ബ്രാഹ്മണ – സവർണ കാഴ്ചപ്പാടുകൾക്ക് തിരശ്ശീല പിടിച്ചുകൊണ്ട് ജാതികേന്ദ്രീകൃതവും, ശ്രേണീബദ്ധവുമായി തുടരുന്ന ഇന്നത്തെ ഇന്ത്യൻ സാമൂഹ്യാവസ്ഥയിൽ മനുഷ്യനായി ജനിച്ച് ജീവിതം തുടരുന്ന ഒരു പറ്റം ജനത അനുഭവിക്കുന്ന വ്യവസ്ഥിതിയാണ് പൗരത്വം എന്ന ചോദ്യചിഹ്നം.
ജനാധിപത്യത്തിനോ സെക്യുലറിസത്തിനോ സോഷ്യലിസത്തിനോ വിടവുകളിൽ പോലും ഇടം നൽകാത്ത, മനുസ്മൃതിയിൽ ആക്കം കൊടുത്ത് ഗോൾവാർക്കറിൽ എത്തിനിൽക്കുന്ന ‘പാവന’മായ സാമൂഹ്യാവസ്ഥ.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റ് വിടപറഞ്ഞ ദിനത്തിൽ പോലും തോക്കുചൂണ്ടി അവർ ഉന്നം വെച്ചത് ജാതീയ ചട്ടക്കൂടുകളെ മറികടക്കുന്നവരെയല്ല, ഭയമേതുമില്ലാതെ നെഞ്ചോടു കൈ ചേർത്തു ഇന്ത്യൻ പ്രതിജ്ഞ ഏറ്റുചൊല്ലുന്ന അസ്തിത്വത്തെ ബഹുമാനിക്കുന്ന ഇന്ത്യൻ പൗരന്മാരെയാണ്.
[quote]”മനുഷ്യനായാൽ മാത്രം പോരാ പൗരൻകൂടിയാകണം” എന്ന് തിരുത്തി എഴുതപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിത സാമൂഹിക കാഴ്ചപ്പാടുകൾക്ക് നടുവിൽ അർത്ഥമില്ലാതെ ആടിയുലയുന്നത് വേരുറപ്പിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള യാഥാർത്ഥ്യങ്ങളാണ്.[/quote] ചരിത്രത്തിന് അനുഭവങ്ങൾ മാത്രമല്ല, പ്രത്യയശാസ്ത്ര പശ്ചാത്തലം കൂടിയുണ്ട് എന്ന യാഥാർഥ്യത്തെ മാറ്റിപ്പണിത്, ഭൂതകാല ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ മിഥ്യാധാരണയാക്കി മുന്നേറുന്ന “ആരാണ് രാജ്യസ്നേഹി..?”എന്ന ചോദ്യത്തിന് ചോരക്കറയുണങ്ങാത്ത കൈകളുയർത്തി ഗോഡ്സേയുടെ വാലറ്റങ്ങൾ എഴുന്നേറ്റുനിൽക്കുന്ന കാലമാണിത്.
ഇത്തരത്തിൽ പൗരത്വവും, പൗരനായിരിക്കലുമെല്ലാം അടിസ്ഥാന ആവശ്യങ്ങളെപ്പോലെ തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ്. മനുഷ്യനായി പിറന്നാൽ മാത്രം പോരാ, അവൻ പൗരൻകൂടി ആകണമത്രെ!… പൗരനല്ലാതെയും നൂറ്റാണ്ടുകാലത്തോളം ഇവിടം ജീവിച്ചവരുണ്ടായിരുന്നു.
പൗരത്വമെന്ന അടയാളപ്പെടുത്തലിന് വിധേയമാക്കുന്നതിനെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്തവണ്ണം പ്രതിപാദിച്ചത് അഡോൾഫ് ഹിറ്റ്ലർ ആണ്. പൗരൻ രാജ്യത്തെ പ്രഭുവാണെന്നും, പൗരത്വ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ഒരു പ്രജയെ സംബന്ധിച്ചിടത്തോളം ഭൂമിയിൽ ലഭ്യമാക്കുന്ന ഏറ്റവും മഹത്തായ ഭാഗ്യമാണെന്നും, ഹിറ്റ്ലർ മെയ്ൻ കാംഫിൽ (Mein Kampf) പറഞ്ഞുവെക്കുന്നുണ്ട്.
ജർമ്മനിയിൽ നടന്ന ജൂത വംശഹത്യക്കും, അനുബന്ധമായുണ്ടായ നാശങ്ങൾക്കും ജർമ്മൻ ജനതയുടെ മൗനാനുവാദവും രോഗാതുരമായ അവരുടെ സമീപനങ്ങളും കാരണമായിട്ടിട്ടുണ്ട്. ഇത്തരത്തിൽ ജനതയുടനീളം ഇതിന്ന് അതീതമായത് കേവലം ഭയമെന്ന വികാരം കൊണ്ടായിരുന്നു. ജർമനിയിൽ കിരാതഭരണകൂടം നയിച്ച നിന്ദ്യതയും, ഭയവും ചേർന്ന മൗനത്തിലേക്ക് നയിച്ച വികാരമായിരുന്നുവത്. ഈ വികാരം ഇന്ത്യൻ ജനതക്ക് പുതുമയല്ല.
കാരണം പുലരുമ്പോഴേക്ക് അപ്രത്യക്ഷരാകുന്ന നജീബുമാരെയും അടുക്കളയിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച മാംസത്തെ ചൊല്ലി അടിച്ചു കൊന്ന അഖ്ലാഖിനെയും തീവണ്ടിയാത്രകാരന്റെ പൊതിചോറിൽ ഒളിഞ്ഞിരിക്കുന്ന ബീഫിന്റെ പേരിൽ അടിച്ചുകൊന്നതിനെയുമെല്ലാം തൊട്ട് പ്രതികരിക്കാനാവാത്ത, അരുതെന്നു പറയാനാവാത്ത, വേദനിക്കാനാവാത്ത ഒരു ജനതയാക്കി മാറ്റപ്പെട്ട ഇന്ത്യയെന്ന യാഥാർഥ്യം നമുക്കുമുന്നിലുണ്ട്. ഇവിടെ ‘നാളത്തെ പൗരന്മാരെന്നത് ‘വാമൊഴിയിൽ മാത്രം ഒതുക്കപ്പെടുത്തികൊണ്ട് കലാലയങ്ങളിൽ കയറി തലയടിച്ചുതകർത്ത്, ചൂണ്ടുവിരലുയർത്തുന്ന വിദ്യാർത്ഥികളെ ചോരയിൽ കുളിപ്പിക്കുന്ന കപട ദേശസ്നേഹികളുള്ളയിടമാണ്. വെറുപ്പിന്റെ തത്വശാസ്ത്രത്തിന് പിന്തുണ ലഭിച്ച് സത്യം പറയുന്നവന്റെ അടിവേരറുക്കുന്ന നീതിപാലകരുള്ളയിടമാണിത്. വികാരങ്ങൾ കൊണ്ടുമാത്രമല്ല, ചരിത്രത്തിൽ നിന്നും ലഭിക്കുന്ന യാദൃശ്ചികമായ ചേർച്ച കൊണ്ടും ഹിറ്റ്ലറുടെ മെയ്ൻ കാംഫും, ഇത്തരത്തിലുള്ള വർഗീയതയുടെ ചർദ്ദിൽ മണക്കുന്ന മനുസ്‌മൃതിയും തമ്മിൽ പിണഞ്ഞുകിടക്കുന്നുണ്ട്.
അന്തർദേശീയത്വമോ, സാർവദേശീയതയോ, ലോക ഐക്യമോ ‘മനുഷ്യത്വമോ’ ഉൾക്കൊള്ളാൻ കഴിയാത്ത സങ്കുചിതമായ വിചാരധാരയുടെ മനുഷ്യത്വ രഹിതമായ മനോനിലയുടെ പ്രതിഫലനമാണ് സവർണ ഹിന്ദുത്വ ഫാഷിസമായി ഇന്ന് ഇന്ത്യയിൽ തുടരുന്നത്. അതാണത്രേ അവരുടെ രാജ്യസ്നേഹം. എന്നാൽ ഇത്തരത്തിലുള്ള ആധുനിക രാഷ്ട്രഘടനയിലെ രാജ്യസ്നേഹത്തെ ഗാന്ധിജി ലളിതമായി നിർവചിക്കുന്നത്:
[quote]”എന്നെ സംബന്ധിച്ചിടത്തോളം രാജ്യസ്നേഹം മനുഷ്യസ്നേഹം തന്നെയാണ്. ഞാൻ മനുഷ്യനും മനുഷ്യത്വമുള്ളവനുമായതുകൊണ്ടാണ് രാജ്യസ്നേഹിയാവുന്നത്.” [/quote]
(1921- മാർച്ച് പതിനാറിൽ യങ് ഇന്ത്യയിൽ നിന്നും) എന്നാണ്.
