പൗരസ്ത്യ – പാശ്ചാത്യ വീക്ഷണങ്ങളുടെ വൈരുദ്ധ്യങ്ങൾക്കിടയിൽ പിണഞ്ഞു കിടക്കുന്ന മേഖലയായിരുന്നു സമീപനാളുകൾ വരെ അറബ് സാഹിത്യലോകം.
ക്രൂരതയുടെയും കാടത്തത്തിന്റെയും ഈറ്റില്ലമായ പാശ്ചാത്യ മിഴികൾ ഉറ്റു നോക്കുന്ന പൗരസ്ത്യ ദേശങ്ങളിൽ പ്രചാരം നേടിയ കഥകളിലും കഥാപാത്രങ്ങളിലുമെല്ലാം വേശ്യാലയങ്ങളെയും നർത്തകിമാരെയും തേടിയുള്ള പുരുഷൻമാരുടെ പ്രയാണങ്ങളായിരുന്നു. പെണ്ണെഴുത്തുകൾ പലപ്പോഴായി പുറന്തള്ളുന്ന സംഭവബഹുലമായ യാഥാർത്ഥ്യങ്ങളെ ‘ ഓക്കാന ‘ ങ്ങളിലേക്ക് മാത്രം ഒതുക്കി മാറ്റിനിർത്തിയ എഴുത്തുകൾ. മുസ്‌ലിം പെണ്ണിന്റെ ഉദാത്തമായ അംഗീകാരങ്ങളെ പാശ്ചാത്യ ലിബറൽ ആഖ്യാനങ്ങളും ആകുലതകളും പുതിയ നിലപാടിലേക്ക് വികസിപ്പിക്കുന്ന ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങൾക്കിടയിലാണ് ജോഖ അൽ ഹാർത്തി യുടെ നോവൽ പ്രാധാന്യം അർഹിക്കുന്നത്.
അറബ് സാഹിത്യ ലോകത്ത് നിന്നുള്ള മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാര ജേതാവ്
എന്നതിലുപരി സമൂഹത്തിൽ നിലച്ചു എന്ന് കരുതപ്പെട്ട അടിമത്തത്തിന്റെ ഭീകരമായ മുഖങ്ങൾ സധൈര്യം ലോകത്തെ അറിയിച്ച സ്ത്രീയാണ് ജോഖ അൽ ഹാർത്തി. 1970ൽ ഏറ്റവും ഒടുവിൽ അടിമത്തം നിരോധിച്ച രാജ്യമായ ഒമാനിന്റെ ഇന്നും നിലനിൽക്കുന്ന അടിമത്തമാണ് ജോഖയുടെ നോവലിലുടനീളം.
2010ല്‍ പുറത്തിറങ്ങിയ ‘സയ്യിദാത്തുൽ ഖമർ’ എന്ന പുസ്തകത്തിന്റെ മേരി ലിൻ ബൂത്ത് വിവർത്തനം ചെയ്ത സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണ് 2019 ലെ ‘മാൻ ബുക്കർ പ്രൈസ്’ പുരസ്‌കാരം നൽകി ആഗോളതലത്തിലുള്ള വായനക്കാർക്ക് അറബ് ലോകത്തേക്ക് വഴിതുറന്നത്.
1880കൾ മുതലുള്ള ഒമാനി കുടുംബത്തിന്റെ മൂന്ന് തലമുറകളെക്കുറിച്ചുള്ള കഥയാണ് സെലസ്റ്റിയൽ ബോഡീസ്. അടിമത്തം പാരമ്പര്യമെന്നോണം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ആണധികാരത്തിന്റെയും ചിതലരിക്കപ്പെടുന്ന പവിത്രമായ സ്ത്രീ സങ്കല്പങ്ങളെയും ജോഖ നോവലിന്റെ തുടക്കം മുതലേ പ്രതിപാതിക്കുന്നുണ്ട്. അടിമത്തം നിലനിന്ന കറുത്ത നാളുകൾ മുതൽ എണ്ണകച്ചവടത്തിന്റെ നാളുകൾ വരെ എത്തി നിൽക്കുന്ന ഒമാനിന്റെ കഥ. പല കാലങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയിൽ ഒമാനിന്റെ ഇന്നലെകളെയും വർത്താമന കാലത്തെയും നൂറ്റാണ്ട് പഴക്കങ്ങളെയും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ചരിത്രങ്ങളാൽ ഉയർത്തിപ്പിടിക്കുന്നു. എന്നാൽ പരസ്പരം വൈരുദ്ധ്യങ്ങൾ നിറഞ്ഞ കഥ, വേറിട്ട ഒമാൻ സംസ്കാരത്തിന്റെ പൂർണ വാഗ്മയച്ചിത്രമാണ്.
ഇതേ സമീപനത്താൽ തന്നെ, കുടുംബത്തിലെ ആണധികാരവും, സ്ത്രീ വിരുദ്ധ പരാമർശങ്ങളും കൗമാരക്കാർ മുതൽ വൃദ്ധർ വരെയുള്ള അടിമകൾക്ക് മേൽ ഉപയോഗിക്കുന്നുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ അടിമത്തത്തിന്റെ യാതനകൾ അനുഭവിക്കുന്നുണ്ടെങ്കിലും സ്വത്വത്തിൽ നിന്ന് കൊണ്ട് ചൂഷണ വിധേയരായി, സ്വാതന്ത്ര്യം ആഗ്രഹിക്കാൻ പോലും പെണ്ണിന് സാധിക്കുന്നില്ല.
മുഖ്യ കഥാപാത്രമായ മയ്യയുടെ ഭർത്താവും വ്യാപാരിയുടെ മകനുമായ അബ്ദുള്ളയുടെ സ്വയാഖ്യാനത്തിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. മയ്യയും അബ്ദുള്ളയും ഖൗലയും കേന്ദ്ര കഥാപാത്രങ്ങളായ ഈ നോവൽ പ്രമേയത്തിന്റെ അതിരില്ലാത്ത വിശാലതക്കുള്ളിൽ നിന്ന് വായനക്കാരോട് സംവദിക്കുന്നു.
അടിമകളുടെയും ഒമാൻ സ്ത്രീകളുടെയും പാരമ്പര്യമായി പുലർത്തിപോരുന്ന കഴുക്കോലിൽ തൂങ്ങിയുള്ള പ്രസവത്തിന്റെ ആചാര വടിവുകൾക്കിടയിൽ നിന്ന് ‘ മയ്യ ‘ യുടെ പ്രസവം മസ്കാടിലെ ആശുപത്രിയിൽ സാധാരണമായി തന്നെ
പര്യവസാനിക്കുന്നതുമുതലാണ് കഥ വഴിത്തിരിവിലെത്തുന്നത്; മയ്യ തന്റെ മകൾക്ക് ‘ ലണ്ടൻ ‘ എന്നാണ് പേര് നൽകുന്നത്. ഓമാനിന്റ കരിനിഴൽ നിറഞ്ഞ ചരിത്രങ്ങൾക്കിടയിൽ നിന്നും സ്വാതന്ത്ര്യത്തിന്റെയും മാറ്റത്തിന്റെയും പുതിയ കണ്ണിയായി മയ്യയുടെ മകൾ ‘ലണ്ടൻ ‘ ഡോക്ടറായിതീരുന്നു. എന്നാൽ അപൂർവങ്ങളായി മാത്രം തിരുത്തിയെഴുതപ്പെടുന്ന ചരിത്രമായതിനാൽ സ്ത്രീ എന്ന അവസ്ഥയിൽ അവർ
അസ്വാതന്ത്ര്യങ്ങളുടെ നുകങ്ങൾ പേറേണ്ടി വന്നു.
മസ്‌കാടിലെ ആശുപത്രിയിൽ പോയി പ്രസവിക്കാൻ ആഗ്രഹിച്ച മയ്യയോട് പ്രസവ സമയത്ത് ദൈവവിളിയല്ലാതെ ഞരങ്ങുക പോലും ചെയ്യരുതെന്ന് ശാസിക്കുകയാണ്.
” ഇന്നത്തെ കാലത്തോ ?” ആലോചിച്ചു നോക്കൂ…. പെണ്ണുങ്ങൾ മലർന്നു കിടന്നു കുഞ്ഞുങ്ങളെ പ്രസവിക്കുന്നു, ആശുപത്രിയുടെ മറ്റേ അറ്റത്ത് നിൽക്കുന്ന പുരുഷൻമാർക്ക് അവരുടെ നിലവിളി കേൾക്കാൻ സാധിക്കുന്നു,
ഇപ്പോൾ ഈ ലോകത്തിൽ നാണക്കേട് ഇല്ലാതെ ആയിരിക്കുന്നു” എന്നാണ് മയ്യയോടുള്ള അമ്മയുടെ പ്രതികരണം.
എക്കാലത്തുമുണ്ടായിരുന്നത് പോലെ തന്നെ സ്വാതന്ത്ര്യം വിദൂരതയിലാക്കപ്പെട്ട അടിമസ്ത്രീകൾ ഉടമ കുടുംബത്തിലെ പുരുഷൻമാരുടെ ലൈംഗികാവിശ്യങ്ങൾക്കും മറ്റു ജോലികൾക്കുളള ഉപകരണം മാത്രമായിരുന്നു. അസ്മയുടെ വിവാഹം കഴിഞ്ഞ് തിരികെ വരുന്ന സരീഫയെ പ്രാപിക്കാൻ കാത്തുനിൽക്കുന്ന വ്യാപാരിയായ സുലൈമാൻ ഇതിനുദാഹരണമാണ്. ഭാഷയുടെ അതിരുകളില്ലാത്ത സാഹിത്യലോകത്തിന് മുന്നിൽ വൈവിധ്യങ്ങളായ സംസ്കാരത്തിന്റെ നേർചിത്രം മാനവികതയുടെ ഏകസ്വരമായി മുഴക്കുന്ന ജോഖയുടെ വരികളെ അറബി ഭാഷയിൽ നിന്ന് മൊഴിമാറ്റം നൽകിയത് മേരിലിൻ ബൂത്താണ്. ക്ലാസിക്കൽ അറബി കവിതയുടെയും ശക്തമായ പ്രാദേശിക ഭാഷയുടെയും പ്രയോഗങ്ങളാൽ പരിഭാഷയ്‌ക്ക്
ഭീഷണി തന്നെയായിരുന്നത്രെ ജോഖയുടെ നോവൽ.
മയ്യയുടെ പാതിവഴിയെ അടഞ്ഞുപോയ പറയാനാകാത്ത പ്രണയം മുതൽ അടിമത്തത്തിന്റെ ഇരുണ്ട കാലങ്ങളുമെല്ലാം ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. മയ്യയും സഹോദരിമാരും അന്നത്തെ ദിനങ്ങൾ പിന്നിട്ട് ഇന്ന് 2019 ൽ വന്നെത്തിനിന്നാലുള്ള അവസ്ഥ, പതിന്മടങ്ങ് സന്തോഷവതികളായിട്ടായിരിക്കും എന്നാണ് ജോഖ പറയുന്നത്. എഡിൻബറോ സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ 41 കാരിയായ ജോഖ ഇപ്പോൾ മസ്‌കറ്റിലെ സുൽത്വാൻ ഖാബൂസ് സർവകലാശാലയിൽ അറബി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
‘ഹൃദയത്തെയും മസ്തിഷ്കത്തെയും ഒരേ അളവിൽ കീഴ്പ്പെടുത്തിയ രചന’
എന്ന് ചരിത്രകാരിയും ബുക്കര്‍ ജൂറി അദ്ധ്യക്ഷയുമായ ബെറ്റിനി ഹ്യൂസ് പറഞ്ഞതുപോലെ തന്നെ അറബ് സാഹിത്യ ലോകത്തിന്‍റെ വരമ്പുകളെ കീഴ്പ്പെടുത്തിയ നോവല്‍ തന്നെയാണ് സെലസ്റ്റ്യല്‍ ബോഡീസ്. അറബ് ലോകത്തിന്‍റെ വരികള്‍ക്കിടയിലേക്ക് ആഗോള തലത്തിലുള്ള വായനക്കാര്‍ക്ക് വഴിതുറന്നു കൊടുക്കുന്നുവെന്ന പ്രത്യാശയാണ് ജോഖ അല്‍ഹാര്‍ത്തിക്ക് ലഭിച്ച പുരസ്കാരം സാധ്യമാക്കുന്നത്.
ജോഖയുടെ സയ്യിദാത്തുൽ ഖമർ എന്ന നോവൽ “നിലാവിന്റെ പെണ്ണുങ്ങൾ” എന്ന പേരിൽ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. ഒലിവ് ബുക്സ് ആണ് പ്രസാധകർ.
നശ്‌വ ഹമീദ്