കൊറോണ കാലത്തെ ഇന്ത്യ

 ഇതെഴുതുമ്പോൾ കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയിൽ 360 ആണ്. അത്യധികം ഭീതിയോടുകൂടിയാണ് രാജ്യം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. Covid-19 ഇന്ത്യൻ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ മേഖലകളെ ബാധിച്ച വിധം ചെറുതല്ല. അതീവ ജാഗ്രതയോടെയും മുൻകരുതലുകളോടെയും തുടർന്നാൽ അത്രമേൽ ഭീതിതമല്ലാത്ത ഒന്നാണ് Covid-19 എന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ടെങ്കിലും മുൻകരുതലുകളൊന്നും തന്നെ സ്വീകരിച്ചില്ലെങ്കിൽ അങ്ങേയറ്റം മാരകമായ ഒന്നായി മാറും ഇത് എന്നത് ഇറ്റലിയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്.ആറു കോടി ജനസംഖ്യയുള്ള, സമ്പദ്ഘടനയിൽ ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ സ്ഥാനമുള്ള ഇറ്റലി, രണ്ടാം ലോകയുദ്ധത്തിന്റെ കാലത്തുപോലും കണ്ടിട്ടില്ലാത്ത വിധം പ്രേതാലയം കണക്കെയായിരിക്കുന്നു. ലോകത്തെ ഏറ്റവും ആധുനികമായ ആരോഗ്യപരിപാലന പ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടുകൂടി ഉണർന്നു പ്രവർത്തിക്കേണ്ട സമയത്തെ അലംഭാവമാണ് ഇറ്റലിക്കേറ്റ പിഴവ്. സാമ്പത്തിക ഞെരുക്കവും വൈദ്യശാസ്ത്ര മേഖലയിൽ പോരായ്മകളുമുള്ള രാജ്യങ്ങൾക്ക് കാര്യക്ഷമമായി രോഗപ്പകർച്ചക്ക് തടയിടാനാവില്ല. സൈനിക ചെലവിന്റെ ചെറിയൊരംശം മാത്രമാണ് ആരോഗ്യചെലവിലേക്കായി മാറ്റിവെക്കുന്നത് എന്നത് രാജ്യങ്ങളുടെ ബജറ്റ് വിലയിരുത്തിയാൽ ബോധ്യപ്പെടും. ഇന്ത്യയുടെ കാര്യവും അങ്ങനെതന്നെ. സൈനികചെലവിന്റെ അഞ്ചിലൊന്ന് മാത്രമാണ് ആരോഗ്യ ബജറ്റ്. രാജ്യത്തിന്റെ ജനപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ ആരോഗ്യ സംരക്ഷണ മേഖലക്കായി നീക്കിവെക്കുന്നത് തുലോം കുറവാണ്.ഇന്ത്യ പോലുള്ള ഒരു ദരിദ്ര രാജ്യത്ത് ആരോഗ്യ മേഖലക്ക് മുന്തിയ പരിഗണന ആവശ്യമുണ്ട്. പ്രത്യകിച്ചും ഈ സന്ദർഭത്തിൽ.
Covid-19 അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, രോഗ ബാധിതരുടെ എണ്ണം ഇനിയും ഉയരാതിരിക്കുവാനായി ജനസമ്പർക്കമുണ്ടാകാൻ സാധ്യതയുള്ള എല്ലാ മേഖലകളും പൂർണമായോ ഭാഗികമായോ അടഞ്ഞുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിലിന്റെ വില ഏറ്റവും താഴ്ന്നതിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഗതാഗത മാർഗങ്ങൾ നിശ്ചലമാണ്. വ്യാപാരമേഖലയുടെ കാര്യവും മറിച്ചല്ല. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തികൾ അടക്കുന്നതോടുകൂടി ഭക്ഷണസാധനങ്ങൾക്കും മറ്റു അവശ്യവസ്തുക്കൾക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവർ നിസ്സഹായരാവുകയാണ്.
Covid-19 ഇന്ത്യൻ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്.നോട്ടു നിരോധനത്തിന്റെയും GST യുടെയും പ്രതിസന്ധിയിൽ മുങ്ങിയിരിക്കുന്ന സമയത്താണ് Covid-19 ഇന്ത്യയെ ബാധിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ട്‌ പ്രകാരം കൊറോണ വൈറസ് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ച പതിനഞ്ചു രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്.ഏതെങ്കിലും ഒരു രാജ്യത്തുണ്ടാകുന്ന സാമ്പത്തിക വ്യതിയാനങ്ങൾ ആ രാജ്യത്തെ ആശ്രയിക്കുന്ന രാജ്യങ്ങളെ കൂടി ബാധിക്കും. ആഗോളതലത്തിൽ തന്നെ എല്ലാവരാലും ആശ്രയിക്കപ്പെടുന്ന രാജ്യമാണ് ചൈന. Covid-19 ചൈനക്കുണ്ടാക്കിയ വലിയ ഇടിവ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെയുംബാധിച്ചു.