കവിത: എല്ലാം ഓർത്തുവെക്കപ്പെടും

നിങ്ങൾ രാത്രിയെ രചിച്ചോളൂ, പക്ഷെ ഞങ്ങളതിൽ ചന്ദ്രനെ രചിക്കും,

ഞങ്ങളെ നിങ്ങൾ തടവിലാക്കിയാൽ, ജയിൽ ഭിത്തികളെ ഭേദിച്ചുകൊണ്ട് ഞങ്ങളെഴുതും

ഞങ്ങൾക്കെതിരിൽ നിങ്ങൾ എഫ്.ഐ.ആർ എഴുതിയാൽ, ഞങ്ങൾ തയ്യാർ എന്നെഴുതും,
നിങ്ങൾ ഞങ്ങളെ കൊന്നുതള്ളിയാൽ, ആത്മാക്കളായി വന്ന് ഞങ്ങൾ വീണ്ടും എഴുതും,
നിങ്ങൾ നടത്തിയ സകല കൊലപാതകങ്ങളുടെയും തെളിവുകൾ ഞങ്ങളെഴുതും

നിങ്ങൾ കോടതിയിലിരുന്ന് തമാശകൾ പറഞ്ഞോളൂ,
ഞങ്ങൾ റോഡുകളിലും ചുവരുകളിലും നീതിയെക്കുറിച്ചെഴുതും,
ഉറക്കെയുറക്കെയുള്ള ഞങ്ങളുടെ ശബ്ദം ബധിരർ പോലും കേൾക്കും

വ്യക്തമായി ഞങ്ങളെഴുതുന്നത് കുരുടർ പോലും വായിക്കും,
നിങ്ങൾ കറുത്ത താമരയെ ഉപമിച്ചോളൂ, ഞങ്ങൾ ചെമപ്പാർന്ന റോസാപ്പൂവിനെ കുറിച്ചെഴുതും
ഭൂമിയിൽ നിങ്ങൾ ഞങ്ങളെ അടിച്ചമർത്തുന്നു,
പക്ഷെ പരലോകത്തു വെച്ച് നീതി നടപ്പാകും

എല്ലാം ഓർത്തുവെക്കപ്പെടും
എല്ലാം തന്നെ ഓർത്തുവെക്കപ്പെടും
നിങ്ങൾ നിങ്ങളുടെ മഷി കൊണ്ട് നുണകൾ എഴുതിപ്പിടിപ്പിക്കുന്നു, ഞങ്ങൾക്കതറിയാം,
എന്നാൽ ഞങ്ങളുടെ ചുടുരക്തം കൊണ്ട് സത്യം എഴുതി വെക്കപ്പെടും, തീർച്ച..!!

എല്ലാം ഓർത്തുവെക്കപ്പെടും
എല്ലാം തന്നെ ഓർത്തുവെക്കപ്പെടും

നട്ടുച്ചക്ക് ടെലിഫോണും മൊബൈലും ഇന്റർനെറ്റും തടഞ്ഞുവെച്ചുകൊണ്ട്,
തണുത്ത് ഇരുളാർന്ന രാത്രിയിൽ മുഴുവൻ നഗരവും ജയിൽ പോലെ അടച്ചിട്ടുകൊണ്ട്,
എന്റെ വീട്ടിലേക്ക് ഇറച്ചുകയറികൊണ്ട്,
എന്റെ ജീവനെ നിങ്ങൾ അപഹരിക്കുന്നു,
എന്റെ കുഞ്ഞിനെ തട്ടിയെടുത്ത് നടുറോഡിൽ കൊന്നുതള്ളുന്നു,
എന്നിട്ട് ഒന്നുമറിയാത്ത പോലെ ആൾക്കൂട്ടത്തിനിടയിൽ നിങ്ങൾ ചിരിച്ചു നിൽക്കുന്നു,
എല്ലാം ഞങ്ങൾ ഓർത്തുവെക്കും,
എല്ലാം തന്നെ ഞങ്ങൾ ഓർത്തുവെക്കും

പകൽ വെളിച്ചത്തിൽ നിങ്ങൾ മധുരോദാരമായി സംസാരിക്കുന്നു
എല്ലാം ക്രമത്തിൽ തന്നെ ചലിക്കുന്നുവെന്ന് അറിയാവുന്ന എല്ലാ ഭാഷയിലും നിങ്ങൾ പറയുന്നു
രാത്രിയായാൽ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്‌ദിക്കുന്നവരെ നിങ്ങൾ ലാത്തിയും തോക്കുമുപയോഗിച് അടിച്ചമർത്തും,
ഞങ്ങളെ അക്രമിച്ചിട്ടും ഞങ്ങളാണ് അക്രമികൾ എന്ന് മുദ്രകുത്തും,
എല്ലാം ഞങ്ങൾ ഓർത്തുവെക്കും
എല്ലാം തന്നെ ഞങ്ങൾ ഓർത്തുവെക്കും