മനുഷ്യരെ സ്നേഹിക്കുക എന്നതാണ് പ്രധാനം. മതവും, ജാതിയും, ദേശീയതയും, സാമൂഹ്യവ്യവഹാരങ്ങളിൽ അമിത പ്രാധാന്യത്തോടെ സ്ഥാപനവത്ക്കരിക്കപ്പെടുന്ന കാലത്ത് എന്താണ് രാജ്യസ്നേഹമെന്നത് നാം ആഴത്തിൽ പഠിക്കേണ്ടതുണ്ട്. കാരണം, പൗരത്വം പോലും സംശയത്തിലാക്കുന്നവരുടെ രാജ്യസ്നേഹം അളക്കുന്നതിലെ യുക്തിരാഹിത്യത്തെ പോലും കപട രാജ്യസ്നേഹികൾക്ക് മനസ്സിലാകുന്നില്ല. അതിനാലാണ് പിറന്ന മണ്ണിൽ തന്നെ ഞങ്ങൾ പൊരുതി നിൽക്കും എന്ന് ഇന്ത്യൻ മതേതര മനസ്സ് ദിനംപ്രതി വിളിച്ച് പറയുന്നത്. ജീവിക്കുന്ന ഇടം ഒരാൾക്ക് നൽകുന്ന സുരക്ഷിതത്വവും, ഭൗതിക സാഹചര്യങ്ങളും, രാജ്യസ്നേഹത്തിന്റെ അളവിൽ ചേർക്കാവുന്നതാണെങ്കിലും, ഇത് രണ്ടും കാലങ്ങളായി നഷ്ടപ്പെട്ട ഒരുപാട് പേരുണ്ട് ഇന്ത്യയിൽ.
ഗ്രാമങ്ങളിലെ തുറന്നയിടത്ത് വിസർജിച്ചതിന് 10-12 വയസ്സായ രണ്ട് മക്കളെ നിഷ്ക്കരുണം അടിച്ചു കൊല്ലാൻ ധൈര്യം കൊടുത്തത് ഇന്ത്യയിലെ നെറികെട്ട ജാതിവ്യവസ്ഥയാണ്. ഇങ്ങനെ സവർണ – ബ്രാഹ്മണിക്കൽ ഐഡിയോളജിയെ മുൻനിർത്തി ജനാധിപത്യ രാഷ്ട്രത്തെ മതരാഷ്ട്രമാക്കി മാറ്റുമ്പോഴാണ് ആരാണ് ‘രാജ്യസ്നേഹിയും’, ‘പൗരനുമെന്ന’ ചോദ്യങ്ങൾ ചോദിക്കപ്പെടുന്നത്. ഇതുണ്ടാക്കുന്ന കടുത്ത അപരത്വത്തെ പ്രതിരോധിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. അതിനാൽ തന്നെയാണ് ഈ കർത്തവ്യം പേടിയേതുമില്ലാതെ നിർവ്വഹിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നത്.
എന്നാൽ ഹിറ്റ്ലറുടെ മുഷ്ടിചുരുട്ടലിന്റെ കീഴിൽ ഭയമെന്ന വികാരത്തിൽ ചുണ്ടുകൾ കൂട്ടിത്തുന്നപ്പെട്ടവരെ അനുകരിക്കുന്നവരല്ല ഇന്ന് തെരുവിൽ ആർജ്ജവത്തോടെ നെഞ്ചുവിരിച്ച് നിൽക്കുന്നത്. ദിവസങ്ങളിത്രയും പിന്നിട്ടിട്ടും ക്ഷീണം പിടിക്കാത്ത, ദീനം ബാധിക്കാത്ത ജനാധിപത്യത്തിന്റെ കാവൽക്കാരായ സ്വാതന്ത്ര്യ ബോധമുള്ള പുതിയ തലമുറയാണ്. ദില്ലിയിലെ ക്യാമ്പസുകളിൽ നിന്ന് തുടങ്ങി പാതയോരങ്ങളിൽ തുടരുന്ന തണുപ്പിനെ തോൽപിച്ച ഷാഹീൻബാഗുകളിലൂടെ രാജ്യത്തുടനീളം ഇന്നുറക്കെ ഏറ്റുവിളിക്കുന്നത്,
“ബുക്ക് മാരി സെ ആസാദി” (ദാരിദ്രത്തിൽ നിന്നും സ്വാതന്ത്ര്യം),
” ജാതിവാദ് സെ ആസാദി” (ജാതിവ്യവസ്ഥയിൽ നിന്ന് സ്വാതന്ത്ര്യം) എന്നാണ്. പൗരത്വത്തെ ചൊല്ലി മനുഷ്യത്വം ഉതിർന്നുപോയിക്കൊണ്ടിരിക്കുന്ന നാളുകളെ മറികടന്ന്, മനുഷ്യനായി ജനിച്ച മണ്ണിൽ മനുഷ്യനായി തന്നെ ജീവിക്കാനും,മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കെട്ടടങ്ങാത്ത, ഊതിക്കെടുത്തുവാനാവാത്ത ജയിക്കുവാനുള്ള സമരം തന്നെയാണിത്.
NASHWA HAMEED