ആൾക്കൂട്ടം വെറും ആൾക്കൂട്ടമല്ല

ഫാസിസത്തെ വിശകലനം ചെയ്യുന്ന രീതിശാസ്ത്രങ്ങളെ വിശദീകരിക്കുന്നിടത്ത് അന്റോണിയോ ഗ്രാംഷി മൂന്ന് പരികല്പനകളെ മുന്നോട്ട് വെക്കുന്നുണ്ട്.

(1) അധികാരത്തെ തിരിച്ചറിയുക

(2) ജനകീയ തിരിച്ചറിവുണ്ടാക്കുക

(3) വിപ്ലവാത്മക പ്രതിരോധം തീർക്കുക.

 

ഇതിൽ തന്നെ സവിശേഷ ശ്രദ്ധ കൊടുക്കേണ്ട ഘട്ടമാണ് രണ്ടാമത് സൂചിപ്പിച്ച ജനകീയ തിരിച്ചറിവുണ്ടാക്കൽ. ഒരു സമൂഹത്തെ ഡിസൈൻ ചെയ്യുന്ന അടിത്തറകൾ ഉണ്ടാകുന്നത് ആ ജനസമൂഹത്തിന്റെ സാമാന്യബോധ്യ(common sense)ത്തിന്റ അച്ചുതണ്ടിലാണ്. അത്കൊണ്ട് തന്നെ നമ്മൾ എത്ര ഉന്നതമായ രാഷ്ട്രീയബോധം പിന്തുടരുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോഴും സാമാന്യജനത്തിന് അത് മനസിലാകാതെ വരുമ്പോൾ അത്തരം ബോധ്യങ്ങൾ പരാജയപ്പെടുകയാണ് എന്നാണ് ഉപര്യുക്ത ഐഡിയയുടെ ചുരുക്കം.

നിലവിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും നിലവിൽ രാജ്യം സ്വീകരിച്ചു വരുന്ന കൊറോണ  പകർച്ചവ്യാധിയെ മറികടക്കാൻ എടുക്കുന്ന തീരുമാനങ്ങളും ഒരു ജനസമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നത് പ്രധാനമാണ്.

ഇനി സംഭവിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങളിൽ ഒന്ന് ലോക്ക് ഡൗൺ കാലത്ത് ആവശ്യ പൂർത്തികരണത്തിന് വേണ്ടി പുറത്തിറങ്ങുന്ന ആളുകൾ നേരിടേണ്ടി വരുന്ന ‘ആൾക്കൂട്ട’ അക്രമങ്ങളാണ്. ആൾക്കൂട്ട കൊലപാതകത്തിലേക്ക് വരെ നയിക്കാൻ സാധ്യതയുള്ളതരം മനോനില ഉൾകൊള്ളുന്ന സമൂഹങ്ങൾ ഉൾപ്പെട്ടിട്ടുള്ള രാജ്യത്തിന്റെ ഭാഗമാണ് നമ്മൾ എന്ന് പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ.

അതേസമയം കൃത്യമായ അതിജീവന മാർഗം പോലും പ്രഖ്യാപിക്കാതെ സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങുന്ന തീരുമാനത്തെ അന്ധമായി പിന്തുടരുകയും, ഇതിന്റെ പേരിൽ തെരുവിൽ കഴിയുന്ന, തെരുവിൽ അതിജീവിക്കുന്ന ജനകൂട്ടത്തിന് നേരെയുള്ള പോലീസ് വയലൻസുകളും നമ്മുടെ സാമാന്യ ജനസമൂഹത്തെ അസ്വസ്ഥതപ്പെടുത്താതിരിക്കുന്ന അപകടാവസ്ഥയെ കുറിച്ചു നിരന്തരമായി നാം പറഞ്ഞു കൊണ്ടേയിരിക്കണം.

ചുരുക്കത്തിൽ പകർച്ചാവ്യാധി പോലുള്ള പ്രതിസന്ധിഘട്ടം തരണം ചെയ്യുമ്പോഴും അതിന്റെ പേരിൽ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങൾ എത്രത്തോളം ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളുടെ മേൽ കടന്ന് കയറുന്നുണ്ട് എന്ന് തിരിച്ചറിവുണ്ടാക്കുന്ന ജനസമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ നമുക്ക് രാഷ്ട്രീയത്തെ കൂടുതൽ രാഷ്ട്രീയവത്കരിച്ചു കൊണ്ടേയിരിക്കാം.

 

   ആത്തിക്ക് ഹനീഫ്

Leave a Reply

Your email address will not be published. Required fields are marked *