സംഘപരിവാർ അജണ്ടകളും വിചാരധാരയും

വർഗീയതയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെ സ്വന്തം ഭരണഘടനയായി സ്വീകരിച്ച് വർഗീയവൽകൃത സാമൂഹിക മണ്ഡലം സാധ്യമാക്കുന്ന പാതയിൽ ഉറച്ചുനിൽക്കുകയാണ് സംഘപരിവാർ ഭരണകൂടം. പക്ഷേ ഈ നീക്കത്തിനെതിരെ പല പ്രതിഷേധ ചത്വരങ്ങൾക്കും ഇന്ത്യയിലെ തെരുവോരങ്ങൾ സാക്ഷിയായികൊണ്ടിരിക്കുകയാണ്. തങ്ങളെ നിർവീര്യമാക്കാനും ശിഥിലീകരിക്കാനും കെൽപ്പുള്ള ഇതര ദർശനങ്ങളെ അപരവൽകരിച്ച് വംശീയതയിലൂന്നിയ വർണ്ണവെറി നിറഞ്ഞ സിദ്ധാന്തത്തെ സമൂഹത്തിൽ മാന്യതയുടെ മുഖം മൂടിയണിയിച്ച് വർഗ്ഗീകരണം നടപ്പിലാക്കുക എന്ന നിഗൂഢ ലക്ഷ്യം സംഘപരിവാറിന്റെ രണ്ടാംവരവിലൂടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

2002 ലെ ഗുജറാത്ത് കലാപവും പൗരത്വ ഭേദഗതി നിയമവും ഡൽഹി കലാപവും ഈ സിദ്ധാന്തത്തിന്റെ പരിണിതികളാണ്. സമൂഹത്തിൽ ഇരുൾ വീഴ്ത്തി അതിന്റെ മറവിൽ അട്ടഹസിക്കുന്ന കാപാലികരായ മനുഷ്യർക്ക് മാത്രമേ ഇത്തരത്തിൽ ഒരു കുൽസിത പ്രത്യയശാസ്ത്രം ലക്ഷ്യമായി കൊണ്ടുനടക്കാൻ സാധിക്കുകയുള്ളൂ. 

2002 ലെ ഗുജറാത്ത് കലാപവും പൗരത്വ ഭേദഗതി നിയമവും ഡൽഹി കലാപവും ഈ സിദ്ധാന്തത്തിന്റെ പരിണിതികളാണ്. സമൂഹത്തിൽ ഇരുൾ വീഴ്ത്തി അതിന്റെ മറവിൽ അട്ടഹസിക്കുന്ന കാപാലികരായ മനുഷ്യർക്ക് മാത്രമേ ഇത്തരത്തിൽ ഒരു കുൽസിത പ്രത്യയശാസ്ത്രം ലക്ഷ്യമായി കൊണ്ടുനടക്കാൻ സാധിക്കുകയുള്ളൂ. 

 

വിചാരധാര, നാം നമ്മുടെ ദേശീയത നിർവചിക്കപ്പെടുമ്പോൾ എന്നീ രണ്ട് പുസ്തകങ്ങൾ ആർ.എസ്.എസിന്റെ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടവയാണ്. ആർ.എസ്.എസിന്റെ രണ്ടാം സർസംഘചാലക് മാധവ സദാശിവ ഗോൾവാൾക്കറാണ് ഇരു പുസ്തകങ്ങളുടെയും കർത്താവ്. ഇവ രണ്ടും പരിശോധിക്കുന്ന പക്ഷം സംഘപരിവാറിന്റെ വംശവെറിയിൽ മുക്കിയ വിഷലിപ്തമായ ആശയങ്ങൾ നിരീക്ഷിക്കാനാവും. ഇന്ത്യയുടെ ഭാഗമായി നിലകൊള്ളാൻ ഹിന്ദുക്കൾക്ക് മാത്രമാണ് സാധ്യമാവുക എന്ന അവകാശവാദത്തെ പിൻപറ്റിയാണ് ഗോൾവാൾക്കർ തന്റെ നിരീക്ഷണങ്ങളെ വികസിപ്പിച്ചിട്ടുള്ളത്.

