നീതിക്ക് താങ്ങാവുക

എവിടെയുള്ള അനീതിയും എല്ലായിടത്തെയും നീതിക്ക് ഭീഷണിയാണെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് . വെറും നിയമപരമായ നീതിയല്ല; വര്‍ണത്തിനും വംശത്തിനും വര്‍ഗത്തിനും ജാതിക്കും മതത്തിനും അതീതമായ ഒരു ഭരണ വ്യവസ്ഥ ഉറപ്പാക്കുക എന്നതാണ് നിയമവിധേയമായ സമൂഹം ഭരണകൂടത്തിൽ നിന്നും കോടതിയിൽ നിന്നുമെല്ലാം പ്രതീക്ഷിക്കുന്നത്. ഒരാളെയും പുറന്തള്ളാതെ (Exclude) ഉള്‍ക്കൊള്ളുന്ന (Accomodate)തിന് ഒരു സാമൂഹിക – വംശീയ -മതകീയ തടസവും ഉണ്ടാകാന്‍ പാടില്ല. പുറന്തള്ളല്‍ സാമൂഹിക നീതിയുടെ സിദ്ധാന്തങ്ങൾക്കും മാനവികതക്കു തന്നെയും എതിരാണ്. തുല്യ അവസരവും നീതി പൂര്‍വകമായ ഇടപെടലുകളും ആരെയും ഉപേക്ഷിക്കാതിരിക്കലു (Excluding)മാണ് ഏവരെയും ഉള്‍ക്കൊള്ളുന്ന (Including ) ഇന്ത്യപോലെയുള്ള ഒരു മഴവിൽ സമൂഹത്തില്‍ നിന്നും ഭരണീയരായ നാം പ്രതീക്ഷിക്കുന്നത്.

സാമൂഹിക വികസത്തിനു വേണ്ടിയുള്ള ആഗോള ഉച്ചകോടിയുടെ ഉദ്ദേശ ലക്ഷ്യങ്ങളുമായിച്ചേര്‍ന്നു നിന്ന് എല്ലാ വര്‍ഷവും ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭാ തീരുമാനം. 2007 നവംബര്‍ 26 നാണ് UNO ഈ തീരുമാനം അംഗീകരിച്ചത്. 2009ല്‍ ലോകാടിസ്ഥാനത്തിൽ ദിനാചരണം തുടങ്ങി. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ആഗോള സമൂഹത്തിന്റെ യത്‌നങ്ങളെയും സമ്പൂര്‍ണ തൊഴില്‍, അന്തസ്സുള്ള ജോലി /ലിംഗ സമത്വം / നല്ല സാമൂഹിക ജീവിതപ്രാപ്തി /എല്ലാവര്‍ക്കും നീതി എന്നിവയെയും ലോക സാമൂഹിക നീതി ദിനാചരണം പിന്തുണയ്ക്കുന്നു. അഥവാ ദാരിദ്ര്യം, പുറന്തള്ളല്‍, തൊഴിലില്ലായ്മ എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളെ ആഗോളാടിസ്ഥാനത്തിൽ പ്രോല്‍സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം അംഗീകരിക്കുന്ന , ലോകത്തെ കൊണ്ട് അംഗീകരിപ്പിക്കുന്ന ദിനമാണിത്. ഈ സാമൂഹിക തിന്മകളെ ഇല്ലാതാക്കാന്‍ നമ്മുടെ മുൻ ഗവണ്‍മെന്റുകൾ നിരവധി കാര്യങ്ങള്‍ സ്വമേധയാ തന്നെ ചെയ്തതായാണ് ഇതപര്യന്തമുള്ള നാൾവഴികളിൽ നിന്ന് നമുക്ക് കാണാന്‍ സാധിക്കുന്നത്. പ്രതിഫലം ചെക്കായോ ബാങ്ക് അക്കൗണ്ട് വഴിയോ ലഭ്യമാക്കുമെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ പേയ്‌മെന്റ് ഓഫ് വേജസ് ആക്റ്റ് ഭേദഗതി ചെയ്തതാണ് സമീപകാലത്ത് ലോകരാജ്യങ്ങൾക്ക് മുമ്പേ നമ്മുടെ നാട് ചെയ്ത വലിയ ഒരു കാര്യം. തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്ത കൂലി മുഴുവനായി ഉറപ്പാക്കുക ലക്ഷ്യമാക്കിയാണ് ഈ നടപടി.
രാഷ്ട്രങ്ങള്‍ക്കുള്ളിലും രാഷ്ട്രങ്ങള്‍ തമ്മിലും സമാധാനപരവും ഐശ്വര്യപൂര്‍ണവുമായ സഹജീവിതത്തിന് ഒഴിവാക്കാനാകാത്ത തത്വമാണ് സാമൂഹിക നീതി എന്നാണ് UN ചൂണ്ടിക്കാട്ടിയത്.[quote] ”ലിംഗ തുല്യതയും തദ്ദേശീയരുടെയും പ്രവാസികളുടെയും അവകാശങ്ങളും സംരക്ഷിക്കുമ്പോള്‍ നാം സാമൂഹിക നീതി തത്വം ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. ലിംഗഭേദം, പ്രായം/ കുലം/വംശം /മതം/ സംസ്‌കാരം/വൈകല്യം എന്നിവയുടെ പേരിലുള്ള വിഘ്‌നങ്ങള്‍ നീക്കുമ്പോള്‍ നാം സാമൂഹിക നീതിക്ക് കരുത്തേകുകയാണ് ചെയ്യുന്നത് ” . [/quote] ഓരോ സമൂഹത്തിലും സംസ്‌കാരത്തിലും സമ്പദ്‌വ്യവസ്ഥയ്ക്ക് ആഴത്തിലുള്ള സ്വാധീനമുണ്ടെന്നും അത് കുടികൊള്ളുന്നത് ഒരു പാരിസ്ഥിതിക ജീവിത പിന്തുണാ സംവിധാനത്തിലാണെന്നും ആ സമ്പദ്ഘടനയ്ക്ക് എല്ലാക്കാലത്തും ഈ നിശ്ചിത പരിമാണത്തില്‍ പുഷ്ടി പ്രാപിക്കാന്‍ സാധിക്കില്ലെന്നും പുതിയ സാമ്പത്തിക ശാസ്ത്രം അംഗീകരിക്കുന്നുണ്ട്.

നീതിയും നിയമപാലനവും ഉറപ്പാക്കുന്നതിന് കാലങ്ങളായി ഇന്ത്യന്‍ സമൂഹം യത്‌നിക്കുകയാണ്. ചൈതന്യ മഹാപ്രഭു, സ്വാമി രാവി ദാസ്, സ്വാമി വിവേകാനന്ദന്‍, എം ജി റാൻഡേ, കെ എം മുന്‍ഷി, മഹാത്മാ ഗാന്ധി, മൗലാനാ ആസാദ് ,ബാബാ സാഹേബ് അംബേദ്കര്‍, താരാബായി ഷിന്‍ഡെ, ബെഹ്‌റാംജി മൽബാരി തുടങ്ങിയവരും മറ്റുമാണ് ഇന്ത്യയുടെ ചരിത്രത്തില്‍ സാമൂഹിക നീതിക്കു വേണ്ടി സമര്‍പ്പിത പ്രവര്‍ത്തനങ്ങള്‍ നടത്തിയവരിൽ ചിലർ. ജനങ്ങളുടെ ഉല്‍സാഹഭരിതമായ പിന്തുണയോടെ ഈ പരിഷ്‌കര്‍ത്താക്കള്‍ ആര്‍ജിച്ച ദൃഢശക്തിയും ധീരതയും അനീതിക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ അവരെ ഇന്നലെകളിൽ പ്രാപ്തരാക്കിയിട്ടുണ്ടാവണം.

സുസ്ഥിര വികസനം, അന്തസ്സാര്‍ന്ന ജോലി, ഹരിതവൃത്തി എന്നിവയുമായി ബന്ധപ്പെട്ട 2013ലെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷ(ILO) ന്റെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹമായ പരിവര്‍ത്തനത്തിനുതകുന്ന ഒരു നയ രൂപരേഖ ഉണ്ടാക്കുകയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ഉന്നം വയ്ക്കേണ്ടത്
. ബൃഹദ് സമ്പദ്ഘടനയും വളര്‍ച്ചാ നയങ്ങളും വ്യാവസായിക – മേഖലാ നയങ്ങളും ഉദ്യമങ്ങളും നൈപുണ്യ വികസനവും അധിവാസ സുരക്ഷയും ആരോഗ്യവും, സാമൂഹിക സംരക്ഷണവും തൊഴില്‍ വിപണി നിലപാടുകളും അവകാശങ്ങളും, സാമൂഹിക സംഭാഷണവും ത്രികക്ഷിത്വവുംഎന്നിവയാണ് ILA യുടെ പ്രധാന ഊന്നൽ മേഖലകള്‍.