നിങ്ങളുടെ എല്ലാ ക്രൂരതകളും എന്റെ അസ്ഥികളിൽ ഞാൻ കോറിവെക്കും,
നിങ്ങളുടെ എല്ലാ ക്രൂരതകളും എന്റെ അസ്ഥികളിൽ ഞാൻ കോറിവെക്കും,
നിങ്ങളെന്റെ രേഖകൾ കാണിച്ചുതരാൻ ആവശ്യപ്പെടുന്നു,
എന്റെ സത്വത്തിന്റെ (നിലനിൽപ്പിന്റെ) തെളിവുകൾ നിങ്ങൾക്ക് ഞാൻ കാട്ടിത്തരിക തന്നെ ചെയ്യും
നിങ്ങളുടെ അവസാന ശ്വാസം വരെയും ഈ യുദ്ധം തുടരും,
എല്ലാം ഞങ്ങൾ ഓർത്തുവെക്കും
എല്ലാം തന്നെ ഞങ്ങൾ ഓർത്തുവെക്കും

ഇതുകൂടി ഓർത്തുവെക്കപ്പെടും, എങ്ങനെയാണ് നിങ്ങളീ രാജ്യത്തെ കീറിമുറിച്ചതെന്ന്,
വീണ്ടുമീ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഞങ്ങളുടെ ചേതനയും ശ്രമങ്ങളും,
ഭീരുത്വത്തെക്കുറിച്ച് പറയുന്നിടതെല്ലാം നിങ്ങൾ ഉദാഹരിക്കപ്പെടും, നിങ്ങൾ ചെയ്തുവെച്ചതും

(അതി)ജീവിതത്തിന്റെ വഴികളെക്കുറിച് പറയുന്നിടതെല്ലാം ഞങ്ങളുടെ പേരുകൾ ഉദാഹരിക്കപ്പെടും,
ചിലയാളുകൾ ഓർത്തുവെക്കപ്പെടും, ചുറ്റിക കൊണ്ടു പോലും തകർക്കാൻ കഴിയാത്ത അവരുടെ ഇച്ഛാശക്തിയെക്കുറിച്ച്
നിങ്ങളെ പോലെ അവർ അവരുടെ നിലപാടുകൾ പാട്ട ക്കാരാറുകാരന് വിറ്റു കളഞ്ഞില്ല.

കൊടുങ്കാറ്റ്‌ വന്നുപോയതിനു ശേഷവും ചിലയാളുകൾ ഉറച്ചുനിന്നിരുന്നു.
ചിലയാളുകൾ അവരുടെ മരണവാർത്ത വന്നതിനു ശേഷവും ജീവിച്ചിരുന്നു

ഒരു പക്ഷെ എന്റെ കണ്ണുകൾ ഇമ ചിമ്മാൻ മറന്നു പോയേക്കും,
ഭൂമി അതിന്റെ ഭ്രമണപഥത്തിൽ കറങ്ങാൻ മറന്നുപോയേക്കും,
എന്നാൽ ഞങ്ങളുടെ സ്വാതന്ത്ര്യം തട്ടിയെടുക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ,
ഞങ്ങളുടെ അടിച്ചമർത്തലിന്റെ ആർത്താനാദം, എല്ലാം ഓർത്തുവെക്കപ്പെടും

നിങ്ങൾ രാത്രിയെ രചിച്ചോളൂ, പക്ഷെ ഞങ്ങളതിൽ ചന്ദ്രനെ രചിക്കും,
ഞങ്ങളെ നിങ്ങൾ തടവിലാക്കിയാൽ, ജയിൽ ഭിത്തികളെ ഭേദിച്ചുകൊണ്ട് ഞങ്ങളെഴുതും…

ഞങ്ങൾക്കെതിരിൽ നിങ്ങൾ എഫ്.ഐ.ആർ എഴുതിയാൽ, ഞങ്ങൾ തയ്യാർ എന്നെഴുതും,
നിങ്ങൾ ഞങ്ങളെ കൊന്നുതള്ളിയാൽ, ആത്മാക്കളായി വന്ന് ഞങ്ങൾ വീണ്ടും എഴുതും,
നിങ്ങൾ നടത്തിയ സകല കൊലപാതകങ്ങളുടെയും തെളിവുകൾ ഞങ്ങളെഴുതും

നിങ്ങൾ കറുത്ത താമരയെ ഉപമിച്ചോളൂ, ഞങ്ങൾ ചെമപ്പാർന്ന റോസാപ്പൂവിനെ കുറിച്ചെഴുതും
നിങ്ങൾ ഭൂമിയിൽ അക്രമങ്ങൾ നടത്തിക്കോളൂ,
ആകാശത്ത് ഇങ്ക്വിലാബിന്റെ വചനങ്ങൾ എഴുതപ്പെടും
എല്ലാം ഓർത്തുവെക്കപ്പെടും
എല്ലാം തന്നെ ഓർത്തുവെക്കപ്പെടും

 

 

 

ആമിർ അസീസിന്റെ ‘സബ് യാദ് രഖാ  ജയേഗാ’ എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ 

പരിഭാഷ : ADMIN

Leave a Reply

Your email address will not be published. Required fields are marked *