ജനങ്ങൾ തോല്പിക്കപ്പെടുകയാണ്

രാജ്യം കെടുതികളിലൂടെ കടന്നുപോകുമ്പോൾ ജനങ്ങളുടെ ആശങ്കകൾക്ക് അറുതി വരുത്തുക എന്നത് ഒരു ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിൽ ഒന്നാണ്.ജനങ്ങളുടെ ക്ഷേമത്തെ ഉറപ്പാക്കുക എന്നതാണ് ഒരു ഭരണകൂടത്തെ സംബന്ധിച്ച പ്രാഥമിക ഉത്തരവാദിത്വം.നിലവിൽ കോവിഡ്19 ബാധിച്ച പ്രമുഖ രാജ്യങ്ങളിൽ ഒക്കെ അതിനെ മറികടക്കാനുള്ള വിവിധ സാമ്പത്തീക പാക്കേജുകൾ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.തങ്ങളുടെ ജോലിയും മറ്റു ഉപജീവന മാർഗങ്ങൾ ഒക്കെ തടസപ്പെടുകയും ഉറ്റ ബന്ധുക്കളെ പോലും കാണാൻ ആവാതെ ആശുപത്രികളിൽ വിഷമിക്കുന്നവരുമായ അനേകായിരം ആളുകൾ മാനസികമായി പ്രയാസം അനുഭവിക്കുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ ഭരണകൂടത്തിന് എന്താണ് പറയാൻ ഉണ്ടാകുക എന്ന് കാതോർക്കാൻ അവർ കാത്തിരിക്കും.തങ്ങളുടെ ഈ പ്രയാസത്തിന്റെ ഇടക്ക് എന്ത് ആശ്വാസമാണ് ലഭിക്കുക എന്നോർത്ത്,അതിനെ കരുതി ഇരിക്കുന്ന ഒരു ജനതക്ക് മുന്നിൽ വന്നാണ് തീർത്തും പരിതാപകരമായി നിങ്ങൾ വൈകിട്ട് വീടിന്റെ മുന്നിൽ നിന്ന് പ്ലേറ്റുകൾ കൂട്ടി അടിക്കണം എന്ന് പ്രധാനമന്ത്രി പറയുന്നത്.സാമ്പത്തികവും സാമൂഹികവുമായ കൊടിയ പ്രയാസങ്ങൾ സഹിക്കുന്ന ഒരു ജനതക്ക് മുന്നിൽ അതിന് യാതെരു വിധ പ്രതിവിധിയും പറയാൻ ഇല്ലാത്ത തീർത്തും നിസ്സഹായനായ,ലോകത്തിന് മുന്നിൽ അപമാനിതനായ ഒരു ഭരണാധികാരിയായി നരേന്ദ്രമോഡി സ്വയം മാറുകയാണ്.സംഘ്പരിവാറിൽ നിന്ന് വരാറുള്ള ഓരോ ‘മണ്ടത്തരങ്ങളെയും’ ആഘോഷിക്കാറുള്ള സാമാന്യ ജനത മോദിയുടെ അവസാനം നടത്തിയ പ്രസ്താവനയെയും പരിഹസിച്ച് രംഗത്ത് വരുകയാണ് ഉണ്ടായത്.യഥാർത്ഥത്തിൽ പരിഹാസ്യരായ ഭരണകൂടം കാരണം തോൽക്കപ്പെടുന്ന,തോല്പിക്കപ്പെടുന്ന ഒരു ജനതയെ കാണാൻ പലപ്പോഴും നമ്മൾക്ക് സാധിക്കാതെ വരുന്നു എന്നതാണ് നിലവിലെ ഏറ്റവും പരിതാപകരമായ വസ്തുത.എല്ലാ മേഖലകളും തകർന്നു കൊണ്ടിരിക്കുമ്പോൾ എത്രകാലം ഇങ്ങനെ ഹാസ്യങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും മാത്രം ഭരണകൂടത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് മുന്നോട്ട് പോകാൻ സാധിക്കും എന്നത് ഗൗരവകരമായ യാഥാർഥ്യമായി നമ്മൾ മനസിലാക്കേണ്ടതുണ്ട്.