രാജ്യത്തെ ഭരണകൂടത്തോടുള്ള പ്രധാന വിമർശനങ്ങളിൽ ഒന്ന് ഭരണഘടന അട്ടിമറിയുമായി ബന്ധപ്പെട്ടതാണ്. പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ഭരണഘടന താൽപര്യങ്ങളെ ഹനിക്കുന്ന വിധം ബ്രഹ്മണിക്ക് സവർണ അജണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന വിമർശനം സംഘ്പരിവാർ സർക്കാരിനെ സംബന്ധിച്ച് ഒരു പ്രതിസന്ധി ഘട്ടത്തെയാണ് അത് സാധ്യമാക്കിയത്.
പുതിയ പൗരത്വ നിയമ ‘ഭേദഗതി’ വംശീയ ഉന്മൂലനത്തെയാണ് സാധൂകരിക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് നടത്തപ്പെട്ട പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരു അധികാര ശക്തി എന്ന നിലക്ക് നിലനിൽക്കാനുള്ള സംഘ്പരിവാർ സർക്കാരിന്റെ ധാർമിക,ഭരണഘടന സാധ്യത ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തിൽ, അതിനെ മറികടക്കുവാനുള്ള പദ്ധതികൾ ആലോചിക്കുന്ന ഘട്ടത്തിലാണ് ആഗോളതലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കികൊണ്ട് കോവിഡ് 19 ന്റെ കടന്നുവരവ്.ഇത് ഒരർത്ഥത്തിൽ ഇന്ത്യയിലെ ഭരണകൂടത്തിന് ആശ്വാസകരമായ ഒരു സാധ്യതയായിരുന്നു.എന്നാൽ ഏതാനും ചില ആളുകളിൽ മാത്രം രോഗം വന്ന് പിന്നീട് അത് അസ്തമിക്കും(അതിന്റെ കൂടെ പൗരത്വ പ്രക്ഷോഭങ്ങളും)എന്ന ധാരണയായിരുന്നു ഇവിടെയുള്ള സർക്കാരിന് ഉണ്ടായിരുന്നത്.അതുകൊണ്ട് തന്നെ കോവിഡ് 19ന്റെ പ്രതിരോധം എന്ന വ്യാജേന രാജ്യത്ത് നടന്ന പല നടപടികളും യഥാർത്ഥത്തിൽ പൗരത്വ പ്രക്ഷോഭത്തെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളായാണ് മനസിലാക്കേണ്ടത്.ജനത കർഫ്യൂ പ്രഖ്യാപിക്കുന്നതിലൂടെ ഡൽഹിയിലെ പ്രക്ഷോഭങ്ങളുടെ പ്രധാന പ്രതീകങ്ങളിൽ ഒന്നായ ഷഹീൻ ബാഗ് പൊളിച്ചുമാറ്റുകയാണ് ഭരണകൂടം ചെയ്തത്.എന്നാൽ വൈറസിന്റെ വ്യാപനം കൈവിട്ട് പോയതോടെ ഒരു ഭരണകൂടം എന്ന നിലക്ക് രാജ്യത്തെ ജനങ്ങളോട് നിർവഹിക്കേണ്ട അടിസ്ഥാന കർത്തവ്യത്തെ ഏറ്റവും മൂർത്തമായി നിലനിർത്തുന്ന ഘട്ടം സംജാതമായിട്ടും പ്രായോഗികമായ ഒരു നടപടിയും കൈക്കൊള്ളാൻ ആകാതെ പരാജയപ്പെട്ടു നിൽക്കുന്ന ഒരു ഭരണകൂടത്തെയാണ് നമ്മൾ കണ്ടത്.
കർഫ്യൂ പ്രഖ്യാപിക്കുന്നതിന്റെ രണ്ട് നാൾ മുന്നേ മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രിക്ക് 3 ആഴ്ചക്കാലം രാജ്യം പൂർണമായി അടച്ചിടുന്നതിന് മുമ്പായി ഒരു കരുതൽ നടപടിയും കൈകൊള്ളാനോ ജനങ്ങളെ ബോധവൽക്കരിക്കാനോ സാധിച്ചില്ല എന്നത് സമ്പൂർണ പരാജയത്തിന്റെ ഉത്തമോദാഹരണമാണ്.ഈ ഒരു ഘട്ടത്തിലാണ് വിമർശനത്തിന്റെ പുതിയ ആഖ്യാന സാധ്യതകളിലേക്ക് നമ്മൾ പ്രവേശിക്കേണ്ടത്.ഭരണഘടന അട്ടിമറി എന്ന ഒരു സ്റ്റേറ്റിക്ക് വിമർശനത്തിൽ നിന്ന് മാറി ഇതൊരു ആഗോള മാനുഷിക പ്രശ്നമായി ഉയർത്തികൊണ്ടുവരാൻ സാധിക്കേണ്ടതുണ്ട്.ഒരു മുന്നറിയിപ്പും,മുൻ കരുതലും ഇല്ലാതെ രാജ്യം അടച്ചിട്ടതിന്റെ ഭാഗമായി വിഭവ ദുർലഭ്യത,തൊഴിൽ ഇല്ലായ്മ,തുടങ്ങി പട്ടിണി മരണങ്ങളിലേക്ക് വരെ എത്തിയേക്കാവുന്ന മഹാവിപത്തിനെയാണ് ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്നത് ഇത്തരമൊരു ഘട്ടത്തിൽ നമ്മുടെ നിലനിൽപ്പിന്റെ ഭാഗമായി നമ്മൾ പുലർത്തി വരുന്ന സ്റ്റേറ്റ് കേന്ദ്രികൃത വിമർശനത്തിൽ നിന്ന് മാറി ആഗോള മാനുഷിക പ്രശ്‌നത്തെ അഭിസംബോധന ചെയ്യപ്പെടണം
ആത്തിഫ് ഹനീഫ്