യാനന്തര യുഗത്തെ (post-truth era) പ്രചാരണയുദ്ധത്തിലൂടെ (propoganda war) നേരിടാനാണ് ഭരണകൂടം ഒരുങ്ങുന്നതെങ്കിൽ ബാബരി മസ്ജിദിന്റെ പതനം പോലെ മറ്റു വിപത്തുകൾ വന്ന് ഭവിക്കുമോ എന്ന് ന്യൂനപക്ഷ സമൂഹം ചിന്തിക്കൽ അനിവാര്യമാണ്.

ഹനൂൻ ടി മുഹമ്മദ്

One thought on “എന്തുകൊണ്ട് രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യപ്പെടുന്നു?

Leave a Reply

Your email address will not be published. Required fields are marked *