”സാമൂഹികവും സാമ്പത്തികവുമായ നീതി അടങ്ങുന്ന വിശാലാര്‍ത്ഥത്തിലുള്ള സാമൂഹിക നീതിയുടെ വിനിയോഗമാണ് നമ്മുടെ ഭരണഘടന അംഗീകരിക്കുന്നതായി പലരുടേയും വാദം. സാമൂഹിക- സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും അസമത്വം പ്രതിരോധിക്കുന്നതിലും എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരം ലക്ഷ്യമാക്കുന്നതിലാണ് ഈ അര്‍ത്ഥത്തില്‍ സാമൂഹിക നീതി മുറുകെ പിടിക്കുന്നത്.” എന്ന് മുന്‍ ചീഫ് ജസ്റ്റിസ് പി. ബി. ഗജേന്ദ്ര ഗഡ്കര്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സാമൂഹിക നീതി ഉറപ്പാക്കാനുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ എല്ലാ പ്രയത്‌നങ്ങളിലും സഹായിക്കുകയും UN സ്ഥാപിക്കപ്പെട്ട് രണ്ട് വര്‍ഷത്തിനകം തന്നെ സുപ്രധാന നേട്ടങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത ‘യു എന്‍ വിമന്’ പ്രത്യേകമായും ഇന്ത്യ പൂര്‍ണ്ണ പിന്തുണ ലഭ്യമാക്കുമെന്ന് അറുപത്തിയേഴാമത് യുഎന്‍ പൊതുസഭയുടെ മൂന്നാം സമിതിയില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ കുറെ മുമ്പേ തന്നെ ആവര്‍ത്തിച്ചുറപ്പ് നല്‍കിയിരുന്നു. യുഎന്‍ വിമനെ ഇവിടെ പരാമര്‍ശിക്കുന്നതിനു കാരണമുണ്ട്; ഓരോ സ്ത്രീക്കും പെണ്‍കുട്ടിക്കും അവരുടെ മനുഷ്യാവകാശങ്ങള്‍ വിനിയോഗിക്കാനും പൂര്‍ണ മികവോടെ ജീവിക്കാനും കഴിയുന്ന ഒരു പരിതസ്ഥിതി സൃഷ്ടിക്കുന്നതിനും നിലവാരം വികസിപ്പിക്കാനും ഉയര്‍ത്തിപ്പിടിക്കാനും പ്രവര്‍ത്തിക്കുന്ന, ലിംഗതുല്യതയുടെ ആഗോള ചാംമ്പ്യനാണ് അവര്‍.

സാമൂഹിക നീതി പ്രോല്‍സാഹിപ്പിക്കുന്ന നടപടിയെന്ന നിലയില്‍ സ്ത്രീകളെ ഗാര്‍ഹിക പീഢനത്തില്‍ നിന്നു സംരക്ഷിക്കാന്‍ ഉതകുന്ന ഒരു സമഗ്ര നിയമം ഇന്ത്യ കൊണ്ടുവന്നിരുന്നു. ശാരീരികവും സാമ്പത്തികവും സാമൂഹികവും മന:ശ്ശാസ്ത്രപരവുമായ വിവിധ തലങ്ങളിലാണ് പീഢനം എന്ന് അംഗീകരിച്ചുകൊണ്ടായിരുന്നു അത്. വൈവാഹിക ജീവിതത്തിലേയും കുടുംബത്തിലേയും അധിക്ഷേപങ്ങളെ ഒരേ പോലെ ചെറുത്ത് കുടുംബത്തിനുള്ളില്‍ പൊരുതാനുള്ള നിയമപരമായ ഒരു ആയുധം ഈ നിയമം സ്ത്രീകള്‍ക്ക് നല്‍കി. താമസ സ്ഥലം, വൈദ്യസഹായം, നഷ്ടപരിഹാരം, ജീവനാംശം, കുട്ടികളുടെ താല്‍ക്കാലിക ചുമതല തുടങ്ങിയ പിന്തുണകള്‍ ഇരയായ സ്ത്രീക്ക് ഈ നിയമം ഉറപ്പുവരുത്തുന്നു.

