എന്താണ് സോഷ്യൽ ഡിസ്റ്റ്ൻസിങ് ?

  • സമൂഹത്തിൽ നിന്ന് അകലം പാലിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? 

ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് എളുപ്പത്തിൽ പകരാവുന്ന ഒരു രോഗത്തിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ ശുപാർശ ചെയ്യുന്ന ഒരു രീതിയാണ് സോഷ്യൽ ഡിസ്റ്റൻസ് അഥവാ സമൂഹത്തിൽ നിന്നും അകലം പാലിക്കൽ. അതായത് കൊറോണ വൈറസിനോ അതു പോലെയുള്ള ഏതെങ്കിലും രോഗകാരിക്കോ  ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാൻ കഴിയാത്തവിധം ആളുകൾ പരസ്പരം അകലം പാലിക്കുക എന്നാണ് ഇതിനർത്ഥം. 

 സാമൂഹ്യമായ അകലം പാലിക്കുന്നതിലൂടെ ജനങ്ങൾ ബഹുജന സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ആറടി അല്ലെങ്കിൽ രണ്ട് മീറ്റർ(ഏകദേശം ഒരു ശരീരം ദൈർഘ്യം)മറ്റുള്ളവരിൽനിന്ന് അകന്നു നിൽക്കുകയും ചെയ്യുന്നതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിവരിക്കുന്നു. ഉദാഹരണത്തിന്, ഇതിന്റെ ഭാഗമായി ന്യൂയോർക്ക് സിറ്റിയിൽ തീയറ്ററുകൾ താൽക്കാലികമായി അടച്ചിരിക്കുന്നു,  ലോകമെമ്പാടുമുള്ള നിരവധി കൺവെൻഷനുകൾ റദ്ദാക്കപ്പെട്ടിരിക്കുന്നു, കൂടാതെ യു.എസിലുടനീളം സ്കൂളുകളും പൂട്ടിക്കൊണ്ടിരിക്കുന്നു. ഞാനാകട്ടെ ഇപ്പോൾ തിരക്കുള്ള സമയങ്ങളിൽ ട്രെയിനിൽ യാത്ര ചെയ്യുന്നത് നിർത്തുകയും പകരം വീട്ടിലിരുന്നുതന്നെ ജോലി നിർവഹിക്കുകയോ അല്ലെങ്കിൽ ഭാര്യയോടൊപ്പം വാഹനമോടിക്കുകയോ ചെയ്യുന്നു. ചില ഓഫ് ഓവറുകളിൽ മാത്രമാണ് ട്രെയിനിനെ സമീപിക്കുന്നത്. അതിനാൽ തന്നെ എനിക്ക് മറ്റുള്ളവരിൽ നിന്ന്  ആറടി ദൂരം നിലനിർത്താൻ കഴിയുന്നുണ്ട്.

മറ്റുള്ളവരെ സ്പർശിക്കാതിരിക്കലും സാമൂഹ്യ അകലം പാലിക്കുന്നതിൽ ഉൾപ്പെടുന്നു, പരസ്പരമുള്ള കൈകൊടുക്കലുകൾ ഇതിലുൾക്കൊള്ളുന്ന ഒന്നാണ്. കൊറോണ വൈറസിന്റെ  വ്യാപനത്തെ ഏറ്റവും എളുപ്പമാക്കുന്ന മാർഗ്ഗമാണ് ‘ശാരീരിക സ്പർശം’ എന്നത്. ഓർക്കുക, ഒരാളെയും സ്പർശിക്കാതിരിക്കുക, ആറടി ദൂരം അകലം പാലിക്കുക.

സമൂഹത്തിൽ നിന്ന് അകലം പാലിക്കുന്നതിലൂടെ കൊറോണ വൈറസിന്റെ പ്രക്ഷേപണത്തെ 100% തടയാൻ കഴിയുമെന്ന് പറയാനാവില്ല. എങ്കിലും ഇത്തരത്തിലുള്ള ലളിതമായ നിയമങ്ങൾ പാലിക്കുന്നത് വഴി ഓരോ വ്യക്തിക്കും കൊറോണ വൈറസിന്റെ  വ്യാപനത്തെ ചെറുക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കാൻ കഴിയും.

  ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്ക് ഒരു പരിധി വരെ കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനേക്കാൾ താഴെയായി കേസുകളുടെ എണ്ണം ചുരുക്കാനായില്ലെങ്കിൽ -വക്രത പരത്തുക(flattening the curve)എന്നും  വിളിക്കപ്പെടുന്നു- ആശുപത്രികൾ തികയാതെ വരുകയും അത് അനാവശ്യ മരണങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഇടയാക്കുകയും ചെയ്യും.