 

ജന്മിത്വത്തിനെതിരെയുള്ള ദളിത് സമൂഹത്തിന്റെ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമർത്തി ബ്രാഹ്മണ മേധാവിത്വത്തിന് രക്ഷാകവചം തീർക്കുക എന്ന ലക്ഷ്യവുമായാണ് 1925 നാഗ്പൂരിൽ വച്ച് ആർ.എസ്.എസ് രൂപീകൃതമാവുന്നത്. അതിന്റെ സൈദ്ധാന്തിക അടിത്തറ രൂപപ്പെടുത്തുന്നതിന് ധാരാളം ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. അതിൽ ഏകാധിപതിയായ മുസോളിനിയുടെ സ്വാധീനം എടുത്തുപറയേണ്ടതാണ്. സംഘപരിവാറിന്റെ നേതാവായ ഹെഡ്ഗോവറുടെ ഉറ്റസുഹൃത്തും ഉപദേശകനുമായ ബി.എസ് മുഞ്ചേ ഇറ്റലി പര്യടനം നടത്തിയതായി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ബി.എസ് മുഞ്ചേയുടെ ഡയറിക്കുറിപ്പുകളിൽ മുസോളിനിയുടെ “ബല്ലിലാ” ഓർഗനൈസേഷനെക്കുറിച്ച് ന്യായീകരണ സ്വഭാവത്തിൽ അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. 1934 മാർച്ച് 31നുള്ള മുഞ്ചേയുടെ ഡയറിക്കുറിപ്പിൽ അദ്ദേഹവും ഗോൾവാൾക്കറും തമ്മിലുണ്ടായ കൂടിക്കാഴ്ചയെ പറ്റിയും പറയുന്നുണ്ട്. മറ്റൊരു സ്വാധീനം ഹിറ്റ്ലറുടെ ആശയങ്ങളുമായാണ്. ഗോൾവാൾക്കർ ഹിറ്റ്ലറെ അനുകൂലിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാം നമ്മുടെ ദേശീയ നിർവചിക്കപ്പെടുമ്പോൾ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.” ജർമ്മൻ വംശാഭിമാനം ഇന്നത്തെ ചിന്താവിഷയം ആയിത്തീർന്നിരിക്കുന്നു. വംശത്തെയും അതിന്റെ സംസ്കാരത്തെയും അതിന്റെ സംശുദ്ധി കാത്തു സംരക്ഷിക്കുന്നതിനായി ജർമ്മനിയിലെ സെമിറ്റിക് വംശങ്ങളെ- യഹൂദന്മാരെ- ഉന്മൂലനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. വംശാഭിമാനത്തിന്റെ ഉത്തുംഗമായ തലം ഇവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നു. വേരോളം വൈരുദ്ധ്യമുള്ള വ്യത്യസ്ത വംശങ്ങൾക്ക് ഐക്യപ്പെട്ട ഒന്നായി തീരാൻ എത്രമാത്രം അസാധ്യമാണെന്ന് ജർമ്മനി കാണിച്ചുതന്നു. ഹിന്ദുസ്ഥാനിൽ നമുക്ക് പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ നല്ലൊരു പാഠമാണിത്”. ഇങ്ങനെ വംശീയതയിൽ വേരൂന്നിയ ദേശീയതയെ എടുത്തുപറഞ്ഞ് ഇന്ത്യയെ വർഗീയ ധ്രുവീകരണത്തിലേക്കും സമൂഹത്തിന്റെ പ്രായോഗികതലത്തിൽ ശ്രേണീകരണത്തിനും വഴിതെളിക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടിയാണ് ഗോൾവാൾക്കർ വിചാരധാര രചിക്കുന്നത്. വിചാരധാരയെ നിരീക്ഷിച്ചാൽ സംഘപരിവാറിന്റെ കൃത്യമായ അജണ്ടകൾ നമുക്ക് വ്യക്തമാവുന്നതാണ്. അസമത്വത്തെ മനുഷ്യമനസ്സുകളുടെ ഉള്ളകങ്ങളിൽ സ്ഥായിയായി നിലനിൽക്കുന്ന ഒരു വസ്തുതയായിട്ടാണ് ഗോൾവാൾക്കർ വിചാരധാരയിൽ പരിചയപ്പെടുത്തുന്നത്. അസമത്വം പ്രകൃതിദത്തമാണെന്നും അതിനെ തുടച്ചുനീക്കൽ അസാധ്യമാണെന്നും അദ്ദേഹം സമർത്ഥിക്കുന്നു. അദ്ദേഹം എഴുതുന്നു: “എല്ലാവരിലും ഒരേ ആത്മാവ് കുടികൊള്ളുന്നത് കൊണ്ടാണ് എല്ലാ മനുഷ്യരും സമന്മാരാകുന്നത്. പരമാത്മാവിന്റെ തലത്തിൽ മാത്രമാണ് സമത്വം സാധ്യമാവുക. എന്നാൽ ഭൗതിക തലത്തിൽ അതേ ആത്മാവ് തന്നെ അത്ഭുതകരമായ നാനാവിധ വൈവിധ്യങ്ങളായും അസമത്വങ്ങളായും പ്രത്യക്ഷീഭവിക്കുന്നു”. മനുഷ്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നെന്ന രീതിയിൽ അസമത്വത്തെ ഉറപ്പിച്ചതിനുശേഷം അതിനെ നീക്കം ചെയ്യുവാനും സമത്വം പുലരുവാനും മനുഷ്യൻ ഏർപ്പെടുന്ന ഏതൊരു മാർഗ്ഗവും നിർജീവകരമായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “ഉപരിപ്ലവമായ സമത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രകൃതിജന്യമായ വിഷമാവസ്ഥ പാടെ നീക്കം ചെയ്യാൻ ശ്രമിക്കുന്ന ഏതൊരേർപ്പാടും പരാജയപ്പെടുകയേയുള്ളൂ.” ഇത്തരത്തിൽ സാമൂഹിക വ്യവഹാരങ്ങളിലൊന്നും സമത്വം വിഭാവന ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രവും നിലകൊള്ളില്ല എന്ന് ഉറപ്പിച്ചുപറയുന്നു. അതിനുശേഷം മനുഷ്യന്റെ അവകാശങ്ങളെ ഹനിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹം പറയുന്നു:” നമ്മുടെ ജനങ്ങളുടെ അവകാശങ്ങളെ പറ്റി എല്ലായിപ്പോഴും പറയുന്നത് അവരുടെ അഹങ്കാരത്തെ ഉണർത്തുകയാണ്. കർത്തവ്യങ്ങളെ പറ്റിയും യഥാർത്ഥ സേവനങ്ങളെ പറ്റിയും എവിടെയും ആരും ഊന്നിപറയുന്നില്ല “. മനുഷ്യാവകാശങ്ങളെ ഇല്ലാതാക്കി അവർ എപ്പോഴും കർത്തവ്യനിരതരും നിസ്വാർത്ഥ സേവനം ചെയ്യേണ്ടവരാണെന്ന ബോധം മനുഷ്യരിൽ രൂപപ്പെടുത്തി അവനുമേൽ അധീശത്വം സ്ഥാപിക്കുന്ന ബ്രാഹ്മണ യുക്തിയെ സാമൂഹിക യുക്തിയായി പരിവർത്തിപ്പിക്കാനുള്ള ഗോൾവാൾക്കറുടെ ശ്രമത്തെയാണ് ഇത് വ്യക്തമാക്കുന്നത്. അതുപോലെ ജനാധിപത്യ വ്യവസ്ഥിതിയെ എതിർക്കുകയും അതിനു ബദലായി രാജവാഴ്ചയെ അനുകൂലിക്കുകയും ചെയ്യുന്നു. അദ്ദേഹം തുടരുന്നു: ” മനുഷ്യനുപരിയായി പദ്ധതിയെ വെച്ചതുകൊണ്ടുണ്ടായ അടിസ്ഥാന കുഴപ്പങ്ങളുടെ കെടുതിയിലാണ് ജനാധിപത്യ രാജ്യങ്ങൾ. അവർ രൂപംകൊടുത്ത ഈ ജനാധിപത്യവ്യവസ്ഥ ആത്മപ്രശംസ പരദൂഷണം എന്നീ ദോഷങ്ങൾ വളർത്തുന്നു. മനുഷ്യമനസ്സിന് ശാന്തിയും പരിശുദ്ധിയും വിഷമാക്കുന്നു. വ്യക്തിയും സമാജവും തമ്മിലുള്ള ചേർച്ച താറുമാറാക്കുകയും ചെയ്യുന്നു. പാശ്ചാത്യരാജ്യങ്ങളിൽ ഏകാധിപത്യത്തെ സൃഷ്ടിക്കുകയും രക്തപങ്കിലമായ വിപ്ലവത്തിന് വഴിതെളിച്ച രാജവാഴ്ച ഇവിടെ ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും സ്വാതന്ത്ര്യത്തിന് പുതുജീവൻ പകരുകയും നമ്മുടെ ജനതയ്ക്കാകമാനം സമൃദ്ധിയും സമാധാനവും അരുളുയും ചെയ്തുകൊണ്ട് ആയിരം ആയിരം ആണ്ടുകളോളം ശ്രേയസ്കരമായ വ്യവസ്ഥയായി നിലകൊണ്ടു” ഡെമോക്രസി എന്ന വ്യവസ്ഥയെ തള്ളിപ്പറയുകയും അടിമത്വത്തിനും തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും ദുഷ്ചെയ്തികൾക്കും ധാരാളം മോശമായ പരിണിതികൾക്കും നിദാനമായ രാജവാഴ്ചയെ വിസ്തൃതമായി ഇന്ത്യൻ സാമൂഹിക ഭൂമികയിൽ വിന്യസിപ്പിക്കുക എന്ന നിരീക്ഷണമാണ് വിചാരധാര മുന്നോട്ട് വെക്കുന്നത്. [quote]”ബ്രാമണോസ്യ മുഖാമസീദ് ബഹു രാജന്യ:കൃത ഊരൂസദസ്യ യദ്വൈശ്യ പത്ഭ്യാം ശൂദ്രോള ജായത (ഋഗ്വേദം 10, 90, 12 )” മനുസ്മൃതിയുടെ അടിസ്ഥാനമായ ബ്രാഹ്മണ മേധാവിത്വത്തെ പിന്തുണച്ച് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്ന തലത്തിൽ സാമൂഹിക അടിത്തറകളെ പൊളിച്ചെഴുതി സാമൂഹിക ശ്രേണീകരണസിദ്ധാന്തം നടപ്പിൽ വരുത്തുകയാണ് ഗോൾവാൾക്കർ വിചാരധാരയിലൂടെ ചെയ്യുന്നത്.[/quote] അദ്ദേഹം പറയുന്നു. ” നമ്മുടെ സമാജത്തിന്റെ സവിശേഷ മേന്മ വർണ്ണ വ്യവസ്ഥയാണ്. എന്നാൽ അതിനെ ജാതീയത എന്ന് വിളിച്ച് പുച്ഛിച്ചു തള്ളുകയാണ്. വർണ്ണവ്യവസ്ഥയെന്ന് പരാമർശിക്കുന്നത് അപഹസിക്കേണ്ട ഒന്നാണെന്ന് നമ്മുടെ ആൾക്കാർക്ക് തന്നെ തോന്നിയിട്ടുണ്ട്. അതിലടങ്ങിയിട്ടുള്ള സാമൂഹിക വ്യവസ്ഥയെ സാമൂഹിക വിവേചനമായി അവർ തെറ്റിദ്ധരിച്ചിരിക്കുന്നു”. ഇങ്ങനെ സമൂഹത്തെ ശ്രേണികളാക്കി ചാതുർവർണ്ണ വ്യവസ്ഥയിലൂടെ സമൂഹത്തെ വരേണ്യ വർഗ്ഗത്തിന്റെ കൈപ്പിടിയിലൊതുക്കുക എന്നതാണ് വിചാരധാര നൽകുന്ന സാമൂഹികക്രമം. അതിൽ തന്നെ ബ്രാഹ്മണൻമാരെ ഔന്നിത്യമുള്ളവരായി കണക്കാക്കുകയും അവരെ ദൈവങ്ങളായി മാറ്റുന്ന സാങ്കൽപിക സൈദ്ധാന്തികത പ്രചരിപ്പിക്കുകയും ചെയ്യുന്നു. സേവനത്തെ ദൈവാരാധനയായി സമൂഹത്തിൽ പ്രതിഷ്ഠിക്കുകയും പ്രത്യക്ഷ സ്വഭാവത്തിലുള്ള ദൈവത്തെ( ബ്രാഹ്മണനെ ) മറ്റുള്ളവർ സേവിക്കുന്ന രീതിശാസ്ത്രം വിചാരധാരയിൽ പരികല്പന ചെയ്യുന്നുണ്ട്. ഇതിനെല്ലാമപ്പുറം ഹിന്ദുക്കളിലെ ദളിത വിഭാഗം വിചാരധാര പ്രേഷണം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിൽ പൗരനെന്ന ചാക്രികവൃത്തത്തിൽ ഉൾപ്പെടുന്നില്ലന്ന വസ്തുത തെളിഞ്ഞു കാണാവുന്നതാണ്. വിചാരധാരയിൽ ” ആന്തരിക ഭീഷണികൾ” എന്ന ശീർഷകത്തിൽ മുസ്ലീങ്ങൾ ക്രൈസ്തവർ കമ്മ്യൂണിസ്റ്റുകാർ എന്നീ വിഭാഗങ്ങളെ നീചമായി ചിത്രീകരിക്കുകയും ഉന്മൂലനംചെയ്യപ്പെടേണ്ടവരുമാണെന്ന് പ്രതിപാദിക്കുകയും ചെയ്യുന്നുണ്ട്.