ചൈനയുമായിട്ടുള്ള ഇടപാടുകൾ ചില രാജ്യങ്ങൾ നിർത്തിവെച്ചതും കാരണമാണ്. മാത്രമല്ല, യാത്രാ നിരോധനം ഏർപ്പെടുത്തിയതിലൂടെ ടൂറിസം മേഖലയും ഗതാഗത മേഖലയും നിശ്ചലമായി. വിമാനങ്ങളും കപ്പലുകളും ഇല്ലാതാകുന്നത് ക്രൂഡോയിൽ വില കൂപ്പുകുത്തുന്നതിനും കാരണമായി. ഇതേ അവസ്ഥയിൽ തന്നെ ആണെങ്കിൽ സമ്പദ് വ്യവസ്ഥ കൂടുതൽ മോശമാകാനേ തരമുള്ളൂ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരത രാജ്യത്തിന്റെ തന്നെ ഗതി നിർണയിക്കുന്നതിൽ വലിയ പങ്കാണല്ലോ വഹിക്കുന്നത്.
നോട്ടുനിരോധനവും GST യും ഇപ്പോൾ Covid-19 കൊണ്ടും പ്രതിസന്ധിയിലായ ഇന്ത്യ കാര്യമായ നടപടികളെടുത്തെങ്കിൽ മാത്രമേ നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാനാവൂ. ആണവയുദ്ധാനന്തരം കൂടുതൽ ശക്തി പ്രാപിച്ച ജപ്പാൻ വലിയ മാതൃകയാണ്.
Covid-19 കാലത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ ചില ഇളക്കങ്ങളെ ഓർക്കാതിരിക്കാനാവില്ല.കൊറോണ വൈറസ് രാജ്യത്തെ ബാധിക്കുകയും ജനങ്ങളുടെ സ്വൈര്യ വിഹാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് വീണുകിട്ടിയ സുവർണാവസരമാണ് ഇത് എന്ന് തോന്നിപ്പോകും. SARC രാജ്യങ്ങളുമായുള്ള ടെലികോൺഫെറൻസും അവിവേകമായ മറ്റു ചില തീരുമാനങ്ങളും ഇത് സൂചിപ്പിക്കുന്നു. പടർന്നുകൊണ്ടിരിക്കുന്ന ഈ സാംക്രമിക രോഗത്തെ തടയിടുന്നതിനായി എന്ത് പ്രവർത്തനമാണ് പ്രധാനമന്ത്രി ചെയ്തത് എന്നുള്ളതിന് ഉത്തരമില്ല. ഏറെ വൈകിയാണെങ്കിലും മോഡി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു.മാർച്ച്‌ 22 ന് ഒരു ജനത കർഫ്യൂ പ്രഖ്യാപിച്ചു. കൂട്ടത്തിൽ അന്നേ ദിവസം വൈകീട്ട് അഞ്ചിന് ആരോഗ്യപ്രവർത്തകർക്ക് ആദരവെന്നോണം പാത്രം കൊട്ടലും. രാജ്യത്തിന്റെ പലഭാഗങ്ങളും ഇതേറ്റെടുക്കുകയും ചെയ്തു. പക്ഷെ, പ്രധാനമന്ത്രിയുടെ തന്നെ ഹിന്ദുത്വ ഭീകരർ, പൗരത്വ പ്രതിഷേധ സമരങ്ങളുടെ ഐക്കൺ ഡൽഹി ഷാഹിൻബാഗിനുനേരെ വെടിവെപ്പ് നടത്തിയും പെട്രോൾ ബോംബ് എറിഞ്ഞുമാണ് ജനത കർഫ്യൂ ആഘോഷിച്ചത്. ജനത കർഫ്യൂവിലൂടെ പൗരന്മാരെ വീട്ടിലിരുത്താമെന്നും ഷാഹിൻബാഗ് ഒഴിപ്പിക്കാമെന്ന വികലവിചാരവും പ്രധാനമന്ത്രിക്കുണ്ടായിരുന്നു എന്നതിന്റെ നഗ്നമായ അടയാളപ്പെടുത്തലായിരുന്നു ഇത്. പക്ഷെ, തങ്ങളുടെ പാദരക്ഷകൾ കൊണ്ട് ക്രിയാത്മകമായി സമരപ്പന്തലിന് ജീവൻ നല്കിക്കൊണ്ടായിരുന്നു സമരക്കാർ വീടുകളിലേക്ക് തിരിച്ചത്. ഇതിനിടെ ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുക്കുകയും, റഫാൽ അഴിമതി ഇടപാടിൽ പ്രധാനമന്ത്രിയെ കുറ്റമുക്തനാക്കുകയും, കേന്ദ്ര ആഭ്യന്തര മന്ത്രി ആരോപണ വിധേയനായ ജഡ്ജി ലോയയുടെ ദുരൂഹ മരണ കേസ് അടക്കുകയും, ജമ്മു-കാശ്മീരിന്റെ 370 റദ്ധാക്കാനുള്ള സാവകാശം നൽകുകയും, കനയ്യ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ ഒഴിവാക്കിയതുമായ തീരുമാനങ്ങളെടുത്ത മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
പൗരന്മാരെ ആശങ്കയിലും ഭീതിയിലും ആഴ്ത്തിയ പൗരത്വ ഭേതഗതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗവൺമെന്റ് നിർത്തിവെച്ചിരിക്കുകയാണ് ഇപ്പോൾ. യഥാർത്ഥത്തിൽ, ഈ ഒരു വലിയ വിഷയം മാധ്യമശ്രദ്ധയിൽ നിന്നും മറയുന്നു എന്നതും ആശങ്കാജനകമാണ്. പടർന്നു കൊണ്ടിരിക്കുന്ന രണ്ടു വൈറസുകൾക്കെതിരെയും പ്രതികരിച്ചേ മതിയാകൂ.

 

 

                     ഹിബ ഹമീദ് കെ.വി

Leave a Reply

Your email address will not be published. Required fields are marked *