       സാമൂഹ്യ അകലം പാലിക്കൽ (സോഷ്യൽ ഡിസ്റ്റൻസിംഗ്) എന്നതിനു പുറമേ നിങ്ങൾ കേൾക്കാൻ സാധ്യതയുള്ള മറ്റു ചില പദങ്ങൾ കൂടിയുണ്ട്. അതിലൊന്നാണ് സ്വയം ക്വാറന്റൈൻ  അഥവാ മറ്റുള്ളവരിൽ നിന്ന് സ്വയം അകന്നു നിൽക്കൽ. വൈറസ് ബാധിച്ചിട്ടുള്ള ഏതെങ്കിലും വ്യക്തിയോട് നിങ്ങളറിയാതെ തന്നെ സമ്പർക്കം പുലർത്താൻ സാധ്യതയുള്ള സന്ദർഭത്തിലാണിത് സ്വീകരിക്കേണ്ടത്. 

 മറ്റൊന്ന് നിർബന്ധിത quarantine ആണ്. ഒരു നിശ്ചിത വ്യക്തി നിശ്ചിത സ്ഥലത്ത് തന്നെ തുടരണമെന്ന് സർക്കാർ അധികാരികൾ  സൂചിപ്പിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണത്തിന് സ്വന്തം വീട്ടിലോ അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യസ്ഥലത്തോ ഒരാൾ 14 ദിവസം തുടരണമെന്ന് അധികൃതർ നിഷ്കർഷിക്കുന്നത്. 

  വൈറസ് ബാധ നെഗറ്റീവാണെന്ന് തെളിയിക്കുന്നതിനുള്ള ടെസ്റ്റുകൾക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വ്യക്തികൾക്ക് നിർബന്ധിത ക്വാറന്റൈന് നിർദ്ദേശം നൽകാവുന്നതാണ്. കാരണം അവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ സാധ്യതയുണ്ട്. യു.എസിൽ അധികൃതർ ക്രൂയിസ് കപ്പലുകളിൽ സഞ്ചരിച്ചവർക്കും ചൈനയിലെ ഹൂബെ പ്രവിശ്യയിൽ നിന്ന് യാത്രതിരിച്ചവർക്കും നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നു. 

  •    സമൂഹത്തിൽ നിന്നും അകലം പാലിക്കുന്നതെങ്ങനെയാണ് പ്രാവർത്തികമാകുന്നത്? 

ഓരോ വ്യക്തിക്കും സാമൂഹ്യ അകലം പാലിക്കുന്നതിൽ ശ്രദ്ധ പുലർത്താനായാൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരുന്ന ശൃംഖലയെ തകർക്കാനോ മന്ദഗതിയിലാക്കാനോ സാധിക്കും. ഒരു രോഗിക്ക് രോഗലക്ഷണങ്ങൾ കാണിക്കുന്നതിനുമുമ്പ് കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും രോഗം പരത്താൻ കഴിയും. എന്നാൽ സാമൂഹ്യമായ അകലം പാലിക്കുന്നതിലൂടെ കൊറോണ വൈറസുണ്ടെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കം  പുലർത്തുന്നവരുടെ എണ്ണത്തെ കുറക്കാനാവുകയും അതുമൂലമുള്ള വൈറസിന്റെ വ്യാപനത്തെ പരിമിതപ്പെടുത്താനാവുകയും ചെയ്യുന്നു.

 എക്സ്പോഷർ സാധ്യത ഗൗരവമായി എടുക്കുകയും സ്വയം പ്രതിരോധിക്കുകയും ചെയ്യേണ്ടത് വളരെ അനിവാര്യമാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്,  കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് -19ന്റെ ലക്ഷണങ്ങൾ പ്രകടമാകാൻ ഒരു വ്യക്തി 14 ദിവസം നീണ്ടുനിൽക്കുന്ന സ്വയം ക്വാറന്റൈന് വിധേയനാകേണ്ടതാണ്. രണ്ടാഴ്ചയ്ക്ക് ശേഷവും അവർ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ലെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്. വൈറസിനെ പൂർണമായി ഇല്ലാതാക്കാനുള്ള പരിശോധനകൾ വ്യാപകമായി നടപ്പിലാക്കപ്പെടുമ്പോൾ രോഗലക്ഷണമില്ലാത്ത ആളുകളും ചെറിയ രീതിയിലുള്ള ക്വാറന്റൈനുകൾക്ക് വിധേയമായേക്കാം.

