മാധ്യമങ്ങളുടെ ധർമം, രാഷ്ട്രീയം

ഒരു മാധ്യമ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതിന്റെ അടിസ്ഥാന വികാരം എന്ത് എന്ന ചോദ്യം മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ കാലത്തും പ്രസക്തമായ ആലോചനയാണ്.വിശിഷ്യാ രാജ്യത്തിന്റെ ഇതപര്യന്തമുള്ള ചരിത്രം പരിശോധിച്ചാൽ പല വിധത്തിൽ നമ്മുടെ സാമൂഹികവും രാഷ്ട്രീയവുമായ ഗതിവിഗതികളെ നിർണ്ണയിക്കാൻ വിവിധ പത്ര മാധ്യമങ്ങൾ വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതുമാണ്.രാജ്യത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും വസ്തുനിഷ്ഠമായി പൊതുജനമധ്യേ അവതരിപ്പിക്കുക എന്ന അടിസ്ഥാന മാധ്യമ പ്രവർത്തനത്തിന്റെ നിർവചനത്തിൽ നിന്ന് കുറേകൂടി വികസിച്ച്, തങ്ങളുടെ പ്രവർത്തനത്തിൽ സത്യവും ധർമവും നീതിയും കൂടി ചേർത്ത് വെച്ചുകൊണ്ടുള്ള ഒരു സമീപനം മാധ്യമ പ്രവർത്തന രംഗത്ത് ചർച്ച ചെയ്യപെടേണ്ടതുണ്ട്. 2002 കാലഘട്ടത്തിൽ ഗുജറാത്ത് കലാപത്തെ തുടർന്നുള്ള ചർച്ചകളിൽ അവിടെയുണ്ടായിരുന്ന പ്രാദേശിക-ദേശീയ പത്രങ്ങൾ പ്രസ്തുത കലാപന്തരീക്ഷത്തിൽ എങ്ങനെയാണ് തങ്ങളുടെ മാധ്യമ പ്രവർത്തനം നിർവഹിച്ചത് എന്നത് പിന്നീട് ഏറെ ചർച്ചയായ ഒന്നാണ്.

സന്ദേശ്, ഗുജറാത്ത് സമാചാർ തുടങ്ങിയ പ്രാദേശിക പത്രങ്ങളും ഇന്ന് മുഖ്യധാരയിൽ ഉള്ള ചില ദേശീയ പത്രങ്ങളും അന്ന് നടന്ന ഏകപക്ഷീയമായ കലാപന്തരീക്ഷത്തെ നിർണ്ണയിക്കാനും ആളികത്തിക്കാനും പൊലിപ്പിച്ച് നിർത്തുവാനും നടത്തിയ ശ്രമങ്ങൾ ഇന്നും രാജ്യത്തിന്റെ മാധ്യമ ധർമത്തെ നിർവചിക്കുന്നതിൽ നിർണ്ണായക പ്രാധാന്യമുള്ള സംഗതിയാണ്. ഇത് കേവലമായ വസ്തുത റിപ്പോർട്ടിങ്ങിന് അപ്പുറത്ത് മാധ്യമങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന കാലഘട്ടത്തിന്റെ നീതിക്കും സത്യത്തിനും വേണ്ടികൂടി നിലകൊള്ളുക എന്ന ഉത്തരവാദിത്വത്തെ കൂടുതൽ പ്രസക്തമായി നിലനിർത്തുന്നു. വിവിധ കാലങ്ങളിലുള്ള സംഭവ വികാസങ്ങളോട് സംവദിച്ച് തന്നെയാണ് മാധ്യമ ധർമ്മത്തിന്റെ നിർവചനങ്ങളും വികസിച്ചിട്ടുള്ളത്. തൊള്ളായിരത്തി അറുപത്-എഴുപത് കാലഘട്ടങ്ങളിൽ മാധ്യമങ്ങൾ നേരിട്ട പ്രധാന വിമർശനം അന്ന് നടന്ന കലാപങ്ങളുടെ തീവ്രതയെ മാധ്യമങ്ങൾ കൃത്യമായി ചിത്രീകരിച്ചില്ല എന്നാണ്.പിന്നീട് കുറച്ച് കാലങ്ങൾക്ക് ശേഷം ഇതേ മാധ്യമങ്ങൾ തന്നെ മനുഷ്യത്വ രഹിതമായി റിപ്പോർട്ടിങ്ങ് നടത്തുന്നു എന്ന വിമർശനവും നേരിട്ടു. അതും കഴിഞ്ഞ് ഗുജറാത്ത് കലാപത്തിൽ എത്തിനിൽക്കുമ്പോൾ കലാപത്തിന്റെ തന്റെ സ്വഭാവവും ആഴവും നിർണ്ണയിക്കുന്ന തരത്തിൽ ഇടപെടുന്ന മധ്യമങ്ങളെയാണ് നമ്മൾ കണ്ടത്. ഇവിടെയാണ് രാഷ്ട്ര വ്യവസ്ഥയുടെ നാലാം തൂണ് എന്ന് വിശേഷിക്കപ്പെടുന്ന മാധ്യമങ്ങൾ രാഷ്ട്രത്തിന്റെ നടുംതൂണായി മാറേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുന്നത്.

