രാഷ്ട്ര നിർമാണത്തിൽ ഇസ്ലാമിന്റെ പങ്ക്

ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിലെ മുസ്ലിം പങ്കുകൾ ഏറെക്കുറെ ലോകത്തിന് പരിചിതമാണ്. എന്നാൽ വിശാലമായ ഈ രാഷ്ട്രത്തെ നിർമ്മിച്ചെടുത്തതിലുള്ള ഇസ്ലാമിന്റെയും മുസ്ലിം സമുദായത്തിന്റെയും പങ്ക് നമുക്ക് അപരിചിതമാണ്. നമ്മുടെ വായനാ – മണ്ഡലങ്ങളെ വലിയ അർത്ഥത്തിൽ സ്വാധീനിച്ച പാഠ- പുസ്തകങ്ങൾ തന്നെയാണ് വളരുന്ന തലമുറക്ക് ചരിത്ര യാഥാർത്ഥ്യങ്ങൾ നിഷേധിച്ചത് .

[quote]ഇന്ത്യാ മഹാരാജ്യത്ത് വർണ്ണങ്ങൾ ചാലിച്ച് തുടുത്ത് നിൽക്കുന്ന ഡൽഹി, അലഹബാദ് ,ഫരീദാബാദ്,ഔറഗാബാദ്, ഹൈദ്രബാദ്, കൽക്കട്ട തുടങ്ങിയ നഗരങ്ങൾ മുന്നെ കടന്ന് പോയ മുസ്ലിം ഭരണാധികാരികളുടെ നിർമ്മിതികളാണ്.[/quote]ഇന്ത്യയിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങളിലെല്ലാം ഇന്ത്യൻ മുസ്ലിമിന്റെ ചരിത്രം വരച്ചുകാട്ടുന്നുണ്ട്. ശിൽപഭംഗി കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന ലോകാത്ഭുതമായ താജ് മഹൽ, ഡൽഹി ജുമാ മസ്ജിദ് ,ഖുതുബ് മിനാർ ,ചെങ്കോട്ട എന്നിവ 7 നൂറ്റാണ്ട് കാലം ഇന്ത്യൻ ഉപഭൂഖണ്ഡം ഭരിച്ച മുസ്ലിം ഭരണാധികാരികളുടെ ശേഷിപ്പുകളാണ്.

ബ്രിട്ടീഷ് അധിനിവേശം നടക്കുന്നതിന് മുന്നെയുള്ള 7 നൂറ്റാണ്ട് കാലം ഇന്ത്യൻ ഉപഭൂഖണ്ഡം ഭരിച്ചത് പ്രധാനമായും; മുഗൾ, ഗസ്നവി,ഗോരി സാമ്രാജ്യങ്ങളാണ്. ഇസ്ലാം ആദ്യമായി വന്നത് കേരളത്തിലാണെന്ന് ചരിത്ര രേഖകളുണ്ട്. കേരളത്തിന് പുറമെയുള്ള പ്രദേശങ്ങളിൽ ഇസ്ലാം വ്യാപിച്ചത് അധികാരം വഴിയും സൂഫിവര്യന്മാർ വഴിയും ആയിരുന്നു. സൂഫികളാണ് ഇന്ത്യയിൽ ഇസ്ലാമിനെ കൂടുതൽ ജനകീയമാക്കിയത്. അതിൽ പ്രധാനികളായിരുന്നു ; ഖാജാ മുഈനുദ്ദീൻ ചിഷ്ടി അൽ അജ്മീരിയും സയ്യിദ് അലി അജ്മീരിയും. അക്കാലത്തെ സുഫിവര്യന്മാർ കേവലം ആത്മീയോർജ്ജം മാത്രമായിരുന്നില്ല ജനങ്ങൾക്ക് പകർന്ന് കൊടുത്തത് ,മറിച്ച് ഉശിരൻ നേതൃപാഠവമുള്ള രാഷ്ട്രീയോർജ്ജവും അവർ ജനങ്ങൾക്ക് നൽകി.നാട്ടുരാജാക്കന്മാരുടെ മുന്നിൽ നിർഭയരായി കൊണ്ട് പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി സംസാരിച്ചത് മുസ്ലിം പണ്ഡിതന്മാരും സൂഫിവര്യന്മാരും ആയിരുന്നു.

യഥാർത്ഥത്തിൽ ഇന്ത്യയുടെ സാമൂഹിക നിർമ്മാണം സാധ്യമാക്കിയത് മുസ്ലിം ഉമ്മത്താണ്. അതിനവരെ പ്രേരിപ്പിച്ചത് അവരുടെ ആദർശമാണ് – തൗഹീദ് (ഏകദൈവവിശ്വാസം) എന്ന് W. Henre എന്ന ബ്രിട്ടീഷ് എഴുത്തുകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ട് കൂടായ്മയും തീണ്ടി കൂടായ്മയും വാഴ്ന്നിരുന്ന സാമൂഹ്യ ഘടനയിൽ തൗഹീദിന്റെ വെളിച്ചത്തിൽ ഇസ്ലാമിക സമൂഹം സ്ഥാപിച്ചത് സമത്വമായിരുന്നു.