  • സമൂഹത്തിൽ നിന്നും അകലം പാലിക്കൽ വളരെ നിർണായകമാകാനുള്ള കാരണമെന്ത്? 

   കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ നിലവിൽ പ്രായോഗികമായ ഒരേയൊരു രീതിയിതാണ്. വാക്സിനുകൾ ലഭ്യമാകാൻ ഇനിയും 12 മുതൽ 18 മാസം വരെ കാലതാമസം എടുക്കുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. കൊറോണ വൈറസിനെ  ചെറുക്കാനുള്ള മരുന്നുകളൊന്നും ഇപ്പോൾ ലഭ്യമല്ല എന്നതാണ് യാഥാർത്ഥ്യം.

 ഒരിക്കൽ രോഗം ബാധിച്ചു കഴിഞ്ഞാൽ രോഗികളെ സുഖപ്പെടുത്തുന്നതിനും പ്രതിരോധശേഷിയുള്ളവരാ ക്കിമാറ്റുന്നതിനുമുള്ള ഫലപ്രദമായ ഒരേയൊരു മാർഗ്ഗം ആശുപത്രികളിൽ നിന്നുള്ള സേവനവും പരിചരണവും ആവശ്യക്കാർക്ക് ഉറപ്പുവരുത്തുകയെന്നതാണ്. വൈറസിന്റെ വ്യാപനത്തെ മന്ദഗതിയിലാക്കുകയോ പൂർണമായി ഇല്ലായ്മ ചെയ്യുകയോ അല്ലെങ്കിൽ ഒരേ സമയത്തുള്ള കേസുകളുടെ എണ്ണത്തിൽ കുറവ് വരുത്തുകയോ ചെയ്തെങ്കിൽ മാത്രമേ ഇത് സാധ്യമാക്കാനാവൂ.

  • ആരാണ് ഇതിന് മുൻകൈയ്യെടുക്കേണ്ടത്? 

  കേസുകളുടെ വേലിയേറ്റം തടയുന്നതിന് എല്ലാവരും സാമൂഹിക അകലം പാലിക്കാൻ തയ്യാറാകേണ്ടതാണ്. ദുർബലരായ ആളുകളെ പരിപാലിക്കുന്ന ഒരു വയോജന വിദഗ്ധനാണ് ഞാൻ, ഏറ്റവും ദുർബലരായ പ്രായമേറിയവരെ പരിപാലിക്കുന്നൊരാൾ. തീർച്ചയായും അത്തരം വ്യക്തികൾ സ്വസംരക്ഷണത്തിനു വേണ്ടിയുള്ളതെല്ലാം ചെയ്യുന്നുണ്ടാകണം. അവർ സമൂഹത്തിൽ നിന്ന് അകലം പാലിക്കുകയും, ഈ മഹാമാരി തുടച്ചുമാറ്റപ്പെടുന്നത് വരെ തങ്ങളുടെ പൊതു ഇടപെടലുകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ടാകും. കോവിഡ് -19ലേക്കുള്ള എക്സ്പോഷർ കുറക്കുന്നതിനു വേണ്ടി ദുർബലരല്ലാത്തവരും ഇത്തരത്തിൽ അവർക്ക് കഴിയുന്ന രീതിയിൽ സ്വരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.

   ചുരുക്കത്തിൽ, സമൂഹത്തിൽ നിന്നും അകലം പാലിക്കുക എന്നത് ഗൗരവപൂർണമായ ഒന്നായി പൊതുജനം മനസ്സിലാക്കുകയാണെങ്കിൽ വൈദ്യശാസ്ത്രരംഗത്തെ ദൗർലഭ്യതക്കും  പരിഹാരമുണ്ടാക്കാനാവും. ഓരോ വ്യക്തിയും തന്നിഷ്ടപ്രകാരം പ്രവർത്തിച്ചതിനാലാണ് യു.എസിൽ കൊറോണ വൈറസ് ദ്രുതഗതിയിൽ വ്യാപിച്ചതെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്.

 

വിവർത്തനം : മുംതാസ് ജാഇസ

One thought on “എന്താണ് സോഷ്യൽ ഡിസ്റ്റ്ൻസിങ് ?

Leave a Reply

Your email address will not be published. Required fields are marked *