ഗോൾവാൾക്കർ പറയുന്നു: “പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടതോടെ ഒരൊറ്റ രാത്രി കൊണ്ട് അവരെല്ലാം( മുസ്ലീങ്ങൾ) രാജ്യസ്നേഹികളാണെന്ന് വിശ്വസിച്ച് സ്വയം വഞ്ചിതരാകുന്നത് ആത്മഹത്യാപരമായിരിക്കും. നേരെ മറിച്ച് നമ്മുടെ രാഷ്ട്രത്തിനുനേരെ ഭാവിയിലെ അവരുടെ ആക്രമണങ്ങൾക്കെല്ലാമുള്ള ചവിട്ടുപടിയായ പാക്കിസ്ഥാന്റെ സൃഷ്ടിയോട് കൂടി മുസ്ലീങ്ങളെ കൊണ്ടുള്ള ശല്യം നൂറിരട്ടി വർധിച്ചിരിക്കുകയാണ്. അവരുടെ(മുസ്ലിങ്ങളുടെ) പ്രത്യക്ഷ ആക്രമണം പ്രഥമ വിജയത്തിന്റെ പാതയിൽ മൂർച്ചപ്പെട്ടതോടെ അവർ കാശ്മീരിനു നേരെ തിരിഞ്ഞു. അവിടെ അവർ ഭാഗികമായി വിജയം വരിച്ചു. ഇന്നും കാശ്മീരിന്റെ മൂന്നിലൊരുഭാഗം അവരുടെ പിടിയിലാണ്. അവരുടെ ആക്രമണത്തിന്റെ രണ്ടാം ഭാഗം നാട്ടിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ തങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ്. കാശ്മീർ കഴിഞ്ഞാൽ ആസാമാണ് അവരുടെ ലക്ഷ്യം”. ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സമകാലിക സംഭവങ്ങൾ ഗോൾവാൾക്കറുടെ ഈ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയാണെന്ന് പകൽപോലെ വ്യക്തമാണ്. ഇന്ത്യയിലെ മുസ്ലിം വർദ്ധിത പ്രദേശങ്ങളിൽ നിന്ന് അവരെ കുടിയൊഴിപ്പിച്ച് അപരത്വവൽക്കരിക്കുക എന്ന വിചാരധാരയുടെ ലക്ഷ്യസാക്ഷാത്കാരമാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം നിലകൊണ്ട മൗലാനാ അബുൽ കലാം ആസാദിനെയും ഗോൾവാൾക്കർ വിമർശന വിധേയമാക്കുന്നുണ്ട്. വിചാരധാരയുടെ അപരവൽക്കരണത്തിന്റെ മറ്റൊരു ഇര ക്രൈസ്തവ സമൂഹമാണ്. ഗോൾവാൾക്കർ പറയുന്നു: “നമ്മുടെ ജീവിതത്തിലെ സാമൂഹ്യവും മതപരവുമായ ഘടന തകർക്കുവാൻ മാത്രമല്ല വിവിധ കേന്ദ്രങ്ങളിലും കഴിയുമെങ്കിൽ നാട്ടിലാകമാനവും രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നതിനും കൂടി