മുഗൾ ചക്രവർത്തിമാരിൽ പ്രധാനിയായ ഔറംഗസേബ് അദ്ദേഹത്തിന്റെ ദർബാറിൽ എല്ലാ മാസാവസാനവും സംഘടിപ്പിച്ചിരുന്ന സദ്യയിൽ, ആ രാജ്യത്തെ മുഴുവൻ ആളുകളെയും പങ്കെടുപ്പിക്കുമായിരുന്നു. തൊട്ട് കൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന നാട്ടിൽ ഇത് കേവലം രാജാവ് തന്റെ പ്രജകൾക്ക് നൽകിയ സൽക്കാരമായിരുന്നില്ല, മറിച്ച് സാമൂഹ്യഘടനയിൽ സമത്വം സ്ഥാപിക്കാനുള്ള വിപ്ലവാത്മകമായ പ്രവർത്തനമായിരുന്നു. അക്കാലത്തെ Outlook പത്രത്തിൽ Henre അദ്ദേഹത്തിന്റെ ഒരനുഭവം പങ്ക് വെക്കുന്നത് കാണാം; ഇന്ത്യയുടെ പലഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വഴിയിൽ സ്ഥാപിക്കപ്പെട്ട കൂജയിൽ നിന്നും വെള്ളം കുടിക്കുമായിരുന്ന അദ്ദേഹം ദാഹം അകറ്റി രണ്ടടി മുന്നോട്ടു നടക്കുമ്പോൾ, അന്യമതസ്ഥൻ കുടിച്ച പാത്രം അശുദ്ധമെന്ന് കരുതുന്ന നാട്ടുകാർ ആ പാത്രം എറിഞ്ഞുടക്കുന്ന ശബ്ദമാണ് അദ്ദേഹം കേൾക്കാറ്. അങ്ങനെയിരിക്കെ, ഒരുദിനം മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പോയി ഇത് പോലെ വെള്ളം കുടിച്ചു. കൂജ പൊട്ടിക്കുന്ന ശബ്ദം കേൾക്കാൻ കാത് കൂർപ്പിച്ച അദ്ദേഹത്തെ ഞെട്ടിച്ചത്, താൻ കുടിച്ച കൂജിയലെ ബാക്കി ജലം പാനം ചെയ്യുന്ന മുസ്ലിംകളുടെ കാഴ്ചയായിരുന്നു. ജവഹർലാൽ നെഹ്റു തന്റെ Discovery of India യിൽ സമത്വത്തിന്റെ കാര്യത്തിൽ ഇസ്ലാമിനെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നുണ്ട്. സമത്വം എന്ന കാഴ്ചപ്പാടാണ് ഇന്ത്യയിൽ ഇസ്ലാമിന് വലിയ സ്വാധീനം നൽകിയത്. ഇസ്ലാമിന്റെ സമത്വ കാഴ്ചപ്പാട് ആവിർഭവിച്ചത് തൗഹീദ് (ഏകദൈവത്വം) എന്ന അതിന്റെ ഉൾക്കാമ്പിൽ നിന്നാണ്. തൗഹീദ് എന്ന സങ്കല്പം മാനവലോകത്തിന് സമ്മാനിക്കുന്നത് നിർഭയത്വമാണ്. ഈ നിർഭയത്വമാണ് ജാതിയിൽ മുങ്ങിയ ഇന്ത്യയെ പുതിയൊരു സാമൂഹിക ഘടനയിലേക്ക് മാറ്റാൻ മുസ്ലിം ഭരണാധികാരികളെയും പണ്ഡിതന്മാരെയും ബുദ്ധിജീവികളെയും എല്ലാം സ്വാധീനിച്ചത്. (Jawaharlal Nehru)

ലോകത്തെ മറ്റ് രാജ്യങ്ങളിൽനിന്നും ഒറ്റപ്പെട്ട് കിടന്ന ഭൂപ്രദേശം ആയിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡം. ഇന്ത്യക്ക് പുറംരാജ്യങ്ങളുമായി ബന്ധങ്ങൾ ഉണ്ടായിരുന്നില്ല. കാരണം, അക്കാലത്തെ പ്രധാന സഞ്ചാരം കപ്പൽ മാർഗ്ഗമായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഭൂരിപക്ഷ വിഭാഗമായ ഹൈന്ദവ സമൂഹത്തിന് സമുദ്രയാത്ര നിഷിദ്ധവുമായിരുന്നു. പിന്നീടുണ്ടായ മുസ്ലിം സഞ്ചാരികളുടെയും വ്യാപാരികളുടെയും വരവോടെയാണ് ഇന്ത്യ മറ്റ് രാജ്യങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിക്കാൻ ആരംഭിച്ചത്. അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, കാബൂൾ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ് തുടങ്ങിയ ഇടങ്ങളിൽ ഈ ബന്ധം പൊടുന്നനെ ശക്തിപ്പെട്ടു.

ഒറ്റപ്പെട്ട് അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും അയിത്തത്തിലും ജീവിച്ചിരുന്ന ഇന്ത്യയെ ലോക രാഷ്ട്രങ്ങളിൽ ഒരുരാഷ്ട്രമാക്കി അടയാളപ്പെടുത്തുന്നതിൽ ഇസ്ലാമിനുള്ള പങ്ക് വളരെ വലുതാണ്.(Discovery of India).

തുടരും……….

 

അൽ ബയാനി

Leave a Reply

Your email address will not be published. Required fields are marked *