രാജ്യത്തെ പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിന്റെ ഇന്ത്യയിലെ നിലനിൽപ്പുമായി ബന്ധപെട്ട അന്വേഷണങ്ങളിൽ സച്ചാർ കമ്മിഷൻ റിപ്പോർട്ട് തുറന്നുകാണിച്ച യാഥാർഥ്യങ്ങൾ ഇന്ത്യൻ സാമൂഹിക പരിതസ്ഥിതിയിൽ എത്രമാത്രം അപരവൽക്കരണമാണ് മുസ്ലിം സമൂഹം നേരിടുന്നത് എന്നതിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു. മുസ്ലിം ആയതിന്റെ പേരിൽ മാത്രം മൗലിക അവകാശങ്ങൾ പോലും ലഭ്യമാകാത്ത ജീവിത സാഹചര്യങ്ങൾ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നു എന്ന് കമ്മീഷൻ ചൂണ്ടി കാണിക്കുന്നു എന്ന് മാത്രമല്ല മുസ്ലിം സമുദായത്തിന്റെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള വ്യത്യസ്ത ആസൂത്രിത കലാപങ്ങൾ ഏറെ ദുരിതപൂർണമായ ജീവിത സാഹചര്യം ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് ഉണ്ടാക്കി എന്ന യാഥാർഥ്യത്തെ കൂടി ഇത് പ്രതിഫലിപ്പിക്കുന്നു. രാജ്യത്ത് നടന്ന വിവിധ കലാപങ്ങൾ, മുസ്ലിങ്ങളുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന ബാബരി തകർച്ച അടക്കമുള്ള സംഭവ വികാസങ്ങൾ,മുസ്ലിം ചെറുപ്പക്കാരെ പ്രതേകമായി ലക്ഷ്യം വെച്ച് കരിനിയമങ്ങൾ ചുമത്തി ജയിലിൽ അടക്കുന്ന സംഭവങ്ങൾ തുടങ്ങി ഒരു മുസ്ലിമിന് രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തെ നാൾക്കുനാൾ ഇല്ലാതാകുന്ന കാലത്ത് ഒരു മാധ്യമത്തെ സംബന്ധിച്ച് നീതി അർഹിക്കുന്ന സമൂഹം ആരാണോ അവരുടെ കൂടെ നിൽക്കുക എന്നത് മാധ്യമ ധർമ്മത്തിന്റെ അടിസ്ഥാന നിർവചനകളിൽ ഒന്നായി മാറേണ്ടതുണ്ട്.അങ്ങനെ നിലകൊള്ളുന്ന മാധ്യമങ്ങൾ ആർക്ക് വേണ്ടിയാണോ നിലകൊണ്ടത് അവർ നേരിട്ട പ്രയാസങ്ങൾ തന്നെ നേരിടേണ്ടി വരും. അപ്പോഴും തങ്ങളുടെ അടിസ്ഥാന ധർമം നീതിയുടെ കൂടെ നിൽക്കുക എന്നാകുമ്പോൾ മറ്റേത് പ്രതിസന്ധിയേയും മറികടന്ന് മുന്നോട്ട് പോകാൻ സാധിക്കും .

 

 

                  ആത്തിഫ് ഹനീഫ്

Leave a Reply

Your email address will not be published. Required fields are marked *