ശ്രമിക്കുകയാണ് നമ്മുടെ നാട്ടിലെ ക്രൈസ്തവ മാന്യന്മാർ”. അതുപോലെ ക്രൈസ്തവർ ശബരിമലയും മറ്റു ക്ഷേത്രങ്ങളും തകർക്കുവാൻ പരിശ്രമിക്കുന്നു എന്ന പാഴ് വാദവും വിചാരധാര മുന്നോട്ട് വെക്കുന്നു. ഓരോ വിഭാഗത്തെയും ഉന്മൂലനം ചെയ്ത് ഇന്ത്യയിൽ നിന്ന് നീക്കാനുള്ള ആഹ്വാനമാണ് ഗോൾവാൾക്കർ വിചാരധാരലൂടെ പ്രസ്താവിക്കുന്നത്. ഗോൾവാൾക്കർ വിചാരധാരയിൽ ദേശീയതയുടെ അടിത്തറ വ്യക്തമാക്കുന്ന ഭാഗം വളരെ ശ്രദ്ധേയമാണ്. അതിലദ്ദേഹം ദേശീയതയുടെ സിദ്ധാന്തത്തെ വിശദീകരിച്ചതിനുശേഷം പറയുന്നു. “നമ്മുടെ പൂർണ്ണ വികസിത സമാജം ആയിരക്കണക്കിന് വർഷങ്ങളായി ഇവിടെ ഈ മണ്ണിന്റെ മക്കളായി വസിച്ചുപോകുന്നു. ഈ സമാജം അറിയപ്പെടുന്നത് തന്നെ പ്രത്യേകിച്ച് ആധുനിക കാലത്ത് ഹിന്ദു സമാജം എന്ന പേരിലാണ്. കാരണം ഹിന്ദുക്കളുടെ പിതാമഹന്മാരാണിവിടെ മാതൃഭൂമിയോടുള്ള സ്നേഹത്തെയും സമർപ്പണത്തെയും പാരമ്പര്യത്തെയും കീഴ്‌വണങ്ങളെയും സൃഷ്ടിച്ചത്”. ഇത്തരത്തിൽ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി മാറ്റാനുള്ള മാർഗം ചിത്രീകരിക്കുന്ന വേദപുസ്തകമാണ് ആർ.എസ്സ്‌.എസ്സിന്റെ വിചാരധാര. അതിൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് പച്ചയായി പ്രസ്താവിക്കുകയും ചെയ്യുന്നുണ്ട്.

 

സാർവ്വലോക ഐക്യത്തെ നിരാകരിച്ച് ഇന്ത്യൻ ദേശീയതയെ ഹിന്ദു ദേശീയതയായും ബ്രാഹ്മണ യുക്തിയെ സാമൂഹിക മണ്ഡലത്തിൽ മൗലികതയായും സമൂഹത്തിന്റെ അഭിവാജ്യ ഘടകമായ മനുഷ്യനെ വർഗീകരിക്കുകയും അപരത്വവൽക്കരണത്തിന് വിധേയമാക്കുകയും ചെയ്യുന്ന സംഘപരിവാർ പ്രത്യയശാസ്ത്രത്തെ തകർത്തെറിഞ്ഞ് ജനാധിപത്യ ധർമ്മത്തെ തിരിച്ചറിഞ്ഞ് നീതിയുടെയും സമത്വത്തിന്റെയും വാഹകരായി നമുക്ക് നിലകൊള്ളാം.

 

 

                  അഫ്‌ലഹുസ്സമാൻ

Leave a Reply

Your email address will not be published. Required fields are marked *