ജോലി ചെയ്യാനുള്ള അവകാശം ഉറപ്പാക്കുന്ന വലിയ കര്‍മമാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമം. കമ്പനി നിയമത്തിലെ കോര്‍പറേറ്റ് – സാമൂഹിക ഉത്തരവാദിത്തം ലാഭം വീതിക്കുന്നതില്‍ ഒരു പുതിയ മാനം കൊണ്ടുവന്നു. രണ്ടു വർഷം മുമ്പ് സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതത്തില്‍ 54% വും നീക്കിവെച്ചത് പട്ടിക ജാതി വിഭാഗത്തിന്റെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ നേരെത്തെ പ്രഖ്യാപിച്ചിരുന്ന താണ്. 60 ലക്ഷം പട്ടിക ജാതിക്കാര്‍ക്കും മറ്റൊരു 53 ലക്ഷം OBC ക്കാര്‍ക്കും ഇതിന്റെ നേട്ടമുണ്ടായതായി “പറയപ്പെടുന്നു “.
‘പീഢനം’എന്ന പ്രയോഗത്തിന്റെ നിര്‍വചനം വിശാലമാക്കുകയും പട്ടിക ജാതി/വർഗ്ഗ ക്കാരെ സംരക്ഷിക്കാന്‍ 2016 ജൂണില്‍ ഭേദഗതികള്‍ കൊണ്ടുവരികയും ചെയ്തു. ”പീഢനത്തിന്റെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുകയും 42,541 പേര്‍ക്ക് 139 കോടി രൂപ നഷ്ടപരിഹാരമായി കഴിഞ്ഞ വര്‍ഷം നല്‍കുകയും ചെയ്തു.” ദേശീയ നീതി മന്ത്രി ഗെഹ്ലോട്ട് പറഞ്ഞതും നാം വായിച്ചതാണ്.

”മന്ത്രാലയത്തിലെ മൂന്ന് കോര്‍പറേഷനുകള്‍ – ദേശീയ പട്ടിക ജാതി ധനകാര്യ വികസന കോര്‍പറേഷന്‍ ( NSFDC), ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പറേഷന്‍ (NBCFDC), ദേശീയ സഫായി കര്‍മചാരീസ് ധനകാര്യ വികസന കോര്‍പറേഷന്‍ ( NSKFDC)- രണ്ടു ലക്ഷം ഗുണഭോക്താക്കള്‍ക്കായി 552 കോടി രൂപ ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ വിതരണം ചെയ്തതായും നാം അറിഞ്ഞു.
പക്ഷേ, ലോകത്തിലെ പല രാജ്യങ്ങളിലേയും ഇന്നത്തെ സാഹചര്യം ശോഭനമല്ല. ജനപ്രിയ പദ്ധതികളുടെ ആഗോള ശ്രമങ്ങളെ മറികടന്ന് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്നുവെന്നതാണ് വസ്തുത എന്ന് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള UN ഡിപ്പാര്‍ട്ടുമെന്റ് പറയുന്നു. അതിജീവിക്കാനാവശ്യമായ വരുമാനം ഇല്ലാത്തവരുടെ തീവ്രവും സമ്പൂര്‍ണവുമായ ദാരിദ്ര്യം വ്യാപിക്കുന്നതിന് ലോകാടിസ്ഥാനത്തിൽ ഇപ്പോഴും ഒരുമാറ്റവുമില്ല.

ഇപ്പോഴത്തെ വികസന വായാടിത്തത്തിന് അപ്പുറം, അവസരങ്ങളുടെ തുറന്ന പരിസ്ഥിതി ഉറപ്പാക്കുന്ന ഒരു രൂപരേഖയ്ക്കും ആഗോള സമൂഹത്തെ നീതിയുക്തമാക്കുന്ന വിധം ന്യായാനുസൃതമായ പുനര്‍ വിതരണ നയങ്ങള്‍ ഉറപ്പ് വരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

നാം പഠിക്കേണ്ടത് സമഭാവനയുടെ പാഠങ്ങളാണ്. വെറും സമത്വത്തിന്റേതല്ല. നിന്നേക്കാൾ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്നതാണ് മതഗ്രന്ഥങ്ങൾ നൽകുന്ന സമഭാവനാ മന്ത്രം . തുല്യത (Equality)യേക്കാൾ നീതിക്ക് (Equity) പ്രാധാന്യം നല്കലാണവ.

അബ്ദുൽ ഹഫീദ് കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *