കാട്ടിലേക്ക് നീളുന്ന
ചെമ്മൺ പാതയുടെ
ഇടതു വശത്തായാണ് തടാകം.
പ്രതിബിംബങ്ങൾ വരയ്ക്കുന്ന,
തെളിഞ്ഞ വെള്ളം നിറഞ്ഞ,
കാടയക്കുന്ന തെന്നലേറ്റ്
നൃത്തം വെക്കുന്ന ഓളങ്ങളുള്ള,
തടാകം.
മലയിലേക്ക് നീളുന്ന
നിഴലു കനത്ത കാടിനെ ഭയന്ന്
അലച്ചില് മുറിക്കുന്ന സഞ്ചാരികളെ
കുളിർകൈകൾ കൊണ്ട്
അത് സ്വീകരിക്കുന്നു.
ഒരു തെളിഞ്ഞ നിയമം പോലെ.
തടാകത്തിനു ചുറ്റുമുള്ള മരങ്ങൾ
വേനലിലെ ഇന്നലകളിൽ
ഇലകൾ പൊഴിച്ചപ്പോൾ
പ്രതിബിംബങ്ങൾ വരയ്ക്കാനാവാത്ത വിധം
അതിന്റെ വെള്ളിപരപ്പ് മൂടി.
വെള്ളം ഇപ്പോൾ തെളിഞ്ഞതുമല്ല.
ഒരിരുണ്ട നിയമം പോലെ
തടാകമിപ്പോൾ സഞ്ചാരികളെ
തടയുന്നു, അകറ്റുന്നു.
പോപോന്ന് ആക്രോശിക്കുന്നു.
കാട്ടിലേക്ക് നീളുന്ന
ചെമ്മൺ പാതയുടെ
ഇടതു വശത്തായുള്ള
ആ തടാകമിപ്പോൾ അനാഥമായി.
കാടിറങ്ങിവന്നു ചുറ്റും നിറഞ്ഞ്,
പിന്നെയും നിറയെ ഇലകൾ പൊഴിഞ്ഞ്.
ഇരുണ്ട തടാകത്തിനുള്ളിൽ
നിന്നുയർന്ന,
“ഈ തടാകത്തെ പഴയ പ്രഭാവത്തിലേക്ക്
മടക്കാൻ ആരെങ്കിലും വന്നെങ്കിൽ…. “
എന്ന മൂളലുകൾ കേട്ട്
ആരൊക്കെയോ അങ്ങോട്ട്
നീങ്ങുന്നത് കണ്ടവരുണ്ട്.
ഷമീം