തങ്ങൾ നിർണയിച്ചു വെക്കുന്ന അജണ്ടകൾ നടപ്പിലാക്കുക എന്നതിൽ കവിഞ്ഞ് രാജ്യത്തെ ജനസമൂഹത്തോട് ഒരുവിധ പ്രതിബദ്ധതയും ഇല്ലെന്ന് പലകുറി തെളിയിച്ച ഇന്നത്തെ ഗവൺമെൻ്റിനെ സംബന്ധിച്ച് അവർക്കെതിരെ നടത്താറുള്ള കേവല ‘ട്രോളുകൾ’ നമ്മൾക്ക് തമാശയാകുന്നത് പോലെ അവർക്കും ഒരു തമാശ മാത്രമാണെന്ന തിരിച്ചറിവ് നമ്മൾക്ക് ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടാണ് വീണ്ടും വീണ്ടും മണ്ടത്തരങ്ങൾ പറയാനും അതിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനും നിരന്തരം ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.ഇത്തരമൊരു ഘട്ടത്തിൽ നമ്മൾ മറന്നുകൂടാൻ പാടിലാത്ത സുപ്രധാനമായ ഒരു സംഗതിയുള്ളത് രാജ്യത്ത് ശക്തമായി നടന്നു വരുന്ന,കൊറോണയുടെ പശ്‌ചാത്തലത്തിൽ വിസ്മരിക്കപ്പെട്ട പൗരത്വ പ്രക്ഷോഭങ്ങൾ ആണ്. സംക്രമണ രോഗങ്ങളിൽ നിന്ന് അകലം പാലിക്കുന്നതും അതിനോട് ഇത്രമേൽ ജാഗ്രത പുലർത്തുന്നതും ആളുകളിൽ നിന്ന് ആളുകളിലേക്ക് പടർന്ന് കയറുന്നതുകൊണ്ടും ആളുകളുടെ ജീവൻ അപഹരിക്കുന്നതുകൊണ്ടുമാണ്.ഇതേ പ്രശ്നം തന്നെയാണ് എന്നാൽ അതിനേക്കാൾ ഗൗരവത്തിൽ, ഇപ്പോഴുള്ള പൗരത്വ നിയമങ്ങൾക്കുമുള്ളത്.വംശീയതയെ അടിസ്ഥാനപ്പെടുത്തികൊണ്ട് നിർമിക്കപ്പെട്ട ഈ നിയമം ജനങ്ങൾക്കിടയിൽ വംശീയതയുടെ വിത്ത് പാകിയും അതിലൂടെ വിഭാഗീയത സൃഷ്ടിച്ചുമാണ് നടപ്പിലാക്കുന്നത്.വംശീയത എന്നത് വൈറസിനെ ഭയപ്പെടുന്നത് പോലെ,അതിനേക്കാൾ പ്രഹരശേഷിയുള്ള ഘടകമാണ്.ഇതപര്യന്തമുള്ള മനുഷ്യ ചരിത്രത്തിൽ സംക്രമണ രോഗങ്ങൾ ഒരുപാട് മരണങ്ങൾക്ക് കാരണമായെങ്കിൽ അതിന്റെ എത്രയോ അധികം ശതമാനം ആളുകൾ ജനങ്ങളിൽ കുത്തിവെക്കപ്പെട്ട വംശീയത കാരണം കൊല്ലപ്പെട്ടു.അതിന്റെ തുടർച്ച തന്നെയാണ് ഇന്ത്യയിൽ പൗരത്വത്തിന്റെ പേരിൽ ഇപ്പോൾ അരങ്ങേറി കൊണ്ടിരിക്കുന്നത്.ഇങ്ങനെ സവിശേഷമായ രണ്ട് പ്രതിസന്തികളിലൂടെ കടന്നുപോകുമ്പോൾ ഒരു രാജ്യത്തെ പ്രധാനമന്ത്രി വന്നിട്ട് നിങ്ങൾ പ്ലേറ്റുകൾ കൂട്ടിമുട്ടണം എന്ന് പറയുമ്പോൾ ആ രാജ്യത്തെ ജനങ്ങൾ തോല്പിക്കപ്പെടുകയാണ് ചെയ്യുന്നത്.

 

 

 

            ലേഖകൻ :ആത്തിഫ് ഹനീഫ്

 

Leave a Reply

Your email address will not be published. Required fields are marked *